Thursday, February 28, 2008

കുട്ടികളുടെ കഥകള്‍ - 2

രണ്ട്.

കഥ പറയുമ്പോള്‍..

കുട്ടികളോട് എളുപ്പത്തില്‍ ആശയവിനിമയം നടത്താവുന്ന ഒരു ഭാഷയുണ്ട് കഥകള്‍ക്ക്. കുട്ടികളുടെ ഭാഷയാണ് കഥകള്‍ എന്നും തോന്നാറുണ്ട്.

കുട്ടികള്‍ അവരുടെ മനസ്സു തുറക്കണമെന്നും, സ്കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ പങ്കു വെയ്ക്കണമെന്നും, അവരുടെ കൂട്ടുകാരെ പറ്റിയും ടീച്ചര്‍മാരെ പറ്റിയും ബസ് ഡ്രൈവറങ്കിള്‍നെ പറ്റിയുമെല്ലാം പറയണമെന്നും ആഗ്രഹിയ്ക്കാത്ത മാതാപിതാക്കന്മാരുണ്ടാകുമോ? മാത്രവുമല്ല അത്തരത്തിലുള്ള ആശയവിനിമയ സ്വാ‍തന്ത്ര്യം കുട്ടികള്‍ക്ക് അവശ്യം വേണം താനും.

പക്ഷേ, എങ്ങനെ? ഇവിടേയും അതിനു നല്ലൊരു മാ‍ര്‍ഗ്ഗമായി കഥകളെ ഉപയോഗപ്പെടുത്താം.

കഥ പറയുമ്പോള്‍ നമുക്കു വേണ്ടി ഒഴിച്ചിട്ടിരിയ്ക്കുന്ന ധാരാളം ഇടങ്ങളുണ്ടാവും, ഓരോരോ ആശയങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന ഇടങ്ങള്‍. നാം പോലും മുന്‍പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇടങ്ങള്‍. വ്യക്തിപരമായി, എന്നെ സംബന്ധിച്ചിടത്തോളം കഥ പറഞ്ഞു കൊടുക്കാന്‍ ഒരു ആവേശമാണെനിയ്ക്ക്. കാരണം കഥയിലെ ഒളിഞ്ഞിരിയ്ക്കുന്ന ആശയങ്ങളെ കണ്ടുപിടിയ്ക്കലാണ് എനിയ്ക്കുള്ള ഇന്ധനം. അതെങ്ങനെയൊക്കെ അമ്മൂന് മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിയ്ക്കാം എന്ന ചിന്ത. പിന്നെ അറിയാതെ എന്റെ ശബ്ദത്തിനു വരുന്ന ഭാവമാറ്റങ്ങള്‍. അമ്മൂന്റെ മുഖത്ത് മാറിമാറി വരുന്ന ഭാവങ്ങള്‍. അവള്‍ ചിരിയ്ക്കാറുണ്ട്, ചിലപ്പോള്‍ കണ്ണുകള്‍ നനയ്ക്കാറുണ്ട്. അതുമല്ലെങ്കില്‍ ചിലപ്പോളവള്‍ ചിന്തിയ്ക്കുന്നത് മുഖത്ത് കാണാം. അത്രയ്ക്കും നന്നായി കഥ പറഞ്ഞുപോയോ എന്നെനിയ്ക്കു തന്നെ എന്നോട് ആശ്ചര്യം തോന്നിപ്പിയ്ക്കുന്ന വിധത്തില്‍.

ഒരു ദിവസാന്ത്യത്തില്‍ അവളേറ്റവും ഔത്സുക്യത്തോടെ ഉറ്റുനോക്കുന്ന സമയം ഒരുപക്ഷേ രാത്രി ഉറങ്ങാന്‍ കിടക്കുന്ന സമയമായിരിയ്ക്കും എന്നെനിയ്ക്കു തോന്നിയിട്ടുണ്ട്. അതിനു ശേഷം അവള്‍ താനേ മനസ്സു തുറക്കാറുണ്ട്, സ്കൂളിലെ കാര്യങ്ങള്‍, ബസിലെ യാത്രകള്‍, കൂട്ടുകാരെ കുറിച്ച്, സംശയങ്ങള്‍.. ചിലപ്പോള്‍ അവളെപ്പോഴെങ്കിലും പറയാന്‍ വിട്ടു പോയ കാര്യങ്ങള്‍ വരെ ഓര്‍ത്തെടുത്ത് പറയാറുണ്ട്. അമ്മ, മകള്‍ എന്നീ ‘രാജ്യാതിര്‍ത്തികള്‍‘ വിട്ട്, എല്ലാം പരസ്പരം പങ്കു വെയ്ക്കുക എന്നൊരു മാനസികതലത്തില്‍ ഞങ്ങളെത്തി നില്‍ക്കുന്നത് ആ നേരത്തായിരിയ്ക്കും, അല്ലെങ്കില്‍ ആ നേരത്തേ പതിവുള്ളു എന്നതാവും ഒരു പരമസത്യം!

(എന്നാലും അവര്‍ ഓരോ മിനുറ്റിലേയും, സെക്കന്റിലേയും കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ തുറന്നു സംസാരിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുമ്പോള്‍ ഒരു പരിധിയൊക്കെ വെയ്ക്കുന്നതു നല്ലതായിരിയ്ക്കും!)


എന്തായാലും കഥകളോടുള്ള അഭിനിവേശം മൂലം എത്ര നിര്‍ബന്ധിച്ചാലും പതിനൊന്നുമണി ആവാതെ ഉറങ്ങാന്‍ തയ്യാറാവാത്ത അവളിപ്പോള്‍ ഒന്‍പത് മണിയാവുമ്പോഴേയ്ക്കും താനേ കിടക്കയില്‍ വന്നു കിടന്നു തുടങ്ങിയെന്നത് ഒരു ബോണസ് തന്നെയെന്നും പറയാതെ പോകുന്നില്ല.

അതുപോലെ മുന്‍‌പുള്ളവര്‍ ഉണ്ടാക്കി വെച്ചതോ, അല്ലെങ്കില്‍ സന്തര്‍ഭോചിതം ആയ കഥകള്‍ക്കൊപ്പം നമ്മുടെ കുട്ടിക്കാലങ്ങളും സ്കൂള്‍ ജീവിതങ്ങളും നാട്ടിലെ വീടും പരിസരങ്ങളും, മുത്തശ്ശനും മുത്തശ്ശിയും എല്ലാം ഒരു കഥയുടെ രൂപത്തില്‍ അവരുമായി സംവദിയ്ക്കാം.
നമ്മുടെ നാടിനെ കുറിച്ചുള്ള ഓര്‍മ്മകളും, ഗൃഹാതുരതകളും ഇന്നത്തെ തലമുറയ്ക്കു നല്‍കാവുന്ന ഒരു സ്വത്താണ്. അത് നമ്മുടെ നഷ്ടങ്ങളല്ല, പകരം നമ്മുടെ തന്നെ കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കാനുള്ള ഓരോരുത്തരുടേയും സ്വകാര്യ സമ്പത്തായി അതിനെ കാണാം. നമ്മുടെ സുഖദുഃഖങ്ങളും അനുഭവങ്ങളും അവരറിയുന്നതിലൂടെ, ഗ്രഹിയ്ക്കുന്നതിലൂടെ അവയ്ക്കു പുതുജീവന്‍ വെയ്ക്കുകയല്ലേ? അര്‍ത്ഥം വെയ്ക്കുകയല്ലേ? ഇങ്ങനെയൊന്നിതിനെ കണ്ടാല്‍?
നമ്മുടെ മകന് / മകള്‍ക്ക് നാളെ വഴിയരികില്‍ ഒരു തണല്‍മരം വെച്ചു പിടിപ്പിയ്ക്കണമെന്നൊരു തോന്നലെങ്കിലും ഉണ്ടായാല്‍.. ??? ഒന്നു സങ്കല്‍പ്പിച്ചു നോക്കാവുന്നതേയുള്ളു !

നാടിനെ കുറിച്ചവരറിയുക മാത്രമല്ല അതിലൂടെ സാദ്ധ്യമാകുന്നത്,
നാട്ടിലെത്തുമ്പോള്‍ അവിടത്തെ അന്തരീക്ഷവും ബന്ധുക്കളും ബന്ധങ്ങളും എല്ലാം പെട്ടെന്നു മനസ്സു കൊണ്ട് ബന്ധിപ്പിയ്ക്കാനവരെ അത് സഹായിയ്ക്കുന്നു. നാടിനോടും, അവിടത്തെ ജീവിതരീതികളോടുമുള്ള അപരിചിതത്വം കുറയാന്‍ വളരെയേറെ ഇത്തരം ‘അനുഭവകഥകള്‍ക്ക്’ സാധിയ്ക്കുന്നു. നാട്ടിലെ കാക്കേം പൂച്ചേം പശുവും, മണ്ണും ഒന്നുമിവിടില്ലല്ലോ എന്നു കുണ്ഠിതപ്പെടുന്നതിനു പകരം അതെല്ലാം കഥകളിലൂടെ നമുക്കിവിടിരുന്നു സസുഖം പരിചയപ്പെടുത്താം, അറിയിയ്ക്കാം. അതിനു ഫലമുണ്ടാകുമെന്നതിനു നൂറു ശതമാനം ഗാരണ്ടി ഈ പോസ്റ്റ് തരുന്നു ! “മക്കള്‍ക്ക് നാട് പിടിയ്ക്കുന്നില്ല“ എന്നും മറ്റുമുള്ള വേവലാതികളുടെ ആവശ്യമേയില്ല, നമ്മള്‍ രക്ഷിതാക്കള്‍ തന്നെയൊന്നു മനസ്സു വെയ്ക്കുകയാണെങ്കില്‍.

ജോലിയ്ക്കു പോകുക, ശമ്പളം വാങ്ങുക, ഭക്ഷണം പാചകം ചെയ്യുക, വസ്ത്രങ്ങള്‍ വാങ്ങുക, ഒരു വീടു വെയ്ക്കുക എന്നതിനൊക്കെ ജീവിതത്തില്‍ നാം കല്‍പിച്ചു കൊടുക്കുന്ന അതേ മുന്‍‌തൂക്കം, അല്ലെങ്കില്‍ അതില്‍ക്കൂടുതലോ നമ്മുടെ കുട്ടികള്‍ക്കൊപ്പമുള്ള, ദിവസവും ഒരല്പസമയത്തെ ആശയവിനിമയത്തിനും കൊടുക്കാം. ഒരുപക്ഷേ ഏത് സ്വര്‍ണ്ണത്തേക്കാളും, ഉന്നത വിദ്യാഭ്യാസത്തേക്കാളും കുട്ടികള്‍ക്കു വരും നാളുകളില്‍ ഗുണപ്രദമായേക്കാവുന്ന ഒരു കാര്യമാവുമെന്നു തന്നെയാണെന്റെ വിശ്വാസം. വ്യക്തിപരമായി, എന്റെ ജീവിതത്തില്‍ പ്രായോഗികമാക്കണമെന്ന് വളരെയേറെ ആഗ്രഹിയ്ക്കുന്ന ഒന്നാണിത്.
ഇപ്പോള്‍ വായനക്കാര്‍ക്കും അങ്ങനെ തോന്നുന്നില്ലേ?


ആത്മവിശ്വാസത്തിന്റെ ഉറവിടം.

ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഈയൊരു കാര്യവും കൂടിയൊന്നു പങ്കു വെയ്ക്കണമെന്നു തോന്നി.

ആലോചിച്ചിട്ടുണ്ടോ? പണ്ടൊക്കെ ഈ “ആത്മവിശ്വാസം” 'self confidence‘ എന്ന പദത്തിനു ഇത്രകണ്ട് പ്രാധാന്യം കൊടുത്തിരുന്നതായി തോന്നുന്നില്ല.
ഇപ്പോളൊന്ന് ബാത്രൂമിന്റെ വാതില്‍ തുറക്കാന്‍ വരെ “കോണ്‍ഫിഡന്‍സ്“ ആവശ്യമെന്ന നിലയാണ്!

ഒന്നോര്‍ത്താല്‍ അന്നത്തെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിച്ചു പോകുവാനുള്ള ആത്മവിശ്വാസമൊക്കെ അന്ന് താനേ കുട്ടികളില്‍ ഉണ്ടായിരുന്നിരിയ്ക്കണം, കാരണം ഒന്ന്, കൂട്ടുകുടുമ്പ വ്യവസ്ഥിതി ആയിരുന്നതു കൊണ്ടാവാം. കുട്ടികളൊക്കെ സ്വയം പര്യാപ്തരായിക്കോളും തനിയേ. രക്ഷിതാക്കള്‍ക്ക് ഓരോന്നിനും കുട്ടികളേയും നോക്കി നടക്കാനൊന്നും നേരമുണ്ടായിരിയ്ക്കയില്ല.

രണ്ട്. മറ്റുള്ളവരുമായുള്ള ഇടപഴകല്‍ ധാരാളമുണ്ടായിരുന്നിരിയ്ക്കണം, എനിയ്ക്കു തോന്നുന്നത് അന്ന് ‘താരതമ്യ പഠനങ്ങള്‍ക്കുള്ള‘ സാദ്ധ്യതകള്‍ കുറവായിരുന്നു. പരസ്പര വിശ്വാസവും, സ്നേഹവും, സഹായസഹകരണങ്ങളും ഇന്നത്തേതിലും കൂടുതല്‍ അന്നത്തെ സമൂഹത്തില്‍ കാണപ്പെട്ടിരുന്നതു കൊണ്ട് സമീപവാസികളായ എല്ലാ (പൊതുവേ) കുട്ടികളും ഒരുപോലെ മുറ്റത്തോ സ്ക്കൂള്‍ ഗ്രൌണ്ടിലോ വീട്ടുവളപ്പുകളിലോ ഒക്കെ ഒരുമിച്ച് കളിച്ചും, അടിച്ചു പിരിഞ്ഞും വളര്‍ന്നു വന്നിരുന്നതു നമുക്കൊക്കെ അറിയാം. അവിടെയെല്ലാവരുമൊരുപോലെ, എന്നേയുള്ളു. അത്തരം അനുഭവങ്ങള്‍ കുട്ടികള്‍ക്ക് ഒരു തരം ‘എക്സ്പോഷര്‍‘ തന്നെയാണല്ലോ. അവരങ്ങിനെയൊക്കെ കളിച്ചു വളര്‍ന്ന്, പഠിച്ച് വലുതായി, ജോലി കണ്ടെത്തി സ്വന്തം കാലില്‍ നിന്നു തുടങ്ങുന്നു. (പൊതുവെ) വേറെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ തന്നെ.

ഇന്നിപ്പോള്‍ സ്ഥിതി മാറി. നല്ല വിദ്യാഭ്യാസം, ജോലി, കരിയര്‍ ഒക്കെ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു, അതിനെ കുറിച്ചെല്ലാവരും ബോധവാന്മാരായി മാറുന്നു.
പക്ഷെ, കുട്ടികള്‍ക്ക് പണ്ടത്തെ പോലെയുള്ള ‘എക്സ്പോഷര്‍’ ഇപ്പോള്‍ കിട്ടുന്നില്ല (പ്രത്യേകിച്ചും ഇവിടെ) എന്ന ആകുലത പൊതുവേ പറഞ്ഞു കേള്‍ക്കാം.

എന്നാല്‍ അതേ തരത്തിലല്ലെങ്കില്‍ പോലും ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായ തരത്തില്‍, കുട്ടികള്‍‍ക്കു വേണ്ടുന്ന ‘എക്സ്പോഷര്‍’ എങ്ങിനെയൊക്കെ കൊടുക്കാമെന്നു ഇന്നിന്റെ മാതാപിതാക്കളായ നമുക്കൊന്നു ചിന്തിച്ചു നോക്കാവുന്നതേയുള്ളു, നഷ്ടങ്ങളെ എണ്ണിപ്പെറുക്കുന്നതിലും, പ്രതികൂല സാഹചര്യങ്ങളെ (എന്നു നമുക്കു തോന്നുന്ന) കുറിച്ചും, കുഞ്ഞുങ്ങള്‍ക്കു ബാല്യം നഷ്ടപ്പെടുന്നുവെന്നും മറ്റും കൂടുതല്‍ വ്യാകുലപ്പെടുന്നതിലും എന്തുകൊണ്ടും അഭികാമ്യം അതല്ലേ? തിരഞ്ഞു നോക്കിയാല്‍ ധാരാളം ഓപ്ഷന്‍സ് കണ്ടുപിടിയ്ക്കാവുന്നാതേയുള്ളു.

പക്ഷെ ഇപ്പോള്‍ പലപ്പോഴും ഈ ‘ടാലന്റ്‘ എന്ന വാക്ക് പല ആശയക്കുഴപ്പങ്ങള്‍ക്കും ഒരു പരിധി വരെ കാരണമാകാറുണ്ടെന്നു തോന്നിയിട്ടുണ്ട്, പ്രത്യേകിച്ചും കുട്ടികളില്‍. അതിന്റെ പേരില്‍ കുട്ടികളില്‍ ചെലുത്തപ്പെടുന്ന സമ്മര്‍ദ്ദങ്ങള്‍ ചില്ലറയൊന്നുമല്ല.

ചെറിയ, വളര്‍ന്നു വരുന്ന കുട്ടികളില്‍ ടാലന്റുള്ളവര്‍, ഇല്ലാത്തവര്‍ എന്ന വേര്‍തിരിവ് ആവശ്യമുണ്ടോ വാസ്തവത്തില്‍? കാരണം അവര്‍ക്കെല്ലാവര്‍ക്കും എന്തെല്ലാമോ പ്രകടിപ്പിയ്ക്കേണ്ടതുണ്ട് ശരിയ്ക്കും. അതിനുള്ള സാഹചര്യങ്ങളാണവര്‍ക്കാവശ്യം. അല്ലേ?
ടാലന്റ് എന്നൊന്നില്ലേയില്ല എന്നു ഉദ്ദേശ്ശിയ്ക്കുന്നില്ല. ‘ടാലന്റുള്ള‘ കുട്ടികള്‍ അരങ്ങേറുകയും മറ്റുള്ള കുട്ടികള്‍ കാഴ്ചക്കാരായി നില്‍ക്കുകയും ചെയ്യുക എന്നൊരവസ്ഥയുണ്ടല്ലോ, അങ്ങനെ കാഴ്ചക്കാരായി നില്‍ക്കുന്നവര്‍ക്കു കഴിവോ / സര്‍ഗ്ഗവാസനകളോ ഇല്ലെന്നതിനര്‍ത്ഥമാക്കേണ്ടതില്ല.
അതിനു സ്കൂളുകള്‍ക്ക് പരിമിതികളുണ്ടാവാം, പക്ഷേ കുട്ടികള്‍ക്കൊപ്പമുള്ള രക്ഷിതാക്കള്‍ക്ക് ഈ പ്രോത്സാഹനം എങ്ങനെ വേണമെങ്കിലും കൊടുക്കാവുന്നതേയുള്ളു.

ഇപ്പോള്‍, കഥകളുടെ കാര്യം തന്നെ എടുത്തു നോക്കിയാല്‍ കഥകള്‍ ചില്ലറ സ്വാധീനങ്ങളല്ല കുട്ടികളില്‍ ഉണ്ടാക്കുന്നത് വാസ്തവത്തില്‍. രണ്ടു ദിവസം അവര്‍ക്ക് കഥ നേരാംവണ്ണം പറഞ്ഞുകൊടുത്തു നോക്കൂ, മൂന്നാം ദിവസം അവരും തുടങ്ങും കഥ പറയാന്‍. പരസ്പര ബന്ധമില്ലാതെ, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍. അവരെ അത് മുഴുവനും പറയാന്‍ അനുവദിയ്ക്കാം..
എന്തൊക്കെയോ ചിത്രങ്ങള്‍ അവര്‍ മനസ്സില്‍ കാണുന്നു. അതെല്ലാം പ്രകടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. അവരുടെ ഭാവന വളരട്ടെ. കാര്യങ്ങള്‍ Imagine ചെയ്യാന്‍ ശീലിയ്ക്കട്ടെ.

imagination.

(imagination- നെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കണമെങ്കില്‍ ഒരു പോസ്റ്റിനുള്ള വകുപ്പുണ്ടെന്നു തോന്നുന്നു. അറിവുള്ളവരാണല്ലോ അതിനു കൂടുതല്‍ നല്ലത്.)

എഴുതാറായ കുട്ടികളാണെങ്കില്‍ അതെഴുതി വെയ്ക്കുവാന്‍ പ്രേരിപ്പിയ്ക്കാം. അതിനെ അഭിനന്ദിയ്ക്കാം. മനസ്സിലുള്ളത് എഴുതാനോ അല്ലെങ്കില്‍ കുറഞ്ഞത് അതു തിരിച്ചറിയാനോ എങ്കിലും അവരെ അത് സഹായിച്ചേക്കും. ഒരുപക്ഷേ അവരത് ഒരു ചിത്രത്തിന്റെ രൂപത്തില്‍ കടലാസിലേയ്ക്ക് പകര്‍ത്തിയെന്നും വരാം. എങ്കിലത് ചെയ്യട്ടെ.

കഥ പറഞ്ഞു കൊടുത്ത ഡോസ് കൂടിയിട്ടാണോ എന്നറിയില്ല, അമ്മൂന് ഇപ്രാവശ്യം ഫസ്റ്റടിച്ചത് “Story telling” – നായിരുന്നു! ഓരോ സന്ദര്‍ഭങ്ങളും വിട്ടു പോകാതെ കോര്‍ത്തിണക്കി വാചകങ്ങളുണ്ടാക്കി കഥ പറഞ്ഞു തുടങ്ങി അവളിപ്പോള്‍. അത്യാവശ്യം അതൊക്കെ പെറുക്കി പെറുക്കി എഴുതാനും വരയ്ക്കാനുമൊക്കെ ശീലിച്ചു തുടങ്ങി. ഇതുപൊലുള്ള സര്‍ഗ്ഗവാസനകള്‍, ഒരുമാതിരിപ്പെട്ട എല്ലാ കുട്ടികളിലുമുണ്ടാവും എന്ന് തന്നെയാണെന്റെ ഉറച്ച വിശ്വാസം. അത് സംഗീതമായാലും എഴുത്തായാലും ചിത്രം വരയ്ക്കലായാലും കളികളായാലും ഓരോന്നും ചെറുപ്പം മുതലേ പ്രോത്സാഹിപ്പിയ്ക്കുന്നതു കൊണ്ടുള്ള ഒരു ഗുണം, അവര്‍ താനേ ഇതില്‍ നിന്നുമൊക്കെ ‘ആത്മവിശ്വാസം’ നേടിയെടുക്കുന്നുണ്ട്.

പണ്ട് സ്ക്കൂളില്‍ ‘വര്‍ക് എക്സ്പീരിയന്‍സ്‘ എന്നൊരു പീര്യഡ് ഉണ്ടായിരുന്നു. അത്
പ്രയോജനപ്രദമായിത്തീര്‍ന്നിരുന്നുവോ ഇല്ലയോ, അതെന്തായാലും ആ പദമാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ ഉദ്ദേശ്ശിയ്ക്കുന്നത്. ‘പ്രവൃത്തി പരിചയം‘ എന്ന അതിന്റെ അര്‍ത്ഥത്തിന് ഒരുപാട് വിലയുണ്ട്, ഗുണമുണ്ട്. അവര്‍ ചെയ്തു പരിചയിയ്ക്കട്ടെ.


ഓരോ പ്രാവശ്യവും സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ആവശ്യാനുസരണം ചോക്ലേറ്റും ഐസ്ക്രീമും ടോയ്സും മേടിച്ചു കൊടുക്കുന്നതിനു പകരം അവരിങ്ങനെ എന്തെങ്കിലും ഉത്സാഹത്തൊടെ, സന്തോഷത്തോടെ ചെയ്യുമ്പോള്‍ ഓരോ ചോക്ലേറ്റോ ഐസ്ക്രീമോ അല്ലെങ്കില്‍ ടോയോ മേടിച്ചു കൊടുത്തു നോക്കൂ, അതുമെപ്പൊഴുമില്ലാതെ ഒരു സസ്പെന്‍സായി. മൂന്നു ഗുണങ്ങള്‍ ഗ്യാരണ്ടി.
പൈസ ലാഭം, ‘ചോക്ലേറ്റൈസ്ക്രീംടോയ്സ്’ അഡിക്ഷന്‍ കുറയല്‍, അതിനൊക്കെ പുറമേ നല്ലൊരു (ആപേക്ഷികം, ഒരുദാഹരണം പറഞ്ഞന്നേയുള്ളൂ. മനോധര്‍മ്മം പൊലെ ചെയ്യാം) പ്രോത്സാഹന മാര്‍ഗ്ഗവും !
ഇതൊന്നുമില്ലെങ്കിലും അവര്‍ക്കു മിനിമം ഒരു മൂന്നുമ്മയെങ്കിലും കൂടുതല്‍ കൊടുക്കൂ! അങ്ങനെ കൊടുക്കപ്പെടുന്ന ഉമ്മകള്‍ക്ക് മാധുര്യമേറും.

എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും ‘ടാലന്റ്” ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കേണ്ടതില്ല, നേരെ മറിച്ച് കുട്ടികളെ എന്തും ചെയ്യാന്‍ അനുവദിയ്ക്കുക എന്നതിലാണ് കാര്യം എന്നു തോന്നാറുണ്ട്. ഇവിടെ കളികളും മറ്റും കുറവാണെന്നതു കൊണ്ട് റ്റി.വി യിലേയ്ക്കുള്ള താല്പര്യം കൂടാനുള്ള സാധ്യതകളും ഉണ്ടല്ലോ. അവരെ കഴിയുന്നത്ര ചെയ്യാനനുവദിയ്ക്കാം, ചെയ്യുന്നതിനെ അഭിനന്ദിയ്ക്കാം, പ്രോത്സാഹിപ്പിയ്ക്കാം, അത്രമാത്രം. ഒരു ഡ്രോയിംഗ് ബുക്കോ കളര്‍ ബുക്കോ കളര്‍ പെന്‍സിലുകളോ അല്ലെങ്കില്‍ കഥാ പുസ്തകങ്ങള്‍, കുത്തിക്കുറിയ്ക്കാനൊരു നോട്ടുപുസ്തകം, എന്തെങ്കിലും “കളക്റ്റ്” ചെയ്യാനൊരു ഫയല്‍, സ്പോര്‍ട്സ് അങ്ങനെ എന്തും. ഒന്നുമില്ലെങ്കില്‍ പാര്‍ക്കില്‍ കൊണ്ടുപോയി യഥേഷ്ടം കളിയ്ക്കാന്‍ അനുവദിയ്ക്കാം, അവരുടെ കൂട്ടുകാരായ മറ്റു കുട്ടികളേയും ഒപ്പം ചേര്‍ക്കാം. എന്തെങ്കിലുമൊക്കെ ചെയ്തു നോക്കൂ. റ്റി.വി. യല്ലാതെയുള്ള മറ്റു ഓപ്ഷന്‍സും ഇതിലുടെ അവര്‍ക്കു തുറന്നു കിട്ടുന്നു. തുടക്കത്തിലേ ഒരു മത്സരത്തിന്റേയോ, അല്ലെങ്കില്‍ ഒരു സ്റ്റേജിലരങ്ങേറുന്നതിന്റേയോ സമ്മര്‍ദ്ദങ്ങളില്ലാതെ, അവരെ സ്വതന്ത്രമായി ചെയ്യാന്‍ വിടുകയാണെങ്കില്‍? ഇത്തരത്തിലൊന്നു ചിന്തിയ്ക്കേണ്ടതാണെന്നു വിശ്വസിയ്ക്കുന്നു.


അതില്‍ നിന്നും അവര്‍ പതുക്കെ പതുക്കെ ആര്‍ജ്ജിയ്ക്കുന്ന ആത്മവിശ്വാസത്തെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കാം. ഈ സ്വരുക്കൂട്ടി വെച്ചിരിയ്ക്കുന്ന ആത്മവിശ്വാസം പിന്നീട് ഒരല്പമെങ്കിലും അവരെ സഹായിയ്ക്കില്ലേ? അവരുടെ വ്യക്തിത്വത്തെ സ്വാധീനിയ്ക്കില്ലേ?
കാരണം സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയല്ലാതെ പൂര്‍ണ്ണ സന്തോഷത്തോടെ / സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചാണവര്‍ വരയ്ക്കുന്നത്, അല്ലെങ്കില്‍ എഴുതുന്നത്, പാടുന്നത്, ഓടുന്നത്. അതവര്‍ യഥേഷ്ടം ചെയ്യട്ടെ ആദ്യം, ചെയ്തു പരിചയിയ്ക്കട്ടെ. തുടര്‍ന്ന് സ്വാഭാവികമായ ഒരൊഴുക്കില്‍ അടുത്ത പടികളിലേയ്ക്ക് സഞ്ചരിയ്ക്കാവുന്നതേയുള്ളു.

അതുകൊണ്ട് എന്റെ കുട്ടിയ്ക്ക് ‘ടാ‍ലന്റ്’ ഉണ്ടോ ഇല്ലയോ എന്നൊന്നും സംശയിയ്ക്കേണ്ടതില്ല. അതീന്റെ പേരില്‍ കുട്ടിയെ കുറേയധികം ക്ലാസുകള്‍ക്കും മറ്റുമയച്ച്, കഷ്ടപ്പെടുത്തേണ്ടതുമില്ല. ഒന്നു ശ്രദ്ധ വെച്ചാല്‍ കുട്ടിയിലെ സര്‍ഗ്ഗവാസനകള്‍ / താല്പര്യങ്ങള്‍ പുറത്തു വന്നുകൊള്ളും. പിന്നെയതിനെ പ്രോത്സാഹിപ്പിയ്ക്കുകയേ വേണ്ടൂവെന്നാ‍ണെന്റെ തോന്നല്‍, ആത്മവിശ്വാസവും താനേ കൈവന്നു കൊള്ളും.

എന്തു തോന്നുന്നു?

(സ്റ്റേജിലരങ്ങേറുന്നതിനേയും മറ്റും എതിര്‍ക്കുകയല്ല, പക്ഷേ അതില്‍ നിന്നും സ്വാഭാവികമായും അച്ഛനമ്മമാര്‍ക്കും, കുട്ടികള്‍ക്കും ഒരുപൊലെയുണ്ടായേക്കാവുന്ന അമിതസമ്മര്‍ദ്ദങ്ങളും, പ്രശംസകളും, (പ്രശസ്തിയും) മറ്റും ഏതെങ്കിലും തരത്തില്‍ കൊച്ചുകുട്ടികളില്‍ ഒരു വിപരീത ഫലമുണ്ടാക്കരുതെന്നേ ഉദ്ദേശ്ശിച്ചുള്ളു. )


‘കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ പത്തു വഴികള്‍“ എന്നൊന്നും ഇതുവരെ കണ്ടിട്ടില്ല. അതിനങ്ങനെ പ്രത്യേകിച്ചൊരു വഴിയും ഉള്ളതായി അറിവില്ല. അതിനെല്ലാ ഘട്ടത്തിലും ഒരു ‘പ്രോസസ്’ നില മാത്രമേ സംജാതമാകുന്നുള്ളുവെന്നും തോന്നിയിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും പുതുത് പുതുത് കുട്ടികളോടൊപ്പം തന്നെ അമ്മയുമച്ഛനും പഠിച്ചു / മനസ്സിലാക്കി കൊണ്ടിരിയ്ക്കുന്ന ഒരു പ്രോസസ്. ഒരു കുട്ടിയെ പ്രസവിച്ചു കഴിഞ്ഞ നിമിഷം മുതല്‍ തുടങ്ങുന്ന ഒരു പ്രോസസ്. ഇതില്‍ ആത്യന്തികമായി ഇന്നത് ശരി, ഇന്നത് തെറ്റ് എന്നെങ്ങനെ പറയും?!

ഇപ്പോഴത്തെ കുട്ടികള്‍ പൊതുവേ ഭാവിയെ കുറിച്ചുള്ള വ്യക്തമായ ധാരണകളുള്ളവര്‍ തന്നെയാണ്. പഠിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കുന്നവരുമായാണ് പൊതുവേ കാണപ്പെടുന്നതും. പണ്ട് ക്ലാസ്സുകളില്‍ നന്നായി പഠിയ്ക്കുന്നവര്‍, പഠിയ്ക്കാത്തവര്‍ എന്ന വേര്‍തിരിവ് നന്നായുണ്ടായിരുന്നു. ഇന്ന് ഒരുവിധം നല്ല മാര്‍ക്ക് സ്കോറ് ചെയ്യുന്നവരാണ് കൂടുതലും, ‘അംബീഷ്യസ്’ ആയ ഒരുപാടു പേരെ ഇന്നു കാണുവാന്‍ സാധിയ്ക്കും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിയ്ക്കുന്നവര്‍ കഷ്ടപ്പെട്ടു തന്നെ കുട്ടികളെ പഠിപ്പിയ്ക്കാന്‍ മനസ്സു കാണിയ്ക്കുന്നുണ്ട്. അവര്‍ പഠിയ്ക്കുന്നുമുണ്ട്. പഠിപ്പിന്റെ ‘വില‘ അറിഞ്ഞു വളരുന്നവരാണിന്നത്തെ മിക്ക കുട്ടികളുമെന്നു തോന്നാറുണ്ട്. (വ്യക്തിപരം.)
പക്ഷേ, ഈയൊരു പരാക്രമങ്ങള്‍ക്കിടയില്‍ വളരെയധികം പ്രാധാന്യം കൊടുക്കേണ്ടുന്ന, ജീ‍വിതത്തിലെ മൂല്യാധിഷ്ഠിതങ്ങളായ വിചാരങ്ങളും, പ്രവൃത്തികളും ഒരിയ്ക്കലും വിസ്മരിയ്ക്കപ്പെട്ടു പോകരുത്, കുട്ടികളതറിയാതെ പോകരുത് എന്നത് പരമാര്‍ത്ഥമല്ലേ? മാനസീകാ‍രോഗ്യം, മറ്റെന്തിനേക്കാളും എന്നു തന്നെ പറയട്ടെ, പരമപ്രധാനം തന്നെയല്ലേ?

ഇവിടെ, ലേഖികയടക്കമുള്ള മാതാപിതാക്കള്‍ക്ക് അതിന്റെ വലുതായ ഉത്തരവാദിത്തം അവരവരുടേയും, പരോക്ഷമായി മറ്റു കുട്ടികളോണ്ടുമുണ്ടെന്നു ഇത്രയുമെഴുതി തീര്‍ന്നപ്പോള്‍ കൂടുതല്‍ തിരിച്ചറിയുകയാണ്, അതിനു വേണ്ടി സമയം കണ്ടെത്തേണ്ടതുണ്ടെന്നും മനസ്സിലാക്കുകയാണ്.
അതുകൊണ്ടുതന്നെ എല്ലാ അച്ഛനമ്മമാര്‍ക്കും അവരവരുടെ അനുഭവങ്ങളും, ചിന്തകളും ഇതുപോലെയല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കു വെയ്ക്കുവാന്‍ ഈയൊരു പോസ്റ്റ് പ്രേരണയാകണമെന്നാണ് ആഗ്രഹം. അതാണിതിന്റെ ഉദ്ദേശ്ശവും, നമ്മുടെ കുട്ടികള്‍ക്കു വേണ്ടി.

- തലക്കാലം അവസാനിപ്പിച്ചു.അടിക്കുറിപ്പ്.ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രേരണയായ കുറച്ച് പോസ്റ്റുകള്‍ ഉണ്ട്. എല്ലാം വായിച്ചു ചിന്തിച്ചപ്പോള്‍ വ്യക്തിപരമായ അനുഭവത്തിലൂടെ, ഇത്തിരി ചിന്തകള്‍ പങ്കുവെയ്ക്കണമെന്നു തോന്നി. ലിങ്കുകള്‍ ഇടാതിരിയ്ക്കുന്നില്ല.

1, 2, 3, 4

Sunday, February 24, 2008

കുട്ടികളുടെ കഥകള്‍ - 1

ഒന്ന്.

ഇപ്പോഴത്തെ കാലത്ത് കുട്ടികളേ ‘നേരാംവണ്ണം‘ വളര്‍ത്തിയെടുക്കുക എന്നാല്‍ സ്നേഹം, കര്‍ത്തവ്യം, എന്നതിനൊക്കെ മറികടന്ന്, അതൊരു വിഷമം പിടിച്ച പണി തന്നെയായി തീര്‍ന്നിരിയ്ക്കുന്നു. അങ്ങനെ കുറച്ചെങ്കിലും തോന്നിയിട്ടില്ലേ? പണ്ടത്തെ “ആ, കുട്ട്യോള് നന്നായാല്‍ നന്നായി, അല്ലെങ്കില്‍ വിധി!” എന്ന കാഴ്ചപാടൊക്കെ എന്നേ മണ്മറഞ്ഞു. ഇന്ന് മാതാപിതാക്കള്‍ മക്കള്‍ക്കായാണ് ജീവിയ്ക്കുന്നത് എന്നൊരു മട്ടിലേയ്ക്കു തന്നെ എത്തിപ്പെട്ടിട്ടുണ്ട്. ഇല്ലേ?

പക്ഷേ, മക്കള്‍ക്കായി ജീവിച്ചാല്‍ മാത്രം പോരല്ലോ, മക്കളെ ജീവിയ്ക്കാനും കൂടി പഠിപ്പിയ്ക്കണ്ടേ. അവിടെയാണ് മുന്‍പ് പറഞ്ഞ ‘വിഷമം പിടിച്ച പണി’ എന്നു തോന്നാറുണ്ടെനിയ്ക്ക്. പൊതുവേ ഈയുള്ളവളടക്കമുള്ള മാതാപിതാക്കള്‍ (പ്രത്യേകിച്ചും കേരളീയര്‍) തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കണം, അവരെ പഠിപ്പിച്ച് വലുതാക്കണം നല്ല നിലയിലാക്കണം എന്നതിനൊക്കെ പുറമേ ‘എന്റെ മക്കളെ നേരാവണ്ണം ജീവിയ്ക്കാന്‍ പഠിപ്പിയ്ക്കണം‘ എന്നൊന്നും സാധാരണ ചിന്തിയ്ക്കാറു പതിവില്ല.അങ്ങനെ മക്കള്‍ സ്കൂളില്‍ എപ്ലസ് ഗ്രേഡും കിട്ടി, ഗോള്‍ഡ് മെഡലും കിട്ടി, വിദേശത്ത് ജോലിയും കിട്ടി, കല്യാണോം കഴിച്ചു, എന്നിട്ട് അമ്മേം അച്ഛനേം വിട്ട് സ്വന്തം കാലില്‍ ജീവിയ്ക്കാന്‍ തുടങ്ങുമ്പോഴാവും പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും കുത്തൊഴുക്കുകള്‍. അതിനൊക്കേയും പരിഹാരം കണ്ട് എല്ലാം ഒരുവിധത്തില്‍ ഒതുക്കി കൊണ്ടുവരുമ്പോഴേയ്ക്കും ചിലപ്പോള്‍ അമ്മേം അച്ഛനേം ഒന്നു തിരിഞ്ഞു നോക്കാനൊന്നും മക്കള്‍ക്ക് ഇട കിട്ടിയെന്നു വരില്ല. (സ്വാഭാവികം!) അച്ഛനമ്മമാര്‍ക്ക്, മക്കള്‍ക്ക് വേണ്ടി ജീവിച്ച് അവരിപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന ദുഃഖം ബാക്കി; മക്കള്‍ക്കോ? അവരവരുടെ പ്രശ്നങ്ങള്‍ തീര്‍ത്ത് മനഃസമാധാനത്തോടെ ജീവിയ്ക്കാനാവുന്നില്ലല്ലോ എന്ന വ്യസനവും. (അതും സ്വാഭാവികം!). ഇതിനര്‍ത്ഥം വിദ്യാഭ്യാസം ആവശ്യമേയില്ലാ എന്നല്ല, വിദ്യാഭ്യാസം മാത്രം പോരാ എന്നേ ഉദ്ദേശ്ശിയ്ക്കുന്നുള്ളു. കാരണം മുന്‍‌പറഞ്ഞയിടത്ത് സംഭവിയ്ക്കുന്നത് ആകെ ജീവിതം ഒരു നിരാശാസാഗരം, അല്ലെങ്കില്‍ ഒരസംതൃപ്തി വന്നു പെടുന്നു. അല്ലേ? ഈയൊരു രീതി ഇപ്പോള്‍ നിത്യക്കാഴ്ചയായി മാറിയിരിയ്ക്കുന്ന എത്രയോ സാഹചര്യങ്ങള്‍ നമുക്കു ചുറ്റും ധാരാളം കാണാം.

സ്കൂളിലെ / അക്കാഡമിക് തലത്തിലെ ഉന്നത വിദ്യാഭ്യാസം കൊണ്ടു മാത്രം ഒരു കുട്ടിയ്ക്ക്, ഭാവിയില്‍ അവനവനും മറ്റുള്ളവര്‍ക്കും ഒരുപോലെ സമാധാനം / സന്തോഷം നല്‍കിക്കൊണ്ട് ഒരു ‘ബാ‍ലന്‍സ്ഡ്‘ ജീവിതം നയിയ്ക്കാനാവുമോ? ജീവിതത്തെ ധൈര്യത്തോടെ അഭിമുഖീകരിയ്ക്കാനുള്ള പാഠങ്ങള്‍ എങ്ങനെ അവനെ / അവളെ പഠിപ്പിയ്ക്കും? മൂല്യങ്ങള്‍ എങ്ങനെ പകര്‍ന്നു കൊടുക്കും? ജീവിതത്തിന്റെ അനിശ്ചിതത്വത്തിനെ കുറിച്ചെങ്ങനെ ബോധവാന്മാരാക്കും? കുറഞ്ഞത് അതിനുള്ള ഒരു മനോഭാവമെങ്കിലും കുട്ടികളില്‍ എങ്ങനെ ഉണ്ടാക്കിയെടുക്കും?

വളരെ വിഷമം പിടിച്ച ചോദ്യമാണത്. ഒരു നൂറായിരം ഉത്തരങ്ങള്‍ എല്ലാ മാതാപിതാക്കള്‍ക്കും പറയാനുണ്ടാവും, ഓരോരുത്തരുടേയും അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി.കേവലം വ്യക്തിപരമായ എന്റെ പരിമിതമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, അതിനൊക്കെ സഹായിയ്ക്കാമെന്ന് എനിയ്ക്കു തോന്നിയിട്ടുള്ള ഏറ്റവും ലളിതമായ ഒരു മാര്‍ഗ്ഗത്തെകുറിച്ച് പങ്കുവെയ്ക്കലാണീ പോസ്റ്റിന്റെ ഉദ്ദേശ്ശം. ഒരുപക്ഷേ എല്ലാവരും ചെയ്യുന്ന കാര്യമായിരിയ്ക്കാം, നിസ്സാരമെന്നു തോന്നിപ്പിയ്ക്കുന്നതുമായിരിയ്ക്കാം, എന്നാലും ഈ പോസ്റ്റ് കൊണ്ട് അതിനൊരു ഊന്നല്‍ കൊടുക്കണമെന്ന് ആഗ്രഹിയ്ക്കുന്നു.

ഒപ്പം ഒരു മുന്‍‌കൂര്‍ ജാമ്യവും.
വളരെ കുറഞ്ഞ കാലത്തെ അനുഭവത്തില്‍ ആലോചിച്ചു കൂട്ടിയിട്ടുള്ള കാര്യങ്ങള്‍, ജീവിതത്തില്‍ നടപ്പാക്കണമെന്ന് ആ‍ഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍, ഇതൊക്കെ പങ്കുവെയ്ക്കുക എന്നൊരു ഉദ്ദേശ്ശം മാത്രമായി ഈ പോസ്റ്റിനെ കാണുക.

സത്യത്തില്‍ ഇപ്പോഴത്തെ ഒരു ചുറ്റുപാടില്‍ കുട്ടികള്‍ക്ക് ‘മൂല്യങ്ങളെ‘ പറ്റി എങ്ങിനെ എളുപ്പത്തില്‍ പകര്‍ന്നു കൊടുക്കും, എന്നത് വലിയൊരു അദ്ധ്വാനമായി എനിയ്ക്കു വ്യക്തിപരമായി തോന്നിയിട്ടുണ്ട്. നുണ പറയരുത്, അന്യരെ ബഹുമാനിയ്ക്കണം, ജീവജാലങ്ങളോട് കരുണ വേണം, എന്നൊക്കെ ഒറ്റയിരുപ്പില്‍ പറഞ്ഞുകൊടുത്തോ, അടിച്ചു പേടിപ്പിച്ചോ അവരെ പറഞ്ഞു മനസ്സിലാക്കുക എളുപ്പവുമല്ല, അത് അഭികാമ്യവുമല്ല.

“ഓരോ മനുഷ്യരും ഓരോ രാജ്യമാണ്“ എന്ന ഈ പ്രയോഗമൊന്ന് തല്‍ക്കാലം കടമെടുക്കുകയാണെങ്കില്‍, ഓരോ മനുഷ്യകുട്ടികളും ഓരോ ചെറുനാട്ടുരാജ്യങ്ങള്‍ കൂടിയാണെന്നു വേറെ കൂട്ടിച്ചേര്‍ക്കുവാനെനിയ്ക്കു തോന്നുന്നു! അവരുടെ നേര്‍ത്ത അതിര്‍ത്തിവരമ്പുകള്‍ ലംഘിയ്ക്കപ്പെടുമ്പോള്‍, ഒച്ചയെടുക്കാനറിയാത്തവരാണവര്‍, നിഷ്കളങ്കരാണവര്‍.കുട്ടികള്‍ നമ്മുടെ വീട്ടിലേയ്ക്കു വരുന്ന അതിഥികളെ പൊലെയാണെന്നതും എവിടേയോ വായിച്ചത് ഇതോടു ചേര്‍ത്ത് വായിയ്ക്കാം.അല്ലാതെ, മാതാപിതാക്കളുടെ സ്വപ്നസാക്ഷാരങ്ങള്‍ക്കും ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ക്കും വേണ്ടി എന്തിനേറെ, ഒരിയ്ക്കലും മതിവരാത്ത സ്നേഹം കൊണ്ട് മക്കളെ എക്കാലവും ചിറകിന്‍ കീഴില്‍ സംരക്ഷിച്ച് (protect) നിര്‍ത്താന്‍ കൂടിയും, പല വിധത്തില്‍ അമിത സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി ഉപയോഗിയ്ക്കപ്പെടുന്നവരാ‍വരുത് കുട്ടികള്‍ എന്നൊക്കെ പറയുന്നതിനെ കുറിച്ച് തീര്‍ച്ചയായും നാം ഇനിയും കൂടുതല്‍ ചിന്തിയ്ക്കേണ്ടതുണ്ട്. ഗൌരവപരമായി എടുക്കേണ്ടതുണ്ട്.

കുട്ടികളില്‍ രൂപം കൊള്ളുന്ന അവരുടെ തോന്നലുകള്‍ക്കും, ഇഷ്ടങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും ചെറിയ ചെറിയ അറിവുകള്‍ക്കും അതര്‍ഹിയ്ക്കുന്ന ഒരു പ്രാധാന്യം തീര്‍ച്ചയായുമുണ്ടെന്ന് വിശ്വസിയ്ക്കുന്നു. അവയൊന്നും പരിഗണിയ്ക്കപ്പെടാതെ ലോകതത്വങ്ങളും, ശരിതെറ്റുകളും, അവരോട് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പിന്നാലെ നടന്ന് ഗുണദോഷിച്ചിട്ട് ഒരു കാര്യവുമില്ല എന്നതാണ് എന്റെ അനുഭവം. അതിനൊരു കാരണംഎത്ര ഉപദേശിച്ചാലും ദേഷ്യപ്പെട്ടാലും അവരുടെ താല്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും തന്നെയാണവര്‍ മുന്‍‌ഗണന കൊടുക്കുന്നത്, നമ്മളെ പോലെ തന്നെ! അതുകൊണ്ടു തന്നെ അതര്‍ഹിയ്ക്കുന്ന പ്രാധാന്യം കൊടുക്കാതെ വയ്യ. അതിനനുസൃതമായ ഒരാശയവിനിമയ മാര്‍ഗ്ഗവും ഇല്ലാ‍ത്തെ വയ്യ.

എന്നാല്‍, “കുട്ട്യോളല്ലേ, തെറ്റൊക്കെ പറ്റും, പിടിവാശീം ഉണ്ടാവും, പോട്ടെ..” എന്ന് കാര്യമാക്കാതെ അലസിക്കളയുന്നതും കുഴപ്പമാണ്. കാരണം അവര്‍ക്കിന്ന് സ്വന്തമായി അറിവുകള്‍ നേടാനും, ആശയങ്ങള്‍ രൂപീകരിച്ചെടുക്കാനും ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്, സാഹചര്യങ്ങളുണ്ട്. എന്റെ അച്ഛനമ്മമാരെ പോലെയല്ല, കൂട്ടുകാരിയുടെ / കാരന്റെ അച്ഛനുമമ്മയും, അവരങ്ങനെ ചെയ്യുന്നുണ്ടല്ലോ അപ്പോളെന്തുകൊണ്ടെനിയ്ക്കും ചെയ്തുകൂടാ, എന്തുകൊണ്ടെന്റെ അച്ഛനമ്മമാരങ്ങിനെ ചെയ്യുന്നില്ല, തുടങ്ങിയ അനവധി താരമത്യ പഠനങ്ങളും ഭ്രമങ്ങളും സംശയങ്ങളും അതുകൊണ്ടുണ്ടാകുന്ന കൊച്ചു കൊച്ചു ആശയക്കുഴപ്പങ്ങളും ഒക്കെ അവരില്‍ താനേ ഉടലെടുക്കാവുന്ന സാദ്ധ്യതകളേറെയാണിപ്പോള്‍. അവ ഗൌരവപരമായി പരിഗണിയ്ക്കപ്പെടേണ്ടതും. അവയിലെ ‘വശപ്പിശകുകള്‍‘ കൊച്ചു മനസ്സുകള്‍ക്ക് വേര്‍തിരിച്ചറിയാനാവില്ല താനും. അവിടെയാണ് മാതാപിതാക്കള്‍ക്ക് സഹായം എത്തിയ്ക്കാന്‍ പറ്റുന്നതെന്നു തോന്നുന്നു.

ഇത്തരം കടമ്പകളൊക്കെ മറികടന്ന്, നേര്‍വഴി കാണിച്ചുകൊടുക്കുക എന്നത് ഒരു അടിച്ചേല്പിയ്ക്കലുകളില്ലാതെ, എന്നാല്‍ അവശ്യം വേണ്ടുന്ന അളവില്‍ എളുപ്പത്തില്‍ പകര്‍ന്നു കൊടുക്കണമെങ്കില്‍ എന്റെ അനുഭവത്തില്‍ ഏറ്റവും സംവേദനശക്തിയുള്ള (പല മാര്‍ഗ്ഗങ്ങളില്‍) ഒരു മാര്‍ഗ്ഗമാണ് – കഥകള്‍.

കുട്ടികള്‍ക്ക് ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുക എന്ന പണ്ടുമുതലേയുള്ള ആശയം. അതിന്റെ പ്രസക്തി ഇക്കാലത്ത് കൂടുന്നേയുള്ളു, ഒട്ടും കുറയുന്നില്ല എന്നാണെന്റെ വിശ്വാസം, അനുഭവം.

ഒരു കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ആസ്വാദനം ഒരിയ്ക്കലും ലോകതത്വങ്ങളേയോ, ഗുണദോഷങ്ങളേയോ, ശരിതെറ്റുകളേയോ അല്ലെങ്കില്‍ അത് തരുന്ന ഒരു ഗുണപാഠത്തേയോ അടിസ്ഥാനപ്പെടുത്തി ആവില്ലെന്ന് വിശ്വസിയ്ക്കുന്നു. നേരെമറിച്ച്, “പണ്ട് പണ്ട്” എന്നോ “ഒരിയ്ക്കലൊരു രാജ്യത്ത്“എന്നോ, അതുമല്ലെങ്കില്‍ “പണ്ടൊരു കാട്ടില്‍“ എന്നോ അമ്മ / അച്ഛന്‍ വിശദമായി പറഞ്ഞുതുടങ്ങുമ്പോള്‍ കുട്ടിയ്ക്കു കിട്ടുന്ന ഒരു ആകാംക്ഷ, ആവേശം അത് പുരോഗമിയ്ക്കുന്ന വഴികള്‍, അതിലേയ്ക്ക് കയറി വരുന്ന കഥാപാത്രങ്ങള്‍, അത് നടക്കുന്ന സ്ഥലം, ഭൂപ്രകൃതി ഇതിനെയൊക്കെ അടിസ്ഥാനപ്പെടുത്തി, അമ്മയുടെ ചൂടു പിടിച്ച് കിടന്നുകൊണ്ട് അറിയാതെ തന്നെ കുട്ടി ഒരു ചിത്രം മനസ്സില്‍ വരച്ചുതീര്‍ക്കും. അതില്‍ ജീവിയ്ക്കും. അതിന് ലോജിക്ക് വേണ്ട, അര്‍ത്ഥം വേണ്ട, വെറുമൊരു കഥ മാത്രമായാല്‍ മതി. അതുകൊണടല്ലേ ‘ഫിക്ഷന്‍’ എന്നൊക്കെ ഉണ്ടായതും എക്കാലത്തും ആസ്വാദിയ്ക്കപ്പെടുന്നതും. കഥകളെ മനുഷ്യന്‍ സ്നേഹിയ്ക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാവണം.

അതുകൊണ്ടുതന്നെ അതിന് (കഥയ്ക്ക്) എന്തൊക്കെ നല്കാനാവും (പ്രത്യേകിച്ച് കുട്ടികള്‍ക്ക്) എന്നതും വളരെയേറെ പ്രാധാന്യം അര്‍ഹിയ്ക്കുന്ന ഒന്നാണെന്ന് കരുതുന്നു.ഒരു നൂറ് ഉപദേശം നല്‍കിയാലോ, അല്ലെങ്കില്‍ അടിച്ച് പട്ടിണിയ്ക്കിട്ടാലോ, ഇതൊന്നും ചെയ്യാതിരുന്നാല്‍ കൂടിയോ, മനസ്സിലാക്കാനാവത്ത ഒരു ആശയം, ഒരൊറ്റ കഥയിലൂടേ ഒരു കുട്ടിയ്ക്ക് എളുപ്പത്തില്‍ കിട്ടുന്നുന്ട്. കഥ കേള്‍ക്കുമ്പോള്‍ അവന്‍/ള്‍ അതിലെ കഥാപാത്രങ്ങളായി മാറുന്നു. അതിലെ നൂലിഴ ബന്ധങ്ങളേയും, സന്ദര്‍ഭങ്ങളേയും, ബന്ധപ്പെടുത്തുന്ന മനസ്സിന്റെ ഏതൊക്കെയോ കണ്ണികള്‍ കഥയിലെ ആശയങ്ങളേയും തെറ്റുശരികളേയും മറ്റും എളുപ്പത്തില്‍ പിടിച്ചെടുക്കുന്നു. അത് മനസ്സില്‍ ഒരു ചിത്രമായി എക്കാലവും നിലനില്‍ക്കുന്നു എന്നിടത്താവാം കഥകള്‍ക്കുള്ള പ്രസക്തി.

എത്ര സമയക്കുറവുണ്ടെങ്കിലും രാത്രി ഉറങ്ങാറാകുമ്പോള്‍, സ്ക്കൂളിലേയും വീട്ടിലേയും പലവിധത്തിലുള്ള ‘ശിക്ഷണങ്ങള്‍ക്കു’ ശേഷം തളര്‍ന്നുറങ്ങാന്‍ കിടക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ കിടന്ന് ഒരു കഥ പറഞ്ഞുകൊടുക്കാം നമുക്ക്. അച്ഛനമ്മമാരുടെ മക്കളോടുള്ള സ്നേഹമാണ് കഥകള്‍. അവരെല്ലാം തനിയേ മനസ്സിലാക്കും. കഥ എന്തു വേണമെങ്കിലും ആയിക്കോട്ടെ. കുട്ടികള്‍ക്ക് അതില്‍ നിന്നും കിട്ടുന്നത് ഒരു നൂറ് കാര്യങ്ങളാവും.
മനോധര്‍മ്മം പോലെ കഥ പറഞ്ഞാല്‍ പോലും ഒരു തെറ്റുമില്ലെന്ന് തോന്നുന്നു. ഉദാഹരണത്തിന് മഷിത്തണ്ട് എന്ന ബ്ലോഗിലെ ഈ കുട്ടികഥയൊന്ന് വായിച്ചു നോക്കൂ. അവസരോചിതമായി ഇത്തരം കഥകളും ഉണ്ടാക്കി പറയാവുന്നതേയുള്ളു. ഒരുള്‍ക്കാഴ്ചയ്ക്കും, പുനര്‍വിചിന്തനത്തിനും ഇതുകള്‍ സഹായിയ്ക്കുമെന്നതില്‍ സംശയമേതുമുണ്ടോ ?

ശ്രദ്ധിച്ചിട്ടുണ്ടോ? ഏതു കുട്ടിയും കഥ നല്‍കുന്ന നന്മയെ / സന്ദേശത്തെ ആവും കൂടുതല്‍ ആസ്വദിയ്ക്കുന്നത്. തിന്മ / അധര്‍മ്മം / ചതി / ചീത്ത ഇതെല്ലാം സ്വയം തിരിച്ചറിയാനുള്ള കെല്പ് അവരില്‍ സ്വയമേ ഉണ്ടെന്നല്ലേ അതിന്നര്‍ത്ഥം? വേറെന്താണതിന്റെ മനഃശാസ്ത്രം?

അല്ലെങ്കില്‍, തുന്നല്‍ക്കാരനും ആനയും കൂടിയുള്ള സൌഹൃദത്തിന്റെ കഥയില്‍ അവസാനം ആന തുന്നല്‍ക്കാരനേയും കടയേയും തുമ്പിക്കൈയ്യില്‍ നിറച്ചു വെച്ചിരുന്ന വെള്ളം കൊണ്ട് നനച്ചു കുളിപ്പിച്ചുവെന്ന് അവസാനിപ്പിയ്ക്കുമ്പോള്‍ കഥ കേള്‍ക്കുന്ന കുട്ടികള്‍ എന്തിനു പൊട്ടിച്ചിരിയ്ക്കണം?

അതുപോലെ, പുലി വരുന്നേ പുലി വരുന്നേ എന്ന് രണ്ടു പ്രാവശ്യം വെറുതേ കൂകിവിളിച്ച് രക്ഷിയ്ക്കാനോടിക്കൂടിയ ആള്‍ക്കാരെ പറ്റിച്ച ആട്ടിടയനെ, ശരിയ്ക്കും പുലി വന്ന് നിലവിളിച്ചപ്പോള്‍ ആരും സഹായിയ്ക്കാന്‍ പോയില്ല എന്നു പറയുന്നിടത്ത് കഥ കേള്‍ക്കുന്ന കുട്ടികള്‍ എന്തിനു ചിന്താധീനരാകണം?

അല്ലെങ്കില്‍, അവസാനം മരംവെട്ടുകാരന് ജലദേവത, സ്വര്‍ണ്ണ മഴുവും വെള്ളിമഴുവും പിന്നെ അയാളുടെ സ്വന്തം ഇരുമ്പു മഴുവും ചേര്‍ത്ത് മൂന്നു മഴുവും കൊടുത്തു എന്ന് പറയുന്നിടത്ത് കുട്ടികളെന്തിനു ചിന്തിയ്ക്കണം? അതോര്‍ത്തൊന്ന് പുഞ്ചിരിയ്ക്കണം?

ഒന്നും വേണ്ട, കുടത്തില്‍ കല്ല് നിറച്ച് വെള്ളം മുകളിലെത്തിച്ച് വെള്ളം കുടിച്ച് പറന്നു പോയ ആ കാക്കയോട് ഒരിത്തിരിയെങ്കിലും ആരാധന തോന്നാത്ത കുട്ടികളുണ്ടാവുമോ?

കഥകള്‍ക്കുള്ള പ്രത്യേകതയും ഇതുതന്നെയാവണം. അത് സംഭാവവികാ‍സങ്ങളെ ആഖ്യാനം ചെയ്യുകയാണ്. narrative ആണ്. അത് ‘സ്റ്റേറ്റ്മെന്റ്സ്’-നേക്കാള്‍ കൂടുതല്‍ ചിന്തിയ്ക്കാനുള്ള വകയാണ് നല്‍കുന്നത്. വ്യക്തമായ ഉദാഹരണങ്ങളോടെ ആശയങ്ങളും മറ്റും ഗ്രഹിച്ചെടുക്കാനാകുന്നു.ശരിതെറ്റുകളെ കുറിച്ചോ, ന്യായാന്യായങ്ങളെ കുറിച്ചോ, ധര്‍മ്മാധര്‍മ്മങ്ങളെ കുറിച്ചോ ഏറെ പറഞ്ഞ് കുട്ടികളെ മുഷിപ്പിയ്ക്കേണ്ടതില്ല, അല്ലെങ്കില്‍ കൂടുതല്‍ കുഴപ്പിയ്ക്കേണ്ടതില്ല. മാത്രവുമല്ല, അത്തരം ഉപദേശങ്ങള്‍ക്ക് ഒരിയ്ക്കലും കഥകള്‍ നല്‍കുന്ന ‘മാനങ്ങള്‍‘ ഉണ്ടാകുന്നില്ല. അത് തികച്ചും വ്യക്തിഗതങ്ങളായ വെറും ആശയങ്ങളും അഭിപ്രായങ്ങളും മാത്രമായി തന്നെ നിലനില്‍ക്കുന്നു (പലപ്പോഴും). കൂടാതെ ഇതെല്ലാം കേട്ട് കേട്ട് ഒരു മുഷിച്ചിലും വന്നു ചേരുന്നു. കഥകളാകുമ്പോള്‍ എക്കാലവും “interesting” ആയി മാറുന്നു. ചിന്തിയ്ക്കാനുള്ള ഇടങ്ങള്‍ (space) ലഭിയ്ക്കുന്നു. മുന്‍‌വിധികളില്ലാതെ അവര്‍ക്ക് സഞ്ചരിയ്ക്കേണ്ടുന്ന വഴി, അവര്‍ക്ക് സ്വയം കണ്ടെത്താന്‍ എളുപ്പമാക്കുന്നു.
വേണ്ടുന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍, കുട്ടികള്‍ക്ക് നേര്‍വഴിയിലൂടെ മുന്നോട്ട് സഞ്ചരിയ്ക്കാനുള്ള തുറന്ന വാതായനങ്ങളാകുന്നു കഥകള്‍ എന്നും പറയാം. ഇല്ലേ?

അടിക്കുറിപ്പ്.

1) പക്ഷേ കുട്ടികളെ നേര്‍വഴിയ്ക്ക് നടത്താന്‍ കഥകള്‍ക്കു മാത്രമേ കഴിയൂ എന്നൊരു സമര്‍ത്ഥനം ഒരിയ്ക്കലും ഈ പോസ്റ്റ് നടത്താനുദ്ദേശ്ശിയ്ക്കുന്നില്ലെന്നും പറയട്ടെ. ഉപദേശങ്ങളും മറ്റും തീര്‍ത്തും വേണ്ടെന്നും ഉദ്ദേശ്ശിയ്ക്കുന്നില്ല. അതിന് വേറെയും നിരവധി മാര്‍ഗ്ഗങ്ങളും, പ്രയോഗങ്ങളും ഉണ്ടാകാം. ഇത് വേറേയും അനുഭവസ്ഥരും മുതിര്‍ന്നവരും ഒക്കെ പറഞ്ഞിട്ടുള്ള ഒരു പരാമര്‍ശം മാത്രം. അതിനൊരു ഊന്നല്‍ മാത്രമായി ഇതിനെ കാണണമെന്നും ആഗ്രഹിയ്ക്കുന്നു. അല്ലെങ്കില്‍ കഥ പറയുന്നതിന്റെ ഗുണങ്ങളെ ഊന്നിപ്പറയല്‍ മാത്രമായി ഇതിനെ കാ‍ണുക.

2) ഒരു വക പോസ്റ്റ് ചെയ്തതായിരുന്നു. തനിമലയാളത്തില്‍ വന്നില്ലെന്നു തോന്നി ഒരു തവണ കൂടി പോസ്റ്റി നോക്കാമെന്നു വെച്ചു. ഇനിയും വന്നില്ലെങ്കില്‍ .. “പോനാല്‍ പോകട്ടും പോടാ..”

- തുടരും.

Saturday, January 26, 2008

ഒരിത്തിരി ഭാഗം..

അന്നൊക്കെ….

കുട്ടിക്കാലത്ത്, രാവിലെ എണീറ്റാല്‍ ആദ്യത്തെ കര്‍മ്മപരിപാടി, അരിയിടാനുള്ള ചെമ്പ് നിറയേ വെള്ളം കോരി നിറയ്ക്കലായിരുന്നു. പിന്നത്തെ ജോലി നാളികേരം ചെരകി വെയ്ക്കല്‍. അന്നന്നത്തെ ആവശ്യത്തിനുള്ളത്, ഒന്നോ അല്ലെങ്കില്‍ രണ്ടോ നാളികേരം. അതില്ലാത്ത നാളുകള്‍ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.

അന്നൊക്കെ, കാര്യകാരണ സഹിതം പ്രായം, കാലം ഒക്കെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയെടുത്താണ് ഓരോ പ്രവൃത്തികളും ശീലിച്ചു വന്നിരുന്നത്, അഥവ ശീലിപ്പിച്ചിരുന്നത് എന്നിപ്പോള്‍ മനസ്സിലാകുന്നു.

മോട്ടോര്‍ ഉണ്ടായിരുന്നിട്ടും വെള്ളം കോരിയിരുന്നതെന്തിനെന്നറിയാമോ?
കെണറ്റിലെ വെള്ളം അനങ്ങണം, അനക്കമില്ലാത്ത വെള്ളം നന്നല്ലാത്രേ.. മോട്ടറിട്ട് വെള്ളം ടാങ്കില്‍ അടിച്ചുകേറ്റിയാലൊന്നും കെണറ്റിലെ വെള്ളം അനങ്ങാന്‍ പോണില്ല.
അതിന് വെള്ളം കോരുക തന്നെ വേണമെന്ന്..
വെള്ളം കോരിക്കഴിഞ്ഞാല്‍, ഒരു കൊട്ടകോരിക നെറച്ച് വെള്ളം അവിടെ തന്നെ
വെയ്ക്കണം, അതൊഴിച്ചിടരുത് ത്രേ.. വെള്ളം കോരുന്നതിനും, കാര്യകാരണങ്ങളും ചിട്ടവട്ടങ്ങളും.


വേറെയൊന്നുള്ളത്, ഈ വെള്ളം കോരല്‍ കര്‍മ്മത്തിലേയ്ക്കെത്തുന്നത്, ഒരു ‘പ്രമോഷന്‍‘ കിട്ടലായിരുന്നു, ‘വലിയ കുട്ടി ആയി‘ എന്ന് മുതിര്‍ന്നവര്‍ അതോടെ അംഗീകരിച്ചു കഴിഞ്ഞു. ആ സുഖം എത്ര ചെമ്പ് വേണമെങ്കിലും, പാതാളം മുട്ടുന്ന കിണറ്റില്‍ നിന്നും വെള്ളം കോരി നിറയ്ക്കാനുള്ള കരുത്ത് സംഭരിച്ചു തന്നിരുന്നു.

അന്നത്തെ പ്രഭാതം ഓര്‍മ്മയില്‍, ആകാശവാണിയിലെ “വന്ദേമാതരം..”, പിന്നെ എം.എസ്സിന്റെ കരുത്തുറ്റ ശബ്ദം. അടുക്കളയിലെ നാളികേരം ചിരവുന്ന ശബ്ദവും, വെള്ളം കോരുന്ന തുടി തിരിയുന്ന ശബ്ദവും..
ഒരു മനുഷ്യശബ്ദമായി ആകെപ്പാടെ കേള്‍‍ക്കാവുന്നത്, തൈരു കലക്കുമ്പോഴും, കഷ്ണം നുറുക്കുമ്പോഴും അമ്മമ്മ നാമം ചൊല്ലുന്ന പതിഞ്ഞ ശബ്ദമായിരിയ്ക്കും.

അതൊക്കെ പോട്ടെ, പറയാന്‍ വന്നത് അതല്ല,
ആ നാളികേരം ചെരവല്‍ മാത്രം അത്ര സുഖമുള്ള ഏര്‍പ്പാടായിരുന്നില്ല. അന്നത്തെ ചിരവ എന്നത്, ഒരു നീണ്ട പലക, അതിന്റെയറ്റത്ത് ഘടിപ്പിച്ചിരിയ്ക്കുന്ന മൂര്‍ച്ചയുള്ള “ചിരകനാക്ക്” – അതിലാണ് ചിരവേണ്ടത്. പലക മേല്‍ കഷ്ടിച്ച് ഒന്ന് ഇരുന്നൂന്ന് വരുത്താനുള്ള സ്ഥലമേ ഉണ്ടാകൂ.. നോക്കണേ. ഒരു കഷ്ടപ്പാട്.

നാളികേര മുറിയുടെ വക്കില്‍ നിന്നും ചിരകി വന്നാല്‍ എളുപ്പത്തില്‍ ചെരവിത്തീര്‍ക്കാം. (നടുക്കില്‍ നിന്നും ചിരകി വന്നാലെന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല..) ആരോ അന്ന് പറഞ്ഞു തന്ന ഒരു ‘ടിപ്’ ആണ്.
എന്തായാലും ചെരവിശീലമാക്കാന്‍ കൊറേ ‘മുറിവ്’ത്യാഗം സഹിച്ചിട്ടുണ്ട് ഈ കരങ്ങള്‍ ! ആ പ്രശ്നം പരിഹരിയ്ക്കപ്പെട്ടിരുന്നത് ഒരു ഗ്ലാസ്സ് നാളികേരവെള്ളത്തിലൂടെയായിരുന്നുവെന്നത് ഒരു മധുരമുള്ള ഓര്‍മ്മയായി നാവിന്‍ തുമ്പില്‍ തങ്ങിനില്‍ക്കുന്നു.

അതങ്ങനെ ചെയ്തു പോന്നു, പിന്നെപിന്നെ ചെരവയില്‍ നിന്നുമെങ്ങനൊക്കെ രക്ഷപ്പെടാമെന്ന വഴികളാലോചിച്ചു നടക്കാന്‍ തുടങ്ങി.
നാളികേരത്തിനോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല,
എങ്ങനെ? ഒരു കിണ്ണം നിറയേ, തുമ്പപ്പൂക്കള്‍ പോലെ, ചിരവിയ നാളികേരം .. ആരും ഒന്ന് നോക്കി പോവില്ലേ..
പിന്നെ, അടയുടെ ഉള്ളില്‍ ശര്‍ക്കരയില്‍ പൊതിഞ്ഞ നാളികേരം..
എന്തിന്.. അവീല്‍, കാളന്‍ ഇതിലൊക്കെ അരഞ്ഞു ചേര്‍ന്നു കിടക്കുന്ന (ക്ഷമിയ്ക്കുക, അവീലിന് അത്രേം അരയ്ണ്ട എന്നാണ് തല മൂത്തവരുടെ മതം.) നാളികേരത്തിന്റെ സ്വാദ് മറക്കാനാവുമോ?
അങ്ങനെ, വറന്ന്, കറുത്ത് കിടക്കുന്ന എരിശ്ശേരിയിലെ നാളികേരം മുതല്‍ നല്ല കട്ട ചട്ടിണിയിലുള്ള നാളികേരം വരെ…… ഹോ!
ഇല്ല, ഒരിയ്ക്കലും നാളികേരത്തിനോടൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല, സത്യം!

പക്ഷെ, ഈ ചെരവല്‍ മാത്രം വയ്യ..

സത്യത്തില്‍ ഇവിടെ വന്നപ്പോള്‍ നാളികേരം ചെരവി തന്നെ കിട്ടുമെന്നത് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്. ഈ ധാരാളിത്തത്തിനിടയില്‍ വീട്ടില ചെരവ വേണോ എന്നൊരു സംശയമേ ഉണ്ടായിരുന്നില്ല. ചെരവ വിസ്മൃതിയിലാണ്ടു പോയി. ചെരവാന്‍ കഷ്ടിച്ച് മറന്നിട്ടില്ലേരിയ്ക്കും.. അത്രതന്നെ.

അപ്പോ അതവിടെ നിക്കട്ടെ.

ഇന്നത്തെ സ്ഥിതി -

ഹൊ! കഞ്ഞീം മൊളോഷ്യോം, കാച്ചിയ മോരും ഒക്കെയായി മതിയായി.. വീട്ടിലെ എല്ലാവരുടേയും അസുഖ പരമ്പര കഴിഞ്ഞതോടെ, വായയ്ക്കു രുചിയായി എന്തെങ്കിലും തരണേ, എന്നെല്ലാവരും നോട്ടങ്ങളിലൂടേയും, ഭംഗ്യന്തരേണയുമൊക്കെ ദയനീയമായി അപേക്ഷാപ്രകടനങ്ങള്‍ നടത്തി തുടങ്ങി.
എന്നാല്‍ ശരി. ഒരു കാളനു വേണ്ട ലക്ഷണങ്ങളൊക്കെ തെളിഞ്ഞു വന്നു.
ചേന റെഡി, മോര് റെഡി, പച്ചമുളക്, ജീരകം എല്ലാം റെഡി. നാളികേരം മാത്രം ഗ്രോസറിയില്‍. കുറച്ച സമയത്തെ കാര്യമേയുള്ളു.
കുരുമുളക് അരച്ചു ചേര്‍ത്ത്, ചേനയും നാളികേരവും ചേര്‍ന്നു ഒരിരുണ്ട മഞ്ഞ നിറത്തില്‍, കടുകും കറിവേപ്പിലകളും ഇടകലര്‍ന്ന് കിടക്കുന്ന കാളന്റെ രൂപം..
വെള്ളമൂറി!

ഒട്ടും താമസിച്ചില്ല, പോയ പോലെ മടങ്ങിയെത്തി, ഗ്രോസറിയില്‍ നിന്നും.
കാളനു പകരം, രസവും പപ്പടവും ഊണുമേശയില്‍ നിരന്നു. കുറച്ചു ദിവസത്തേയ്ക്കു കൂടി ഇങ്ങനെയൊക്കെ തന്നെയാവുമെന്നൊരു മുന്നറിയിപ്പും,.
ചമ്മന്തിയില്ലെന്നും മറ്റുമുള്ള പരാതികള്‍ സ്വീകരിയ്ക്കുന്നതല്ല, എന്നൊരു മുന്‍‌കൂര്‍ജാമ്യ പ്രഖ്യാപനവും നടത്തി.

സംഗതി വേറെയൊന്നുമല്ല,

ഒരു നാളികേരത്തിന് അഞ്ചു ദിര്‍ഹംസ് പോലും! അതും ചെറുനാരങ്ങയോളം പോന്ന ഒന്നിന്..

തേങ്ങാ സ്റ്റോക്ക് ഉണ്ടെങ്കില്‍ തന്നെ, ചെരവിത്തരാന്‍ പറ്റില്ലെന്ന് ഗ്രോസറിക്കാരന്‍ ഉറപ്പിച്ചു പറഞ്ഞു. എലക്റ്റ്രിസിറ്റി മൊതലാവില്ലത്രേ..
പക്ഷെ, അദ്ദേഹം പരമാവധി സഹായസന്നദ്ധനായാണ് കാണപ്പെട്ടത്. വീട്ടിലൊരു ചെരവ ഉണ്ടെങ്കില്‍ എവിട്ന്നെങ്കിലും ഒരു നാളികേരം കൊണ്ടുവന്നു തരാമെന്നു വരെ ആ സഹോദരന്‍ മൊഴിഞ്ഞു. ഞാന്‍ തല കുനിച്ചു ചിന്താധീനയായി..


ഒരു രക്ഷയുമില്ല, അബുദാബിയില്‍ (മാത്രമല്ലാ, യു.എ.ഇ. മൊത്തം) നാളികേരത്തിന്റെ വില കുത്തനെ ഉയര്‍ന്നിരിയ്ക്കുന്നുവത്രേ! അങ്ങനെ അരിയ്ക്കും, ഇന്ത്യയില്‍ നിന്നും വരുന്ന പച്ചക്കറികള്‍ക്കും പുറമേ ശ്രീലങ്കന്‍ നാളികേരവും ചതിച്ചു!

എല്ലാം കേട്ട് അവസാനം,
“ഓ, അല്ലേലും ഈ തേങ്ങായിലൊക്കെയങ്ങ് അപ്പടി കൊളസ്റ്റ്രോളും കുണ്ടാമണ്ടികളുമൊക്കെയാ.. അല്ലേയ്, ഈ മൊളോഷ്യത്തിനും, മോരുകാച്ച്യതിനുമൊക്കെ എന്തുവാ ഒരു കൊറവ്? ഹല്ലപിന്നെ! .” എന്നൊരു ഭാവത്തില്‍ ഞാനിങ്ങിറങ്ങിപ്പോന്നു.
പഞ്ചതന്ത്രത്തിലെ ആ പഴയ കുറുക്കനു സ്തുതി.


ശരി, ഇനി അതെല്ലാം മറന്നേക്കൂ..

ഇപ്പോള്‍ ഒരു ആലോചനയിലാണ് ഞാന്‍.
2008 -ലേയ്ക്കുള്ള കര്‍മ്മപരിപാടികളില്‍ ഒന്നാമത്തേതാണ്,
ഒരിത്തിരി മണ്ണ് സംഘടിപ്പിയ്ക്കല്‍, പിന്നെ കറിവേപ്പിന്റെ തൈ, തുളസി, പച്ചമുളക്, പന്നികൂര്‍ക്കെല… കണ്ണില്‍ക്കണ്ടതൊക്കെ നട്ടുവളര്‍ത്തല്‍..

ഒരു ചട്ടിയില്‍ അമ്മു വെറുതെ കൊണ്ടിട്ട ഓറഞ്ച് കുരുക്കള്‍ അതാ ഒരു ദിവസം മുളച്ചു പൊന്തി വരുന്നു.. സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അതായിരുന്നു തുടക്കം.
താമസിയ്ക്കുന്ന വില്ലയുടെ മുന്നില്‍ ഒരിത്തിരി സ്ഥലം ഞങ്ങള്‍ക്കുള്ള ഒരു മിറ്റമായി ഒഴിച്ചു തന്നിട്ടുണ്ട് വാച്ച്മാന്‍. സിമന്റിട്ട മിറ്റം.

ഇപ്പോള്‍, അതുകളുടെയൊപ്പം ഒരു തെങ്ങിന്‍ തൈ എന്നു കൂടി ചേര്‍ത്താലെന്താ പുളിയ്ക്കുമോ?
എന്ന് കാര്യമായി തന്നെ ആലോചിച്ചിരിയ്ക്കുകയാണ് ഞാന്‍.

ഇനി കാര്യം പറയാം, അതിനു മുന്‍പ്
അവസാനമായി, ഒന്നുകൂടി മുകളിലെഴുതിയതെല്ലാം മറക്കൂ !

ഒന്ന് ‘ഉപസംഹരിച്ചു‘ പറഞ്ഞാല്‍, കാര്യം ഇത്ര മാത്രം.

നാട്ടില്‍, ടെറസ്സില്‍ വരെ കൃഷി ചെയ്തു വരുന്നുണ്ടെന്ന സംഗതി അറിയാമോ നിങ്ങള്‍ക്ക്? ടെറസ്സില്‍ തെങ്ങടക്കം കുത്തനെ വളര്‍ന്ന് കൊലച്ച് നില്‍ക്കുന്നു, ടി.വി.യില്‍, ഹരിതഭാരതത്തില്‍..


വീടിന്റെ ടെറസ്സില്‍, അതാത് ചെടികള്‍ക്ക് / തൈയ്യുകള്‍ക്ക്, വേണ്ട ആഴത്തില്‍ ഇഷ്ടിക കൊണ്ട് തടം കെട്ടി, മണ്ണിട്ട് നിറച്ച് ചെടികളും, പച്ചക്കറികളും നട്ടുപിടിപ്പിയ്ക്കുക എന്ന ആശയം വളരെ അര്‍ത്ഥവത്തായി തോന്നി. താഴേയ്ക്ക് ചോര്‍ച്ചയില്ല, തെങ്ങ് വളര്‍ന്ന് വലുതായി എന്നതുകൊണ്ട് വീട് ഇടിഞ്ഞുപൊളിഞ്ഞ് വീണിട്ടുമില്ല. ആ ടെറസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാത്തതൊന്നുമുണ്ടായിരുന്നില്ല. രാവിലെ ആയാല്‍ ഭാര്യയും ഭര്‍ത്താവും കൂടി ടെറസ്സില്‍ കയറി , ഒരു കൊട്ട നിറയേ പച്ചക്കറിയും പറിച്ച് സുഖമായി ഇറങ്ങിപ്പോരുന്നു.

ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കില്‍, കാര്യമായി തന്നെ ചിന്തിയ്ക്കൂ, പ്രവര്‍ത്തിയ്ക്കൂ എന്നു മാത്രമേ ഈ പോസ്റ്റിനുദ്ദേശ്ശമുള്ളൂ..

നാട്ടില്‍ മാത്രമല്ല,
ഒരു ചാക്ക് മണ്ണിന് 10 ദിര്‍ഹംസ് (അബുദാബിയിലെ വില) കൊടുക്കാനായാല്‍, പിന്നെ മുതല്‍ക്കൂട്ടായി മനസ്സിന്റേയും സമയത്തിന്റേയും ഒരിത്തിരി ഭാഗം മതിയാവും, ഫ്ലാറ്റിലുള്ളവര്‍ക്ക് ഒരു ‘ബാല്‍കണി ക്ര്‌ഷിയെ’ (സ്ഥലമുണ്ടെങ്കില്‍) കുറിച്ചൊന്നു ചിന്തിയ്ക്കാന്‍.
ആരുകണ്ടു, കിട്ടിയതൊക്കെ ഭാണ്ഡത്തിലാക്കി, കച്ചയും മുറുക്കി നാട്ടിലെത്തുമ്പോള്‍, ഇനിയെന്ത് എന്നൊരു ചോദ്യചിഹ്നം ഉയരുമ്പോള്‍, ഒരു കൈകോട്ടും കൊണ്ട് നേരെ ടെറസ്സിലേയ്ക്ക് ധൈര്യമായി എന്തുകൊണ്ട് പൊയ്ക്കൂടാ? (ടെറസ്സുള്ളവര്‍, അല്ലാത്തവര്‍ നേരെ മണ്ണിലേയ്ക്കിറങ്ങി ചെല്ലുകായെന്നേ പറയാനുള്ളൂ..)

ഇനിയതും പോരെങ്കില്‍, ഉറപ്പ് തരുന്നു,
കുറഞ്ഞത് ഷാര്‍ജ-ദുബായ് ക്കാര്‍ക്ക്, അല്പമൊരു മനഃസുഖത്തിനെങ്കിലും പറ്റിയ ഒരു മറുമരുന്നാവും ഈ ചെടികളുമൊത്തുള്ള സഹവാസം.

വേറെയൊന്നുകൊണ്ടുമല്ല, അവിടത്തെ ട്രാഫിക് സിഗ്നലുകളുടെ അനുഗ്രഹകടാക്ഷങ്ങള്‍ക്കായി, റോഡില്‍ ഒന്നും രണ്ടും മണിക്കൂറ് നിന്നിടത്തു നില്‍ക്കുന്ന അവര്‍ക്കൊക്കെ ഓഫീസ് റ്റെന്‍ഷന്‍സിനു പുറമേ, ട്രാഫിക് സിഗ്നലുകളും ഒരുപാട് സമ്മര്‍ദ്ദങ്ങളും, മനമ്മടുപ്പും ഒക്കെ ദിവസവും രണ്ടു നേരം വെച്ച് വേണ്ടുവോളം ചൊരിയുന്നുണ്ട്.
ഇവരുടെ ജീവിതത്തിന്റെ പകുതി ഭാ‍ഗവും റോഡില്‍ തന്നെ.
മനസ്സിനും എന്തെങ്കിലുമൊക്കെയൊരു നീക്കിയിരുപ്പ് വേണ്ടേ..

ഏതായാലും ഇനിയുള്ള കാലം ഒരു ‘ടെറസ്സ് കൃഷിയെ’ കുറിച്ച് കൂടിയൊന്ന് ചിന്തിയ്ക്കാവുന്നതേയുള്ളു.. സമയത്തിന്റെ, മനസ്സിന്റെ, പിന്നെ ടെറസ്സിന്റെ / ബാല്‍ക്കണിയുടെ ഒരിത്തിരി ഭാഗം..
നമ്മുടെ സ്വന്തം മനസ്സിനു വേണ്ടി..
അത്രയും ആലോചിച്ചാല്‍ മതി. ബാക്കി തനിയേ വന്നുചേര്‍ന്നു കൊള്ളും.

ഭൂമാഫിയ, ഭൂമികയ്യേറ്റം, ഇട തൂര്‍ന്ന് പൊങ്ങിവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, തുടങ്ങിയ പദങ്ങള്‍ ഉപയോഗശൂന്യങ്ങളാകുന്ന (?) ഒരു കാലം വരുവോളം..


അടിക്കുറിപ്പുകള്‍:

1) കൊട്ടകോരിക - വെള്ളം കോരാനുപയോഗിയ്ക്കുന്ന ബക്കറ്റിനു അന്ന് പറഞ്ഞു കേട്ടിരുന്ന പേര്‍.

2) എം.എസ്സ് - M.S. സുബ്ബലക്ഷ്മി.


3) ഇവിടെ “Roof gardening" എന്ന പേരില്‍ മുകളില്‍ പറഞ്ഞ ടെറസ്സ് കൃഷിയ്ക്ക് സാമാനമായ ഒരു പരാമര്‍ശം കണ്ടു. ഇതില്‍ കൂടുതലൊന്നും എനിയ്ക്ക് എവിടേയും കണ്ടെത്താനായില്ലാ. എന്നാ‍ലുമിതിലെ പരാമര്‍ശങ്ങളും വാ‍യിച്ചു നോക്കാവുന്നതാണ്.

4) ഗ്രോസറിയില്‍ പോയി തേങ്ങയുടെ വീല അഞ്ചു ദിര്‍ഹം എന്ന് കേട്ടപ്പോഴത്തെ ഒരു മനസ്താപത്തില്‍ എഴുതിവെച്ചതായിരുന്നു ഈ പോസ്റ്റ്. ഇപ്പോളത് കുറഞ്ഞ്, നാല്, മൂന്ന് വരെയൊക്കെയായി.
എന്നാലും പോസ്റ്റുന്നുവെന്ന് മാ‍ത്രം.


4) വിലക്കയറ്റത്തിനെ കുറിച്ചു പറയുമ്പോള്‍ പോസ്റ്റ് വായിയ്ക്കാത്തവര്‍ എന്തായാലും വായിയ്ക്കൂ.