Sunday, December 17, 2006

ഗൌരി എന്ന അമ്മിണിയോപ്പോള്‍

വിവാഹം കഴിഞ്ഞ്‌ ആദ്യമായി ഭര്‍തൃഗൃഹത്തില്‍ കയറി ചെല്ലുമ്പോഴാണ്‌ ഞാനാദ്യമായി 'അമ്മിണിയോപ്പോളെ" കാണുന്നത്‌.അവിടെ ഇരുന്നിരുന്ന ചില മുത്തശ്ശിമാരുടെ കൂട്ടത്തിലെ ഒരു മുത്തശ്ശി - അതില്‍ കൂടുതലായി ഒന്നും അന്നെനിയ്ക്കു തോന്നിയിരുന്നില്ല.

പിന്നീട്‌,ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍,കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ "അമ്മിണിയോപ്പോള്‍" എന്നാണവരെ വിളിയ്ക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി.വാസ്തവത്തില്‍ അവിടത്തെ പ്രായം കൂടിയ ഏറ്റവും മുതിര്‍ന്ന വ്യക്തിയായിരുന്നു അവര്‍.പക്ഷെ എങ്ങിനേയൊ,എന്തുകൊണ്ടൊ, അവരെ പ്രായവ്യത്യാസമില്ലാതെ എല്ലാവരും "അമ്മിണിയോപ്പോള്‍" എന്നു വിളിച്ചു തുടങ്ങി.

നല്ല ഉയരം,ഒത്ത തടി,വെളുത്ത നിറം.പരന്ന വലിയ മുഖത്ത്‌ ചെറിയ രണ്ട്‌ കണ്ണുകള്‍.തോളറ്റം വെളുത്ത മുടി.നെറ്റിയില്‍ പിരികത്തിനു മുകളിലായി സാമാന്യം വലുപ്പമുള്ള ഒരു മറുക്‌.വേഷം ജാക്കറ്റും മുണ്ടും.ഇതായിരുന്നു അമ്മിണിയോപ്പോള്‍, ചുരുക്കത്തില്‍.

കുടുംബത്തിലേയ്ക്കു വരുന്ന "ആദ്യത്തെ മരുമകള്‍" എന്ന നിലയില്‍ അവിടെയുള്ളവരുടെ "പ്രതീക്ഷകള്‍ക്കൊത്തുള്ള" ഒരു "നല്ല" മരുമകളാവാനുള്ള എന്റെ തത്രപ്പാടിനിടയില്‍ ഞാന്‍ അമ്മിണിയോപ്പോളെ ആദ്യം തീരെ ശ്രദ്ധിച്ചിരുന്നില്ല.അതുകൊണ്ട്‌ തന്നെ കാര്യമായ ആശയവിനിമയത്തിനും ഞാന്‍ മിനക്കെട്ടിരുന്നില്ല.എല്ലാവരെയും പോലെ "അമ്മിണിയോപ്പോളേ.." എന്ന് വിളിയ്ക്കാനുള്ള ഒരു സന്ദര്‍ഭവും എനിയ്ക്കു കിട്ടിയിരുന്നില്ല.വളരെ സാധാരണ മട്ടില്‍ എല്ലാരെയും പോലെ രാവിലെ എണിറ്റ്‌ കുളിച്ചു മുണ്ടും ജാക്കറ്റും മാറി,പിന്നിലെ കോലായില്‍ ഇരുന്ന് കഷ്ണം നുറുക്കുന്നതും,തൈരു കലക്കുന്നതും,എല്ലാം ചിട്ടയോടെ ചെയ്യുന്ന ഒരു "അമ്മിണിയോപ്പോള്‍"- അവിടത്തെ അച്ഛന്റെ ഏറ്റവും മൂത്ത ഓപ്പോള്‍- ഇത്രയുമാണ്‌ എന്റെ കണ്ണിലൂടെ ഞാന്‍ കണ്ട അമ്മിണിയോപ്പ്പ്പോള്‍.

പിന്നീട്‌,പലപ്പോഴും അമ്മിണിയോപ്പോള്‍ അവ്യക്തമായി പതിഞ്ഞ സ്വരത്തില്‍ എന്തൊക്കെയൊ പിറുപിറുക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി.അതും വളരെ സാധാരണ മട്ടില്‍ തന്നെ.എന്നോടെന്തൊ പറയുകയാണ്‌ എന്നു കരുതി ഞാന്‍ പലതവണ അരികത്തു ചെന്നു ചോതിച്ചിട്ടുണ്ട്‌.പക്ഷെ അതിന്‌ എനിയ്ക്കു മറുപടിയൊ,ഒരു നൊട്ടമൊ പോലും കിട്ടിയിരുന്നില്ല.എന്നാല്‍ അവിടെയാരും അമ്മിണിയോപ്പോളുടെ ആ "പിറുപിറുക്കല്‍" അത്ര കാര്യമായി എടുക്കുന്നില്ലെന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കി.അമ്മിണിയോപ്പോള്‍, അങ്ങിനെ പ്രത്യേകിച്ച്‌ ആരുടെയും മുഖത്ത്‌ നോക്കി ഒന്നും സംസാരിയ്ക്കുന്നില്ലെന്ന് ഞാനറിഞ്ഞു തുടങ്ങി."എന്താ അമ്മിണിയോപ്പോളേ.."എന്നുള്ള സ്നേഹത്തില്‍ പൊതിഞ്ഞ ഒരു കുശലാന്വേഷണമൊ,ഒരു യാത്രയ്ക്കു പോകുമ്പോള്‍ "അമ്മിണിയോപ്പോളേ,പോയി വരട്ടെ..ട്ടൊ" എന്ന ഒരു യാത്ര പറച്ചിലൊ,ഇതിലൂടെയൊക്കെയായിരുന്നു അധികവും എല്ലാവരും ആശയവിനിമയം നടത്തിയിരുന്നത്‌.അതിനും അമ്മിണിയോപ്പോള്‍ പ്രത്യേകിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.

തളത്തിലെ ജനാലയ്ക്കടുത്തുള്ള ഒരു കട്ടിലിലായിരുന്നു അമ്മിണിയോപ്പോളുടെ ലോകം എന്നെനിയ്ക്കു തോന്നിയിരുന്നു.അവിടേയ്ക്കു ഓടി എത്താറുള്ള പൂച്ചകളോട്‌ അമ്മിണിയോപ്പോള്‍ യഥേഷ്ടം സംസാരിയ്ക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.അമ്മിണിയോപ്പോള്‍ രാവിലെ എണീയ്ക്കുമ്പോള്‍ ആ പൂച്ചകളും ഒപ്പം എണീറ്റു വരുന്നതു ഞാന്‍ കൗതുകത്തോടേ നോക്കി നിന്നിട്ടുണ്ട്‌.അവയോടുള്ള അമ്മിണീയോപ്പോളുടെ സ്നേഹം എന്നെ അദ്ഭ്ഭുതപ്പെടുത്തിയിരുന്നു.ഒരമ്മയ്ക്ക്‌ തന്റെ മക്കളോടുള്ള വാത്സല്ല്യത്തിനു തത്തുല്ല്യമായ എന്തൊ ഒരു വികാരം ആ മുഖത്ത്‌ ഉണ്ടാകുന്നതായി എനിയ്ക്കു തോന്നിയിട്ടുണ്ട്‌!.

പിന്നീട്‌ ഞാന്‍ "അവിടത്തെ അമ്മയില്‍" നിന്നും അമ്മിണിയോപ്പോളെ കുറിച്ച്‌ കൂടുതല്‍ അറിഞ്ഞു തുടങ്ങി.അമ്മിണിയോപ്പോളുടേ യഥാര്‍ഥ നാമം ഗൗരി എന്നായിരുന്നു ത്രെ."അമ്മിണീ" എന്നത്‌ വിളിപ്പേരും.കുട്ടിക്കാലത്ത്‌ ഒരിയ്ക്കല്‍ കുളിയ്ക്കാന്‍ പോയപ്പോള്‍ എന്തോ കണ്ട്‌ പേടിച്ചു.അതിനു ശേഷം അമ്മിണിയോപ്പോള്‍ ആരോടും അധികം മിണ്ടാതെയായി..എല്ലാവരെയും അറിയാം ,പക്ഷെ ഒന്നും മിണ്ടില്ല.അങ്ങിനെതന്നെ മാറ്റങ്ങള്‍ ഒന്നും വരാതെ അമ്മിണിയോപ്പോള്‍ വളര്‍ന്നു.എല്ലാം മനസ്സിലാവും ,പക്ഷെ ഒന്നും അറിഞ്ഞതായി നടിയ്ക്കില്ല.പിന്നീട്‌ തന്റെ അമ്മയുടെ മരണ ശേഷം,തന്റെ സഹോദരങ്ങളുടെ വീടുകളില്‍ മാറി മാറി താമസിച്ചിരുന്ന അമ്മിണിയോപ്പോള്‍ ഇടയ്ക്കെപ്പൊഴൊ തന്റെ ഏറ്റവും ഇളയ സഹോദരന്റെ [എന്റെ കണവന്റെ അച്ഛന്റെ] വീട്ടില്‍ [എന്റെ ഭര്‍ത്ര് ഗ്രഹത്തില്‍] സ്ഥിര താമസമാക്കിയത്രെ.അതിനുള്ള കാരണം ആരും ചോതിച്ചതുമില്ല,ആ ഇഷ്ടത്തിന്‌ ആരും എതിരും നിന്നില്ല.

ആ കാലത്ത്‌ അമ്മിണിയോപ്പോള്‍ക്ക്‌ ഒരു ശീലമുണ്ടായിരുന്നുവത്രെ,എന്തിനാണ്‌ ഏതിനാണ്‌ ഒന്നുമറിയില്ല,ഇടയ്ക്ക്‌ കൈ കൊണ്ട്‌ മാറത്ത്‌ ആഞ്ഞടിച്ച്‌ ഉറക്കെ ഉറക്കെ എന്തൊക്കെയൊ പറയുമായിരുന്നുവത്രെ.വീടും കുട്ടിയേയും അമ്മിണിയോപ്പോളെ ഏല്‍പ്പിച്ചിട്ടാണ്‌ അമ്മ സ്കൂളില്‍ പോയിരുന്നത്‌.അമ്മ തിരിച്ചു വന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ അതുപോലെ പറയുകയും വീടു ശ്രദ്ധാപൂര്‍വം നോക്കുകയും ചെയ്തിരുന്നു അമ്മിണിയോപ്പോള്‍.സ്ക്കുളില്‍ പോകുമ്പോള്‍ ചിലപ്പോള്‍ അമ്മ കാണുന്ന രംഗം- ഒരു കൈ കൊണ്ട്‌ കുട്ടിയെ മാറത്ത്‌ അടുക്കി പിടിച്ച്‌ മറു കൈ കൊണ്ട്‌ മറ്റേ മാറത്ത്‌ ആഞ്ഞടിയ്ക്കുന്നതാവും!പക്ഷെ ഒരു കാരണവശാലും കുട്ടിയെ പിടിവിടുകയൊ,ആര്‍ക്കും കൈ മാറുകയൊ ചെയ്യില്ല എന്ന വിശ്വാസമാണ്‌ അത്‌ കണ്ട്‌ സ്ക്കൂളിലേയ്ക്ക്‌ ഓടുന്ന അമ്മയുടെ നെഞ്ചിടിപ്പ്‌ കുറച്ചിരുന്നതത്രെ!

അമ്മിണിയോപ്പോള്‍ കല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല.സ്വഭാവത്തിലെ വ്യത്യാസങ്ങള്‍ കാരണം ഒരു പക്ഷെ, അന്നത്തെ സാഹചര്യത്തില്‍,ആരും അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടുണ്ടാകില്ല.പക്ഷെ അമ്മിണിയോപ്പോള്‍ക്ക്‌ എന്നും ചെറിയ കുട്ടികളോട്‌ പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു എന്നത്‌ സത്യം തന്നെ.

പിന്നീട്‌ ഒരിയ്ക്കല്‍ ഞാന്‍ നാട്ടില്‍ എത്തിയ സമയത്ത്‌,അമ്മിണിയോപ്പോള്‍ ഒന്ന് വീഴുകയുണ്ടായി.ഒരു കാലിന്റെ പാദത്തിനു മുകളിലായി ചെറുതായി ഫ്രാക്ച്ചര്‍ ആയി.അങ്ങിനെ തളത്തില്‍ നിന്നും അകത്തെ മുറിയിലെ കട്ടിലില്‍ കിടപ്പിലായി.ആ കാലില്‍ അധികം ബലം കൊടുക്കരുതെന്ന ഡോക്റ്റരുടെ നിര്‍ദ്ദേശ്ശ പ്രകാരം തീര്‍ത്തും കിടക്കുന്ന അവസ്ഥയിലായി.അതുവരെ ഒരാവശ്യത്തിനും ആരെയും വിളിയ്ക്കാത്ത അമ്മിണിയോപ്പോള്‍ കിടപ്പിലായതിനു ശേഷം തന്റെ ആവശ്യങ്ങള്‍ക്ക്‌ മറ്റുള്ളവരെ വിളിയ്ക്കാന്‍ നിര്‍ബന്ധിതയായി.ആ ഒരു കാലഘട്ടത്തിലാണ്‌ എന്നു തോന്നുന്നു,എനിയ്ക്ക്‌ അവരുമായി ഒരു ബന്ധം സ്ഥാപിയ്ക്കാന്‍ കഴിഞ്ഞത്‌.അമ്മയേയും അടുത്തുള്ള വല്ല്യമ്മയേയുമൊഴിച്ച്‌ വേറെയാരേയും സഹായത്തിന്‌ അടുപ്പിയ്ക്കാത്ത അമ്മിണിയോപ്പോള്‍ ഇടയ്ക്കൊക്കെ എന്നേയും പേരെടുത്ത്‌ വിളിച്ചു തുടങ്ങിയിരുന്നു.ആ അവ്യക്തമായ സംസാര ശൈലി എനിയ്ക്കു പരിചിതമായി തുടങ്ങി.അമ്മിണിയോപ്പോളുടേ ആ വിളി,എന്നോടുള്ള എന്തൊ ഒരു അടുപ്പത്തിന്റെ തെളിവായി തന്നെയാണ്‌ ഞാന്‍ കണക്കാക്കിയിരുന്നത്‌,അതൊ അങ്ങിനെ കരുതാനാണ്‌ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്‌ എന്ന് പറയുന്നതാവുമൊ കൂടുതല്‍ ശരി? അറിയില്ല.

അങ്ങിനെ കുറെ കാലത്തെ ആ കിടപ്പിനു ശേഷം,വീണ്ടും അമ്മിണിയോപ്പോള്‍ ഒരു "വാക്കറിന്റെ" സഹായത്താല്‍ കുറേശ്ശെ എണീറ്റു നടന്നു തുടങ്ങി.കാലങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ നാട്ടിലുള്ള മറ്റൊരു അവസരത്തില്‍ വീണ്ടും മറ്റെ കാല്‍ ഫ്രാക്ച്ചര്‍ ആവുകയും പിന്നെ തീര്‍ത്തും കിടപ്പിലാവുകയും ചെയ്തു.കൂടാതെ പ്രമേഹവും അവരെ കൂടുതല്‍ തളര്‍ത്തി.അമ്മിണിയോപ്പോളുടെ ഇഷ്ടപ്പെട്ട ഭക്ഷണമായ ചക്ക, മാങ്ങ എല്ലാം തീര്‍ത്തും ഒഴിവാക്കി.ഭക്ഷണ പ്രിയ ആയിരുന്ന അമ്മിണിയോപ്പോളുടെ ഭക്ഷണത്തിന്റെ അളവ്‌ വല്ലാതെ കുറഞ്ഞു തുടങ്ങി.ശരീരം ക്ഷീണിച്ചു വന്നു.

കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ അമ്മിണിയോപ്പോള്‍ തീര്‍ത്തും കിടപ്പിലായിരുന്നു.70-ആം പിറന്നാള്‍ എല്ല ബന്ധുക്കളും കൂടി ആഘോഷിച്ചു.അന്നത്തെ, മുണ്ടിന്റെ ഒപ്പമുള്ള ഒരു വേഷ്ടിയും,നെറ്റിയിലെ പൊട്ടും ചന്ദനക്കുറിയും ആ മുഖത്തിന്റെ "ചൈതന്യം" കൂട്ടിയതായി എല്ലാവര്‍ക്കും തോന്നി. അതിന്റെ പിറ്റെ ദിവസം മുതല്‍ അമ്മിണിയോപ്പോള്‍ തീരെ അവശ നിലയിലായി.വ്ര്‌ക്കയുടെ പ്രവര്‍ത്തനം മന്ദ ഗതിയിലായി.ഭക്ഷണം തീരെ അകത്തു ചെല്ലാതെയായി.എന്തൊക്കെയൊ പന്തികേടുകള്‍ എല്ലാവരുടെയും മനസ്സില്‍ രൂപം കൊണ്ടു.പക്ഷെ ആരും പരസ്പരം ഒന്നും പറയാതെ മാറി മാറി ശുശ്രൂഷിച്ചു.മരുന്നുകള്‍ കൊടുത്തു."പിറുപിറുക്കല്‍" തീര്‍ത്തും നിലച്ചു.ഒന്നു തിരിഞ്ഞു കിടക്കല്‍ പോലും ശ്രമകരമായി.അങ്ങിനെ ഒരാഴ്ചത്തെ കിടപ്പിനു ശേഷം കര്‍ക്കടക മാസം ഒന്നാം തിയ്യതി രാത്രി അമ്മിണിയോപ്പോള്‍ ഞങ്ങളൊട്‌ വിട പറഞ്ഞു.

ശാന്തമായ മരണം എന്നു തന്നെ പറയാമെന്നു തോന്നുന്നു,കുറഞ്ഞത്‌ കാണുന്നവരെ സംബന്ധിച്ചെങ്കിലും..പക്ഷെ അവസാനത്തെ ഒരാഴ്ച അമ്മിണിയോപ്പോള്‍ എന്തൊക്കെയൊ വേദനകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്‌.പക്ഷെ പതിവു പോലെ അപ്പോഴും ഒന്നും പുറത്ത്‌ പ്രകടിപ്പിയ്ക്കാതെ മിണ്ടാതെ കിടന്നു.അവസാനത്തെ കുറച്ചു മണിക്കൂറുകളില്‍ ബോധം തീര്‍ത്തും നശിച്ചിരുന്നു.ഞങ്ങളുടെ മാറി മാറിയുള്ള വിളികളൊന്നും അമ്മിണിയോപ്പോള്‍ കേട്ടിരുന്നില്ല.

"ആരെയും ബുധിമുട്ടിയ്ക്കാതെയും സ്വയം യാതനകളൊന്നുമനുഭവിയ്ക്കാതെയും അമ്മിണിയോപ്പോള്‍ പോയി,ഭാഗ്യവതിയാണ്‌" എന്നു എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു.ശരീരം കൊണ്ട്‌ മാത്രം തന്റെ സാന്നിധ്യം അറിയിച്ചിരുന്ന അമ്മിണിയോപ്പോളുടെ മനസ്സ്‌ എന്നും മറ്റുള്ളവര്‍ക്ക്‌ അഞ്ജാതമായിരുന്നു.സ്വയം എന്തൊക്കെയൊ പിറുപിറുത്തിരുന്നതും ഇടയ്ക്ക്‌ മാറത്ത്‌ അടിച്ചിരുന്നതും മനസ്സിലെ ഏതെങ്കിലും വേദനകളുടെ പ്രതിഫലനമായിരുന്നുവൊ? ഒരു കുടുംബ ജീവിതത്തിന്റെ സ്വപ്നങ്ങള്‍ ആ മനസ്സില്‍ എന്നെങ്കിലും ഉണ്ടായിരുന്നുവൊ? എന്തായാലും,അമ്മിണിയോപ്പോളെ ഒരുപോലെ സ്നേഹിയ്ക്കുകയും ശുശ്രൂഷിയ്ക്കുകയും ചെയ്തിരുന്ന തന്റെ പ്രിയപ്പെട്ടവരുടെ നിറഞ്ഞ സാന്നിധ്യത്തില്‍ ,അധികം നരകിയ്ക്കാതെ ശാന്തമായി മരണത്തിലേയ്ക്ക്‌ പ്രവേശിയ്ക്കാന്‍ കഴിഞ്ഞതില്‍ ഒരുപക്ഷെ അവരുടെ ആത്മാവ്‌ സന്തോഷിയ്ക്കുന്നുണ്ടായിരിയ്ക്കും- എന്ന് ഞങ്ങളെല്ലാവരും വിശ്വസിയ്ക്കുന്നു.

എല്ലാവരും എന്നോട്‌ പറഞ്ഞു-"അമ്മിണിയോപ്പോള്‍ ഏറ്റവും അധികം നോക്കിയിരുന്നത്‌ അവനെയായിരുന്നു"[എന്റെ കണവനെ].അതുകൊണ്ട്‌ തന്നെ "അവനോട്‌" പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു."അവസാന സമയത്ത്‌ ഒപ്പം നില്‍ക്കാന്‍ അവന്‌ സാധിച്ചില്ലെങ്കിലും അവന്റെ ഭാര്യയ്ക്ക്‌ സാധിച്ചുവല്ലൊ" എന്ന്.അതും ഒരു നിയോഗമായിരുന്നിരിയ്ക്കാം.വിറയ്ക്കുന്ന കാലുകളോടെ അവസാന ശ്വാസം വലിയ്ക്കുന്നത്‌ കണ്ട്‌ കൊണ്ട്‌ അമ്മിണിയോപ്പോളുടെ അടുത്ത്‌ മരവിച്ചു നിന്നിരുന്ന നിമിഷങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു..

Thursday, November 30, 2006

'അനുഭവത്തിന്റെ ചെറുചൂടില്‍

വളരെ യാദൃശ്ചികമായാണ്‌ ഞങ്ങള്‍ക്ക്‌ ഒരു സ്ഥലമാറ്റത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വന്നത്‌.പക്ഷെ കേവലം ഒരു സ്ഥലമാറ്റം മാത്രമായിരുന്നില്ല ഞങ്ങള്‍ക്കത്‌, പ്രവാസി ഭാഷയില്‍ പറഞ്ഞാല്‍ "ഫ്ലാറ്റില്‍" നിന്നും "വില്ലയിലേയ്ക്കുള്ള" ഒരു ചേക്കേറല്‍ കൂടിയായിരുന്നു.ഒരു "മാറ്റം" എന്ന അവസ്ത്ഥയോട്‌ എനിയ്ക്കുണ്ടായിരുന്ന സകല ആകുലതകളെയും നീക്കി തുടച്ചു കൊണ്ട്‌ ഈ ചെറിയ വില്ല ഞങ്ങള്‍ക്ക്‌ ആശ്വാസത്തിനുള്ള വക നല്‍കി.ഇവിടെയുള്ള മരങ്ങളും,ചെടികളും, തിരക്കില്ലാത്ത റോടും വില്ലയുടെ തുറന്ന പരിസരവും ഞങ്ങളെ സന്തോഷിപ്പിച്ചു.അടച്ചു പൂട്ടിയ ഫ്ലാറ്റ്ജിവിതം തോന്നിപ്പിച്ചിരുന്ന ഒരു തരം "അപൂര്‍ണതയെ" ഇവിടത്തെ തുറന്ന "ഗൃഹാന്തരീക്ഷം" കുറച്ചെങ്കിലും നികത്തുന്നതായി ഞങ്ങള്‍ക്ക്‌ തോന്നി.


ഞങ്ങളുടെ അമ്മുവിന്‌ അഞ്ചു വയസ്സ്‌ കഴിഞ്ഞതേയുള്ളു.പഴയ ഫ്ലാറ്റില്‍ അവള്‍ക്ക്‌ ധാരാളം കൂട്ടുകാരുണ്ടായിരുന്നു.അവിടെ സദാസമയവും കളിയും ചിരിയും ഇത്തിരി വഴക്കു കൂടലുമൊക്കെയായി അമ്മു തിരക്കിലായിരുന്നു.എന്നാല്‍ ഇപ്പോഴത്തെ മാറ്റം അമ്മുവിന്‌ നല്‍കിയത്‌ വേറൊരു ലോകമാണ്‌.ഇവിടെ വന്നപ്പോള്‍ തന്റെ കുഞ്ഞനുജത്തിയല്ലാതെ വേറെയാരും കളിയ്ക്കുവാനില്ല -

'കുഞ്ഞനുജത്തിയ്ക്കാണെങ്കിലോ,തന്റെ കൂടെ കളിയ്ക്കാനുമറിയില്ല" - എന്നാണ്‌ അമ്മുവിന്റെ പരാതി.

അങ്ങിനെ അമ്മു സ്വാഭാവികമായും ടി.വി യിലെ കാര്‍ടൂണ്‍ കഥാപാത്രങ്ങളുടെ ലോകത്തില്‍ മുഴുകി തുടങ്ങി.കമ്പ്യൂടറിലെ പെയിന്റില്‍ ചിത്രങ്ങള്‍ വരച്ചും പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ സായൂജ്യമടഞ്ഞും ആ മിനിസ്ക്രീനുകളില്‍ മുഴുകി ഇരുന്നു.പിന്നീട്‌ എപ്പോഴോ അമ്മുവിന്റെ ശ്രദ്ധ പതുക്കെ പതുക്കെ മുറ്റത്ത്‌ ഓടിനടക്കുന്ന ഉറുമ്പുകളിലേയ്ക്ക്‌ തിരിഞ്ഞു.
ചെറു പാറ്റകളെ പോലും കണ്ട്‌ പേടിച്ചോടിയിരുന്ന അമ്മുവിന്‌ ഈ കൊച്ചു ജീവികള്‍ ആദ്യം ഒരു "കൗതുകം" മാത്രമായിരുന്നെങ്കിലും,പിന്നീട്‌ മെല്ലെ മെല്ലെ അവയോടുള്ള സ്നേഹം ഉണര്‍ന്നു വന്നു.

"അമ്മേ,ഉറുമ്പിനെ ചവിട്ടണ്ട ട്ടൊ"..ഞാന്‍ മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ അവളെന്നെ ഓര്‍മിപ്പിച്ചു.
"അമ്മേ,അനീത്തികുട്ടി ഉറുമ്പിനെ ചവിട്ടി കൊല്ലുന്നു"..
ചിലപ്പോള്‍ എന്നോടവള്‍ പരാതി പറഞ്ഞു.അവള്‍ ഉറുമ്പുകളെ ഇലയില്‍ കോരി കൈയ്യിലേയ്ക്കിട്ട്‌,അവരോട്‌ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ്‌ അവരുടേതായ ലോകത്തില്‍ ലയിച്ചു തുടങ്ങി.

പിന്നീട്‌,പതുക്കെ പതുക്കെയായി,വില്ലയ്ക്കരികിലുള്ള മരത്തിലെ ചിലച്ച്‌ കൊണ്ടിരിയ്ക്കുന്ന കിളികള്‍,സ്ക്കൂള്‍ ബസ്സ്റ്റോപ്പില്‍ കണ്ടുമുട്ടാറുള്ള കോഴികള്‍,ഒരു പുലിക്കുട്ടന്റെ ശൗര്യത്തില്‍ കാറുകളുടെ മുകളില്‍ തലയെടുപ്പോടെ ഇരിയ്ക്കുന്ന പൂച്ചകള്‍,ഇവയെല്ലാം അമ്മുവിന്റെ കുഞ്ഞു മനസ്സിലേയ്ക്കു കുടിയേറി.അവരെ കുറിച്ചുള്ള ഓരോ കഥകള്‍ അമ്മു മനസ്സില്‍ മിനഞ്ഞു തുടങ്ങി.

അങ്ങിനെയിരിയ്ക്കുമ്പോഴാണ്‌ ഒരു ദിവസം അപ്രതീക്ഷിതമായി ഞങ്ങളുടെ വില്ലയിലേയ്ക്ക്‌ ഒരു കുഞ്ഞിക്കിളി അതിഥിയായി എത്തിയത്‌.അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ എങ്ങിനെയോ വീണ്‌ കിടന്നിരുന്ന അതിനെ,പൂച്ചയ്ക്കാഹാരമാക്കണ്ട എന്ന് കരുതി അമ്മൂന്റെ അച്ഛന്‍ എടുത്തു കൊണ്ടുവന്നതായിരുന്നു.അത്‌ അച്ഛന്റെ കൈയ്ക്കുള്ളില്‍ പരിഭ്രമിച്ച്‌,വിറച്ച്‌ അനങ്ങാന്‍ വയ്യാതെ ഇരിയ്ക്കുകയായിരുന്നു.മുട്ടയില്‍ നിന്നും വിരിഞ്ഞ്‌ അമ്മ പക്ഷിയുടെ ചൂട്‌ വിട്ടുമാറാത്ത ഒരു കൊച്ചു കിളിക്കുഞ്ഞായിരുന്നു അത്‌.അതിന്റെ ചുകന്ന മൃദുവാര്‍ന്ന കൊക്കും,ചെറിയ മെലിഞ്ഞ കാലുകളും അതിന്റെ കൗതുകം വര്‍ധിപ്പിച്ചു.അതിന്റെ മിനുസമാര്‍ന്ന ചിറകുകള്‍ ഉയര്‍ത്താനാവാത്ത വിധം തീരെ ചെറുതായിരുന്നു.അമ്മൂന്‌ അതിനെ ഇഷ്ടമായിയെന്ന്‌ മാത്രമല്ല അതിനെ തന്റെ സ്വന്തം "പെറ്റാക്കി" വളര്‍ത്തണമെന്ന് മനസ്സില്‍ ഉറപ്പിയ്ക്കുകയും ചെയ്തു.

ഞങ്ങളുടെ അടുത്ത ദൗത്യം, അതിനെ സമാധാനിപ്പിച്ച്‌ പുതിയ അന്തരീക്ഷവുമായി ഇണക്കുക എന്നതായി.അതിന്റെ നിസ്സഹായത അതിനെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് വ്യക്തമായിരുന്നു. ഞങ്ങളതിന്‌ കൊക്കിലൊതുങ്ങുന്നത്ര പാലും വെള്ളവും വറ്റും ഒക്കെ കൊടുത്ത്‌ ഒരുവിധം ശക്തിപ്പെടുത്തി.മെല്ലെ മെല്ലെ അതിന്റെ പേടിയും വിറയലും വിട്ടകന്നു.രാവിലെ അതിനെ മുറ്റത്തേയ്ക്ക്‌ വെച്ച്‌, സുരക്ഷിതമായി ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന്‌ അതിന്റെ മാതാപിതാക്കളെ അറിയിയ്ക്കാന്‍ ഒരു ശ്രമം നടത്തി.താമസിയാതെ തന്നെ എവിടെ നിന്നൊ രണ്ടു പക്ഷികള്‍ പറന്നു വന്ന്‌ മരത്തില്‍ വല്ലാതെ ചിലച്ച്‌ ബഹളം വെച്ച്‌ തുടങ്ങി.ഞങ്ങള്‍ക്കാശ്വാസമായി.അവ തങ്ങളുടെ കുഞ്ഞിനെ എടുത്തു പറന്ന്‌ പോകുന്നതു കാണാന്‍ ഞങ്ങള്‍ കുറെ കാത്തിരുന്നു.പക്ഷെ അവ കുഞ്ഞിനു ചുറ്റും ചിലച്ചു കൊണ്ട്‌ പാറി പറന്നതല്ലാതെ അതിനെ കൊണ്ടു പോയില്ല.അവയുടെ നിസ്സഹായത,ഒരിത്തിരി നിരാശ ഞങ്ങളിലുണ്ടാക്കി;എങ്കിലും അമ്മുവിന്‌ ഉത്സാഹമായി.
അമ്മു പറഞ്ഞു-
"അച്ഛാ,ഇനി നമുക്ക്‌ ഒരു കൂട്‌ വാങ്ങി കിളിക്കുട്ടിയെ അതിലിട്ട്‌ വളര്‍ത്താം ല്ലെ,നല്ല രസമായിരിയ്ക്കും"..
അച്ഛന്‍ ആലോചിച്ച്‌ മറുപടി പറഞ്ഞു-
"വേണ്ട അമ്മു,അത്‌ വലുതാവുന്നത്‌ വരെ വളര്‍ത്തി,തനിയെ പറക്കാറായാല്‍ നമുക്കതിനെ പറത്തി വിടാം"..
അമ്മു ആലോചിച്ചു-"എന്നാലും കുറച്ചു ദിവസം കുഞ്ഞിക്കിളി ഇവിടെ ഉണ്ടാവൂലൊ"-അമ്മൂന്‌ ആശ്വാസമായി.

അങ്ങിനെ പതുക്കെ പതുക്കെ ആ കിളികുട്ടി, ഞങ്ങളില്‍ ഒരാളായി മാറി തുടങ്ങി.ആദ്യമൊക്കെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന അമ്മുവിന്റെ അനീത്തികുട്ടി പോലും കുഞ്ഞിക്കിളിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.അമ്മു തന്റെ പഴയ കൂട്ടുകാരെയെല്ലാം കുഞ്ഞിക്കിളിയെ കാണാന്‍ ക്ഷണിച്ച്‌ തുടങ്ങി.ഞങ്ങളുടെ ഹാളില്‍ ഒരറ്റത്ത്‌ ഒരു തുണി മടക്കിയതില്‍ അതിനെ വെച്ചു.പക്ഷെ അമ്മപക്ഷിയുടെ "തീറ്റി പോറ്റുന്ന" രീതി അറിയാതെ ഞങ്ങള്‍ കുഴങ്ങി.എന്നാലും വൈകാതെ അതിന്‌ തീറ്റ കൊടുക്കുവാനുള്ള "പാടവം" അമ്മുവടക്കമുള്ള എല്ലാവരും ശീലിച്ചെടുത്തു.ഒരു "ഫില്ലര്‍" വാങ്ങി അതില്‍ക്കൂടി പാലും വെള്ളവും കുഞ്ഞു കൊക്കിലേയ്ക്കൊഴിച്ചു കൊടുത്തു..കിളികുട്ടി കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത്‌ കുഞ്ഞിക്കാലുകള്‍ കൊണ്ട്‌ രണ്ടുമൂന്നടി വെച്ചു തുടങ്ങി.അതിന്റെ നേര്‍ത്ത ശബ്ദം ഹാളില്‍ നിറഞ്ഞു നിന്നു..ദിവസത്തില്‍ രണ്ടു തവണ ,ആ പക്ഷികളെ കാണിയ്ക്കാനായി അതിനെ പുറത്തെടുത്തു വെച്ചിരുന്നു.ചിലപ്പോള്‍,അവയെ ആശ്വസിപ്പിയ്ക്കാനെന്നോണം അവയുടെ സാന്നിധ്യത്തില്‍ ഞങ്ങളതിന്‌ തീറ്റ കൊടുത്തിരുന്നു.അതില്‍ ഒരു പക്ഷി ചിലപ്പോഴൊക്കെ ചിലച്ചു കൊണ്ട്‌ കുഞ്ഞിന്റെ അടുത്തു ഒരു നിമിഷത്തേയ്ക്ക്‌ പറന്നു വന്നിരിയ്ക്കുമായിരുന്നു.എന്തായാലും അത്‌ അമ്മ പക്ഷി തന്നെ ആയിരുന്നിരിയ്ക്കണം.ആ പക്ഷികള്‍ ആ മരം വിട്ടു പോകാതെ അവിടെ തന്നെ ഇടവിടാതെ ചിലച്ചു കൊണ്ട്‌ പാറി നടന്നിരുന്നു.ഈയൊരു സ്നേഹത്തിന്റെ ഭാഷ ഒന്നു മാത്രമാണ്‌ കുഞ്ഞു അവയുടേത്‌ തന്നെയാണെന്ന ഉറപ്പ്‌ ഞങ്ങള്‍ക്ക്‌ തന്നത്‌.അതിനപ്പുറത്തെ പക്ഷികളുടെ ഭാഷ എങ്ങിനെ മനസ്സിലാക്കാന്‍..!പക്ഷെ,കുഞ്ഞിക്കിളി വലുതായി,അതിന്റെ കഷ്ടതകളെല്ലാം ഒഴിഞ്ഞ്‌ അവരുടെ അടുത്തേയ്ക്ക്‌ പറന്നു പോകുമെന്ന വിശ്വാസം ഞങ്ങളില്‍ വേരുറച്ച്‌ കഴിഞ്ഞിരുന്നു.അത്‌ ഞങ്ങളുടെ ഒരു സ്വപ്നമായി മാറുകയായിരുന്നു.

പക്ഷെ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുണര്‍ന്നപ്പോള്‍ കണ്ടത്‌ കുഞ്ഞിക്കിളിയുടെ ജീവനറ്റ ശരീരമാണ്‌!.വല്ലാത്ത ഒരു ശാന്തതയില്‍ മുക്കിയെടുത്ത "നിശ്ചലതയാണ്‌" അതിന്റെ കുഞ്ഞു ശരീരത്തില്‍ കാണുന്നതെന്നെനിയ്ക്ക്‌ തോന്നി.കഷ്ടതകളില്‍ നിന്നും രക്ഷ നേടിയതിന്റെ ശാന്തത.പക്ഷെ, ആ "ശാന്തമായ നിശ്ചലത" എന്റെ കണ്ണുകള്‍ക്കുള്ളില്‍ തട്ടി തെറിച്ചു പോകുന്നതു പോലെ തോന്നി..അതുവരെ തോന്നാത്ത ഒരു അപരിചിതത്വം കലര്‍ന്ന നിസ്സഹായത തോന്നി പോയി.എന്തോ ഒരു കുറ്റബോധത്തിന്റെ വേദന എന്റെ ഉള്ളില്‍ നിന്നും കിനിഞ്ഞിറങ്ങി.ഞങ്ങളുടെ ശുശ്രൂഷയും തീറ്റ കൊടുക്കലും വേണ്ട വിധത്തില്‍ ആയില്ലേ..ഒരു നിമിഷം ഞാന്‍ സംശയിച്ചു.
അമ്മുവിന്റെ അച്ഛന്‍ അതിനെ എടുത്ത്‌ പുറത്ത്‌ വെച്ചു.ഞാന്‍ ഉടനെ തന്നെ കുട്ടികളെ വിളിച്ചുണര്‍ത്തി.അമ്മു ഉറക്കച്ചടവോടെ എണീറ്റു വന്നു നോക്കിയപ്പോള്‍ കണ്ടത്‌ കിളികുട്ടി പുറത്ത്‌ അനങ്ങാതെ കിടക്കുന്നു.ചുറ്റും ഉറുമ്പുകള്‍ വന്നു തുടങ്ങിയിരുന്നു.അനീത്തികുട്ടിയും കണ്ണുതിരുമ്മി ഒപ്പം വന്നിരുന്നു.അവള്‍ക്ക്‌ ഞാന്‍ മനസ്സിലാക്കി കൊടുത്തു-
"അമ്മൂ,നമ്മുടെ കിളികുട്ടി ചത്തു പോയി!"..

അമ്മു കുറച്ച്‌ ആലോചിച്ചുകൊണ്ട്‌ ചോതിച്ചു-
"അമ്മേ,നാട്ടിലെ അമ്മിണി മുത്തശ്ശി മരിച്ച പോലെയാണൊ കുഞ്ഞിക്കിളിയും മരിച്ചത്‌?"

അമ്മൂന്റെ നിഷ്ക്കളങ്കത "മരണം" എന്ന വാക്കിന്‌ കൊടുക്കുന്ന ചിത്രം എന്തെന്നറിയില്ല.കുഞ്ഞിക്കിളി ഈശ്വരന്റെ അടുത്തേയ്ക്ക്‌ അല്ലെങ്കില്‍ നാട്ടിലെ മരിച്ച അമ്മിണിമുത്തശ്ശിയുടെ അടുത്തേയ്ക്ക്‌ പറന്നകലുന്ന ഒരു ചിത്രമായിരിയ്ക്കാം ആ കുഞ്ഞു മനസ്സ്‌ കണ്ടത്‌...


ഞങ്ങള്‍ വാതിലടച്ച്‌ അകത്തിരുന്നു.പക്ഷികള്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നതും ചിലയ്ക്കുന്നതും ഞങ്ങള്‍ അകത്തിരുന്നറിഞ്ഞു.പാവങ്ങള്‍-അവയ്ക്ക്‌ ചിലയ്ക്കുവാനല്ലാതെ മേറ്റ്ന്ത്‌ ചെയ്യാന്‍ കഴിയും? ഞാനൊരല്‍പം ശങ്കയോടെ വാതില്‍ തുറന്ന് പുറത്തു വന്നു - എല്ലാം ശാന്തം - ഞാന്‍ മുകളിലേയ്ക്ക്‌ നോക്കി, ആ പക്ഷികളുടെ നിസ്സഹായതയുടെ നിഴല്‍ എന്നില്‍ പതിച്ചു.

അതിനു ശേഷം ആ പക്ഷികളെ മരത്തില്‍ കണ്ടിട്ടില്ല.അവയെല്ലാം മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞങ്ങളങ്ങിനെ ഊഹിച്ചു.കുഞ്ഞിക്കിളിയുടെ അദൃശ്യ സാന്നിദ്ധ്യം കുറച്ച്‌ ദിവസത്തേയ്ക്ക്‌ കൂടി ഞങ്ങളില്‍ നിലനിന്നു.പിന്നീടെപ്പൊഴോ ഞങ്ങളറിയാതെ പതുക്കെ പതുക്കെ അത്‌ ഓര്‍മ്മകളിലേയ്ക്ക്‌ മറഞ്ഞു പോയി..
പക്ഷെ ഇവിടത്തെ പക്ഷികളുമായുള്ള ഞങ്ങളുടെ ബന്ധം അതോടെ അവസാനിയ്ക്കുന്നില്ല..അടുത്ത പ്രഭാതത്തില്‍ ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍, മരത്തിനു ചുവടെ ഒരു മുട്ട പൊട്ടി കിടക്കുന്നു..പൊട്ടിയ ഭാഗത്തു കൂടി അപൂര്‍ണമായ ഒരു കിളിക്കുഞ്ഞിന്റെ തലയും കൊക്കും ഒപ്പം കറുത്ത്‌ കൊഴുത്ത ഒരു ദ്രാവകവും പുറത്തേയ്ക്ക്‌ വന്നു നില്‍ക്കുന്നു!
"ഈശ്വരാ,ഇവിടത്തെ പക്ഷികള്‍ക്കിതെന്തൊരു യോഗം!"- ഞാന്‍ അറിയാതെ പരിതപിച്ചു പോയി.


ഏതായാലും ഇപ്പോള്‍ അമ്മു വീണ്ടും തിരക്കിലാണ്‌.അമ്മൂന്‌ ദിവസവും നനച്ച്‌ വളര്‍ത്താന്‍ കുറച്ച്‌ ചെടികള്‍ അച്ഛന്‍ വാങ്ങി വെച്ചിട്ടുണ്ട്‌.ആ ചെടികള്‍ ഇപ്പൊള്‍ അമ്മൂന്റെ "പെറ്റ്‌" ആയി മാറിക്കഴിഞ്ഞു.ദിവസത്തില്‍ രണ്ട്‌ നേരം വളരെ ഉത്സാഹത്തോടെ അമ്മു വെള്ളം ഒഴിയ്ക്കുന്നുണ്ട്‌.അതിലുണ്ടാകുന്ന ഓരൊ പുതിയ ഇലയും,മൊട്ടും,പൂവും,അവളെ സന്തോഷിപ്പിയ്ക്കുന്നു...ഒപ്പം ഞങ്ങളും അത്‌ ആസ്വദിയ്ക്കുന്നു..ജീവിതത്തിന്‌, ഏതൊ ഒരു "പൂര്‍ണതയുടെ" ഏതൊക്കെയൊ ചില അംശങ്ങള്‍ കണ്ടു പിടിച്ച പ്രതീതി..അമ്മുവിന്റെ ലോകത്തില്‍ ഇനിയും നിറയെ ചെടികളും പൂക്കളും നിറയ്ക്കുവാനുള്ള ശ്രമത്തില്‍ ആണ്‌ ഞങ്ങളിപ്പോള്‍..അതിലൂടെ,ഈ ജീവിത തിരക്കിനിടയില്‍ അപൂര്‍വമായി മാത്രം വീണുകിട്ടുന്ന ഒരിത്തിരി ആത്മസംതൃപ്തിയും!