Monday, January 15, 2007

കഥകളി - ഒരു വിസ്മയം.

പച്ചാളത്തിന്റെ "കഥകളി" [ കുറച്ച്‌ പഴയതാണ്‌] എന്ന പോസ്റ്റ്‌ വായിച്ചതില്‍ നിന്നും കിട്ടിയ ഒരു പ്രചോദനത്തില്‍ നിന്നുമാണ്‌ എന്റെ ഈ പോസ്റ്റിന്റെ ജനനം എന്നു പറയാം. അന്ന് ആ പോസ്റ്റ്‌ വായിച്ച്പ്പോള്‍ മനഃപൂര്‍വം കമന്റ്‌ ഇട്ടില്ല, അതിനു പകരം ഒരു പോസ്റ്റ്‌ തന്നെ ഇടാം എന്നു തോന്നി.

അങ്ങിനെ വലിയ ആവേശത്തോടെ എഴുതാനിരുന്നു. മനസ്സ്‌ ഭൂതകാലങ്ങളിലേയ്ക്ക്‌ ഒഴുകി തുടങ്ങി. അന്നത്തെ കഥകളിയരങ്ങുകള്‍ നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം, അന്നു കഥകളിയോടു തോന്നിയിരുന്ന ഒരു പ്രത്യേക ആവേശം, എല്ലാം മനസ്സിന്റെ അടിത്തട്ടില്‍ നിന്നും പൊന്തി വരുവാന്‍ ആരംഭിച്ചു. ഒറ്റയൊരൊഴുക്കില്‍ തന്നെ, പേനത്തുമ്പില്‍ വന്നെത്തി നില്‍ക്കുന്ന അവയെ ഒരു അടുക്കും ചിട്ടയോടും കൂടി കടലാസ്സിലേയ്ക്കു പകര്‍ത്താനുള്ള എന്റെ ശ്രമം പെട്ടെന്നു തന്നെ തുടങ്ങിയെങ്കിലും അത്‌ ഈ ബ്ലോഗിലേയ്ക്ക്‌ കൊണ്ടുവരുവാന്‍ കുറച്ചു സമയമെടുത്തു. കടലാസ്സില്‍ വിസ്തരിച്ച്‌ എഴുതി വെച്ചതില്‍ നിന്നും കാച്ചികുറുക്കി അതിന്റെ സത്തും നീരും മാത്രം പിഴിഞ്ഞെടുത്ത്‌ ചൂടോടെ ഞാനിപ്പോള്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌.

അന്നൊക്കെ കഥകളിയോടു ഉണ്ടായിരുന്ന [ ഇപ്പോള്‍ മനസ്സില്‍ മാത്രം കാത്തുസൂക്ഷിയ്ക്കുന്ന ] ആവേശത്തിനു എന്തു പേരിട്ടു വിളിയ്ക്കണമെന്നു അറിയുന്നില്ല. വാസ്തവത്തില്‍ കഥകളി എന്ന കലാരൂപത്തോട്‌ ഞങ്ങളുടെ കുടുംബത്തിനു തന്നെ വളരേയധികം വികാരപരമായ ബന്ധമുണ്ട്‌. എന്റെ അമ്മയുടെ തലമുറ, അതായത്‌ അമ്മ, വല്ല്യമ്മമാര്‍, അമ്മാമന്മാര്‍ എല്ലാവരും കഥകളിയുടെ ആട്ടവും, മേളവും, സംഗീതവും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ്‌ വളര്‍ന്നു വന്നത്‌. എന്റെ അമ്മ ഏകദേശം ഒരു പന്ത്രണ്ട്‌ വര്‍ഷത്തോളം കഥകളി അഭ്യസിച്ചിട്ടുണ്ടെന്ന് ഒരല്‍പം അഭിമാനത്തോടു കൂടി തന്നെ പറയട്ടെ. കഥകളിയുടെ എല്ലാ സാങ്കേതികതകളും, സൂക്ഷ്മാംശങ്ങളും "അരച്ചു കലക്കി കുടിച്ചിട്ടുള്ള" അമ്മാമന്മാരേയും, കഥകളി എന്ന കലാരൂപത്തോട്‌ പ്രത്യേക ആരാധനയും ആവേശവും വെച്ചു പുലര്‍ത്തിയിരുന്ന അമ്മ വല്ല്യമ്മമാരെയും കണ്ട്‌ വളര്‍ന്ന ഞങ്ങളുടെ തലമുറക്കാര്‍ക്കും ആ കലാരൂപം പതുക്കെ പതുക്കെ എത്രയോ പ്രിയപ്പെട്ടതായി മാറി.

എന്നു മുതല്‍ക്കാണ്‌ ഞാന്‍ കഥകളി കണ്ട്‌ തുടങ്ങിയത്‌ എന്നെനിയ്ക്കോര്‍മ്മയില്ല. കുട്ടിക്കാലം മുതല്‍ക്കു തന്നെ കഥകളി വേഷങ്ങളും, കഥകളിപ്പദങ്ങളും, ചെണ്ടയും, മദ്ദളവും, ചേങ്ങിലയും എല്ലാം എനിയ്ക്കു സുപരിചിതമായിരുന്നു. അന്നൊക്കെ സ്കൂള്‍ പൂട്ടിയാല്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന സ്ഥലത്തേയ്ക്കാണ്‌ ഞങ്ങള്‍, വല്ല്യമ്മ-ചെറിയമ്മ മക്കള്‍, ഒഴിവുകാലം ചിലവിടാന്‍ വന്നിരുന്നത്‌. അവിടെ ഞങ്ങളുടെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും കൂടേ, "വൃന്ദാവനം" എന്നു പേരുള്ള വൈദ്യശാല വക വലിയ ഒരു ക്വാര്‍ട്ടേര്‍സിലായിരുന്നു താമസം. മിക്കവാറും ആ സമയത്തു തന്നെയായിരിയ്ക്കും അവിടെ വിശ്വംഭരന്റെ അമ്പലത്തില്‍ ഉത്സവവും തുടങ്ങുന്നത്‌. ഉത്സവക്കാലത്ത്‌ അന്നൊക്കെ അവിടെ മൂന്ന് ദിവസങ്ങളിലായാണ്‌ കഥകളി ഉണ്ടായിരുന്നത്‌. [ പിന്നീടത്‌ 5 ദിവസങ്ങളിലേയ്ക്കായി മാറ്റി.] അങ്ങിനെ ആ മൂന്നു ദിവസങ്ങളിലും ഉത്സവ പറമ്പില്‍, ഞങ്ങള്‍ കുട്ടികള്‍, കഥകളി കാണുവാന്‍ മുന്‍പില്‍ തന്നെയുള്ള സ്ഥലം പിടിച്ചെടുക്കുവാന്‍ തിരക്കു കൂട്ടുമായിരുന്നു. അങ്ങിനെ, അടഞ്ഞു പോകുന്ന കണ്ണുകളും, അറിയാതെ തുറന്നു പോകുന്ന വായയുമായി, തിരശ്ശീലയ്ക്കു പിന്നില്‍ നിന്നും പ്രത്യക്ഷപ്പെടാന്‍ പോകുന്ന വേഷം ഒരു നോക്ക്‌ കാണാനുള്ള കൊതിയോടെ, അക്ഷമരായി കാത്തിരിയ്ക്കുന്ന ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു രംഗമാണ്‌ ഇപ്പോള്‍ മനസ്സിലേയ്ക്കു ഓടിയെത്തുന്നത്‌. അന്നൊക്കെ ശരിയ്ക്കും "കഥയറിയാതെ ആട്ടം കാണല്‍" എന്നതു തന്നെയായിരുന്നു. എന്നാലും സന്താനഗോപാലം, കുചേലവൃത്തം പോലെയുള്ള കഥകള്‍ കുട്ടിക്കാലത്ത്‌ കൗതുകത്തോടെ നോക്കിയിരുന്നിരുന്നത്‌ എന്റെ ഓര്‍മ്മയിലുണ്ട്‌. എന്നാല്‍, അതിനെല്ലാമുപരിയായ ഒരു കാര്യമുള്ളത്‌, ഏറ്റവും മുന്‍പില്‍ തന്നെ സ്ഥലം കിട്ടിയതിന്റെ സംതൃപ്തിയോടെ, തിരശ്ശീലയ്ക്കു നേരെ ചുവട്ടില്‍ സകലതും മറന്നിരിയ്ക്കുമ്പോള്‍, അന്ന് കൈവന്നിരുന്ന ആവേശം ഇന്നും അതേ അളവില്‍, മനസ്സിലേയ്ക്കു പകര്‍ത്താന്‍ എനിയ്ക്കു കഴിയുന്നുണ്ട്‌ എന്നതായിരിയ്ക്കും..!ആ കഥകളി പറമ്പില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഉറക്കവും. പുലരാറാകുമ്പോള്‍ അമ്മമാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി അവസാനത്തെ യുദ്ധകഥകളിലെ കൊച്ചു കൊച്ചു തമാശകളും, യുദ്ധരംഗങ്ങളും കാണിച്ചു തന്നിരുന്നു. പാതി മയക്കത്തിലാണെങ്കിലും അതെല്ലാം കണ്ട്‌ തുടങ്ങിക്കഴിഞ്ഞാല്‍, തല്‍ക്ഷണം ഉറക്ക ചടവെല്ലാം പമ്പ കടന്ന് വേണ്ടുവോളം ആസ്വദിച്ച്‌, പൂര്‍വാധികം ഉത്സാഹത്തോടെയാണ്‌ ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങിയിരുന്നത്‌.

പിന്നീട്‌ മുതിര്‍ന്നപ്പോള്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍, ഞങ്ങള്‍ ഒരുവിധം പറ്റാവുന്ന സ്ഥലങ്ങളിലൊക്കെ പോയി കഥകളി കണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. "ചെണ്ടപ്പുറത്ത്‌ കോല്‌ വീണാല്‍ അവിടെ ഓടിയെത്തും" എന്ന്‌ പറയുന്ന അവസ്ഥയായിരുന്നു വാസ്തവത്തില്‍ അക്കാലത്ത്‌. അന്ന് ഞങ്ങള്‍ വല്ല്യമ്മചെറിയമ്മമാരും അവരുടെ മക്കളെല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ ആയിരുന്നു കളിയ്ക്കു പോയിരുന്നത്‌. അന്നത്തെ ഞങ്ങളുടെ ആവേശത്തിന്റേയും, ആസ്വാദനത്തിന്റേയും ഒക്കെ തലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്നതു കൊണ്ട്‌, അക്കാലങ്ങളിലെ "കളിയ്ക്ക്‌" പോക്കിനു ഒരു പ്രത്യേക മിഴിവും ഉണര്‍വും ഉണ്ടായിരുന്നു എന്നെനിയ്ക്കു തോന്നുന്നു. എവിടെയെങ്കിലും കളിയുണ്ടെന്നു കേട്ടാല്‍, ഏതൊക്കെയാണ്‌ കഥകള്‍, ആരൊക്കെയാണ്‌ വേഷത്തിന്‌, ആരൊക്കെയാണ്‌ സംഗീതത്തിന്‌, ആരൊക്കെയാണ്‌ മേളത്തിന്‌ ഇതൊക്കെയായിരുന്നു ആദ്യമുയരുന്ന ചോദ്യങ്ങള്‍. പിന്നെ, അന്നത്തെ ദിവസം ഉത്സാഹഭരിതമാണ്‌. രാത്രിയില്‍ ഉറക്കമൊഴിയ്ക്കാനുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി, ഉച്ചയ്ക്കു കുറച്ചു നേരം ഉറങ്ങി, പഠിയ്ക്കാനുള്ളതൊക്കെ ഒരുവിധത്തില്‍ തീര്‍ത്തെന്നു വരുത്തി, സന്ധ്യക്കു തന്നെ ഭക്ഷണം കഴിച്ച്‌, [ അതും വയറ്‌ നിറയെ കഴിയ്ക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ] പുതപ്പും വിരിയും മറ്റുമെടുത്ത്‌ കഥകളി പറമ്പിലേയ്ക്കുള്ള യാത്രയാണ്‌. യാത്രയില്‍ മുഴുവനും എന്തായിരിയ്ക്കും, എങ്ങിനെയായിരിയ്ക്കും എന്നൊക്കെയുള്ള ഗംഭീരന്‍ ചര്‍ച്ചകളാണ്‌. പാടിയും, മുദ്രകളിലൂടെ സംസാരിച്ചും, തമാശകള്‍ പറഞ്ഞും, ഇനി അമ്മാമന്മാരും കൂടെ ഉണ്ടെങ്കില്‍ പിന്നെ പറയാനുമില്ല - എല്ലാം മറന്നു കൊണ്ടുള്ള രസികന്‍ യാത്രകളായിരുന്നു അതൊക്കെ.

രാത്രി മുഴുവനും ഉറക്കമൊഴിച്ച്‌ കളി കാണുക സത്യത്തില്‍ കുറച്ച്‌ "കഠിനം" തന്നെയാണ്‌. എത്ര ഒരുങ്ങിയാലും ഇടയില്‍ ചെറുതായെങ്കിലും ഒന്ന് ഉറക്കം തൂങ്ങുക തികച്ചും സ്വാഭാവികം. കളി തുടങ്ങുമ്പോഴുള്ള ആവേശം പൂര്‍ണ്ണമായും ആദ്യത്തെ കഥ തീരുന്നതു വരെ ഉണ്ടായിരിയ്ക്കും. പിന്നീട്‌ രണ്ടാമത്തേ കഥയില്‍ മിയ്ക്കവാറും ഒരു "പതിഞ്ഞ പദ"ത്തോടെയായിരിയ്ക്കും [padam in a slow tempo] കഥ തുടങ്ങുന്നതു തന്നെ. അപ്പോള്‍ ഏകദേശം വെളുപ്പാന്‍ കാലം, 2 മണി ,3 മണി ആയിട്ടുണ്ടായിരിയ്ക്കും. അപ്പോഴായിരിയ്ക്കും നമ്മുടെ "ഉറക്കം" എന്ന ആശാന്‍ പതുക്കെ പതുക്കെ കണ്ണുകളെ ഒരു മയില്‍പ്പീലി കണക്കെ തലോടിക്കൊണ്ട്‌ മയക്കത്തിലേയ്ക്കു വിഴ്ത്തുവാന്‍ തുടങ്ങുന്നത്‌. പിന്നെ, പിടിച്ചാല്‍ കിട്ടില്ല, അറിയാതെ കണ്ണുകള്‍ അടഞ്ഞടഞ്ഞു പോയിക്കൊണ്ടിരിയ്ക്കും. പതിഞ്ഞ കാലത്തില്‍ [slow tempo] ഒരു 'പാടി" രാഗം അരങ്ങില്‍ നിന്നും ഉയര്‍ന്നു വന്നാല്‍ പിന്നെ ഉറക്കത്തിലേയ്ക്കു വീഴുവാന്‍ കൂടുതല്‍ എളുപ്പമായി. മിയ്ക്കപ്പോഴും തിരക്കു കാരണം നേരാംവണ്ണം ഒന്നു ചമ്രം പടിഞ്ഞിരിയ്ക്കാന്‍ പോലും സ്ഥലമില്ലാതെ കാലുകള്‍ കൂട്ടി വെച്ചിരിയ്ക്കുകയായിരുന്നു പതിവ്‌. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഉറക്കത്തെ ഏറ്റവും അധികം സ്നേഹിച്ചു പോകുന്ന നിമിഷങ്ങള്‍ ഒരുപക്ഷെ അതായിരിയ്ക്കും ! ചെവിയില്‍ അലയടിയ്ക്കുന്ന ചെണ്ടമേളങ്ങളുടെ ശബ്ദത്തിന്റേയും, അരങ്ങിലെ പതിഞ്ഞകാലത്തിലുള്ള ഒരു പദത്തിന്റെ പിന്നണിയുടേയും, വെളുപ്പാന്‍ കാലത്ത്‌ ഒഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ കുളിര്‍മയുടേയും ഒരു പ്രത്യേക കൊഴുപ്പില്‍, ഉറക്കത്തിനെ പുണരാന്‍ അപ്പോള്‍ തോന്നുന്ന മനസ്സിന്റെ അടക്കാനാവാത്ത കൊതി ശരിയ്ക്കും വല്ലാത്ത ഒരു അവസ്ഥയിലേയ്ക്കു നയിയ്ക്കാറുണ്ട്‌ !.

പക്ഷെ ആവേശം മൂത്ത്‌ തീരെ ഉറങ്ങാതെ കളി മുഴുവനും ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ത്തിരുന്ന അനുഭവങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്‌. അപ്പോഴേയ്ക്കും കഥകളിയാസ്വാദനത്തില്‍ കാര്യമായ മാറ്റങ്ങളും വന്നുപെട്ടിരുന്നു എന്നതും ഒരു വാസ്തവം തന്നെ. കുട്ടിക്കാലത്ത്‌ പാതിയുറക്കത്തില്‍ കണ്ടു പരിചയിച്ച വേഷങ്ങളിലൂടെയും, അഭിനയത്തിനൊത്ത്‌ പാടി കേള്‍ക്കുന്ന കഥകളിപ്പദങ്ങളുടെ സഹായത്തോടേയും, കലാകാരന്റെ അഭിനയത്തിലൂടേയും, മുദ്രകളിലൂടെയും മറ്റും കഥകളിയിലൂടെ കഥ കാണലായിരുന്നു / ആസ്വദിയ്ക്കലായിരുന്നു തുടക്കത്തിലൊക്കെ. അന്നത്തെ കലാമണ്ഡലം ഗോപിയാശാന്റെ കര്‍ണ്ണനും, കോട്ടയ്ക്കല്‍ ശിവരാമന്റെ കുന്തിയും കൂടി അരങ്ങത്ത്‌ അഭിനയിച്ചു പൊലിപ്പിയ്ക്കുന്നത്‌ കണ്ട്‌, ഞങ്ങളില്‍ പലരുടേയും കണ്ണു നനഞ്ഞു പോയ നിമിഷങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്‌ !. പിന്നീട്‌, വളരെ പതുക്കെയായി, കളിയിലെ "കഥയ്ക്കപ്പുറത്തെ" ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞു കാണാനുള്ള / ആസ്വദിയ്ക്കാനുള്ള ഒരു താല്‍പര്യം വളര്‍ന്നു വന്നു. അന്നൊക്കെ ധാരാളം ശില്‍പശാലകളും മറ്റും വളരെ സജീവമായി തന്നെ നടത്തി വന്നിരുന്നു. അതുകൊണ്ടു തന്നെ കഥകളിയുടെ സാങ്കേതിക വശങ്ങളെ കുറിച്ച്‌ ഒരു ബോധം ഉണ്ടാക്കിയെടുക്കുവാന്‍ അതൊക്കെ വളരെയധികം സഹായിച്ചിട്ടുണ്ട്‌. അത്‌ ഞങ്ങളുടെ ആവേശം കൂട്ടിയതേയുള്ളു.

അങ്ങിനെയൊരു ഘട്ടത്തില്‍ ആണെന്നു തോന്നുന്നു, ഞങ്ങളുടെ താല്‍പര്യം മെല്ലെ, കത്തിവേഷങ്ങളിലേയ്ക്ക്‌ പടര്‍ന്നു പിടിച്ചത്‌. പ്രത്യേകിച്ചും "ഉദ്ഭവത്തിലെ" [രാവണോദ്ഭവം] രാവണന്‍, അല്ലെങ്കില്‍ "ബാലിവിജയത്തിലെ" രാവണന്‍, അതുമല്ലെങ്കില്‍ "തോരണയുദ്ധത്തിലെ' രാവണന്‍, എന്നിങ്ങനെയുള്ള രാവണന്മാര്‍, കൂടാതെ നരകാസുരന്‍, ദുര്യോധനന്‍, കീചകന്‍ തുടങ്ങിയ "കത്തികള്‍" - അവയെല്ലാം തന്നെ ആദ്യാവസാന വേഷങ്ങളും ഒപ്പം വളരെയധികം ആസ്വദിച്ചിരുന്നു കാണാന്‍ പറ്റിയ വേഷങ്ങളുമാണ്‌. ഇതില്‍ ഏറ്റവും പരാക്രമശാലിയായി കഥകളിയില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ ഒരുപക്ഷെ രാവണന്‍ തന്നെയായിരിയ്ക്കും. കത്തിവേഷത്തിന്റെ ഏറ്റവും മനോഹരമായ രൂപവും ഭാവവും രാവണനില്‍ കൂടുതലായി ദര്‍ശിയ്ക്കാനാകുമെന്നു പറഞ്ഞാല്‍ തെറ്റില്ലെന്നു തോന്നുന്നു. നായകനായി രാമനും, പ്രതിനായകനായി രാവണനും എന്ന രീതിയിലാണ്‌ കഥയെങ്കിലും, കഥകളിയില്‍, രാവണന്‍ "പ്രതിനായകന്‍" എന്ന പദവി വിട്ട്‌, ധീരോദ്ധതനായ ഒരു "നായകനായി" തന്നെയാണ്‌ എല്ലാ കഥകളിലും കാണപ്പെടുന്നത്‌. കത്തി വേഷങ്ങളുടെ തിരനോട്ടത്തിനു തന്നെ തനതായ ഒരു സൗന്‌തര്യം ഉണ്ട്‌. രാമന്‍ കുട്ടിനായരാശാന്റെ കത്തി വേഷങ്ങളില്‍ പലതും ഞങ്ങളെല്ലാം ഒരുപോലെ അന്തം വിട്ടു നോക്കിയിരുന്നിട്ടുണ്ട്‌ !. ഏതായാലും കഥകളിയിലൂടെ ഞങ്ങള്‍ക്ക്‌ അസുരന്മാരോടുള്ള സമീപനത്തിനു തന്നെ മാറ്റം വന്നുഭവിച്ചു എന്നതാണ്‌ മറ്റൊരു സത്യം. അതുപോലെ, ശിവനെയൊ, ശ്രീകൃഷ്ണനേയൊ, ബ്രഹ്മാവിനേയൊ, വിഷ്ണുവിനേയൊ പോലെ സ്വതവെ തന്നെ അഭൗമങ്ങളായവര്‍ അധികം മുന്നിലേയ്ക്കു വരാതെ, നളന്‍, ദുര്യോധനന്‍, ഭീമന്‍, അര്‍ജ്ജുനന്‍, കര്‍ണ്ണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ എന്തെന്നില്ലാത്ത പ്രകാശത്തോടു കൂടി പ്രത്യക്ഷപ്പെടുന്നതും കഥകളിയുടെ ഒരു സവിശേഷതയായി ഞങ്ങള്‍ അദ്ഭുതത്തോടെ നോക്കികണ്ടിട്ടുണ്ട്‌. അതുപോലെ കാലകേയവധം, [ നിവാതകവചകാലകേയവധം എന്നാണ്‌ അതിന്റെ പൂര്‍ണ നാമം ] കിര്‍മ്മീരവധം തുടങ്ങിയ, സാങ്കേതികത [ സ്ഥായീഭാവം വിടാതെ വളരെ ചിട്ടയോടു കൂടി ആടേണ്ടുന്ന ] കൂടുതലായുള്ള ചില കഥകള്‍ ഞങ്ങളുടെ ആസ്വാദനനിലവാരത്തിനെതിരെ വിരല്‍ ചൂണ്ടിയ വെല്ലുവിളികള്‍ തന്നെയായിരുന്നു. ആ വെല്ലുവിളികളും പലപ്പോഴും വളരെ ആസ്വാദ്യകരമായി തീര്‍ന്നിരുന്നു എന്നതാണ്‌ മറ്റൊരു വാസ്തവം !.

ഇന്നിപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു കളി കണ്ടിട്ട്‌ തന്നെ ഏകദേശം 8-10 വര്‍ഷങ്ങളോളമായി. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് കളി കാണുവാന്‍ പണ്ടത്തെ പോലെ ഇന്ന് സാധിയ്ക്കുമൊ എന്നു പോലും ഞാന്‍ ചിലപ്പോള്‍ സംശയിച്ചു പോകാറുണ്ട്‌. പക്ഷെ അന്നൊരിയ്ക്കലും ജീവിതത്തില്‍ വന്നു പെട്ടേയ്ക്കാവുന്ന ഈയൊരവസ്ഥയെ കുറിച്ച്‌ ആലോചിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. അതും കഥകളി കണ്ടു നടന്നതിനെ കുറിച്ച്‌ ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതിയുണ്ടാക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല !. നാട്ടിലെ ഉത്സവക്കാലങ്ങളേയും, കഥകളിയരങ്ങുകളേയും കുറിച്ചു കേള്‍ക്കുമ്പോള്‍ ചെറിയ നിരാശാ ബോധം തുടക്കത്തിലൊക്കെ തോന്നാറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അത്തരത്തിലുള്ള മൃദുലവികാരങ്ങളെയെല്ലാം അതിജീവിയ്ക്കുവാന്‍ ശീലിച്ചു വന്നു, അല്ലെങ്കില്‍ സ്വാഭാവികമായും ശീലിച്ചു പോയി.

ഇന്ന് കഥകളി കാണാനുള്ള അവസരം ഇല്ലെങ്കിലും, ഈ കലാരൂപത്തിലുള്ള അതിയാഥാര്‍ഥ്യതയും, അഭൗമങ്ങളായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളും, പ്രകാശം പരത്തുന്ന വേഷങ്ങളും, അതിലുമുപരിയായി അതിന്റെ സാങ്കേതിക തികവും എല്ലാം തന്നെ ഒരു "വിസ്മയമായി" ഞാന്‍ ഇന്നും ഉള്ളില്‍ കൊണ്ടു നടക്കുന്നു...