Saturday, December 29, 2007

ഒരു തുന്നല്‍ മെഷീന്റെ കഥ.

ഒരു തുന്നല്‍ മെഷീന്‍ എന്നാല്‍, സാധാരണ ഗതിയില്‍ തോന്നുന്ന ഒരു ചിത്രം,
മുറിയിലെ ഒരു മൂലയ്ക്ക്‌ ഒതുങ്ങികിടക്കുന്ന, നിരുപദ്രവകാരിയായൊരു വസ്തു. ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ലവലേശം ബന്ധമില്ലാത്ത ഒരു വസ്തു കൂടിയും.

പക്ഷെ, അങ്ങനെയൊരു വസ്തു ഒരെലക്ട്രോണിക്‌ രൂപത്തില്‍ ഇപ്പോളീ മേശപ്പുറത്തിരിയ്ക്കുമ്പോള്‍, എനിയ്ക്കതൊരു കഥയായി തോന്നുന്നു. എന്റെ അമ്മമ്മ എപ്പൊഴോ തുടങ്ങി വെച്ച വലിയൊരു കഥയായി..

ഒരു തുടക്കമില്ലാത്ത കഥ.
എന്റെ അമ്മമ്മ, വല്ല്യമ്മമാര്‍, അവരുടെ മക്കള്‍, പിന്നെ അമ്മ എല്ലാവരുടേയും കൂടെ തുന്നല്‍ മെഷീന്‍ ഉണ്ട്‌, ഒരു കുടുംബാംഗമായി.. കൂടാതെ എല്ലാവരും തുന്നല്‍ വിദഗ്ദ്ധരും. "എന്തിനാ വെറുതെ തുന്നാന്‍ കൊടുക്കുന്നത്‌?" എന്ന ചിന്താഗതിക്കാര്‍. അവനവനു ആവശ്യമുള്ളതെല്ലാം സ്വയം തുന്നി ധരിയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ഒരു പഴയ സാരി മുറിച്ചെടുത്ത്‌ അവരത്‌ ജനാലയ്ക്ക്‌ ഭംഗിയുള്ള ഒരു കര്‍ട്ടനാക്കി തുന്നിയിടുമ്പോള്‍, പഴയത്‌ പുതിയതാകുന്നു. അതുപോലെ പഴയ തുണികള്‍ കൊണ്ട്‌ ചവുട്ടി, പിന്നെ കോസറിയ്ക്കുള്ള കവറുകള്‍, അതും പോരാതെ കസാലകള്‍ക്കും മറ്റും 'ഉടുപ്പുകള്‍' അങ്ങനെ എന്തിനും പുതിയ രൂപഭാവങ്ങള്‍ പകരുന്നവര്‍. അവരുടെ ജീവിതങ്ങളൊന്നും ഒരു വലിയ "ലക്ഷ്യത്തെ" മുന്നില്‍ കണ്ടുള്ളതായിരുന്നില്ല. എന്നാല്‍ വെറുതെ ഇരിയ്ക്കുക എന്നൊരവസ്ഥയുണ്ടാവരുത്‌ എന്നൊരു മാനസികതലവും അവര്‍ക്കെല്ലാമൊരുപൊലെയുണ്ട്‌ താനും. മാത്രവുമല്ല, ബോധമനസ്സ്‌ അനുശാസിയ്ക്കുന്ന അത്തരം 'തിയ്യറികള്‍' അണുവിട തെറ്റാതെ അവര്‍ പിന്തുടരുന്നു. ചെയ്യണം, അല്ലെങ്കില്‍ ചെയ്യേണ്ടതാണ്‌, ചെയ്തിരിയ്ക്കണം, എന്ന ബോധം, ആരോ നിര്‍ബന്ധിയ്ക്കുന്ന പോലെ, അതും ഉള്ളിലെ ഇഷ്ടാനിഷ്ടങ്ങളെ വകവെയ്ക്കാതെ, അവര്‍ സമയം തെറ്റാതെ ചെയ്തു തീര്‍ക്കുന്നു. "മടി, അലസത" തുടങ്ങിയ പദങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കുന്നു അവര്‍ക്കു മുന്നില്‍.
അതാണവര്‍.. അവരുടെ ഊര്‍ജ്ജമാകുന്ന കവചത്തിനുള്ളില്‍ അള്ളിപിടിച്ചിരിയ്ക്കുന്ന ഒരു കുഴിമടിച്ചി കൂടിയാണീ ഞാനെന്നും സന്തോഷപൂര്‍വം അറിയിച്ചുകൊള്ളട്ടെ!

അതുകൊണ്ട്‌, പറഞ്ഞു വരുന്നത്‌, എണ്‍പത്‌ വയസ്സിലും അമ്മമ്മയ്ക്ക്‌ സ്വന്തം ജാകറ്റ്‌, മുകളിലെ ഇടനാഴിയിലെ അരണ്ട വെളിച്ചത്തില്‍, പുതച്ചു കിടക്കുന്ന, അടിയില്‍ കാലു കൊണ്ട്‌ ചവിട്ടി "കട കട" യെന്ന് ശബ്ദിയ്ക്കുന്ന, ആ പഴയ 'മുത്തശ്ശി മെഷീനില്‍' തുന്നി ധരിയ്ക്കാന്‍ കഴിയുന്നുവെന്നത്‌ ഏതെങ്കിലുമൊരു തരത്തിലുള്ള സമാധാനം തീര്‍ച്ചയായും നല്‍കുന്നുണ്ടാവണം.. അമ്മമ്മ കുട്ടിക്കാലത്ത്‌ മാറിയുടുക്കാനില്ലാതെ ഒരു തോര്‍ത്തുമുണ്ടും ചുറ്റിയിട്ടാണത്രേ, പാടവും തോടും കടന്ന്, നാഴികകളൊളം നടന്ന് സ്കൂളില്‍ പോയിരുന്നത്‌. മാറിയുടുക്കാന്‍ എന്തോ ഒന്ന് അമ്മമ്മയ്ക്കന്ന് നല്‍കിയത്‌ പഠിപ്പിച്ചിരുന്ന ഒരു മാഷാണത്രെ.. അമ്മ എപ്പൊഴൊക്കെയോ പറഞ്ഞുതന്ന ഒരു കഥയുടെ കഷ്ണം. ഇന്നും ഒരു തോടോ പാടമോ കണ്ടാല്‍ വാചാലയാവും അമ്മമ്മ, വീടിനു പിന്നിലെ തൊടി ഒരു ദൗര്‍ബല്യവും. മാങ്ങാക്കാലത്ത്‌ മാങ്ങാകൂട്ടാനും, ചക്ക കാലത്ത്‌ ചക്ക കൂട്ടാനും, ചക്ക ഉപ്പേരിയും, ചക്കക്കുരു ഒണ്ടുള്ള ഉപ്പേരിയും ഒക്കെ തന്നെ വേണമെന്ന നിര്‍ബന്ധമുണ്ട്‌ അമ്മമ്മയ്ക്ക്‌. അമ്മമ്മ അങ്ങനെ കഷ്ടപ്പെട്ടാണ്‌ പഠിച്ചത്‌, ഒരുപക്ഷെ പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പഠിയ്ക്കാനായ പെണ്‍കുട്ടിയും.. അമ്മമ്മ പഠിച്ചിരുന്ന കോണ്‍ വെന്റില്‍ തുന്നലും ഒരു വിഷയമായിരുന്നുവത്രെ. ആ പഠിച്ചത്‌ ഇന്നും കൈവിടാതെ മക്കള്‍ക്കും, അവരുടെ മക്കള്‍ വരേയും എത്തെപ്പെട്ടിട്ടുണ്ടെന്നു പറയാം, ഒരു കഥ പറഞ്ഞു കൊടുക്കുന്ന പോലെ..
ഇനി അടുത്ത തലമുറയ്ക്കത്‌ കൈമാറ്റം ചെയ്യേണ്ട കര്‍ത്തവ്യം ഞങ്ങളുടെ കൈകളില്‍ നിക്ഷിപ്തമായിരിയ്ക്കുന്നു!

അമ്മമ്മ തന്നെയാണ് അമ്മയ്ക്കും വല്ല്യമ്മമാര്‍ക്കുമൊക്കെ തുന്നാന്‍ പഠിപ്പിച്ചത്‌. അതുപോലെ അവരൊക്കെ അവരുടെ മക്കളേയും. അവധിക്കാലങ്ങളില്‍ അമ്മമ്മയുടെ അടുത്ത്‌ താമസിയ്ക്കാന്‍ പോകുമ്പോള്‍ കൂടെ ഒരു തുണിയും പല വര്‍ണ്ണങ്ങളിലുള്ള നൂലുകളും സൂചിയും കയ്യില്‍ കരുതാറുണ്ടായിരുന്നു ഞങ്ങള്‍. അമ്മമ്മ ഞങ്ങള്‍ക്ക്‌ പല തരത്തിലുള്ള സ്റ്റിച്ചുകള്‍ പറഞ്ഞു തരും, പൂക്കള്‍ വരച്ച്‌ കൈകൊണ്ട്‌ തുന്നും ഞങ്ങള്‍, ഇതെന്തിനു പഠിയ്ക്കുന്നു, അതിന്റെ ഗുണമെന്ത്‌ എന്നൊന്നും അറിയാതെ. ചിട്ടയോടെ ദൈനംദിന കര്‍മ്മങ്ങള്‍ ചെയ്തുതീര്‍ക്കാനും ശീലിച്ചു. പിന്നെ ഞങ്ങള്‍ കഥകളി കണ്ടു, കച്ചേരികള്‍ കേട്ടു, പുസ്തകം വായിച്ചു. ഇത്ര പ്രായമായാല്‍, കുട്ടികള്‍ - അത്‌ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ - ഇന്നയിന്നതൊക്കെ ചെയ്തു 'പരിചയിച്ചോളണം' എന്ന ഒരലിഖിത നിയമത്തിന്റെ ഭാഗമായി ഞങ്ങളങ്ങനെ മറ്റു പലതിന്റേയുമൊപ്പം തുന്നാനും ശീലിച്ചു തുടങ്ങി, കുട്ടിക്കാലത്തു തന്നെ.

എന്നാല്‍ കുറച്ച്‌ മുതിര്‍ന്നതിനു ശേഷം, അമ്മയോടൊപ്പം നില്‍ക്കുന്ന കാലത്ത്‌ പണി പതിനെട്ടും നോക്കിയിട്ടുണ്ട്‌ അമ്മ എന്നെ തുന്നല്‍ (ആ പ്രായത്തിനനുസരിച്ചുള്ള) പഠിപ്പിയ്ക്കാന്‍. അക്കാലത്ത്‌, തുന്നല്‍ എനിയ്ക്ക്‌ പറഞ്ഞിട്ടുള്ളതല്ല എന്നൊരു മുന്‍ വിധിയോടെ, "എനിയ്ക്ക്‌ അമ്മടത്ര ബുദ്ധിയില്ല, കണക്കില്‍ പണ്ടേ ഞാന്‍ വളരെ മോശാന്നറിയില്ലേ അമ്മയ്ക്ക്‌" എന്നൊരു ഭാവത്തിലായിരുന്നു അമ്മയുടെ മുന്‍പിലിരുന്നിരുന്നത്‌. തുണി എന്റെ മുന്‍പില്‍ നിവര്‍ത്തിയിട്ടാല്‍ അതിന്റെ നീളമേത്‌, വീതിയേത്‌ എന്നുറപ്പിയ്ക്കുന്നതില്‍ പോലും ആശയകുഴപ്പത്തില്‍ പെട്ടു പോകുന്നവള്‍. പിന്നെ കാലിഞ്ചും മുക്കാലിഞ്ചും - ഈ കാലും മുക്കാലും - അതേറെ വിഷമിപ്പിയ്ക്കുന്ന അക്കങ്ങളായിരുന്നു അന്നെനിയ്ക്ക്‌. (ഇന്നും അക്കങ്ങള്‍ക്കിടയില്‍ "ബൈ" (3/4, 1/4) എന്ന ചിഹ്നം കണ്ടാല്‍ ഒന്ന് പരുങ്ങാറുണ്ട്‌!) കണക്കിനോടുള്ള ഒരു വിമുഖത അല്ലെങ്കില്‍ എങ്ങനെയോ ഉണ്ടായിത്തീര്‍ന്ന ഒരു അപകര്‍ഷതാബോധം തന്നെയായിരുന്നിരിയ്ക്കണം അന്നെന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്‌.

അതിനൊക്കെ പുറമെ, അന്ന് റെഡിമെയ്ഡ്‌ വസ്ത്രങ്ങളോടൊരു താല്‍പര്യക്കൂടുതല്‍ ഉണ്ടായിരുന്നു താനും. കുട്ടിക്കാലത്ത്‌ ഓണത്തിനും വിഷുവിനുമാണ്‌ പ്രധാനമായും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പുതുവസ്ത്രങ്ങള്‍ ലഭിച്ചിരുന്നത്‌. അതും തുണി വാങ്ങി ഞങ്ങളുടെ അമ്മമാര്‍ തുന്നിത്തരുന്ന വസ്ത്രങ്ങള്‍. റെഡിമേയ്ഡ്‌ വസ്ത്രം ധരിയ്ക്കുന്നത്‌ അന്നൊക്കെ ദുര്‍ലഭം. അന്ന് വിദേശത്തായിരുന്ന വല്ല്യമ്മ പോലും രണ്ടു വര്‍ഷം കൂടുമ്പോള്‍, സില്‍ക്കിന്റെ തുണിയായിരുന്നു തന്നിരുന്നത്‌, അതിനുണ്ടാവാറുള്ള വാസനയും, തുണിയുടെ മിനുസവും ഇന്നുമോര്‍മ്മയില്‍ തങ്ങി കിടക്കുന്നു. അമ്മ, അതൊരു കുപ്പായത്തിന്റെ രൂപത്തിലേയ്ക്കാക്കും വരെ അക്ഷമരായി കാത്തിരിയ്ക്കാറുണ്ടായിരുന്നു. അതുപോലെ അമ്മമ്മയും ഓണപ്പുടവയായി തരാറുള്ളത്‌ ഉടുപ്പിനുള്ള തുണിയായിരുന്നു, റെഡിമെയ്ഡ്‌ വസ്ത്രങ്ങളായിരുന്നില്ല. 'തുന്നാന്‍ പഠിയ്ക്കട്ടെ' എന്ന ഉദ്ദേശ്ശം അതിലൊളിപ്പിച്ചുകൊണ്ട്‌. കുട്ടിക്കാലങ്ങളില്‍ അമ്മ ധരിപ്പിച്ചു തരുന്നതെന്തും പ്രിയമായിരുന്നു, എന്നാല്‍ വലുതാവുന്തോറും വിവരങ്ങള്‍ അറിഞ്ഞു തുടങ്ങി. കിട്ടാത്തതിനോട്‌ താല്‍പര്യം കൂടുക എന്ന ഒരു (പൊതു)സ്വഭാവം എനിയ്ക്കുമുണ്ടായിത്തീര്‍ന്നിരുന്നു.

അക്കാലങ്ങളില്‍, അമ്മ തുന്നി തന്നിരുന്ന ഉടുപ്പുകള്‍ കഴിയുന്നതും ധരിയ്ക്കാതിരിയ്ക്കാന്‍ ഈയുള്ളവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു! അമ്മയോട്‌, റെഡിമേയ്ഡ്‌ കുപ്പായമാണിഷ്ടം എന്ന് പറയാനൊട്ട്‌ തോന്നിയിട്ടുമില്ല. ഇടയ്ക്ക്‌ അമ്മയെ സന്തോഷിപ്പിയ്ക്കാനായി, അമ്മ തുന്നിയവ ധരിയ്ക്കുമ്പോള്‍ അതിന്റെ അനിഷ്ടം നന്നായി കാണിച്ചിട്ടുണ്ട്‌ അമ്മയോട്‌, പലതവണ. എന്തായിരുന്നു അവയോടുണ്ടായിരുന്ന അനിഷ്ടമെന്നത്‌ ഇന്നുമെനിയ്ക്ക്‌ തീര്‍ച്ചപ്പെടുത്താനായിട്ടില്ല. ചിലപ്പോള്‍ തോന്നും, അങ്ങനെയൊരമ്മ ഉള്ളതുകൊണ്ടായിരുന്നെന്ന്.എന്നാലും എന്റെ ഇംഗിതം അമ്മയുമറിഞ്ഞിരുന്നു എന്നത്‌ ഇപ്പോള്‍ 'ചില്‍ഡ്രന്‍സ്‌ സൈകോളജി' പ്രാക്റ്റിക്കലായി പഠിച്ചുകൊണ്ടിരിയ്ക്കുന്ന എനിയ്ക്ക്‌ മനസ്സിലാക്കാനാകുന്നുണ്ട്‌..

വീണ്ടും മുതിര്‍ന്നപ്പോള്‍, എങ്ങനേയോ ഞാനൊരു തികഞ്ഞ 'ആദര്‍ശവാദിയായി' മാറി. "സത്യം വദഃ, ധര്‍മ്മം ചരഃ" എന്നതില്‍ തുടങ്ങി, "പരോപകാരര്‍ത്ഥമിദം ശരീരം", "ലളിതമീ ജീവിതം" വരെയുള്ള ആദര്‍ശങ്ങള്‍.. മകളുടെ ആദര്‍ശശുദ്ധി കുറച്ച്‌ കൂടിപോകുന്നില്ലേ.. എന്ന് അമ്മ തീര്‍ച്ചയായും സംശയിച്ചിട്ടുണ്ടാകും. കാരണം, ആദര്‍ശം മൂത്ത്‌ അമ്മയുമായി വലിയ വലിയ 'വാഗ്വാദങ്ങളില്‍' ഏര്‍പ്പെടാറുണ്ടായിരുന്നു ഈ മകളക്കാലത്ത്‌... എന്നാലും, അമ്മയുടെ കൈകള്‍ തുന്നുന്ന വസ്ത്രങ്ങളുടെ ലാളിത്യവും, അവയിലെ അമ്മ തുന്നുന്ന ചെറിയ ചെറിയ ചിത്രങ്ങളുടെ ഭംഗിയും ആദര്‍ശം കണ്ണിലിട്ടു തന്നു. കോളേജിലെ കൂട്ടുകാരികളൊട്‌ "ഇതമ്മ തുന്നിയതാണെന്ന് അഭിമാനപൂര്‍വം പറയാന്‍ പഠിച്ചു." അതുകൊണ്ട്‌ അങ്ങനെ ചില ഗുണങ്ങള്‍ എനിയ്ക്കുമുണ്ടായി, അമ്മയ്ക്കുമുണ്ടായി എന്നതാണതിന്റെ ഒരു നഗ്ന സത്യം!

എന്നിട്ടും, അമ്മയുടെ ഈ മകള്‍ തുന്നാന്‍ പഠിയ്ക്കാതെ തന്നെ ഒരു മുഴുവന്‍ സമയ സംഗീതവിദ്യാര്‍ത്ഥിനിയായി വളര്‍ന്നാണ്‌, യു.എ.ഇ. യില്‍ എത്തിപ്പെട്ടത്‌.ഇവിടെ ജീവിതം തുടങ്ങുമ്പോള്‍, പല തരത്തിലുള്ള മിശ്രവികാരങ്ങളായിരുന്നു. സ്വാഭാവികമായുമുള്ള കടുത്ത 'ഹോംസിക്നെസ്സ്‌', ഒരുവിധം കഴിയാവുന്ന പാചകക്കുറിപ്പുകള്‍ എഴുതി നിറച്ച്‌ അമ്മ തന്നിരുന്ന ഒരു കൊച്ചു പുസ്തകം കയ്യില്‍ പിടിച്ചുകൊണ്ട്‌, പാചകപരീക്ഷണങ്ങളുടെ കയ്പും മധുരവും നിറയുന്ന ദിനങ്ങള്‍, ഒരു വീട്‌ 'വീടായിരിയ്ക്കണമെങ്കില്‍' എങ്ങനെയൊക്കെ തല കുത്തിമറിയണം എന്നറിഞ്ഞ കടുത്ത പരീക്ഷണങ്ങള്‍ അങ്ങനെ കുറേ.. പിന്നെ ഒരു ഭാര്യ, മരുമകള്‍, വന്നു കയറിയ പെണ്‍കുട്ടി, പിന്നെയൊരു അമ്മ തന്നെ, എന്നൊക്കെ തുല്യം വെച്ച്‌ വീതിയ്ക്കുമ്പോള്‍, ഒരു 'മകള്‍' എന്ന ഭാഗത്തിനു കിട്ടുന്ന ലാഘവത്വം, ലാഘവത്തോടെ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍, അറിഞ്ഞു തുടങ്ങിയത്‌.. ഇവിടേയും ഒരു കഥയ്ക്കുള്ള വകുപ്പുണ്ട്‌.

എന്നാല്‍, പരീക്ഷകളില്‍ നിന്നും, കൃത്യനിഷ്ഠയോടെ, നിര്‍ബന്ധപൂര്‍വം ചെയ്തു തീര്‍ക്കേണ്ട മറ്റു പലതുകളില്‍ നിന്നുമുള്ള ഒരു മോചനമായി കുടുംബജീവിതം ആസ്വദിയ്ക്കപ്പെടണമെന്ന എന്റെ ഉല്‍ക്കടമായ ആഗ്രഹം കൊണ്ട്‌, അന്നെന്തും സഹിയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ വിവരമറിഞ്ഞു! അതിലും കഠിനമാണിതെന്ന് തോന്നി. പോരാത്തതിന്‌ ഇവിടെ വിശാലമായി, ഉയര്‍ന്നു പ്രൗഢിയോടെ നില്‍ക്കുന്ന ഹൈപ്പര്‍ / സൂപര്‍/ മാര്‍ക്കറ്റുകള്‍, മാളുകള്‍ എല്ലാം യഥേഷ്ടമുണ്ടായിട്ടും, മിനുസമാര്‍ന്ന, കുണ്ടും കുഴിയുമില്ലാത്തെ, എതിരേ നിന്നും വാഹനങ്ങള്‍ വരാത്ത, റോഡുകളുണ്ടായിട്ടും, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വര്‍ഷാവര്‍ഷം നടത്തപ്പെട്ടിട്ടും, എനിയ്ക്ക്‌ സന്തോഷം തോന്നിയില്ല. ഷോപ്പിംഗിനു പേരു കേട്ട ഇവിടെ, അത്‌ കേട്ടാലോടുന്ന അവസ്ഥ വരെ സംജാതമായി. പാര്‍ക്കുകളെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി. പതുക്കെ പതുക്കെ ഒരപൂര്‍ണ്ണത വിടവുകള്‍ സൃഷ്ടിച്ചു തുടങ്ങി. പരീക്ഷയ്ക്കല്ലാതെ, ശ്രുതി ബോക്സെടുത്ത്‌ ഞാനെനിയ്ക്കു വേണ്ടി സാധകം ചെയ്യാന്‍ തുടങ്ങി. ചിത്രം വരയ്ക്കാന്‍ തുടങ്ങി. ഒരു ലൈബ്രറിയെ തിരഞ്ഞു നടന്നു തുടങ്ങി. എഴുതാന്‍ തുടങ്ങി. ചെടികളേയും പക്ഷികളേയും സ്നേഹിയ്ക്കാന്‍ തുടങ്ങി.. വീട്ടില്‍ തുന്നാനൊരു മെഷീന്‍ ഇല്ലായെന്ന് ആദ്യമായി കണ്ടുപിടിച്ചു.
പണ്ട്‌ വിവരമുള്ളവര്‍ ഇട്ട്‌ തന്ന, ഉള്ളിലുറഞ്ഞു പോയ കുറേ പഴങ്കഥകളെ ഉരുക്കിയെടുത്തു, ഞാനെനിയ്ക്കു വേണ്ടി.. വിടവുകള്‍ നികത്താന്‍ ശ്രമിച്ചു തുടങ്ങി.. എന്നിലെ ഞാന്‍ മാറിതുടങ്ങി..


കുറച്ചു കാലം മുന്‍പു വരെ, "അമ്മ വെട്ടി (തുണി) തന്നാല്‍ തുന്നാം" എന്നൊരു പരുവത്തിലായിരുന്നു. ഇപ്പോള്‍, സ്വമനസ്സാലെ തുന്നാന്‍ തുടങ്ങുന്നു.. പണ്ട്‌ അമ്മ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത്‌, പഴയ ഒരു തുണിയെടുത്ത്‌ അമ്മൂനൊരു ഉടുപ്പ്‌ തുന്നാന്‍ വിറയ്ക്കുന്ന കൈകളോടെ ആദ്യമായി ഒരെലക്ട്രോണിക്‌ മെഷീനില്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്‌ തുണി വെട്ടി, തുന്നി!. അമ്മു അത്‌ ധരിച്ചപ്പോള്‍ എനിയ്ക്കുണ്ടായ സന്തോഷത്തിനും സംതൃപ്തിയ്ക്കും ഒരു കുറവും ഉണ്ടായില്ല!. ഇനിയുമിനിയും ധാരാളം സ്വന്തം കൈകള്‍ കൊണ്ട്‌ അമ്മൂന്‌ കുപ്പായം തുന്നണമെന്ന മോഹം തോന്നുകയുമുണ്ടായി. അമ്മ തുന്നിയ ഉടുപ്പിടാന്‍ അവള്‍ക്കും "പെര്‌ത്ത്‌ സന്തോസാര്‌ന്ന് ട്ടാ"!!! ,,,,,,,,,,,,,,,,,,,


ഈ കഥ ഇവിടെ കോമയോടു കൂടി അവസാനിപ്പിയ്ക്കേണ്ടി വരുന്നു .. കഥയ്ക്കിനിയും തുടരേണ്ടതുണ്ട്‌..

Monday, November 05, 2007

കൂട്ടുകാരി.

സ്ഥലം മാറി ഇവിടെ എത്തിപ്പെട്ടതിനു ശേഷം പറയത്തക്ക പുതിയ സുഹൃദ്‌ ബന്ധങ്ങളൊന്നും ഉണ്ടാക്കിയെടുക്കാനായിരുന്നില്ല. പഴയ സ്ഥലത്ത്‌ നിന്നും വിട്ടു വരുമ്പോള്‍ കുട്ടികളുടേയും ഞങ്ങളുടേയും മനം ഒരുപോലെ നൊന്തിരുന്നു, അവിടത്തെ അയല്‍ബന്ധങ്ങളെ വിട്ടകലാന്‍. അമ്മൂന്റെ കൂട്ടുകാര്‍ എല്ലാവരും പരിഭവം പറഞ്ഞു, അയല്‍പക്കക്കാര്‍ "നല്ലവണ്ണം ആലൊചിച്ചിട്ടു മതി മാറാനുള്ള തീരുമാനം" എന്നൊക്കെ പലവുരു ഓര്‍മ്മിപ്പിച്ചു.
യഥാര്‍ത്ഥത്തില്‍ അവിടെ നിന്നും വിട്ടു പോരാന്‍ കൂടുതലായും വിഷമിപ്പിച്ചിരുന്ന ഒരു ഘടകം അമ്മുവും അവിടത്തെ കുട്ടികളും തമ്മിലുള്ള അടുപ്പം തന്നെയായിരുന്നു. സാധാരണയായി ഒരു ഫ്ലാറ്റ്‌ ജീവിതത്തില്‍ സംഭവിച്ചു പോകാറുള്ള ഒറ്റപ്പെടല്‍, നാലു ചുമരുകള്‍ക്കുള്ളിലെ കുട്ടികളുടെ തളച്ചിടപ്പെടല്‍, തുടങ്ങിയ ആധികളൊന്നും തന്നെ അവിടത്തെ ജീവിതത്തിലുണ്ടായിരുന്നില്ല. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലോറിലെ, ഇടതു വശത്തെ wing-ലെ അഞ്ചു വീടുകളിലേയ്ക്കും ആ അഞ്ചു വീട്ടിലേയും കുട്ടികള്‍ക്ക്‌ എപ്പോഴും എന്തിനും കേറിചെല്ലാനുള്ള സ്വാതന്ത്ര്യവും, അതാത്‌ വീട്ടിലെ അച്ഛനമ്മമാര്‍ക്ക്‌ അത്യാവശ്യം എല്ലാ കുട്ടികളേയും സ്നേഹത്തോടെ ശാസിയ്ക്കാനുള്ള ഒരു സ്വാതന്ത്ര്യവും ഉണ്ടായിത്തീര്‍ന്നിരുന്നു. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക്‌ ബന്ധങ്ങളുടെ നേര്‍ത്ത അതിര്‍വരമ്പുകളെ നിര്‍വീര്യമാക്കാനായിരുന്നു. അതിനു സാദ്ധ്യമാക്കി, അദൃശ്യമായ നൂലിഴകള്‍ കൊണ്ട്‌ എല്ലാ വീടുകളിലേയും അച്ഛനമ്മമാരെ പരസ്പരം കോര്‍ത്തിണക്കിയിരുന്നത്‌ കുട്ടികള്‍ തന്നെയായിരുന്നു. വാസ്തവത്തില്‍ അവരായിരുന്നു ഞങ്ങള്‍ അച്ഛനമ്മമാരെ പരസ്പരം കൂടുതല്‍ അടുപ്പിച്ചത്‌.

ആ അഞ്ചു വീടുകള്‍ തമ്മിലുള്ള ബന്ധം അത്തരത്തിലൊരു തലത്തിലേയ്ക്കെത്തി നില്‍ക്കുമ്പോഴായിരുന്നു അവിചാരിതമായി 'ജോലിമാറ്റം' എന്ന നിവര്‍ത്തികേട്‌ വന്നുപെട്ടത്‌. പുതിയ സ്ഥലത്തെ ജീവിതരീതി പഴയതില്‍ നിന്നും വളരെ വ്യത്യസ്തമായി. ആരേയും തമ്മില്‍ കാണുവാനോ പരിചയപ്പെടുവാനോ അവസരങ്ങള്‍ തീരെ കുറവ്‌. താമസം സിറ്റിയില്‍ നിന്നും അകന്നു പോയതിനാല്‍, പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടാനാവുന്നത്‌ ഒഴിവു ദിവസങ്ങളില്‍ മാത്രം. മറ്റു ചില നല്ല വശങ്ങളുണ്ടെങ്കിലും ഇവിടത്തെ ജീവിതരീതി, ഒരുതരം ഒറ്റപ്പെടിലേയ്ക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിയ്ക്കുമോ എന്നുവരെ പലപ്പോഴും ഞങ്ങള്‍ ഭയപ്പെട്ടു തുടങ്ങി.

പക്ഷെ, "തേടിയ വള്ളി കാലില്‍ ചുറ്റി" എന്ന പോലെയായിരുന്നു ഒരു ദിവസം കുട്ടികള്‍ക്ക്‌ കളിയ്ക്കാനായി പുറത്ത്‌ പോകുമ്പോള്‍ അവിചാരിതമായി 'അവരെ' കണ്ടുമുട്ടിയതും പരിചയപ്പെട്ടതും.
കറുത്ത പര്‍ദ്ദ ധരിച്ചിരുന്ന അവര്‍ തൊട്ട അയല്‍പക്കമാണെന്നത്‌ സന്തോഷം തന്നു. കറുത്ത മക്കന കൊണ്ട്‌ തല മൂടി, പുറത്തേയ്ക്ക്‌ ആകെ കാണാവുന്ന നീണ്ട മുഖത്തെ വീര്‍ത്ത അവരുടെ കണ്ണുകള്‍ ആകര്‍ഷങ്ങളായിരുന്നു. വളരെക്കാലം മുന്‍പത്തെ പരിചയം പോലെ അവര്‍ അന്നു തന്നെ വളരെക്കൂടുതല്‍ സംസാരിച്ചു. കാസര്‍കോട്‌ ശൈലിയിലുള്ള, കേട്ടു ശീലിച്ചിട്ടില്ലാത്ത ആ ഭാഷ നേരിട്ട്‌ കേള്‍ക്കുന്നതിന്റെ ഒരാശ്ചര്യം എന്റെ മുഖത്തും പ്രതിഫലിച്ചിരുന്നിരിയ്ക്കണം. ഇടയ്ക്ക്‌ മനസ്സിലാവാത്ത വാക്കുകളുടെ അര്‍ത്ഥം ചോദിയ്ക്കുമ്പോള്‍, അവര്‍ തെല്ലും മടിയ്ക്കാതെ മറുപടി തന്നു, ഇതെല്ലാവരും ചോദിയ്ക്കാറുള്ളതു തന്നെയെന്ന മട്ടില്‍. കുട്ടികള്‍, ആദ്യത്തെ പരിചയക്കേടൊഴിഞ്ഞ്‌ പെട്ടെന്ന് തന്നെ ഒരുമിച്ച്‌ കളിച്ചു തുടങ്ങി.

ആ ബന്ധം വളര്‍ത്തണമെന്നു തന്നെ ഉള്ളില്‍ തോന്നി. നിഷകളങ്കയായ, മനസ്സ്‌ തുറന്ന് ആത്മവിശ്വാസത്തോടെ സംസാരിയ്ക്കുന്ന, കാര്യങ്ങള്‍ തുറന്നു ചോദിയ്ക്കുന്ന, എന്നാല്‍ പുരുഷന്മാരുടെ മുഖത്തേയ്ക്കു ഒന്ന് നോക്കുക പോലും വേണമോ എന്ന സംശയം ലവലേശം ഇല്ലാത്ത അവരെ, അവരുടെ ശങ്കകളില്ലാത്ത അത്തരം ഭാവങ്ങളെ എന്തുകൊണ്ടോ എനിയ്ക്കിഷ്ടമായി, ആദ്യ കാഴ്ചയില്‍ തന്നെ.
ഒന്നാലോചിച്ചു പോയി, എന്തിനോടും ഇഷ്ടം തോന്നാനും തോന്നാതിരിയ്ക്കാനും പ്രത്യേകിച്ചു കാരണങ്ങളൊന്നും ആവശ്യമില്ലല്ലോ എന്നത്‌, അതങ്ങനെ തോന്നുന്ന പോലെ വരുന്നു, ചിലപ്പോള്‍ വരാതിരിയ്ക്കുന്നു.. അതുകൊണ്ടു തന്നെയാവും ഒരുപക്ഷെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു കൊടുക്കുന്ന അമിതപ്രാധാന്യം മനുഷ്യന്റെ ദുര്‍ബലതകളായി മാറുന്നതും.

ആ ബന്ധം അങ്ങനെ മൊട്ടിട്ടുനില്‍ക്കുമ്പോള്‍, ഒരു ദിവസം ഉച്ച സമയം, പുറത്ത്‌ പൊരിയുന്ന വെയില്‍, കുട്ടികളും അച്ഛനും അവധിദിവസം വീണുകിട്ടിയത്‌ ഉറങ്ങിയാഘോഷിയ്ക്കുന്നു, എനിയ്ക്കെന്നെ തന്നെ ഒറ്റയ്ക്ക്‌ കിട്ടുന്ന ആ ഒരിത്തിരി സമയം ബ്ലോഗുകള്‍ക്കുള്ളില്‍ ഊളിയിട്ടിരിയ്ക്കുമ്പോള്‍, അവിചാരിതമായി അവരുടെ ഫോണ്‍ വന്നു. കാര്യം വളരെ നിസ്സാരം. ചപ്പാത്തി പരത്തുന്ന പലകയും അതിന്റെ കോലും വളരെ അത്യാവശ്യമായി വേണം; കൂടാതെ അതൊന്നിപ്പോള്‍ തന്നെയൊന്ന് കൊണ്ടുവന്ന് തരാന്‍ പറ്റുമോ എന്നൊരു വലിയ ചോദ്യചിഹ്നവും തൊടുത്തു വിട്ടു അവര്‍ ഫോണിലൂടെ എന്റെ നേര്‍ക്ക്‌.

സാധാരണയായി, കമ്പ്യൂട്ടറിനു മുന്നിലിരുന്നു കഴിഞ്ഞാല്‍, ലോകം മറിഞ്ഞു വീണാല്‍ പോലുമറിയില്ല എന്നൊരു ആരോപണം എന്നെ കുറിച്ച്‌ ഈ വീട്ടില്‍ ഉയര്‍ന്നു വരാറുണ്ട്‌. അമ്മുവും അനീത്തിക്കുട്ടിയുമാണെങ്കില്‍ കമ്പ്യൂട്ടറിനു മുന്നില്‍ ഞാനൊന്നിരുന്നു പോയാല്‍, ഇനി അമ്മ എപ്പൊ എണീയ്ക്കും എന്ന കാത്തിരുപ്പു തുടങ്ങും. അവരുടെ അക്ഷമ എന്റെ മനഃസമാധാനത്തെ പാടെ കെടുത്തിക്കളയും. ശ്രദ്ധ, ക്ഷമ, സ്വൈരം തുടങ്ങിയവരെല്ലാം എങ്ങോ ഓടിമറയും. അതുകൊണ്ട്‌ വീട്ടിലെ ക്രമസമാധാനം കണക്കിലെടുത്ത്‌, എല്ലാവരും ഉറങ്ങുന്ന, ആരും എന്നെ കാത്തിരിയ്ക്കാത്ത സമയം നോക്കിയേ എഴുത്തും വായനയും നടത്താറുള്ളു. മനുഷ്യന്‌ ഏറ്റവും അത്യാവശ്യം മനഃസമാധാനം തന്നെ എന്നത്‌ ബ്ലോഗ്ഗിംഗ്‌ തുടങ്ങിയതിനു ശേഷം ഞാന്‍ പഠിച്ച ഒന്നാം പാഠമായിരുന്നു!

അങ്ങനെയുള്ള വിലമതിയ്ക്കാനാവാത്ത മനഃസമാധാനത്തോടെ ബ്ലോഗ്‌ വായന നടക്കുമ്പോഴായിരുന്നു, അയല്‍പ്പക്കം കാസര്‍കോട്‌ കാരി വിഷമിപ്പിയ്ക്കുന്നൊരു ചോദ്യചിഹ്നം തൊടുത്തു വിട്ടത്‌. വായനയില്‍ നിന്നും പെട്ടെന്നുണര്‍ത്തപ്പെട്ട ഒരു സംഭ്രമത്തില്‍ "കൊണ്ടുവരാമല്ലോ.." എന്ന് പെട്ടെന്ന് പറഞ്ഞു പോയി. അവരുടെ മുറിയിലെത്തണമെങ്കില്‍ നാലു പടിക്കെട്ടുകള്‍.. ആകെ പത്ത്‌ അറുപത്‌ പടികള്‍ ചവുട്ടിക്കയറണം, അതും ഉച്ചനേരത്തെ വെയിലിന്റെ ചൂട്‌ ഉറഞ്ഞു തുള്ളി നില്‍ക്കുന്ന നേരത്ത്‌, റോഡും മുറിച്ച്‌ കടന്ന്.. നോമ്പ്‌ തുറക്കുമ്പോഴേയ്ക്കും അവര്‍ക്കെന്തോ ഉണ്ടാകി വെയ്ക്കണമത്രേ, അതുകൊണ്ട്‌ സംഗതി വളരെ അത്യാവശ്യവും. എന്റെ മനസ്സില്‍ ചെറിയ, വലിയൊരു മടി വന്നുപെട്ടു. അത്രയിടം വരെ കൊണ്ടു പോയി കൊടുക്കാന്‍ തോന്നിയില്ല. അതും ചപ്പാത്തി പലക എന്നൊരു നിസ്സാരപ്പെട്ട സംഗതി? എന്നൊരു സ്വാര്‍ത്ഥ ചിന്ത. കൊണ്ടുവന്നു തരാമെന്നു പറഞ്ഞുപോയതില്‍ ചെറിയൊരു നിരാശയും തോന്നി. വായന മുറിച്ചതിന്റെ പേരില്‍ അവരോട്‌ അല്‍പമെങ്കിലും തോന്നുന്ന നീരസം എന്റെ മനഃസമാധാനത്തേയും പാടെ കെടുത്തിക്കളഞ്ഞു. ഒരാളൊരു സഹായം ചോദിച്ചതിന്‌ ഇത്രയധികം സമാധനക്കേടുകളോ എന്ന കുറ്റബോധം വേറെയും.
അത്തരമൊരു മാനസീകാവസ്ഥയില്‍ ചപ്പാത്തി പലകയുമായി ആരേയും ഉണര്‍ത്താതെ, വെയിലത്ത്‌ റോഡൊക്കെ മുറിച്ചു കടന്ന്, അപ്പുറത്തെത്തി പടികളോരോന്നായി എണ്ണി കേറി തുടങ്ങിയപ്പോഴേയ്ക്കും അവര്‍ മുകളില്‍ നിന്നും ചിരിച്ചു കൊണ്ട്‌ പടികളിറങ്ങി വന്നു നിന്നു. ഞാനും ചിരിച്ചു. "ബുദ്ധിമുട്ടായോ?" എന്ന ചോദ്യത്തിന്‌ "ഇല്ല" എന്ന് നുണ പറഞ്ഞു. പിന്നേയും അവര്‍ കുറേ സംസാരിച്ചു. അവര്‍ക്ക്‌ സ്വതവേ തന്നെ അള്‍സറുള്ളതാണത്രെ.. നോമ്പു കാലത്ത്‌ അതുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളെ കുറിച്ചും വിവരിച്ചു. അതിന്റെ പാരമ്യതയില്‍ എത്തി അങ്ങേയറ്റം വിഷമിച്ചിട്ടാണ്‌ അവര്‍ നില്‍ക്കുന്നതെന്നും എനിയ്ക്ക്‌ മനസ്സിലായി. എന്നിട്ടും അവര്‍ ഒരു മാസത്തെ നോമ്പെടുക്കല്‍ പകുതിയ്ക്ക്‌ മുറിയ്ക്കുവാനോ, അതുമല്ലെങ്കില്‍ അത്താഴമൊരുക്കുന്നത്‌ നിര്‍ത്തുവാനോ ഒന്നും തന്നെ ചിന്തിയ്ക്കുന്നതു പോലുമില്ലെന്നത്‌ തെല്ലൊന്നെന്നെ അദ്ഭുതപ്പെടുത്തി. ഗുളികകള്‍ കഴിച്ചും, അത്താഴം കഴിച്ചതൊക്കെ ഛര്‍ദ്ദിച്ചും, വയറെരിച്ചിലും, നെഞ്ചെരിച്ചിലും മറ്റും സഹിച്ചും വെള്ളം പോലും കുടിയ്ക്കാതെ, അവര്‍ നോമ്പെടുക്കല്‍ തുടരാന്‍ തന്നെയാണുദ്ദേശ്ശം. "ആരോഗ്യമല്ലേ മുഖ്യം ?" എന്ന എന്റെ ചോദ്യത്തിന്‌ "ഔ... ന്നാലും നൊമ്പെടുക്കാതെ കഴീല്ലാലു" എന്ന് ആത്മാര്‍ത്ഥതയോടെ ചിരിച്ചു കൊണ്ട്‌ പറഞ്ഞു. "നോമ്പെടുക്കാതേയുമിരിയ്ക്കാം" എന്നൊരു സാദ്ധ്യതയെ (?) കുറിച്ച്‌ അവര്‍ ചിന്തിച്ചിട്ടു പോലുമില്ല എന്നതാ ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.. പര്‍ദ്ദയില്ലാതെ ചുരിദാറിട്ട വേഷത്തിലവരെ ഞാനാദ്യം കാണുകയായിരുന്നു അപ്പോള്‍. പൊടുന്നനെ, ആ ചിരിയില്‍ അവര്‍ കൂടുതല്‍ സുന്ദരിയാണെന്നു തോന്നിയെനിയ്ക്ക്‌. സംസാരിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ അവരെനിയ്ക്കൊരു പൊതി തന്നു, കുറച്ച്‌ മധുരപലഹാരങ്ങള്‍.

കയ്യില്‍ പൊതിയുമായി തിരിച്ചു റോഡ്‌ മുറിച്ചു കടന്നു വരുമ്പോള്‍ വെയിലിന്റെ ചൂട്‌ ഞാനറിയുന്നുണ്ടായിരുന്നില്ല. ചപ്പാത്തി പലക അവിടെ കൊണ്ടുപോയി കൊടുക്കേണ്ടി വന്നതിന്റെ കാരണങ്ങള്‍ അവര്‍ മനഃപൂര്‍വം പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പോലും പതുക്കെ പതുക്കെ എന്റെ മനസ്സതറിഞ്ഞു തുടങ്ങുകയായിരുന്നു.. എന്നിലെ അവര്‍ക്കുള്ള സ്വാതന്ത്ര്യം അവര്‍ തന്നെ കണ്ടെടുത്ത്‌, സ്വാഭാവികമായ ഒരൊഴുക്കിലൂടെ തന്നെ അവരതുപയോഗിയ്ക്കുകയായിരുന്നെന്ന അറിവ്‌ എന്റെ മനസ്സിനെ സന്തോഷിപ്പിയ്ക്കുകയാണുണ്ടായത്‌. വെയിലിന്റെ ചൂട്‌ അവരുടെ തുറന്ന മനസ്സിന്റെ ഊഷ്മളതയായിട്ടായിരിയ്ക്കണം എനിയ്ക്കനുഭവപ്പെട്ടത്‌ അപ്പോള്‍. ആ നേരം എനിയ്ക്കവരോട്‌ തോന്നുന്നുണ്ടായിരുന്ന വല്ലാത്ത ഒരിഷ്ടത്തിന്റെ'കൂടുതലുകള്‍', യഥാര്‍ത്ഥത്തിലേതോ സ്നേഹത്തിന്റെ കണികകള്‍ തന്നെയായിരുന്നിരിയ്ക്കണമെന്ന് തോന്നുന്നു ഇപ്പോള്‍!

ഈ ബ്ലോഗിലെ മിക്ക പോസ്റ്റുകളും മുന്‍ കൂട്ടി വിചാരിച്ചെഴുതുന്നതാവാറില്ലെന്നതാണ്‌ സത്യം. പിന്നീടുള്ള ചിന്തകള്‍ തന്നെയാണ്‌ എഴുതാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്‌, എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലെന്ന പോലെ. ഇതും അതുപോലെ തന്നെ. ഒരുപക്ഷെ, എല്ലാത്തരം ബന്ധങ്ങളുമനുവദിയ്ക്കുന്ന അദൃശ്യങ്ങളായ അത്തരം 'സ്വാതന്ത്ര്യങ്ങള്‍' എത്രത്തോളം ഞാനുപയോഗപ്പെടുത്താറുണ്ടെന്ന ചിന്തയാവും ഇതെഴുതുവാനെന്നെ പ്രേരിപ്പിച്ചത്‌. ഇതിനകം നല്ലൊരു സുഹൃത്തായി തീര്‍ന്ന, തൊട്ടടുത്ത്‌ താമസിയ്കുന്ന അവരെ കുറിച്ചെന്തെങ്കിലുമെഴുതണമെന്ന് വിചാരിച്ചതായിരുന്നില്ല. ബ്ലോഗ്ഗിംഗിന്റെ സുഖവും ഇതുതന്നെയെന്ന് തോന്നുന്നു.

Wednesday, October 10, 2007

ഒരു വായനാനുഭവം

അനാമികയുടെ സുവിശേഷങ്ങള്‍.
ഈ പുസ്തകം ഈയിടെയാണ്‌ വായിയ്ക്കാനിടയായത്‌. വായിയ്ക്കുമ്പോഴും, വായനയ്ക്കു ശേഷവും ഇങ്ങനെയൊരു കുറിപ്പെഴുതണമെന്ന് കരുതിയിരുന്നതല്ല, കാരണം ജീവിതത്തിലൂടെ ലേഖിക നടന്നു നീങ്ങിയ പാത, മനസ്സിന്റെ പാകപ്പെടല്‍, അതിന്റെ തലങ്ങള്‍ എല്ലാം സംശുദ്ധമായ, സത്യസന്ധമായ അനുഭവങ്ങളാണ്‌. വ്യക്തി ബന്ധങ്ങളെ പോലും വക വെയ്ക്കാതെ ഉള്ളില്‍ നിന്നും എഴുതിയത്‌. അവര്‍ സ്വായത്തമാക്കിയിട്ടുള്ള മനസ്സിന്റെ ഏകാഗ്രതയിലൂടെ, ധ്യാനത്തിലൂടെ കൈവരിച്ചിട്ടുള്ള ആത്മീയ ബോധം, തിരിച്ചറിഞ്ഞിട്ടുള്ള മനസ്സിന്റെ, ശരീരത്തിന്റെ, പ്രകൃതിയുടെ, എല്ലാം സൂക്ഷമഭാവങ്ങള്‍ ഇതെല്ലാം ആ എഴുത്തിലുടനീളം പരന്നു കിടക്കുന്നു. അതിലൂടെ അവര്‍ കൈവരിയ്ക്കുന്ന കരുത്തും സഹനശക്തിയും... അതിനെ കുറിച്ചെന്തെങ്കിലും എഴുതാനോ പറയുവാനോ അസാദ്ധ്യം (എനിയ്ക്ക്‌). എന്നിട്ടും, ഇപ്പോള്‍ കുറിച്ചിട്ടു, അത്‌ സത്യമായതു കൊണ്ടാവാം ഒരുപക്ഷേ, അല്ലെങ്കില്‍ ഈ വായനാനുഭവം എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലായി ഇവിടെ നിലനില്‍ക്കട്ടെ എന്നും തോന്നി പോകുന്നു, അതുകൊണ്ടുമാവാം.
നിത്യ ജീവിതത്തില്‍, മനസ്സിന്റെ ഒഴുക്കിനൊത്ത്‌ മുകള്‍ തട്ടിലൂടെ മാത്രം സഞ്ചരിയ്ക്കുന്നതിനിടയില്‍ പലപ്പോഴും അറിയാതെ പോകുന്ന 'ജീവിത സത്യങ്ങളെയാണ്‌', സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഈ ചെറിയ പുസ്തകത്തില്‍ ശ്രീമതി ആശ.ജി. വൈക്കം വിവരിച്ചിരിയ്ക്കുന്നതെന്ന് പറയാതെ വയ്യ. അതില്‍ ഡോ.ശ്രീ. ജോര്‍ജ്ജ്‌ ഓണക്കൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു.
"ഒരു ഉദാസീന വായനയ്ക്കല്ല, ധ്യാനത്തിനും സത്യാന്വേഷണത്തിനും വേണ്ടി ഒരുക്കപ്പെട്ടതാണീ ജീവിത രഹസ്യം" എന്ന്.
ഇതു വായിയ്ക്കുന്നതിനു വളരെ മുന്‍പു തന്നെ, പലപ്പോഴായി ശ്രീമതി. ആശയുമായുള്ള അഭിമുഖങ്ങള്‍ കണ്ടിരുന്നു. പക്ഷെ, അതില്‍ നിന്നും എന്തുകൊണ്ടോ അവരെ മനസ്സിലാക്കിയത്‌, അര്‍ബുദം എന്ന രോഗത്തെ ശുഭാപ്തി വിശ്വാസത്തോടും, സഹനശക്തിയോടും കൂടി ധൈര്യത്തോടെ അഭിമുഖീകരിച്ച ഒരു സ്ത്രീ, രോഗം നിശ്ശേഷം സുഖപ്പെട്ടതിനു ശേഷവും തെല്ലും ആശങ്കകളില്ലാതെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഒരു വനിത, ഇതൊക്കെയായിരുന്നു. പക്ഷെ ആ വിശ്വാസവും, ശക്തിയും എങ്ങനെ അവര്‍ നേടിയെടുത്തു എന്നോ, രോഗത്തിനു ശേഷം കരുത്താര്‍ജ്ജിച്ചതാണോ എന്നോ, ഒന്നുമതില്‍ നിന്നും മനസ്സിലാക്കിയതായി ഓര്‍ക്കുന്നില്ല. എന്നാലും, "രോഗം സ്ഥിതീകരിച്ചതിനു ശേഷം ഭര്‍ത്താവും മകനും മടിയില്‍ കിടന്നു കരയുമ്പോഴും ഒരു തുള്ളി കണ്ണു നീര്‍ തന്റെ കണ്ണുകളില്‍ നിന്നും വന്നിരുന്നില്ല" എന്ന വാക്യം എന്നില്‍ ഒരദ്ഭുതമായി തന്നെ അവശേഷിച്ചിരുന്നു. ഏകാഗ്രതയിലൂടെ സുതാര്യമാക്കിയെടുത്ത അവരുടെ മനസ്സിനെ അറിയാന്‍ കഴിഞ്ഞത്‌ ഈ പുസ്തകത്തിലൂടെ മാത്രമാണ്‌. ഒരു പുസ്തകവും ടെലിവിഷനും എന്നാല്‍ നമ്മുടെ ഉപബോധമനസ്സും ബോധമനസ്സും പോലെയാണെന്ന് തോന്നിപ്പോയി. പുറത്തേയ്ക്ക്‌ പ്രത്യക്ഷമാകുന്നതിന്റെ എത്രയോ ഇരട്ടി ആഴം അതിന്റെ അടിയിലേയ്ക്കുണ്ടാകും. വായനയിലൂടെ ആ ആഴമാണ്‌ മനസ്സിലാക്കാനാവുന്നതെന്നിപ്പോള്‍ തോന്നുന്നു.
ഇത്‌ വായിച്ചാസ്വദിയ്ക്കുവാനുള്ള ഒരു പുസ്തകമല്ല എന്നതും തോന്നി. അദ്ഭുതം, വിശ്വസിയ്ക്കാവുന്നതിനുമപ്പുറം, ഇതെല്ലാം എങ്ങനെ, എന്നൊക്കെയുള്ള ഒരു തരം അവസ്ഥയാണെനിയ്ക്ക്‌ ചില സമയങ്ങളില്‍ അനുഭവപ്പെട്ടത്‌. നമ്മെ നിയന്ത്രിയ്ക്കുന്ന മേറ്റ്ന്തോ ഉണ്ടെന്ന അറിവും അനുഭവവും, അത്‌ ദൈവമാവാം, പ്രകൃതിയാവാം.. അതെന്താണോ അതിലേയ്ക്കുള്ള പ്രയാണം, അതിലേയ്ക്ക്‌ അവനവനെ മറന്നു കൊണ്ടുള്ള ഒരുതരം "ലയനം" അതവനവന്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്‌, അത്‌ കണ്ടെത്തുമ്പോള്‍ സ്നേഹവും, ആര്‍ദ്രതയും, ശക്തിയും, ധൈര്യവും, സഹനവും എല്ലാം തനിയെ വന്നു ചേരുന്നു. അവനവന്‍ സ്വയം സഞ്ചരിയ്ക്കേണ്ടതും അനുഭവിച്ചറിയേണ്ടതും. അവിടെ ഉറ്റവരില്ല, പ്രിയപ്പെട്ടവരില്ല, അവനവന്‍ പോലുമില്ല! അതിന്‌ നിര്‍വചങ്ങളുമില്ല.. ഒളി മങ്ങാത്ത, ശാശ്വതമായ ആനന്ദമാണവിടെയുള്ളതെന്നുമവര്‍ പറയുന്നു. അതിന്റെ ഫലങ്ങള്‍, അദ്ഭുതത്തോടെയാണ്‌ ഞാന്‍ വായിച്ചറിഞ്ഞത്‌. വളരെ ലളിതമായ ഒരു പാതയിലൂടെ തന്നെ അതിലേയ്ക്കെത്തിയ്ക്കുവാന്‍ ആ എഴുത്തിനു കഴിയുന്നുണ്ട്‌.
രോഗബാധിതയാവുന്നതിനു മുന്‍പു തന്നെ ധ്യാനത്തിനായി ഒരുക്കപ്പെട്ട ഒരു ഭാവം അവരിലുണ്ടായിരുന്നുവെന്ന് വായിച്ചു പോകുമ്പോള്‍ മനസ്സിലാക്കാം. അങ്ങേയറ്റത്തെ ഏകാഗ്രത കൈവരിയ്ക്കാന്‍ തക്കവണ്ണമുള്ള ഒരു ഘടനയാണ്‌ ആ മനസ്സിനുള്ളതെന്ന് തോന്നി, ശ്രുതി ശുദ്ധമായ ശബ്ദം ഒരു ഗായകനില്‍ നിന്നും തനിയെ ഉയരുന്ന പോലെ. അപ്പോളത്‌ ജന്മസിദ്ധമായ ഒരു കല തന്നെയോ? അതോ ധ്യാനം തന്നെയോ കല?
"ഞാന്‍" എന്ന ഭാവത്തിനെ മറന്ന് കൊണ്ട്‌, മനസ്സിനെ ഏകാഗ്രമാക്കി അതിന്റെ ഉള്ളിനെ തൊട്ടറിയുക എന്ന പ്രക്രിയയെ ധ്യാനം എന്നോ meditation എന്നോ വിളിയ്ക്കാം. സ്വന്തം ശരീരത്തിലും മനസ്സിലും നടക്കുന്ന സൂക്ഷ്മാനുഭവങ്ങളെ മൂന്നാമതൊരാളെ പോലെ കണ്ടുമനസ്സിലാക്കുക എന്നത്‌ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒന്നല്ലല്ലോ. ഈയൊരു പ്രക്രിയ, ശാരീരികവും മാനസികവുമായുണ്ടാക്കുന്ന ഫലങ്ങള്‍, അതിന്റെ അനുഭവതലങ്ങള്‍, മാനസിക പരിവര്‍ത്തനങ്ങള്‍ എല്ലാം വളരെ സൂക്ഷ്മമായി, വലിയൊരു "ആശയമായി" തന്നെ ഇതില്‍ വിവരിച്ചിട്ടുണ്ട്‌. ധ്യാനം എന്നാല്‍ അവരുടെ ഭാഷയില്‍ വളരെ വ്യക്തമാണ്‌. സൂര്യനെ നോക്കിയിരുന്ന് ധ്യാനത്തിലേയ്ക്ക്‌ വഴുതി വീണതും, കൈ എത്താവുന്ന ദൂരത്തില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പച്ചില പമ്പിന്റെ സൗ ന്ദര്യം ആസ്വദിച്ച്‌ അതില്‍ മനസ്സലിഞ്ഞു പോയതും വിവരിയ്ക്കുന്നുണ്ട്‌. അവരുടെ മനസ്സ്‌ പലപ്പോഴും പ്രകൃതിയോടാണ്‌ അലിഞ്ഞു ചേരുന്നത്‌. ഇഷ്ടജനത്തേക്കാളും സന്തോഷം തരാന്‍ പ്രകൃതിയ്ക്കാവുന്നുണ്ടെന്നവര്‍ അറിഞ്ഞ നിമിഷങ്ങളെ പറ്റിയും പറയുന്നു.
അതുപോലെ അര്‍ബുദം എന്ന മാരകരോഗത്തിനെ അവര്‍ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ഒരവസ്ഥയെ കുറിച്ചുള്ള വിവരണം ഉണ്ടതില്‍, അതുപോലെ ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക്‌ നടന്നു പോയത്‌ "ഒരു ധീര യോദ്ധാവിനെ" പോലെ എന്നും അതിലവര്‍ പറയുന്നു. അങ്ങനെ അവര്‍ പിന്നിടുന്ന ഓരോ "പരീക്ഷണ" ഘട്ടങ്ങളേയും അതിന്റെ പരമാവധി ലോലതയിലൂടേയും മനോഹരമായുമാണവര്‍ എഴുതിയിരിയ്ക്കുന്നത്‌! കാന്‍സറിനെ ഒരു പാഠപുസ്തകം പോലെ അവര്‍ തുറന്നു വെച്ചിരിയ്ക്കുന്നു. അതിലെ ഓരോ ഏടും ഒരു പൂവിതളിന്റെ നൈര്‍മ്മല്യത്തോടെ ചിത്രീകരിച്ചിരിയ്ക്കുന്നു. രോഗം സമ്മാനിയ്ക്കുന്ന അതി കഠിനങ്ങളായ വേദനയും, പരീക്ഷണങ്ങളും, ആ മനോഹരമായ എഴുത്തിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്നു, മരണത്തെ കുറിച്ചുള്ള ചിന്തയുടെ ഒരു നിഴല്‍ പോലും വീഴാതെ.. ധ്യാനത്തിന്റെ ഗുണഗണങ്ങള്‍ അവരും സ്വയമതിലൂടെ അനുഭവിച്ചറിയുന്നു!
ജീവിത പരീക്ഷണങ്ങളെ കുറിച്ച്‌ അവരുടെ വാക്കുകള്‍ ഇങ്ങനെ -
"ദുഃഖം അറിവിന്റെ നിറപേടകങ്ങളാണെന്ന സത്യം ഞാന്‍ തൊട്ടറിഞ്ഞു. ഓരോ വീഴ്ചയും പരാജയമല്ല, വിജയമാണ്‌ ഉദ്ഘോഷിയ്ക്കുന്നത്‌. ഓരോ വീഴ്ചയിലും അറിവിന്റെ വെണ്മുത്തുകള്‍ വാരി ഞാന്‍ ഉയിര്‍ത്തെഴിന്നേല്‍ക്കുന്നു. വീഴചയില്‍ പതറിയാല്‍ അതിനു സാധിയ്ക്കുകയില്ല. വീണി കിടക്കുമ്പോള്‍ നാം സ്വാസ്ഥ്യം കൈവരിയ്ക്കണം. അത്‌ നേടിയാല്‍ അറിവിന്റെ അക്ഷയനിധി മുന്‍പില്‍ തുറക്കുകയായി. അത്‌ അനുധാവനതയോടെ നുകര്‍ന്നു നാം ജീവിതം അറിയണം; ചൈതന്യം അറിയണം. വലിയ ചങ്ങാടത്തിലേറി ശാന്തിവീചിയിലൂടെ പ്രയാണം ചെയ്യുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്‌ തട്ടിയും തടഞ്ഞും കുത്തൊഴുക്കിലൂടെ സഞ്ചരിയ്ക്കാനാവുക. അത്‌ സാഹസികമാണ്‌, ഉത്സാഹമാണ്‌, അനുഭവങ്ങളുടെ വൈവിദ്ധ്യഖനികളാണ്‌."
ഒരു നിസ്സംഗതയുടെ കവചം അണിഞ്ഞ്‌, തന്റെ ശരീരത്തില്‍ നടക്കുന്നതും, മനസ്സില്‍ നടക്കുന്നതും, മറ്റുള്ളവരുടെ ഉള്ളില്‍ നടക്കുന്നതും എല്ലാം നോക്കി കാണാനാവുന്ന അവസ്ഥ. അവയോട്‌ ദേഷ്യമോ, ഇഷ്ടമോ, വെറുപ്പോ, ഒന്നും ഇടകലര്‍ത്താതെ തന്നെ... അതുപോലെ വേദന കൊണ്ട്‌ പുളയുമ്പോഴും ആത്മീയതയിലൂടെ അതിന്റെ ശക്തിയിലൂടെ മനസ്സിനെ ശാന്തമാക്കാന്‍ കഴിയുന്ന ഒരവസ്ഥ. ആ ആത്മീയതയാണെന്നെ ആകര്‍ഷിച്ചത്‌. അത്‌ വിശാലമായ ഒരു ശാന്തി തീരം പോലെ തോന്നും. ചെടികള്‍ക്കൊപ്പം ധ്യാനത്തിലലിഞ്ഞു ചേരുന്ന അവസ്ഥകള്‍.. പ്രകൃതിയോടലിഞ്ഞു ചേരുന്ന, കണ്ണനും യേശുവും, സൂര്യനും ചന്ദ്രനും, അതുപോലെ മുരുകേശനും ഗണേശനും പാര്‍വതിയും (അതവരുടെ വീട്ടിലെ തെങ്ങുകള്‍ക്കിട്ടിരിയ്ക്കുന്ന പേരുകളാണ്‌) പിച്ചിപ്പൂക്കളും, അവരുടെ ടെറസ്സിലെ ഗ്രീന്‍ ഹൗ സ്സും, അടുത്തുള്ള പള്ളിപ്പറമ്പും എല്ലാം ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന ഒരാത്മീയ പ്രപഞ്ചം. ആ പ്രപഞ്ചം തന്നെയായിരുന്നു അവരുടെ ശക്തിയുടേയും, കരുത്തിന്റേയും സ്രോതസ്സ്‌.
"മനുഷ്യന്റെ മനോഭാവങ്ങളാണ്‌ സുഖദുഃഖങ്ങള്‍ക്ക്‌ കാരണം. അവ തുളുമ്പാതെ ഹൃദയത്തിലേറ്റിയാല്‍ സാവധാനം നിസ്സംഗത കൈവരിയ്ക്കാം. പിന്നീട്‌ കയ്പും മധുരവും സമചിത്തതയോടെ, അനുധാവനതയോടെ നുകരാനാകും. പതുക്കെ മനസ്സ്‌ ശാന്തിതീരത്തണയും".
അവരുടെ വാക്കുകള്‍, കേട്ടു പഴകിയ തത്വങ്ങളെയെല്ലാം അനുഭവത്തിന്റെ ചൂടോടെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. അതിന്റെ ആവേശം എന്നിലുണരുന്നുണ്ടായിരുന്നു. ഇതുവരെ പ്രയാണം ചെയ്തിട്ടില്ലാത്ത പാതകളിലേയ്ക്കായിരുന്നു, അതിലെ ഓരോ വാക്കുകളും തുറന്നു തന്നത്‌.. ചില സമയത്ത്‌ എന്റെ ശ്വാസോച്ഛ്വാസം ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു, എനിയ്ക്കെത്തിപ്പിടിയ്ക്കാനാവാത്ത ഏതൊക്കെയോ അനുഭവതലങ്ങള്‍ അതിലൂടെ വായിച്ചറിഞ്ഞു.

വായനയ്ക്കു ശേഷം പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ജീവിതത്തിന്റെ പരിക്ഷണ ഘട്ടങ്ങളില്‍, വിശ്വാസാവിശ്വാങ്ങളുടെ ഇടയില്‍ പെട്ടുഴലുന്നതാവുമോ മനുഷ്യന്റെ ഏറ്റവും ദയനീയമായ ഭാവങ്ങള്‍? ഇഷ്ടജനങ്ങളുടെ സ്നേഹവും സാമീപ്യവും പ്രദാനം ചെയ്യുന്ന ആനന്ദം ശാശ്വതമായതല്ലെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ എന്റെ മനസ്സ്‌ അസ്വസ്ഥമായി. അതേ സമയം ഉറ്റവരും പ്രിയപ്പെട്ടവരും നിസ്സഹായരായി, ദുഃഖത്തോടെ, വിശ്വാസാവിശ്വാസങ്ങളെ മാറ്റി വെച്ച്‌ എന്തും ചെയ്യാന്‍ തയ്യാറായി പകച്ചു നില്‍ക്കുന്ന അവസ്ഥയെ കുറിച്ചും ഞാന്‍ ചിന്താധീനയായി. മനുഷ്യനൊരുപക്ഷെ ഏകാന്തതയെ ഇഷ്ടപ്പെടുന്നതപ്പൊഴായിരിയ്ക്കാം, ആത്യന്തികമായി എല്ലാവരും ഒറ്റയ്ക്കാണെന്നറിയുമ്പോള്‍, അപ്പോളവന്‍ സ്വന്തം ശക്തിയും, ധൈര്യവും തിരിച്ചറിയുമായിരിയ്ക്കാം. ഓരോ മനുഷ്യനും അനന്തമായ അജ്ഞാതമായ ശക്തി വിശേഷമാണെന്നവര്‍ പറയുന്നുണ്ട്‌. എനിയ്ക്കു ഭയം തോന്നി.
അര്‍ബുദരോഗികള്‍ക്കോ അല്ലെങ്കില്‍ സമാനമായ മറ്റു നിസ്സഹായതകളില്‍ പെട്ടുഴലുന്നവര്‍ക്കോ മാത്രമല്ല, മനുഷ്യര്‍ക്കൊക്കെ അവശ്യം വേണ്ടുന്ന "ഒരാശയത്തിന്റെ", ആഴത്തിലും പരപ്പിലും മനോഹരമായ ഭാഷയിലൂടെ ഒരു അദ്ഭുത പ്രപഞ്ചം തന്നെ അതിലൂടെ അനുഭവിയ്ക്കാം..
പക്ഷെ,
അവരറിഞ്ഞ ആ ശാന്തി തീരം, അല്ലെങ്കില്‍ മനസ്സിന്റെ ആ സ്നിഗ്ദ്ധത, ഒരു രോഗിയ്ക്ക്‌ കേവലം വായന കൊണ്ടു മാത്രം കൈവരിയ്ക്കാനാവുന്നതാണോ എന്നൊരു സംശയം മാത്രം ബാക്കി എന്നില്‍ നില്‍ക്കുന്നുണ്ട്‌. അതിലെ അനുഭവതലങ്ങള്‍ ആഴമേറിയതാണ്‌. മനസ്സിന്റെ താളം തെറ്റി നില്‍ക്കുമ്പോള്‍ ഒരാശ്വാസത്തുമ്പിനു വേണ്ടി വായിയ്ക്കേണ്ടുന്ന ഒരു പുസ്തകമല്ല അതെന്നത്‌ സത്യമാണ്‌!. അര്‍ബുദമെന്ന രോഗത്തെ അതിജീവിയ്ക്കുന്ന പശ്ചാതലം അതിനുണ്ടെങ്കിലും ഒരു 'കൗണ്‍സ്സിലിങ്ങിന്റെ' ഭാഷയിലല്ല അതെഴുതപ്പെട്ടിട്ടുള്ളത്‌, മറിച്ച്‌, ഉള്ളിന്റെ ചൈതന്യത്തെ തൊട്ടറിഞ്ഞ്‌ ജീവിത പരീക്ഷണഘട്ടങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട്‌ ആടിയും ഉലഞ്ഞും, ധ്യാനത്തിലൂടെ അപൂര്‍വമായ തലങ്ങളിലൂടെ മുന്നേറുന്ന, ആ വ്യക്തിയ്ക്കു മാത്രം സ്വന്തമായ ഒരനുഭവസമ്പത്ത്‌.
"നമ്മുടെ കഴിവു കൊണ്ടല്ല നാം ഒന്നും ചെയ്യുന്നത്‌, എല്ലാം ഈശ്വരന്റെ വരദാനം. നമുക്കതീതമായ ഒരു ശക്തിവിശേഷം ഇവിടെയുണ്ട്‌. അജ്ഞതയുടെ താഴ്‌വരയില്‍ കഴിയുന്ന നാം വിചാരിയ്ക്കുന്നു, നമ്മുടെ സാമര്‍ഥ്യം കൊണ്ടാണ്‌ എല്ലാം നേടുന്നതെന്ന്. നാം ഉപകരണം. ജീവിതത്തിന്റെ സൂക്ഷ്മതലത്തിലേയ്ക്ക്‌ കണ്ണോടിച്ചാല്‍ അത്‌ അറിയാനാകും. അപ്പോള്‍ പതനത്തില്‍ നാം കരയുകയില്ല, വിജയത്തില്‍ അഹങ്കരിയ്ക്കയുമില്ല. എല്ലാ പ്രവൃത്തിയിലും ഈശ്വര സാന്നിദ്ധ്യം അറിയുമ്പോള്‍ ജീവിതം ധന്യമായി. കര്‍മ്മം പരിശുദ്ധമായി. അതാണ്‌ തപസ്സ്‌. എപ്പോഴും ആര്‍ക്കും ചെയ്യാവുന്ന തപസ്സ്‌."
ഇതും ഹൃദയത്തോട്‌ ചേര്‍ത്തു വെയ്ക്കാവുന്ന അതിലെ വരികളില്‍ മറ്റൊന്ന്. അനുഭവത്തിന്റെ ചൂടേന്തി നില്‍ക്കുന്ന വരികള്‍.

Tuesday, August 28, 2007

ഒരോണക്കുറിപ്പ്.

"കുട്ടികള്‍ക്ക്‌ ഓണം എന്നാല്‍ എന്തെന്നും, പൂക്കളമെന്തെന്നും എല്ലാം പറഞ്ഞു കൊടുക്കണം. അതൊക്കെ അറിഞ്ഞ്‌ വളരണം" - അമ്മ.

ശരിയാണ്‌, ഞങ്ങള്‍ക്കും അതു തോന്നാറുണ്ട്‌. ഓണമായാലും, വിഷുവായാലും, ഇനി വിജയദശമി ആയാലും, തിരുവാതിര ആയാലും എല്ലാം, പോരാതെ ക്രിസ്തുമസ്‌ ആയാലും റംസാന്‍ ആയാലും ഒരെണ്ണത്തിനെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ ശ്രമിയ്ക്കാറുണ്ട്‌.

അങ്ങനെ ഇത്തവണത്തെ ഓണവും എത്തി."അമ്മേ.. നമുക്കും പൂവിടണ്ടേ?..." ടി.വി യിലേയ്ക്കു നോക്കി അമ്മൂന്റെ ചോദ്യം.
"പിന്നെന്താ, പൂവ്‌ ഇന്നു തന്നെ പോയി വാങ്ങാലോ നമുക്ക്‌." എന്ന് ഞാനും സന്തോഷത്തോടെ പറഞ്ഞു. എന്തൊക്കെയായാലും അവള്‍ക്ക്‌ തോന്നീലോ, പൂവിടണം എന്നെങ്കിലും, ആഹ്ലാദം തോന്നി.

"പിന്നമ്മേ.. നാളെ ഹോളിഡേ ഹോം വര്‍ക്ക്‌ ചെയ്ണില്ല ട്ടൊ, ഓണല്ലേ, അതോണ്ടാ..." അതും കൂടി കേട്ടപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. ഓണം അവളുടെ മനസ്സിലേയ്ക്ക്‌ കുടിയേറിയിട്ടുണ്ടല്ലോ..

അങ്ങനെ, പൂവ്‌ വാങ്ങുക എന്ന ഭഗീരഥ പ്രയത്നം അടുത്തത്‌ - രാത്രി പതിനൊന്ന് മണി വരെ, ലുലു, അല്‍ഫല, എമിരേയ്റ്റസ്‌ ജനറല്‍ മാര്‍ക്കറ്റ്‌, എന്നുവേണ്ട എല്ലായിടത്തും ഞങ്ങളെത്തിയപ്പോഴേയ്ക്കും പൂവൊക്കെ "ഭാഗ്യം" കടാക്ഷിച്ചവര്‍ കൊണ്ടു പോയി കഴിഞ്ഞിരുന്നു... അച്ഛനും അനീത്തിക്കുട്ടിയും ഒരു ദിക്കിലേയ്ക്ക്‌, അമ്മുവും ഞാനും കൂടി മറ്റൊരു ദിക്കിലേയ്ക്ക്‌.. അങ്ങനെ സംഘം സംഘമായാണ്‌ "പൂവിറുക്കല്‍" ചടങ്ങിനു പോയത്‌. പക്ഷെ രണ്ടു കൂട്ടര്‍ക്കും നിരാശ തന്നെയായിരുന്നു ഫലം. ജോലി കഴിഞ്ഞ്‌ വന്ന് ഒരു ചായ ഒക്കെ കുടിച്ച്‌ പൂ പെറുക്കാന്‍ പോയപ്പോഴേയ്ക്കും, പൂവൊക്കെ കഴിഞ്ഞു, ഇനിയെന്തു ചെയ്യും?അമ്മൂനൊരിത്തിരി സങ്കടം..

"അമ്മേ, എന്നാല്‍ ഒരു കാര്യം ചെയ്യാം, നമുക്കു നമ്മുടെ ചെടിച്ചട്ടിയിലെ പൂവു കൊണ്ട്‌ പൂക്കളം ഉണ്ടാക്കാം, പിന്നെ പുറത്തുള്ള മരത്തിന്റെ എലകളും പറിയ്ക്കാലോ.." അവളൊരു വഴി കണ്ടു പിടിച്ചു.

പൊരിവെയിലത്ത്‌ വാടിയ മുഖവുമായി മുറ്റത്ത്‌ ആകെ ബാക്കിയുള്ള ഒരു കടലാസു പൂവിന്റെ ചെടിയുടെ കാര്യമാണ്‌ അവളീ പറയുന്നത്‌. ഓണത്തിന്റെ പൂക്കാലം മാത്രം മനസ്സിലുള്ള എനിയ്ക്കതൊട്ടും കണ്ണില്‍ പിടിച്ചില്ല, എങ്കിലും അവളുടെ ഉത്സാഹം കളയേണ്ടെന്നു കരുതി ഒന്നും പറയാന്‍ പോയില്ല..
എന്നാലും ഒരു സമാധാനം കിട്ടിയത്‌, ഊണ്‌ കഴിയ്ക്കാന്‍ ഇല കിട്ടിയെന്നതിലായിരുന്നു, കുട്ടികള്‍ക്ക്‌ ഇലയില്‍ ഊണു കഴിയ്ക്കാനുള്ള ഒരവസരം, മുടങ്ങിയില്ലല്ലോ..അങ്ങനെ, ഒരിത്തിരി നിരാശയോടെ തന്നെ ഞങ്ങള്‍ മടങ്ങി.

രാവിലെ നേര്‍ത്തെ എണീയ്ക്കണം എന്നൊക്കെ പറഞ്ഞു തന്നെയാണ്‌ അമ്മുവും അനീത്തിക്കുട്ടിയും കിടന്നത്‌, പക്ഷെ തലേ ദിവസത്തെ ചൂടിലുള്ള അലച്ചില്‍ കാരണമാവാം, രാവിലെ ആയിട്ടും രണ്ടു പേരും നല്ല ഉറക്കം.. എനിയ്ക്കാണെങ്കില്‍ വിളിയ്ക്കാന്‍ മനസ്സു വന്നില്ല, കാരണം വിളിച്ചുണര്‍ത്തിയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ.. എന്നാലും.. വിളിയ്ക്കാതെ എങ്ങനെ, ഓണമായിട്ട്‌ രാവിലെ ഇങ്ങനെ കിടന്നുറങ്ങിയാല്‍ എങ്ങനെ.. ഓണത്തിന്റെ സന്തോഷം അവരറിയുന്നതെങ്ങനെ..
"ഛേ, വെക്കേഷന്‌ നാട്ടില്‍ പോയാല്‍ മതിയായിരുന്നു. കുട്ടികള്‍ക്ക്‌ നല്ലൊരവസരമായിരുന്നു..." ആകെ ഒരസ്വസ്ഥത ആയി പിന്നെ.. ഒരു സന്തോഷവും ഉത്സാഹവും ഒന്നും വരുന്നില്ല...ആരുമൊട്ടു വിളിയ്ക്കുന്നുമില്ല, വിളിയ്ക്കാനും വയ്യ, എല്ലാവരും ഓഫീസ്സിലാവും, രാത്രിയാവാതെ വിളിച്ചിട്ടു കാര്യമില്ല.. എന്നാല്‍ മൊബെയിലില്‍ എസ്സമ്മസ്സുകളുടെ ഒരു പ്രവാഹം, ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്‌, എല്ലാവരും അവരവരുടെ ഡ്യൂട്ടി ഭംഗിയായി കഴിച്ചു. ഇനി ഇതിനൊക്കെ മറുപടി കുത്തിക്കുത്തി ഉണ്ടാക്കേണ്ടത്‌ ബാക്കിയുള്ളവരുടെ തലയിലും.. സന്ദേശങ്ങളുടെ ആ പ്രവാഹം കണ്ടപ്പോള്‍ അങ്ങനെയാണ്‌ ആ മൂഡില്‍ തോന്നിയത്‌.
വേണ്ട, പതുക്കെ എല്ലാവരേയും വിളിയ്ക്കാം, എസ്സമ്മസ്സിലൂടെ ഓണാശംസ പറയുമ്പോള്‍ അതില്‍ "മനസ്സും" കൂടിയൊപ്പം വെയ്ക്കാന്‍ പറ്റില്ലെന്നു തോന്നി, വെറുതെ വാക്കുകള്‍ മാത്രമായിട്ടെന്തിന്‌.. ഓണായിട്ട്‌ ചിരിച്ച ശബ്ദത്തിലൂടെ, സ്നേഹത്തോടെ എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ്‌, ഒരാശംസ പറയുന്നതിലും കേള്‍ക്കുന്നതിലും ഉള്ള സുഖം ഈ "സ്പീഡ്‌ മെസ്സേജസ്സ്‌" തരുന്നുണ്ടോ? എന്തായാലും അതും വേണ്ടെന്നു വെച്ചു.

ശരി, എന്നാലിനി അടുക്കളയിലേയ്ക്കു തന്നെ കയറാം എന്നു തീരുമാനിച്ചു. വൈകീട്ട്‌ ചങ്ങാതിയും ഭാര്യയും കുട്ടികളും ഓണം കൂടാന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്‌, അവര്‍ക്കോണം കാര്യമായി ഇല്ലത്രേ, രണ്ടു പേര്‍ക്കും ജോീയ്ക്കു പോണം...പിന്നെ അടുക്കളയില്‍ തിരക്കിലായി, അസ്വസ്ഥത അപ്പോഴും ഉള്ളില്‍ കൊളുത്തി വലിച്ചിരുന്നു.
ഏതായാലും കുറച്ചു നേരത്തെ ഉറക്കച്ചടവിനു ശേഷം അമ്മുവും അനീത്തിക്കുട്ടിയും ടി.വി വെയ്കാന്‍ തീരുമാനിച്ചു. ദിലീപിന്റെ സി.ഐ.ഡി വേഷം അവര്‍ക്കു വല്ലാത്ത ഇഷ്ടമായി, ചിരിയൊടു ചിരി.. തമാശയൊക്കെ മനസ്സിലാക്കി തന്നെയാണോ, എന്തോ.. അറിയില്ല, എന്തായാലും കുട്ടികള്‍ ഒന്നു ചിരിച്ചു കണ്ടപ്പോള്‍ മനസ്സിലും ഒരു കുളിര്‍മ വീശി. ഒന്നും ചെയ്യാനില്ലാതെ, വെറുതെ ഇരിയ്ക്കലല്ലോ.. അതിലെ ദിലീപിന്റെ കൂടെയുള്ള അര്‍ജ്ജുന്‍ എന്ന ഒരു ഗംഭീരന്‍ നായയെ അവര്‍ക്ക്‌ വലിയ ഇഷ്ടമായി. അമ്മു ഇടയ്ക്കിടെ അടുക്കളയിലേയ്ക്ക്‌ വന്ന്, എനിയ്ക്ക്‌ മിസ്സ്‌ ആകുന്ന തമാശകളൊക്കെ ഡെമോണ്‍സ്റ്റ്രേറ്റ്‌ ചെയ്തു തന്നു കൊണ്ടിരുന്നു. അവള്‍ ഈ ആറാം വയസ്സില്‍ തന്നെ ദിലീപിന്റെ വലിയൊരു ആരാധികയായി മാറിയോ എന്നൊരു സംശയം തോന്നി എനിയ്ക്ക്‌.

ഒരു കൊച്ചു ഓണ സദ്യ റെഡിയാക്കി, എണ്ണത്തിന്‌ എല്ലാം, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പുളിയിഞ്ചി, വറുത്ത ഉപ്പേരി, ശര്‍ക്കര ഉപ്പേരി, ഉപ്പിലിട്ടത്‌, പപ്പടം, ഇഞ്ചിത്തൈര്‌, സാംബാറ്‌ ഇത്രയും , പിന്നെ പാലടയും. അധികം വിസ്തരിച്ചില്ല. ഇനി അച്ഛന്‍ എത്തുകയേ വേണ്ടൂ.. കുളിച്ച്‌, പുതിയ ഉടുപ്പൊക്കെ ഇട്ട്‌, സുന്ദരികള്‍ രണ്ടു പേരും കാത്തിരുപ്പായി, അച്ഛനാണെങ്കില്‍ അന്ന് ഇല്ലാത്ത തിരക്കാണത്രേ - ഓഫീസ്സില്‍ - അതു പിന്നെ പറയണ്ടല്ലോ, എന്നെങ്കിലും നേര്‍ത്തെ വരണമെന്ന് മനസ്സില്‍ ഒരാശയെങ്കിലും തോന്നിയാല്‍, പിന്നെ അന്ന് ഇതുവരെ ഇല്ലാത്ത തിരക്കാവും.. അവസാനം കാത്തിരുന്ന്, ദിലീപിന്റെ തമാശ കണ്ട്‌ ചിരിച്ച്‌ ക്ഷീണിച്ച്‌ കുട്ടികള്‍ രണ്ടു പേരും ഉറങ്ങിപ്പോയി.. അസ്വസ്ഥതയ്ക്കൊരല്‍പം കുളിര്‍മ കിട്ടിയ എന്റെ മനസ്സ്‌ വീണ്ടും അസ്വസ്ഥമാകാന്‍ തുടങ്ങി.

ഏതായാലും, ഒടുവില്‍ അച്ഛന്‍ എത്തി, ഒരു സന്തോഷ വാര്‍ത്തയും കൊണ്ട്‌, "ഹാഫ്‌ ഡേ ലീവ്‌ എടുത്തേയ്‌..." എന്ന് ഞങ്ങളോട്‌ പറയാനുള്ള ധൃതിയോടെ...
എന്നാല്‍ വീട്ടിലെത്തിയപ്പോള്‍, ആകെ ഒരു തണുപ്പന്‍ പ്രതികരണം.. കുട്ടികള്‍ രണ്ടു പേരും ഉറങ്ങുന്നു... ടി.വി ആര്‍ക്കോ വേണ്ടി ഓടുന്നു.. ഹാളില്‍ നിറയെ, പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍.. നിറയെ കവറുകള്‍.. പോരാത്തതിന്‌ ഈയുള്ളവളുടെ ഉരുണ്ടു കെട്ടിയ മുഖവും...
പിന്നീട്‌ അച്ഛന്റെ ഉത്സാഹത്തോടെ കുട്ടികളെ വിളിച്ചുണര്‍ത്തി, ഹാളെല്ലാം വൃത്തിയാക്കി, ഇലയൊക്കെ തുടച്ച്‌, വിഭവങ്ങളെല്ലാം വിളമ്പി, ഞങ്ങളെല്ലാവരും കൂടി ഊണു കഴിച്ചു, ഹാഫ്‌ ഡേ ലീവിന്റെ സന്തോഷത്തില്‍...
ഇതായിരുന്നു ഞങ്ങളുടെ "ഉച്ചയോണം".

പിന്നെ വൈകീട്ട്‌, ചങ്ങാതിയും കുടുമ്പവും വന്നപ്പോള്‍, കുറച്ചു കൂടി ഉഷാറായി, കുട്ടികള്‍ എല്ലാം മറന്നു കളിച്ചു. രാത്രി നാട്ടില്‍ നിന്നും എല്ലാവരും വിളിച്ചു. മുത്തശ്ശിമാരോട്‌ സംസാരിച്ചു, അവര്‍ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നു, നാട്ടിലെ ബഹളം ഫോണിലൂടെ കേട്ടാസ്വദിച്ചു, ഇവിടെത്തെ കൂടുകാരേയും, ബന്ധുക്കളേയും വിളിച്ചു, എല്ലാവരുടേയും ശബ്ദത്തിലെ ചിരിയും സ്നേഹവും പ്രത്യേകം തൊട്ടറിഞ്ഞു. രാത്രി കുറേ നേരം മതി വരുവോളം, കുട്ടികള്‍ ഭക്ഷണം പോലും നേരാവണ്ണം കഴിയ്ക്കാതെ കളിയില്‍ മുഴുകുന്നതു കണ്ടപ്പോളാണ്‌ സത്യത്തില്‍ ഞങ്ങളുടെ മനസ്സു നിറഞ്ഞത്‌. അതായിരുന്നു അവരുടെ ഓണം.

ഞങ്ങള്‍ അച്ഛനമ്മമാര്‍, ഹാളിലിരുന്ന് പരസ്പരം കുട്ടിക്കാലങ്ങളും, നാട്ടിലെ കാര്യങ്ങളും എല്ലാം പങ്കു വെച്ച്‌, തമാശ പറഞ്ഞ്‌, ഒരു കൊച്ചോണസദ്യ കഴിച്ച്‌, ഇവിടത്തെ പരിമിതികളെ കുറിച്ച്‌ ഓര്‍ക്കുക പോലും ചെയ്യാതെ, നല്ല കുറച്ചു സമയം ആസ്വദിച്ചു, അത്‌ ഞങ്ങളുടെ ഓണവും ആയി മാറി.

അതിനിടയില്‍ എപ്പോഴോ അമ്മു പെട്ടെന്ന് വന്നൊരു ചോദ്യം -

"അമ്മേ, പൂവിടാന്‍ എങ്ങനെയാ ചാണകം കയ്യോണ്ട്‌ തേയ്ക്കുക? അത്‌ പശൂന്റെ അപ്പിയല്ലേ..???"

"ഈശ്വരാ ഈ കുട്ടി ഇനിയും പൂവിടുന്നതിന്റെ കാര്യം മറന്നില്ലേ..." എന്നാണാദ്യം മനസ്സില്‍ കൂടി പോയത്‌.

പിന്നെ രാത്രി കിടക്കുമ്പോള്‍, മറക്കാതെ പൂക്കളത്തിന്റേയും, ചാണകം മെഴുകലിന്റേയും, കുട്ടിക്കാലങ്ങളുടേയും കഥകള്‍ പറഞ്ഞു കൊടുത്തു. അതുകേട്ടു അവളുറങ്ങി.. രാവിലെയുണ്ടായിരുന്ന അസ്വസ്ഥത നീങ്ങി, എങ്ങനെയോ എപ്പോഴോ, നിറഞ്ഞ്‌ കിട്ടിയ മനസ്സോടെ ഞാനും..

Sunday, July 29, 2007

കര്‍ക്കിടകവും കുട്ടിക്കുപ്പായവും.

കര്‍ക്കിടകം നാട്ടില്‍ തകര്‍ത്തു പെയ്യുമ്പോള്‍, ഇവിടെ ഓരോ വര്‍ഷവും കൂടുക എന്നല്ലാതെ കുറയാന്‍ ഒട്ടും ഭാവമില്ലാതെ വേനല്‍ ചൂട്‌ കത്തി ജ്വലിയ്ക്കുകയാണ്. കര്‍ക്കിടത്തിലെ ചൂട്‌..

ഒരു സുഖമുള്ള കുളിര്‍മ മനസ്സിലേയ്ക്ക്‌ പകര്‍ന്നു തരുന്ന കര്‍ക്കിടത്തെ കുറിച്ച്‌ പണ്ട്‌ ധാരാളമായി കേട്ടിരുന്നതാണ്‌ 'കര്‍ക്കിടക മാസം പഞ്ഞ മാസം' എന്നത്‌. പെരുമഴയില്‍ നനഞ്ഞ്‌ കുളിച്ച്‌ ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്‌, അല്ലെങ്കില്‍ പറഞ്ഞിരുന്നത്‌. അതുമല്ലെങ്കില്‍ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവര്‍ണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുന്‍പേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരിയ്ക്കാം.. ഏതായാലും മഴയുടെ വരവറിയിയ്ക്കുന്ന ഒരിരുണ്ട മുഖമാണ്‌ കര്‍ക്കിടകം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ്‌ പെട്ടെന്ന് കൊടുക്കാറുള്ള ഒരു ചിത്രം.
അങ്ങനെ, ഇപ്പോള്‍ കര്‍ക്കടകത്തിന്റെ മഴയെ പറ്റി കേള്‍ക്കുമ്പോഴും വായിയ്ക്കുമ്പോഴും, മനസ്സിലെവിടെയൊക്കെയൊ കുട്ടിക്കാലങ്ങളിലെ കര്‍ക്കടകത്തിന്റെ നനവ്‌.. ഓര്‍മ്മകളില്‍ കര്‍ക്കിടത്തിന്റെ മറന്നു പോകാത്ത ചിലയേടുകളും..

കര്‍ക്കിടകം എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത്‌ കര്‍ക്കിടക സംക്രാന്തി തന്നെ. ചേട്ടയെ കളഞ്ഞ്‌, ശ്രീയെ അകത്തേയ്ക്കു കൊണ്ടുവരല്‍. വീടിന്റെ ഓരോ മുക്കും മൂലയും അടിച്ചു തുടച്ച്‌, പ്രത്യേകിച്ചും അന്ന്, അടുക്കളയ്ക്ക്‌ തൊട്ടടുത്തു തന്നെ കണ്ടു വരാറുള്ള, ധാരാളം സാധനങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാനുപയോഗിയ്ക്കുന്ന 'കലവറ'യും മുഴുവനായി ഒഴിച്ച്‌ അടിച്ചു തുടയ്ക്കുന്നത്‌ വലിയ പ്രാധാന്യത്തോടെ ചെയ്തിരുന്നത്‌ ഓര്‍ക്കുന്നു. അതുപൊലെ ജനാല ക്കമ്പികളിലും മറ്റുമുള്ള പൊടിയും, (അതു ഞങ്ങള്‍ കുട്ടികള്‍ക്കുള്ള ജോലിയായിരുന്നു.) മുകളില്‍ തൂങ്ങി കിടക്കുന്ന മാറാലയും മറ്റു അഴുക്കും കളഞ്ഞ്‌, അടിമുടി വൃത്തിയാക്കിയെടുത്ത്‌ വീടിന്റെ ഐശ്വര്യം വീണ്ടെടുക്കല്‍ തന്നെയായിരിയ്ക്കണം അതിന്റെ ഉദ്ദേശ്ശവും. സത്യത്തില്‍, ഇപ്പോള്‍ ഗൃഹപരിപാലനം കൂടി തുടങ്ങിയപ്പോള്‍, വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഇത്തരം വിപുലമായ ഒരു അടിച്ചു തുടയ്ക്കല്‍ പരിപാടിയുണ്ടാവുന്നത്‌ വളരെ നല്ല കാര്യമായി തന്നെ തോന്നുന്നു.

അങ്ങനെ ചേട്ടയെ കളഞ്ഞ്‌, ശ്രീ ഭഗവതിയെ കുടിയിരുത്തിയതിനു ശേഷം കുളിച്ച്‌ ദശപുഷ്പങ്ങള്‍ ചൂടുക എന്നൊരു പതിവുണ്ടായിരുന്നു. അതിപ്പോഴും നാട്ടില്‍ ഗ്രാമപ്രദേശങ്ങളിലെങ്കിലും പതിവുണ്ടാവണം. പേരില്‍ പുഷ്പങ്ങള്‍ എന്നുണ്ടെങ്കിലും അതിലുള്ളതധികവും ഇലകള്‍ തന്നെയാണ്‌. പൂവാന്‍ കുറുന്നില, മുയല്‍ച്ചെവി (മോക്ഷമി), കറുക, നിലപ്പന, കയ്യൊന്നി, വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി ഇത്രയുമായാല്‍ ദശപുഷ്പങ്ങളായി. മഴക്കാലത്ത്‌ ഇവ തലയില്‍ ചൂടുന്ന ശീലം ഉണ്ടായത്‌, ഇവയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഔഷധ ഗുണം കണ്ടു കൊണ്ടു തന്നെയാവണം. (തലമുടിയില്‍, പ്രത്യേകിച്ച്‌ അന്നത്തെ സ്ത്രീകളുടെ മുട്ടറ്റം നീണ്ടു കിടക്കുന്ന 'കാര്‍ക്കൂന്തലില്‍', എപ്പോഴും ഈര്‍പ്പം കെട്ടിനില്‍ക്കാന്‍ സാദ്ധ്യത കൂടുതലുള്ള ഒരു സമയം കൂടിയാണല്ലൊ ഈ മഴക്കാലം.) എന്തായാലും വരും കാലങ്ങളിലും ഇതൊക്കെ തുടര്‍ന്ന് ലഭ്യമാക്കുവാന്‍ ധാരാളം പുല്ലും ചെടികളും ഒക്കെ നാട്ടിലെ തൊടികളിലും പാടവരമ്പത്തും ഇടവഴികളിലും ഒക്കെയായി എന്നെന്നേയ്ക്കുമായി അവശേഷിയ്ക്കട്ടെ!

കര്‍ക്കിടക മാസത്തില്‍ ആദ്യത്തെ പന്ത്രണ്ട്‌ ദിവസങ്ങളില്‍ കൃത്യമായി അമ്പലത്തില്‍ പോയി തൊഴുതിരുന്ന ഒരോര്‍മ്മയുണ്ട്‌. മിയ്ക്ക ദിവസങ്ങളിലും മഴയുമുണ്ടാവും കൂട്ടിന്‌.. അന്ന് മഴയോട്‌ ഒരിത്തിരി പരിഭവവും, ദേഷ്യവും ഒക്കെ തോന്നിയിരുന്ന കാലം.. എന്തിനീ വഴിയിലൊക്കെ വെള്ളച്ചാലുകള്‍ ഉണ്ടാക്കുന്നു? - കുപ്പായത്തിന്റെ അടി ഭാഗത്ത്‌ ചെളി വെള്ളം പതിപ്പിയ്ക്കുന്ന അടയാളങ്ങള്‍ തീര്‍ക്കാനോ? പെരാങ്ങോട്‌ അമ്പലത്തില്‍ തൊഴുത്‌ വര്‍ണാഷി അമ്പലത്തിലേയ്ക്ക്‌ (വടുകനാംകുറുശ്ശി അമ്പലം - അവിടെ മുടങ്ങാതെ എണ്ണ വെച്ചിരുന്നു ആ പന്ത്രണ്ടു ദിവസവും.) പാടത്തു കൂടി നടക്കുമ്പോള്‍ വഴുക്കലിനെ പേടിച്ച്‌ നടക്കണ്ടേ? അതുകഴിഞ്ഞ്‌, സ്കൂളിലേയ്ക്ക്‌ മുതുകത്ത്‌ ബാഗും തൂക്കി നടക്കുമ്പോള്‍, കുടയില്‍ നിന്നും വെള്ളം ഇറ്റ്‌ വീണ്‌ ബാഗിലെ വിടവുകളിലൂടെ പുസ്തകങ്ങള്‍ (അതും അടുത്ത വീട്ടില്‍ നിന്നും ഒരു ക്ലാസ്സ്‌ മീതെ പഠിയ്ക്കുന്ന ദീപയുടെ കയ്യില്‍ നിന്നും വാങ്ങിയ പഴയ പുസ്തകങ്ങള്‍) മുഴുവനും നനയില്ലേ? സ്കൂള്‍ വിട്ട്‌ മാധവമ്മാമന്റെയടുത്തെ റ്റ്യൂഷനും കഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ നടകുമ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞ്‌ ഇരുട്ടാവില്ലെ വേഗം? അതൊക്കെ പോട്ടെ, തണുപ്പത്ത്‌ രാവിലെ എണീറ്റ്‌ എങ്ങനെ കുളിയ്ക്കും? അങ്ങനെ മഴയുണ്ടെങ്കിലത്തെ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല...
എന്നാലും, ദിവസവും രാവിലെ അമ്പലത്തില്‍ പോയി തൊഴല്‍ ഒരു കാരണവശാലും മുടക്കിയിരുന്നില്ല.

പിന്നെ, മുടങ്ങാതെ എല്ലാവരും ചെയ്തിരുന്ന മറ്റൊരു കാര്യമായിരുന്നു രാമായണം വായന. ശരിയ്ക്കും ഉച്ചയ്ക്കു വായിയ്ക്കണമത്രേ.. എന്നാലെ ശ്രീരാമന്‍ കേള്‍ക്കൂ, മറ്റേ സമയത്തൊക്കെ രാമന്‍ ഹനൂമാന്റെ അടുത്താവും, അപ്പോള്‍ നമ്മള്‍ വായിയ്ക്കുന്നത്‌ കേള്‍ക്കില്ല. പക്ഷെ എന്തു ചെയ്യാം, ശനീം ഞായറും മാത്രമേ ഉച്ചയ്ക്ക്‌ വായിയ്ക്കാന്‍ പറ്റുകയുള്ളൂ..എന്നാല്‍, സത്യത്തില്‍ രാവിലെ വായിച്ചാലും, ഉച്ചയ്ക്കു വായിച്ചാലും, ശ്രീരാമന്‍ കേള്‍ക്കണമെന്ന ഉദ്ദേശ്ശത്തിനേക്കാള്‍ കൂടുതല്‍ കര്‍ക്കിടകം കഴിയുമ്പോഴേയ്ക്കും രാമായണം മുഴുവനും എങ്ങനെയെങ്കിലും, കുറഞ്ഞത്‌ ഒരാവര്‍ത്തിയെങ്കിലും വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടായിരുന്നു കൂടുതല്‍.. ആദ്യം വായിച്ചുതീര്‍ത്തതിനുള്ള 'ക്രെഡിറ്റ്‌' സ്വന്തമാക്കാനുള്ള വെപ്രാളം വെറെയും.. അതൊരു മാരത്തോണ്‍ വായന തന്നെയായിരുന്നു ശരിയ്ക്കും.

പിന്നത്തെ കര്‍ക്കടകത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു മൈ ലാഞ്ചി ഇടല്‍. കര്‍ക്കിടക മാസത്തിലിട്ടാല്‍ കൂടുതല്‍ ചുവക്കുമത്രേ, പിന്നെ മൂത്ത കയ്യാണെങ്കില്‍ കൂടുതല്‍ ചുവക്കും, ഇളം കയ്യില്‍ ഒരോറഞ്ചു നിറമേ വരൂ.. അങ്ങനേയും ചില പക്ഷപാതപരമായ നീക്കങ്ങള്‍ ഉണ്ടായിരുന്നു അന്നത്തെ മൈലാഞ്ചിയ്ക്ക്‌. മരത്തില്‍ നിന്നും ഇലകള്‍ പൊട്ടിച്ച്‌ അമ്മിയില്‍ നല്ല മിനുസമായി അരച്ചെടുത്തിടുന്ന മൈലാഞ്ചിയ്ക്കും ഔഷധ ഗുണമുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്‌. മഴക്കാലത്ത്‌ ഉണ്ടായേക്കാവുന്ന ത്വക്‌ രോഗങ്ങള്‍ക്കും, ചൊറിയ്ക്കും മറ്റും ഫലപ്രദമാണെന്നതു കൊണ്ടായിരിയ്ക്കാം ഒരുപക്ഷെ, കര്‍ക്കിടക മാസത്തില്‍ മൈലാഞ്ചിയിടല്‍ എന്നൊരു കര്‍മ്മം ഉണ്ടായത്‌. അതുകൊണ്ടു തന്നയാവാം, അന്നൊക്കെ ഡിസൈനില്‍ ഇടലും കുറവായിരുന്നു. കൈ മുഴുവനും ഇട്ട്‌ നിറച്ച്‌ അതു വീണ്ടും മടക്കി, കൈയ്യിന്റെ പുറം ഭാഗത്തു കൂടി ഇട്ട്‌ രാത്രി കിടന്നുറങ്ങലായിരുന്നു പതിവ്‌. (കാലുകളിലും ഇട്ടിരുന്നു.) പിറ്റെ ദിവസമാവുമ്പോഴേയ്ക്കും കൈ മുഴുവനും ചുവന്നിട്ടുണ്ടാകും. കൂടെ കിടന്ന വിരിയിലും, അത്യാവശ്യം മുഖത്തും, ചുകന്ന പാടുകളായി മൈലാഞ്ചിയുടെ വക ഒരു 'ബോണസ്‌' ചുകപ്പിയ്ക്കലും കൂടിയായാല്‍ എല്ലാം പരിപൂര്‍ണ്ണം!. ആരുടെ കയ്യാണ്‌ കൂടുതല്‍ ചുകന്നതെന്ന് നോക്കലാണ്‌ അടുത്ത പരിപാടി. അതെന്തായാലും, ചുകന്ന കൈ മണത്തു മണത്തു രസിയ്ക്കും, പിന്നെ ഓരോ തവണ വെള്ളം തട്ടുമ്പോഴും കൂടുതല്‍ ചുകക്കുന്നുണ്ടെന്ന് തോന്നും, സ്കൂളില്‍ കൂട്ടുകാര്‍ക്കും കയ്യിലെ ചുകപ്പിന്റെ കടുപ്പം കാണിയ്ക്കാനുള്ള ധൃതിയാണ്‌ പിന്നെ..

എല്ലാ വര്‍ഷവും നിശ്ചയമായും ചെയ്തു വന്നിരുന്ന ഇത്തരം കര്‍മ്മപരിപാടികള്‍ക്കു പുറമെ, കര്‍ക്കിടകത്തെ കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മയിലേയ്ക്കോടി വരാറുള്ള മറ്റൊന്നു കൂടിയുണ്ട്‌.. ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ കഥ.

പെരാങ്ങോട്‌ (പെരുമാങ്ങോട്‌) എന്ന് പഴയ കാലത്ത്‌ അറിയപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമം. അവിടത്തെ പ്രധാനപ്പെട്ട ഒരു സൊസൈറ്റി കെട്ടിടത്തിനടുത്ത്‌ താമരയുടെ ആകൃതിയില്‍ കമ്പികളെ വളച്ച്‌ വെച്ചുണ്ടാക്കിയെടുത്ത സാമാന്യം വലുപ്പമുള്ള ഒരു ഗെയ്റ്റും, അതിനുള്ളിലെ നീളത്തിലുള്ള ഒരു വീടും.

മൂന്നു പെണ്‍കുട്ടികള്‍ ഉള്ള ആ വീട്ടിലേയ്ക്ക്‌ നാലാമതായി വേറൊരു പെണ്‍കുട്ടിയും ഒരു ദിവസം വന്നു ചേര്‍ന്നു, അഞ്ചാം ക്ലാസ്സ്‌ മുതലുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനായി.. സന്തോഷത്തോടെ, ഉത്സാഹത്തോടെ തന്റെ വല്ല്യമ്മയുടേയും, ആ മൂന്നു സഹോദരിമാരുടേയുമൊപ്പം താമസിച്ചു പഠിയ്ക്കുവാന്‍.. ആ വീട്ടില്‍, കൊച്ചു ഗ്രാമത്തില്‍, അവിടത്തെ എല്ലാ ആചാരങ്ങളും ചിട്ടകളും പാലിച്ചു കൊണ്ട്‌ അവര്‍ക്കൊപ്പം പാടിയും, ആടിയും, കളിച്ചും, ഇണങ്ങിയും, പിണങ്ങിയും ആ പെണ്‍കുട്ടിയും പഠിച്ചു, കളിച്ചു വളര്‍ന്നു.

പിരിഞ്ഞു നില്‍ക്കുന്ന അച്ഛനമ്മമാരേയോ, കുഞ്ഞനിയന്മാരേയോ ഓര്‍ത്ത്‌ അധിക തോതിലുള്ള വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ആ പെണ്‍കുട്ടി, പക്ഷെ തന്റെ അമ്മയുടെ വരവിനായി സന്തോഷത്തോടെ, പ്രതീക്ഷയോടെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമുണ്ടായിരുന്നു, അതും കര്‍ക്കിടക മാസത്തിലെ ഒരു ദിവസം തന്നെ.. ആ കാത്തിരുപ്പിന്റെ സുഖം ആരോടും പങ്കുവെയ്ക്കാതെ, ഉള്ളില്‍ സൂക്ഷിച്ചു വെയ്കുവാനായിരുന്നു അവളിഷ്ടപ്പെട്ടിരുന്നത്‌.

അന്നാ ദിവസമായിരുന്നു... സ്കൂളില്‍ നിന്നും ഉച്ചയ്ക്ക്‌ ഊണു കഴിയ്ക്കാന്‍ വന്നപ്പോഴേ അമ്മയുടെ ചെരുപ്പും കുടയും പുറത്തിരിയ്ക്കുന്നതു കണ്ടിരുന്നു, അവളോടി അകത്തു കയറി. പ്രതീക്ഷകളൊന്നും തെറ്റിയ്ക്കാതെ, സന്തോഷം ഇരട്ടിയാക്കി കൊണ്ട്‌, അമ്മ ബാഗില്‍ നിന്നും ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഒരു കുപ്പായം പുറത്തെടുക്കുന്നത്‌ അവള്‍ കണ്ടു. മുന്നില്‍ "ഹണീകോമ്പ്‌" എന്നോ മറ്റോ പേരുള്ള ഒരു എംബ്രോയ്ടറി ചെയ്ത്‌, അമ്മ തന്നെ തുന്നിയ ഒരു കുപ്പായം.
അമ്മ അതീടിപ്പിച്ചു നോക്കി. കൈ പൊക്കാന്‍ പറഞ്ഞു, പിന്നോക്കം തിരിയാന്‍ പറഞ്ഞു, അങ്ങനെ എല്ലാം പാകമല്ലേ എന്നുറപ്പു വരുത്തി അമ്മയും വല്ല്യമ്മയും കൂടി."വണ്ണമൊക്കെ പാകമായി...". അമ്മ അവളെ തിരിച്ചു നിര്‍ത്തി അതിന്റെ രണ്ടു ഭാഗത്തുമുള്ള വള്ളികള്‍ പിന്നില്‍ കെട്ടി വെച്ചു. അമ്മയുടെ മുഖത്ത്‌ സംതൃപ്തിയുടെ തിളക്കം.

അവള്‍ക്കത്‌ ഊരി വെയ്ക്കാന്‍ ഒട്ടും മനസ്സു വന്നില്ല. ഓണം, വിഷു, പിന്നെ അവളുടെ പിറന്നാള്‍ - അങ്ങനെ പ്രത്യേക വേളകളില്‍ അമ്മ ഉടുപ്പു തുന്നാറുണ്ട്‌, എന്നാലും പിറന്നാളിന്റെയന്നു തന്നെ അമ്മ വന്ന് ഇടീപ്പിച്ചു കൊടുത്ത ആ കുപ്പായത്തിന്റെ പുതുമണവും, നിറവും എല്ലാം അവള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടു. ദിവസവും അതിടാന്‍ കഴിഞ്ഞിരുന്നെങ്കിലെത്ര നന്നായിരുന്നുവെന്നവള്‍ കൊതിച്ചു.. "ദിവസവും പിറന്നാളായിരുന്നെങ്കിലോ.." അതിലും രസമായിരുന്നേനെ എന്നുമവള്‍ വെറുതെ ഓര്‍ത്തു. എന്നാലും ഭദ്രമായി മടക്കി അലമാറിയില്‍ എടുത്തു വെച്ചു. അമ്മ തിരിച്ചു പോയതിനു ശേഷം അവളതെടുത്തു മണത്തുകൊണ്ടിരുന്നു, ആ ഭാഗത്തു കൂടി പോകുമ്പൊഴൊക്കെ... ഒളിഞ്ഞു നിന്ന്.. ചിലപ്പോള്‍ പുതുമണത്തോടൊപ്പം അതില്‍ നിന്നും അവളുടെ മൂക്ക്‌ അപ്പോളറിയാതെ പിടിച്ചെടുത്തിരുന്നത്‌ അടുത്തു വരുമ്പോഴുണ്ടാകാറുള്ള അമ്മയുടെ ആ പ്രത്യേക വാസനയും കൂടിയായിരുന്നിരിയ്ക്കാം..!!


കഴിഞ്ഞ ആഴ്ചയിലൊരു ദിവസം, പതിവു നടത്തം കഴിഞ്ഞ്‌ അകത്തു കയറിയപ്പോള്‍ ആദ്യം ചെയ്തത്‌ ഫോണിലെ clip - ല്‍ തപ്പി നോക്കലായിരുന്നു. അമ്മ വിളിച്ചിട്ടുണ്ടോ എന്ന്..
അമ്മയുടെ നമ്പര്‍ വന്നു കിടക്കുന്നു. അപ്പോഴേയ്ക്കും, കണ്ണും തിരുമ്മി വരുന്നു അമ്മൂന്റച്ഛന്‍- '" അമ്മ ദാ വിളിച്ചു വെച്ചതേയുള്ളു.'" എന്നും പറഞ്ഞു കൊണ്ട്‌...

പരീക്ഷയ്ക്ക്‌ ചോദ്യക്കടലാസ്‌ കയ്യില്‍ കിട്ടും പോലെ ഫോണ്‍ ബില്ലിന്റെ കവര്‍ കയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടാകാറുള്ള വിറയല്‍, മാനസിക പിരിമുറുക്കം, "അയ്യോ, ഒന്നുകൂട്ടി പഠിയ്ക്കായിരുന്നു.." എന്നു ചോദ്യം കാണുമ്പോള്‍ മാത്രം ബോധം വരാറുള്ളതു പോലെ, ബില്ല് കാണുമ്പോള്‍ മാത്രം, "അയ്യോ, ഇത്രയധികം വിളിയ്ക്കണ്ടായിരുന്നു.." എന്നു തോന്നുന്ന നിരാശ, കുറ്റബോധം തുടങ്ങിയ മാനസികാഘാതങ്ങളെ പേടിച്ച്‌ ഇനി മുതല്‍ക്ക്‌ വിളി നാട്ടില്‍ നിന്നും ഇങ്ങോട്ടാക്കാന്‍ അമ്മയെ ഏല്‍പ്പിച്ചു. മാത്രമല്ല വെപ്രാളം കൂടാതെ സമാധാനത്തോടെ രണ്ടു വാക്കു സംസാരിയ്ക്കാം എന്നൊരു ഗുണവും.. ഏതായാലും, അമ്മയുടെ നമ്പര്‍ കണ്ടപ്പോള്‍ തല്‍ക്കാലം, മാനസികാഘാതങ്ങളെ മറന്ന്, വേഗം തിരിച്ചു വിളിച്ചു.

"അമ്പലങ്ങളിലൊക്കെ പോയി, എല്ലായിടത്തും വഴിപാടു കഴിച്ചു, നല്ല മഴ തന്നെ.. പുറത്തേയ്ക്കിറങ്ങാറില്ല... കുറഞ്ഞൂന്ന് തോന്നും, പിന്നേം കൂടും, മഴ തന്നെയാണ്‌, ഒപ്പം അസുഖങ്ങളും.."
"പിറന്നാളായിട്ട്‌ അമ്പലത്തില്‍ പോവാന്‍ പറ്റിയില്ലെങ്കിലും, വിളക്കു കൊളുത്തണം, ഊണു കഴിയ്ക്കുമ്പോള്‍ ഗണപതിയ്ക്കു വെയ്ക്കണം.. അതൊന്നും എവിടെയായാലും മുടക്കണ്ട.. അധികം വട്ടങ്ങളൊന്നൂല്ല്യെങ്കിലും സാരല്ല്യ, ഒരിഞ്ചി തൈരുണ്ടായാല്‍ മതി, ന്നാല്‍ ആയിരം കറിയായി ന്നാണ്‌ പറയാ, പിന്നെ പപ്പടോം കാച്ചിയാല്‍ പെറന്നാള്‍ വട്ടങ്ങളൊക്കെയായി.." അങ്ങനെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ അമ്മയുടെ സംസാരം നീണ്ടു നീണ്ടു പോയി.

ഫോണ്‍ വെച്ചു കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏഴു മണി. ഒട്ടും സമയം കളയാതെ അടുക്കളയിലേയ്ക്ക്‌ ഓടി കയറുന്നതിനിടയില്‍ മനസ്സില്‍ അറിയാതെ വരച്ചു തുടങ്ങിയ നാട്ടിലെ കര്‍ക്കിടകത്തിന്റെ ഇരുണ്ട മുഖത്തോടൊപ്പം തെളിഞ്ഞു വന്നത്‌ ചുവപ്പും കറുപ്പും ഇടകലര്‍ന്ന, ഒളിഞ്ഞു നിന്ന് ഒരിയ്ക്കല്‍ എന്തൊക്കെയോ മണത്താസ്വദിച്ചിരുന്ന ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ ചിത്രവും കൂടിയായിരുന്നു..


വിവരങ്ങള്‍ക്കു കടപ്പാട് : എന്റെ അമ്മ, വല്ല്യമ്മ.

Saturday, April 28, 2007

ഒരവധിക്കാലം കൂടി...

തിരിഞ്ഞു നോക്കുമ്പോള്‍, കുറേ ദൂരം പിന്നിട്ടു വന്നിരിയ്ക്കുന്നു.. അങ്ങകലെയായി, ശബ്ദകോലാഹലങ്ങളും, ഉറക്കെയുള്ള ചിരികളും സന്തോഷത്തിന്റെ അലയടികളായി, പിന്നെ, സ്നേഹിയ്ക്കുന്നതിന്റേയും, സ്നേഹിയ്ക്കപ്പെടുന്നതിന്റേയും മധുരമുള്ള തേന്‍ കണങ്ങളായി, വീണ്ടുമത്‌ സൗഹാര്‍ദ്ദങ്ങളും, ബന്ധങ്ങളും പുതുക്കി, പങ്കുവെയ്ക്കലുകളുടെ മലര്‍മണമായി, അവസാനം യാത്ര പറയലുകളുടെ വിതുമ്പലുകളായി, നേര്‍ത്ത്‌ നേര്‍ത്ത്‌, ഒന്നുമില്ലാതെയായി തീരുന്നു.. മതിവരാത്ത സാമീപ്യങ്ങളുടെ ചൂട്‌ ആറി തണുത്തു കഴിഞ്ഞു, ദൂരേയ്ക്കു മറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ കാതോര്‍ക്കുമ്പോള്‍ ശൂന്യതയുടെ മുഴങ്ങുന്ന നിശ്ശബ്ദതയാണ്‌... എന്നാല്‍, ആ ശബ്ദകോലാഹലങ്ങള്‍ മാത്രം, ഏതൊ ബാക്കിപത്രങ്ങള്‍ കണക്കെ, ആ നിശ്ശബ്ദതയുടെ ഒച്ചയായി, ഒരാരവം പോലെ കാതിലലയ്ക്കുന്നു...

മനസ്സിലേയ്ക്കു കയറി വരുന്ന, ആ ആരവത്തിന്റെ ബാക്കികളെ ഒന്നു കുത്തിക്കുറിച്ചിടട്ടെ..

പതിവില്‍ നിന്നും വ്യത്യസ്തമായി, ഇപ്രാവശ്യം, വേനലവധിയ്ക്കു കാത്തു നില്‍ക്കാതെ, പെട്ടെന്നൊരു മാസത്തേയ്ക്കായി നാട്ടിലേയ്ക്കൊന്നു പോയി വരുവാനുള്ള ഞങ്ങളുടെ തീരുമാനത്തിനു കാരണങ്ങള്‍ പലതുമുണ്ടായിരുന്നു. എന്നാലും, ഒരു കാര്യം മാത്രം പതിവ്‌ തെറ്റിയ്ക്കാതെ, മുറ പോലെ നടന്നു കാണുവാനുള്ള ഭാഗ്യം ഞങ്ങള്‍ക്കു ലഭിച്ചു... വേറെയൊന്നുമല്ല- എല്ലാ വര്‍ഷത്തേയും പോലെ ഇപ്രാവശ്യവും തലേ ദിവസം വരെ, എന്റെ കണവന്റെ "ലീവ്‌ അനുവദിച്ചു കിട്ടല്‍" എന്ന ഒരു മഹാ സംഭവം അനിശ്ചിതാവസ്ഥയില്‍ തന്നെ കിടന്ന് കാണാനുള്ള ആ "മഹാഭാഗ്യം".. വന്ന് വന്ന്, തലേ ദിവസം എന്തെങ്കിലും കാരണം പറഞ്ഞുകൊണ്ട്‌ ഒന്നു നെട്ടോട്ടമോടിയാലെ സമാധാനമായി നാട്ടിലേയ്ക്കു പോകാനാവൂ എന്ന ഒരു നിലയിലായിട്ടുണ്ട്‌ ഇപ്പോള്‍. അങ്ങിനെ, അമ്മയുടേയും അച്ഛന്റേയും, പ്രാര്‍ത്ഥനകളും വഴിപാടുകളും കൊണ്ടോ, അല്ലെങ്കില്‍ ബോസ്സിനു അവസാന നിമിഷത്തില്‍ മനസ്സലിഞ്ഞതു കൊണ്ടോ, "ഇരുപത്തിമൂന്നാമത്തെ മണിക്കൂറില്‍" എല്ലാം ശരിയാക്കി, നിമിഷങ്ങളേയും, മിനുട്ടുകളേയും കയ്യില്‍ പിടിച്ചു കൊണ്ട്‌ ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക്‌ കുതിച്ചു കയറി. തിരുവനന്തപുരം വഴി വളഞ്ഞ്‌, ഞങ്ങളുടെ ക്ഷമ മുഴുവനും പരീക്ഷിച്ച്‌, നീണ്ട ഒരാറ്‌ മണിക്കൂറിന്റെ യാത്രയ്ക്കൊടുവില്‍, "ഹാവൂ ! ഒരു വിധത്തില്‍ എത്തികിട്ടി.. !" എന്ന ഒരു നെടുവീര്‍പ്പോടെ, ഞങ്ങള്‍ നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങി; ഭാരങ്ങളെല്ലാം ഒന്നിറക്കി വെച്ച പ്രതീതിയായിരുന്നു മനസ്സിലപ്പോള്‍..

നാട്ടിലേയ്ക്കു പോകാനുള്ള സമയമടുക്കുമ്പോള്‍, എല്ലാ പ്രാവശ്യവും, ഞങ്ങളോരോരുത്തരും മനസ്സില്‍ നിറയെ ആശകളും, മോഹങ്ങളും ഒക്കെ നെയ്തുകൂട്ടാറുണ്ട്‌. ഇപ്രാവശ്യവും, ലീവ്‌ കുറഞ്ഞാലും, അതിനു കുറവൊന്നും വരുത്തിയില്ല.
ഞങ്ങളുടെ അമ്മുവിനുമുണ്ടായിരുന്നു നിറയെ കുഞ്ഞു മോഹങ്ങള്‍ ..."ചെറിയച്ഛന്റെ മകള്‍ മീനാക്ഷിയുടെ ഒപ്പം ഇഷ്ടം പോലെ കളിയ്ക്കണം, കുളത്തില്‍ നീന്തണം, അച്ഛമ്മയുടെ കയ്യില്‍ നിന്നും നിറച്ച്‌ വെണ്ണ വാങ്ങി കഴിയ്ക്കണം, അച്ഛന്റെ വീട്ടിലെ നന്ദിനി പശുവിനേയും കുട്ടി കിടാവിനേയും കണ്‍കുളിര്‍ക്കെ കാണണം, അവിടത്തെ മരങ്ങളിലെ കിളിക്കൂടുകളും അതിനുള്ളിലെ കൊച്ചു മുട്ടകളും കാണണം, മതിലിലൂടെ അരിച്ചരിച്ചു പോകുന്ന കല്യാണി പുഴുക്കളെ കാണണം, അമ്മമ്മയുടെ കഥകള്‍ കേള്‍ക്കണം, മുത്തശ്ശന്റെ കാലുകളില്‍ കിടന്ന് ആടണം, നിറയെ മാങ്ങകള്‍ കഴിയ്ക്കണം"... രണ്ടറ്റവും തൊടാത്ത ഒരു മാല കണക്കെ നീണ്ടു പോയി ആ മോഹമുത്തുകള്‍....
ദിവസങ്ങള്‍ അടുക്കുന്തോറും അമ്മുവിന്‌ ഉത്സാഹം കൂടി കൂടി വന്നു.

എന്നാല്‍ പാവം, അമ്മുവിന്റെ കുഞ്ഞനുജത്തിയ്ക്കു കാര്യമായി ഒന്നും മോഹിയ്ക്കാനുണ്ടായിരുന്നില്ല.. കാരണം നാടിനെ പറ്റി ഒന്നും ഓര്‍മ്മയില്ല അവള്‍ക്ക്‌. ഒരു വയസ്സില്‍ നാട്ടില്‍ ഒന്നു പോയി വന്നുവെന്നല്ലാതെ വെറെ ഒന്നും ഓര്‍മ്മയില്ല.. എന്നാലും അമ്മയില്‍ നിന്നും, അച്ഛനില്‍ നിന്നും, നാടിനെ കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ട്‌. അമ്മമ്മയെ പറ്റി, മുത്തശ്ശനെ പറ്റി, അമ്മാമന്മാരെ പറ്റി, പിന്നെ, അച്ഛന്റെ വീട്ടിലുള്ള, റാണി പട്ടിയെ പറ്റിയും നന്ദിനി പശുവെ പറ്റിയും, മീനാക്ഷിയെ പറ്റിയും കുഞ്ഞുവാവകളെ പറ്റിയും എല്ലാം.. അതുകൊണ്ട്‌, ചേച്ചിക്കുട്ടിയുടെ ഒപ്പം നില്‍ക്കുവാന്‍, ഉത്സാഹത്തിന്റെ കാര്യത്തില്‍ അനീത്തികുട്ടിയും ഒട്ടും വിട്ടു കൊടുത്തില്ല.. അങ്ങിനെ അമ്മുവും കുഞ്ഞനുജത്തിയും കാത്തിരുപ്പായി, ആ "സുദിനം" വന്നു ചേരുവാന്‍..

ഞങ്ങള്‍ക്കാകട്ടെ, എല്ലാവരേയും കാണാനുള്ള തിടുക്കവും, നാട്ടിലെ ഉത്സവക്കാലവുമായിരുന്നു മനസ്സില്‍ നിറയെ.. കൂടാതെ കുട്ടികള്‍ക്കും എല്ലാമൊന്ന് അനുഭവിച്ചറിയാനുള്ള ഒരവസരമാണല്ലോ, എന്ന ഒരു ചിന്തയും.

പൂരക്കാലത്ത്‌ നാട്ടിലെത്തിപ്പെടുക വളരെ അപൂര്‍വമായി മാത്രമാണ്‌ പതിവ്‌.എന്റെ കുട്ടിക്കാലത്ത്‌, ഞാന്‍ കണ്ട്‌ വളര്‍ന്ന പൂരം പ്രധാനമായും "കോട്ടയ്ക്കല്‍ ഉത്സവം" മാത്രമായിരുന്നു. ഉത്സവക്കാലത്ത്‌, ആദ്യത്തെ ദിവസത്തെ വെളുപ്പാന്‍ കാലത്തെ വെടിക്കെട്ട്‌, രാവിലത്തെ പാഠകം, സന്ധ്യയ്ക്കുള്ള ചാക്യാര്‍കൂത്ത്‌, പിന്നെ, കച്ചേരികള്‍, നൃത്തങ്ങള്‍, അഞ്ചു ദിവസങ്ങളിലെ കഥകളി, പഞ്ചവാദ്യം, രാത്രിയിലുള്ള തായമ്പക, കുട്ടിക്കാലത്ത്‌ സര്‍ക്കസ്സും കാണാന്‍ പോയിരുന്നതോര്‍മ്മയുണ്ട്‌. ഇതൊക്കെയാണ്‌ എന്റെ മനസ്സിലെ ഉത്സവം. എന്നാല്‍ ഉത്സവങ്ങളുടെ മറ്റൊരു മുഖം ഞാന്‍ കണ്ടത്‌, വിവാഹശേഷമാണ്‌ - ആനകളുടേയും, മേളങ്ങളുടേയും ഉത്സവം -
എന്റെ ഭര്‍തൃ ഗൃഹത്തില്‍, എല്ലാവരും പൂരങ്ങളെ ആവോളം ആസ്വദിയ്ക്കുന്നവര്‍. അമ്പലത്തില്‍ കഴകവും മറ്റും ഉള്ളതുകൊണ്ട്‌, പൂരങ്ങള്‍ക്കു ആനയുടെ തൊട്ടടുത്ത്‌ വിളക്കു പിടിച്ചുകൊണ്ട്‌ കിലോമീറ്ററുകളോളം നടക്കുവാന്‍, എല്ലാ പുരുഷ ജനങ്ങളും പോകാറുള്ള ഒരു കുടുംബം. അതുകൊണ്ടു തന്നെ ആനകളോടും ഒരു പ്രത്യേക സ്നേഹം അവിടെയെല്ലാവരും കാത്തു സൂക്ഷിച്ചിരുന്നു.. ഇപ്പോഴും അതിനു കുറവൊന്നുമില്ല.. പൂരക്കാലത്ത്‌ അവിടത്തെ തൊടിയിലാണ്‌, അമ്പലത്തിലേയ്ക്കു എഴുന്നള്ളിയ്ക്കുന്ന ആനയെ കെട്ടാറുള്ളത്‌. അതുകൊണ്ടു തന്നെ, എല്ലാവര്‍ക്കും, പശുവിനോടും, ആടിനോടും ഒക്കെ തോന്നുന്ന ഒരു സ്നേഹമാണത്രേ ആനയോടും !.
വിരണ്ടോടുന്ന ആനയുടെ വാലില്‍ പിടിച്ചു കയറി, ഓട്ടം നിര്‍ത്തിച്ചുവെന്നതും മറ്റുമായി ധാരാളം വീരസാഹസിക കഥകള്‍ കേട്ടിട്ടുണ്ട്‌, അവിടത്തെ അച്ഛന്റെ പഴയ കാലങ്ങളെ കുറിച്ച്‌ പറയുമ്പോള്‍. ഒരാന ഇടഞ്ഞുവെന്നു കേട്ടാല്‍, ഇപ്പോഴും ഇരിയ്ക്കപ്പൊറുതി കിട്ടാത്ത അച്ഛന്റെ ആവേശം നിയന്ത്രിയ്ക്കുന്നത്‌, അച്ഛന്റെ വയ്യാത്ത കാലുകള്‍ മാത്രമായിരിയ്ക്കും, അല്ലാതെ മക്കളുടേയോ, അമ്മയുടേയൊ, വിലക്കുകളായിരിയ്ക്കില്ല എന്നതായിരിയ്ക്കും പച്ചയായ ഒരു യാഥാര്‍ത്ഥ്യം !.

ആനകളോടെന്ന പോലെ, മേളങ്ങളോടുള്ള കമ്പവും ഒട്ടും കുറവല്ല ആര്‍ക്കും -"ഇപ്രാവശ്യം എന്തായാലും എല്ലാ പൂരങ്ങള്‍ക്കും ഒന്നു കൂടണം.." കുറേ കാലങ്ങളായി മനസ്സിനുള്ളില്‍ പൂക്കാന്‍ കൊതിച്ചു നില്‍ക്കുന്ന ഒരു മോഹമായിരുന്നു, അമ്മുവിന്റെ അച്ഛനത്‌. ആ മോഹം കണ്ണുകളിലൂടെ ഒന്നു വന്നെത്തി നോക്കി പോയി, അതു പറയുമ്പോള്‍. " തൈക്കാട്ടുശ്ശേരി, ആറാട്ടുപുഴ, എടക്കുന്നി, അവിണിശ്ശേരി, തുടങ്ങിയ പല ദേശങ്ങളുടേയും പൂരങ്ങള്‍ കൊണ്ടൊരു കളിയാണ്‌ ഈ സമയത്ത്‌. കൂട്ടത്തില്‍ ആറാട്ടുപുഴ പൂരത്തിന്‌ കൊഴുപ്പു കൂടുമത്രേ.. അമ്മുവിന്റെ അച്ഛന്‍ മനസ്സില്‍ കുറിച്ചിട്ടു - "ഒരാഴ്ച പൊടിപൊടിയ്ക്കാം"-

അങ്ങനെ, വളരെ ഉത്സാഹത്തോടെ, വെളുപ്പാന്‍ കാലത്ത്‌ എഴുന്നേറ്റ്‌ പൂരത്തിനു വിളക്കു പിടിയ്ക്കാന്‍ പോവലും, ഉറക്കമൊഴിയ്ക്കലും, ദൂരങ്ങളോളമുള്ള നടത്തവും, അസമയത്ത്‌ മാത്രം ഭക്ഷണം കഴിയ്ക്കലും, എല്ലാം കൂടി ചേര്‍ന്ന് വളരെ അപ്രതീക്ഷിതമായി, അമ്മുവിന്റെ അച്ഛന്റെ "ഉദരം" ക്ഷമ കെട്ട്‌, ശക്തിയുക്തം പ്രതിഷേധം രേഖപ്പെടുത്തി. കുറെ കാലങ്ങളായി ഈ വക ശീലങ്ങള്‍ വിട്ടതാണെന്നും കൂടുതല്‍ ബുദ്ധിമുട്ടിപ്പിയ്ക്കരുതെന്നും പറഞ്ഞ്‌ അത്‌ നിരാഹാര സമരം ഇരുന്നു. നല്‍കുന്ന ഓരോ ഭക്ഷണത്തേയും അത്‌ നല്ല രീതിയില്‍ തന്നെ "തിരസ്ക്കരിച്ചു". അങ്ങിനെ തീര്‍ത്തും അവശനായി, രണ്ടു ദിവസത്തെ വിശ്രമം കഴിഞ്ഞതോടെ, സ്വന്തം ദേശത്തെ "പൂരം കൂടല്‍" വളരെ "ഭംഗിയായി" തന്നെ പര്യവസാനിച്ചു.. എന്നാലും, അമ്മുവിന്റെ അച്ഛന്‍ സ്വയം സമാധാനിച്ചു - "ഒന്നു വിളക്കുപിടിച്ചു നടക്കാനെങ്കിലും കഴിഞ്ഞുവല്ലൊ.. അതുമതി."
പക്ഷെ, മറ്റൊരു വിസ്മരിയ്ക്കാനാവാത്ത സത്യം ഉണ്ട്‌. ഇത്തവണത്തെ പൂരക്കാലം പതിവു പൊലെ ആസ്വാദ്യകരമായി തീര്‍ന്നില്ല എന്ന ഒരു ദുഃഖ സത്യം..
തൈക്കാട്ടുശ്ശേരിയില്‍, വെളുപ്പാന്‍ കാലത്തെ എഴുന്നള്ളിപ്പ്‌ നടക്കുമ്പോള്‍ ആന ഇടഞ്ഞ്‌, ഒന്നാം പാപ്പാന്റെ ജീവന്‍ അപഹരിയ്ക്കുക വരെ ഉണ്ടായി !, അതും പോരാഞ്ഞ്‌ അടുത്തുള്ള മറ്റ്‌ രണ്ട്‌ ആനകളേയും അത്‌ കുത്തിയത്രേ ! പൂരം നടക്കുന്ന ആ ഭാഗമാകെ ആന ചവുട്ടി മെതിച്ചു. എല്ലാം അലങ്കോലപ്പെട്ടു.

തൊട്ടടുത്ത്‌ നിന്ന് നേരില്‍ കണ്ട്‌, പരിഭ്രാന്തരായ ജനക്കൂട്ടത്തിനിടയിലൂടെ, കയ്യിലെ വിളക്ക്‌ കെടുത്തിക്കൊണ്ട്‌ ഓടിപോകേണ്ടി വന്ന വല്ല്യച്ഛന്റെ മകന്‍ - ശശിയേട്ടന്‍, ഉള്ളിലെ ഭീതി മറച്ചു വെയ്ക്കാതെ പറഞ്ഞു - " ഇങ്ങനെയൊരു മുഖം ആദ്യമായാണ്‌ കാണുന്നത്‌. ആനയിലെ വന്യമൃഗം അതിഭീകരം തന്നെ !"- പശുവിനേയും ആടിനേയും പോലെ തന്നെ കുട്ടിക്കാലം മുതല്‍ക്ക്‌, ആനയെ സ്നേഹിയ്ക്കുകയും, ഇടപഴകുകയും ചെയ്തിട്ടുള്ള, ശശിയേട്ടന്റെ കണ്ണുകളിലെ നടുക്കം വിട്ടുമാറിയിരുന്നില്ല അപ്പോഴും.

എല്ലാം കഴിഞ്ഞ്‌, ഏതൊരു സംഭവത്തിനും പതിവുള്ളതു പോലെ, അവിടേയും കാര്യകാരണങ്ങള്‍ നിരന്നു തുടങ്ങി - "പ്രകൃത്യാ ആനയ്ക്കു കുറുമ്പു കൂടുതലായിരുന്നു, പിന്നില്‍ നിന്നും ആരൊ ആനയെ കുത്തിയോ എന്നൊരു സംശയം, പെട്ടെന്നു തന്നെ തിരിയാന്‍ പറഞ്ഞത്‌ ആനയ്ക്കു പിടിച്ചില്ല, അങ്ങിനെ ആനയിടയുവാനുള്ള കാരണങ്ങള്‍ നിരവധി. നിരത്തി വെയ്ക്കുവാന്‍ കാരണങ്ങളും, കാരണങ്ങളുടെ കാരണങ്ങളും ഏറെ.. പക്ഷെ, ആനയെ വളരെയധികം സ്നേഹിച്ചിരുന്ന പാപ്പാനു നേരെ തിരിഞ്ഞ ആ "ഭ്രാന്ത്‌ കയറിയ നിമിഷങ്ങള്‍ക്കു" മുന്നില്‍ അവയെല്ലാം അപ്രസക്തങ്ങളാകുന്നില്ലേയെന്ന് തോന്നിപോകുന്നു; അഥവാ ഏതെങ്കിലും ഒരു കാരണത്തിനോ, കാരണങ്ങളുടെ കാരണത്തിനോ എന്തെങ്കിലും പ്രസക്തിയുണ്ടെങ്കില്‍ തന്നെ, ഇതേ സംഭവങ്ങള്‍ അതേ മട്ടില്‍ തന്നെ പല ദിക്കിലും ആവര്‍ത്തിയ്ക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ഭ്രാന്ത്‌ ആനയ്ക്കൊ അതൊ മനുഷ്യനൊ എന്നും സംശയിച്ചു പോകുന്നു...

പൂരത്തിന്റെ ഉത്സാഹങ്ങള്‍ അതോടെ ഏകദേശം അസ്തമിച്ച മട്ടായി. അമ്മുവിന്റെ അച്ഛന്റെ പൂക്കാന്‍ തുടങ്ങിയ മോഹമൊട്ടും അങ്ങനെ പകുതിയില്‍ വാടിക്കരിഞ്ഞു പോയി.

എന്നാലെന്നെ സംബന്ധിച്ചിടത്തോളം, "ഉത്സവക്കാലം" എന്നതിലുപരിയായി, ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കുള്ള ആ യാത്ര, പല സംഗതികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു. ഉള്ള സമയം കൊണ്ടു എല്ലാവരുമൊത്ത്‌ നല്ല കുറച്ചു സമയം ചിലവഴിയ്ക്കണം എന്നതു തന്നെയായിരുന്നു ഏറ്റവും പ്രധാനം. അച്ഛന്‍, അമ്മ, അനിയന്മാര്‍, അതുപോലെ വല്ല്യമ്മമാര്‍, വല്ല്യച്ഛന്മാര്‍, അമ്മമ്മ, അങ്ങിനെ എല്ലാവരുടേയും സ്നേഹവലയത്തില്‍, സുരക്ഷിതവലയത്തില്‍, ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മറന്ന്, കുറച്ചു ദിവസങ്ങള്‍ ഒന്നൊതുങ്ങി കൂടുവാനുള്ള ആ "സ്വാര്‍ത്ഥക്കൊതി" ഒരു "മോഹമായി" ഞാനുമുള്ളില്‍ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചു വെച്ചിരുന്നു, ഏതൊരു പ്രവാസിയേയും പോലെ..

എല്ലാ തവണയും നാട്ടിലെത്തിയാലുടന്‍, വിട്ട്‌ നിന്ന് കാലങ്ങള്‍ കഴിഞ്ഞു പോകുമ്പോള്‍, തോന്നാറുള്ള ഒരു "വിടവ്‌" നികത്താനുള്ള തത്രപ്പാടിലാണ്‌ പതിവ്‌. പ്രസവിച്ച്‌ ഇതുവരെ കാണാത്ത കുട്ടി, കല്യാണം കഴിഞ്ഞ്‌ ഇതുവരെ കാണാത്ത "വരന്‍", പല കാരണങ്ങളാലാല്‍ കാലങ്ങളായി കാണാന്‍ പറ്റാതെയിരിയ്ക്കുന്ന മറ്റ്‌ സ്വന്തക്കാര്‍, കാണാന്‍ പോകേണ്ടുന്ന മുത്തശ്ശിമാരും മറ്റു പ്രായമായവരും എന്നിങ്ങനെ ഒരവസാനമില്ലാതെ നീണ്ടു പോകുന്ന ഒരു "ലിസ്റ്റ്‌" തന്നെ അമ്മ ഉണ്ടാക്കിയിട്ടുണ്ടാകും. ഇതിനെല്ലാമിടയില്‍, വീണു കിട്ടുന്ന എല്ലാ നിമിഷങ്ങളും ആവോളം ആസ്വദിയ്ക്കുകയെ വഴിയുള്ളൂ.. ഒരോ നിമിഷങ്ങളുടേയും മൂല്യം ഏറ്റവുമധികം തിരിച്ചറിയുന്നത്‌ അപ്പോഴാണെന്ന് തോന്നാറുണ്ട്‌.

തുടക്കത്തില്‍, നാടിനും വീടിനും വന്ന മാറ്റങ്ങള്‍ കണ്ട്‌ അദ്ഭുതം കൂറി,

പിന്നെ, തൊടി, കുളം, അമ്പലം..,
കൂടാതെ, മാവിന്‍ കൊമ്പിന്റെ തുമ്പത്ത്‌ തൂങ്ങിയാടി, കുണുങ്ങി ചിരിയ്ക്കുന്ന പച്ച നിറമുള്ള മാങ്ങകളുടെ അഴകു നോക്കി..,
പിന്നെ, മഞ്ഞ നിറത്തിലുള്ള ഒരു 'താലിമാല' പോലെ കൊന്നപ്പൂക്കളെ വേണ്ടുവോളം അണിഞ്ഞു കൊണ്ട്‌ നില്‍ക്കുന്ന കൊന്നമരങ്ങളെ നോക്കി..,
അതും പോരാഞ്ഞ്‌, കിണറ്റിലെ തണുത്ത വെള്ളം മേലാദ്യം ഒഴിയ്ക്കുമ്പോള്‍ കുളിരു കോരി, രോമങ്ങള്‍ എഴുന്നേറ്റുവരുന്നതും അറിഞ്ഞുകൊണ്ട്‌..,
എന്നിട്ടും മതിയാവാതെ, അമ്മയുടെ ഭരണി തുറക്കുമ്പോള്‍ കഴിഞ്ഞ കൊല്ലം ഇട്ട കടുമാങ്ങയുടെ വാസനയും, നാവിലൂറുന്ന വെള്ളവും നുണഞ്ഞു കൊണ്ട്‌ ഭരണിയിലേയ്ക്ക്‌ കയ്യിട്ട്‌ വിരലിന്റെ തുമ്പില്‍ പറ്റിയ കടുമാങ്ങയുടെ ചുകന്ന നീര്‌ നാവു കൊണ്ട്‌ നക്കി തുടച്ച്‌, ചെവിയിലൂടെയും, കണ്ണിലൂടെയും അതിന്റെ എരിവു ഊര്‍ന്നിറങ്ങുമ്പോള്‍, "തോന്നീത്‌ കാണിയ്ക്കണ്ട ട്ടൊ" എന്ന അമ്മയുടെ ഒരു താക്കിതും കേട്ട്‌...,
എല്ലാം മറന്ന്, ഉമ്മറത്തെ ബെഞ്ചിലിരുന്ന് കാറ്റുകൊണ്ട്‌ അമ്മയുടെ സംസാരങ്ങള്‍ കേട്ടുകൊണ്ട്‌...,

അങ്ങിനെ എന്തും ഏതും.. കുറെ കാലമായി പൊടി പിടിച്ചു കിടക്കുന്ന ഉള്ളിന്റെയുള്ളിലെ, മറക്കാനാവാത്ത അന്തരീക്ഷവും ശീലിച്ചുവന്ന വാസനകളും, രുചികളും,.. ഇത്തിരി പോന്ന, നുറുങ്ങു സന്തോഷങ്ങളായി.. എല്ലാം ഒന്നുകൂടി സ്വന്തമാക്കുമ്പോള്‍, മനസ്സിലെവിടേയോ ഒളിഞ്ഞിരിയ്ക്കുന്ന ഒരാഹ്ലാദമായി..

എന്നാല്‍ ഇതിന്റെയെല്ലാമിടയിലൂടെ, ഇപ്രാവശ്യം എപ്പൊഴൊക്കെയൊ ഞാന്‍ അദ്ഭുതപ്പെട്ടു- പണ്ട്‌ തീരെ കുട്ടികളായി തോന്നിയിരുന്നവരെല്ലാവരും ഇപ്പോള്‍ എന്നേക്കാളുമധികം പൊക്കത്തില്‍, എനിയ്ക്കു മനസ്സിലാവുക പോലും ചെയ്യാത്ത വര്‍ത്തമാനങ്ങളും, തമാശകളും പൊട്ടിച്ചുകൊണ്ട്‌ നടക്കുന്നു, അതുപൊലെ, ഒരു അന്‍പതു വയസ്സിനു മുകളിലുള്ള മിക്കവര്‍ക്കും വന്നു പെട്ടിട്ടുള്ള മാറ്റങ്ങള്‍..

കഴിഞ്ഞ തവണ കണ്ടപ്പോള്‍ പോലും ഓടിനടന്നിരുന്നവര്‍ക്ക്‌ ഇത്തവണ വയ്യായകളും വേദനകളും, അവര്‍ മനസ്സു തുറക്കുമ്പോള്‍ ഉള്ളില്‍ നിന്നും അറിയാതെ വരുന്ന ഒരുതരം "അരക്ഷിതത്വത്തിന്റെ" പ്രതിഫലനങ്ങള്‍, പ്രായവും അനുഭവങ്ങളും, അവരുടെ വിചാരങ്ങള്‍ക്കും, കാഴ്ചപ്പാടുകള്‍ക്കും വരുത്തിയിട്ടുള്ള ചെറിയ ചെറിയ മാറ്റങ്ങള്‍, അങ്ങിനെ ഓരോന്നും എന്റെയുള്ളില്‍ അദ്ഭുതത്തോടൊപ്പം എവിടെയൊക്കെയോ നീറ്റലുകളുമുണ്ടാക്കി. കേവലം ഒരു വര്‍ഷം കൊണ്ട്‌ ഇത്രയധികം മാറ്റങ്ങളോ, ഞാന്‍ അമ്പരന്നു പോയി പലപ്പോഴും.
കുട്ടിക്കാലത്ത്‌ എന്റെ മുതിര്‍ന്നവരായി, എന്തിനും ഏതിനും ഏക അഭയസ്ഥാനങ്ങളായി ഞാന്‍ കണക്കാക്കിയിരുന്നവര്‍, ഇന്നു ഞാന്‍ കാണുമ്പോള്‍, ഏതൊക്കെയോ നിമിഷങ്ങളില്‍ അവരെനിയ്ക്കെന്റെ സ്വന്തം കുട്ടികളായി മാറുന്ന പൊലെ. അവരില്‍ നിന്നും സുരക്ഷിതത്വം കൊതിച്ചു വന്ന ഞാന്‍, അവര്‍ക്കു "സുരക്ഷ" നല്‍കണമെന്ന ഒരു ഉത്തരവാദിത്ത ബോധം എന്നില്‍ താനെ ഉടലെടുക്കുന്ന പോലെ. ഒരു കാലത്ത്‌ ഓടി നടന്നിരുന്നവര്‍ക്ക്‌ ഇന്ന് ഓടി നടക്കുവാന്‍ കാരണങ്ങള്‍ ഇല്ലാതെ വന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ഓടുവാന്‍ ശരീരം അനുവദിയ്ക്കാതെ വന്നിരിയ്ക്കുന്നു, മനസ്സിന്റെ കെട്ടുകള്‍ അഴിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു, പിടിവള്ളികള്‍ക്കായി അലഞ്ഞു തുടങ്ങുന്നു, കൊതിയ്ക്കുന്നു, പിടിച്ചു വെയ്ക്കുന്നു, വിട്ടുകൊടുക്കുവാന്‍ മടിയ്ക്കുന്നു, ഓടി തളര്‍ന്ന് ക്ഷീണിച്ച ശരീരം നിസ്സഹായതയെ ഓര്‍മ്മിപ്പിയ്ക്കുന്നു.. ജിവിതത്തിലെ ആവര്‍ത്തനങ്ങളായ ജോലികള്‍ വിരസത സൃഷ്ടിച്ചു തുടങ്ങുന്നു, അങ്ങിനെയുള്ള ഒരു ഘട്ടത്തിലേയ്ക്കുള്ള ആരംഭമായെന്നു എനിയ്ക്കു തോന്നി. സ്നേഹിയ്ക്കപ്പെടാന്‍ ഏറെ കൊതിച്ചു വരുമ്പോഴും, അളവില്ലാത്ത സ്നേഹം ആവോളം കൊടുക്കുക കൂടി വേണമെന്ന, ഇതുവരെ അറിയാതെയെങ്കിലും അധികം ശ്രദ്ധ വെയ്ക്കാതെ പോയ ഒരു സത്യം, ഇപ്പോള്‍ തിരിച്ചറിയുണ്ടെന്ന് എനിയ്ക്കു തോന്നി. അവര്‍ക്ക്‌ മാനസികമായ പിന്തുണ നല്‍കി ക്കൊണ്ട്‌, അവരെ സഹായിച്ച്‌, സമാശ്വസിപ്പിച്ച്‌, അവര്‍ക്ക്‌ മനസ്സിന്‌ കുറച്ചെങ്കിലും ഉല്ലാസം പകര്‍ന്നു കൊണ്ട്‌ അവരുടെയൊപ്പം ഒരു താങ്ങായി എന്നും നില്‍ക്കണമെന്ന തീവ്രമായ ഒരു ആഗ്രഹം എന്നില്‍ ജനിച്ചു, അല്ലെങ്കില്‍ ഒരാവേശം- വര്‍ഷത്തിലൊരിയ്ക്കല്‍ വരുമ്പോള്‍, എന്തൊക്കെയോ ചെയ്യുവാനും, എല്ലാവരേയും സഹായിയ്ക്കുവാനും, സഹായിച്ചു അങ്ങേയറ്റം സന്തോഷിപ്പിയ്ക്കാമെന്നുമുള്ള ഒരു അമിത വിശ്വാസത്തിന്റെ ആവേശം - എന്നിരുന്നാലും ആ ആവേശത്തിന്റെ ഊര്‍ജ്ജം എന്നെക്കൊണ്ട്‌, എന്തെങ്കിലുമൊക്കെ ഗുണകരമായി ചെയ്യുവാന്‍ സഹായിച്ചുവെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു... കുറഞ്ഞത്‌, ഒരു കേള്‍വിക്കാരിയായി അവര്‍ക്കെല്ലാം ഇരുന്നുകൊടുക്കുവാനുള്ള ക്ഷമയും, സമയവും, സന്ദര്‍ഭവും ഉണ്ടാക്കുവാനെങ്കിലും.. അതില്‍ നിന്നും കിട്ടുന്ന, സന്തോഷത്തിന്‌, എന്റേത്‌ മാത്രമാകുന്ന ആ "നുറുങ്ങു സന്തോഷങ്ങളേക്കാള്‍" ഒരിത്തിരി മധുരം കൂടുതലുണ്ടെന്ന് എനിയ്ക്കു തോന്നി.

അങ്ങിനെ ഇത്തവണത്തെ എന്റെ അവധിക്കാലം എന്നെ ഏറെ ചിന്തിപ്പിയ്ക്കുന്നതായിരുന്നു. ജീവിതത്തില്‍, ഒരു മകളായുള്ള, അല്ലെങ്കില്‍ ഒരു മരുമകളായുള്ള, അതുമല്ലെങ്കില്‍ പേരിട്ടിട്ടില്ലാത്ത പല ബന്ധങ്ങളിലും, ഞാന്‍ വഹിയ്ക്കേണ്ടുന്ന എന്റെ ഭാഗം [role], എനിയ്ക്കുള്ള ജോലി, എങ്ങനെയെല്ലാം സ്നേഹിയ്ക്കണം എന്നുകൂടി ഞാന്‍ കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയുന്നുവെന്ന് എനിയ്ക്കു തോന്നി. അതുകൊണ്ടു തന്നെ, ഈ അവധിക്കാലം എനിയ്ക്കു വളരെ വിലപ്പെട്ടതായി, എന്നേയ്ക്കുമുള്ള ഒരു തിരിച്ചറിവിന്റെ പാഠമായി തന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു, സമയം വളരെ കുറവായിരുന്നിട്ടു കൂടി..

വാസ്തവത്തില്‍, അമ്മുവും അമ്മുവിന്റെ കുഞ്ഞനുജത്തിയുമാണ്‌ അവരുടെ അവധിക്കാലം, വേണ്ടുവോളം ആസ്വദിച്ചത്‌ എന്നു വേണമെകില്‍ പറയാം. അമ്മുവിന്‌ നാട്ടിലെ സ്ക്കൂളില്‍ പോകാന്‍ മോഹമായി തുടങ്ങി, നമുക്കു നാട്ടില്‍ തന്നെ താമസിച്ചാല്‍ പോരേയെന്ന് പല തവണ അവള്‍ അച്ഛനോടു ചോദിച്ചു നോക്കി. അവളവിടെ സകലതും മറന്ന് മറ്റു കുട്ടികളുടെയൊപ്പം കളിച്ചു രസിച്ചു. രാവിലെ മുറ്റത്തെ വെയിലത്തേയ്ക്കു ഇറങ്ങിയാല്‍, ക്ഷീണിച്ച്‌ വാടിക്കരിഞ്ഞ മുഖങ്ങളുമായി സന്ധ്യക്കാണ്‌ എല്ലാ കുട്ടികളും അകത്തേയ്ക്കു കയറുന്നത്‌. വെയിലിന്റെ ചൂടിനെ ചൊല്ലി അകത്തിരിയ്ക്കുന്നവര്‍ അക്ഷമരാകുമ്പോള്‍, കുട്ടികള്‍ ഒന്നുമറിയാതെ അവരുടെ ലോകത്തില്‍ മുഴുകി, കളികളിലൂടെ കൊച്ചു കൊച്ചു വര്‍ണ്ണകൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുന്നത്‌ കാണാമായിരുന്നു.. ആ പൊള്ളുന്ന വെയിലത്തും.. "കുട്ടികളുടെ ലോകം എത്ര സുന്ദരം !", അകത്തിരുന്നിട്ടും ചൂടിന്റെ ശക്തിയില്‍ ക്ഷീണിച്ചുപോയിരുന്ന ഞങ്ങളോരോരുത്തരും മാറി മാറി പറഞ്ഞു.

അങ്ങിനെ സംഭവ ബഹുലമായി തന്നെ, ഞങ്ങളുടെ ഒരു മാസത്തെ അവധിക്കാലം വളരെ വേഗം മുഴുവനായി. സമയക്കുറവിന്റെ സമ്മര്‍ദ്ദങ്ങളില്‍ പെട്ട്‌, ഇനിയും ചെയ്യുവാനും പറയുവാനും മനസ്സില്‍ കുറേയധികം ബാക്കിവെച്ചു കൊണ്ട്‌, പകുതി മനസ്സ്‌ അവിടെയെവിടെയൊക്കെയോ കൊഴിഞ്ഞു വീഴുന്നതറിഞ്ഞു കോണ്ട്‌, ഒരു മാസം ഇത്ര വേഗം കഴിഞ്ഞു പോയോ എന്നു പതിവു പോലെ ആശ്ചര്യപ്പെട്ടു കൊണ്ട്‌, സമയത്തിനു മുന്നില്‍ തല കുനിച്ച്‌, ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക്‌ തിരിച്ചു. വിമാനത്തിലിരിയ്ക്കുമ്പോള്‍, ഒഴിഞ്ഞ ഉത്സവ പറമ്പു പോലെ മനസ്സു ഒഴിഞ്ഞു കിടന്നു.. ഞങ്ങളെല്ലാവരും ഒരുപോലെ, ഓടിത്തളര്‍ന്ന്, വളരെ എളുപ്പത്തില്‍ തന്നെ, മയക്കത്തിലാണ്ടു.. വിമാനത്തിനുള്ളിലെ നിശ്ശബ്ദതയില്‍ പതുക്കെ പതുക്കെയായി, ഹൃദയഭാരം കൂടുന്നത്‌ പരസ്പരം പറയാതെയറിഞ്ഞു കൊണ്ടു തന്നെ.. മതിവരാത്ത സാമീപ്യങ്ങള്‍ ശരീരത്തില്‍ ആറി തണുക്കുന്നതറിഞ്ഞു കൊണ്ട്‌, അതുവരെ കേട്ടിരുന്ന ശബ്ദകോലാഹലങ്ങളെല്ലാം, ഏതോ ബാക്കിപത്രങ്ങള്‍ കണക്കെ, നിശ്ശബ്ദതയുടെ ഒച്ചയായും, കാതിലലയ്ക്കുന്ന ഏതോ ആരവമായും മാറിക്കൊണ്ട്‌, ഞങ്ങളെല്ലാവരും ഒരുപോലെ ഏതോ ഒരു ശൂന്യതയിലേയ്ക്ക്‌ വഴുതി വീണു, ഇനിയടുത്ത അവധിക്കാലത്തേയ്ക്കുള്ള സ്വപ്നങ്ങളും മോഹങ്ങളും നെയ്തുകൂട്ടാനുള്ള ഒരു തയ്യാറെടുപ്പിനെന്നോണം.

Monday, January 15, 2007

കഥകളി - ഒരു വിസ്മയം.

പച്ചാളത്തിന്റെ "കഥകളി" [ കുറച്ച്‌ പഴയതാണ്‌] എന്ന പോസ്റ്റ്‌ വായിച്ചതില്‍ നിന്നും കിട്ടിയ ഒരു പ്രചോദനത്തില്‍ നിന്നുമാണ്‌ എന്റെ ഈ പോസ്റ്റിന്റെ ജനനം എന്നു പറയാം. അന്ന് ആ പോസ്റ്റ്‌ വായിച്ച്പ്പോള്‍ മനഃപൂര്‍വം കമന്റ്‌ ഇട്ടില്ല, അതിനു പകരം ഒരു പോസ്റ്റ്‌ തന്നെ ഇടാം എന്നു തോന്നി.

അങ്ങിനെ വലിയ ആവേശത്തോടെ എഴുതാനിരുന്നു. മനസ്സ്‌ ഭൂതകാലങ്ങളിലേയ്ക്ക്‌ ഒഴുകി തുടങ്ങി. അന്നത്തെ കഥകളിയരങ്ങുകള്‍ നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം, അന്നു കഥകളിയോടു തോന്നിയിരുന്ന ഒരു പ്രത്യേക ആവേശം, എല്ലാം മനസ്സിന്റെ അടിത്തട്ടില്‍ നിന്നും പൊന്തി വരുവാന്‍ ആരംഭിച്ചു. ഒറ്റയൊരൊഴുക്കില്‍ തന്നെ, പേനത്തുമ്പില്‍ വന്നെത്തി നില്‍ക്കുന്ന അവയെ ഒരു അടുക്കും ചിട്ടയോടും കൂടി കടലാസ്സിലേയ്ക്കു പകര്‍ത്താനുള്ള എന്റെ ശ്രമം പെട്ടെന്നു തന്നെ തുടങ്ങിയെങ്കിലും അത്‌ ഈ ബ്ലോഗിലേയ്ക്ക്‌ കൊണ്ടുവരുവാന്‍ കുറച്ചു സമയമെടുത്തു. കടലാസ്സില്‍ വിസ്തരിച്ച്‌ എഴുതി വെച്ചതില്‍ നിന്നും കാച്ചികുറുക്കി അതിന്റെ സത്തും നീരും മാത്രം പിഴിഞ്ഞെടുത്ത്‌ ചൂടോടെ ഞാനിപ്പോള്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌.

അന്നൊക്കെ കഥകളിയോടു ഉണ്ടായിരുന്ന [ ഇപ്പോള്‍ മനസ്സില്‍ മാത്രം കാത്തുസൂക്ഷിയ്ക്കുന്ന ] ആവേശത്തിനു എന്തു പേരിട്ടു വിളിയ്ക്കണമെന്നു അറിയുന്നില്ല. വാസ്തവത്തില്‍ കഥകളി എന്ന കലാരൂപത്തോട്‌ ഞങ്ങളുടെ കുടുംബത്തിനു തന്നെ വളരേയധികം വികാരപരമായ ബന്ധമുണ്ട്‌. എന്റെ അമ്മയുടെ തലമുറ, അതായത്‌ അമ്മ, വല്ല്യമ്മമാര്‍, അമ്മാമന്മാര്‍ എല്ലാവരും കഥകളിയുടെ ആട്ടവും, മേളവും, സംഗീതവും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ്‌ വളര്‍ന്നു വന്നത്‌. എന്റെ അമ്മ ഏകദേശം ഒരു പന്ത്രണ്ട്‌ വര്‍ഷത്തോളം കഥകളി അഭ്യസിച്ചിട്ടുണ്ടെന്ന് ഒരല്‍പം അഭിമാനത്തോടു കൂടി തന്നെ പറയട്ടെ. കഥകളിയുടെ എല്ലാ സാങ്കേതികതകളും, സൂക്ഷ്മാംശങ്ങളും "അരച്ചു കലക്കി കുടിച്ചിട്ടുള്ള" അമ്മാമന്മാരേയും, കഥകളി എന്ന കലാരൂപത്തോട്‌ പ്രത്യേക ആരാധനയും ആവേശവും വെച്ചു പുലര്‍ത്തിയിരുന്ന അമ്മ വല്ല്യമ്മമാരെയും കണ്ട്‌ വളര്‍ന്ന ഞങ്ങളുടെ തലമുറക്കാര്‍ക്കും ആ കലാരൂപം പതുക്കെ പതുക്കെ എത്രയോ പ്രിയപ്പെട്ടതായി മാറി.

എന്നു മുതല്‍ക്കാണ്‌ ഞാന്‍ കഥകളി കണ്ട്‌ തുടങ്ങിയത്‌ എന്നെനിയ്ക്കോര്‍മ്മയില്ല. കുട്ടിക്കാലം മുതല്‍ക്കു തന്നെ കഥകളി വേഷങ്ങളും, കഥകളിപ്പദങ്ങളും, ചെണ്ടയും, മദ്ദളവും, ചേങ്ങിലയും എല്ലാം എനിയ്ക്കു സുപരിചിതമായിരുന്നു. അന്നൊക്കെ സ്കൂള്‍ പൂട്ടിയാല്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന സ്ഥലത്തേയ്ക്കാണ്‌ ഞങ്ങള്‍, വല്ല്യമ്മ-ചെറിയമ്മ മക്കള്‍, ഒഴിവുകാലം ചിലവിടാന്‍ വന്നിരുന്നത്‌. അവിടെ ഞങ്ങളുടെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും കൂടേ, "വൃന്ദാവനം" എന്നു പേരുള്ള വൈദ്യശാല വക വലിയ ഒരു ക്വാര്‍ട്ടേര്‍സിലായിരുന്നു താമസം. മിക്കവാറും ആ സമയത്തു തന്നെയായിരിയ്ക്കും അവിടെ വിശ്വംഭരന്റെ അമ്പലത്തില്‍ ഉത്സവവും തുടങ്ങുന്നത്‌. ഉത്സവക്കാലത്ത്‌ അന്നൊക്കെ അവിടെ മൂന്ന് ദിവസങ്ങളിലായാണ്‌ കഥകളി ഉണ്ടായിരുന്നത്‌. [ പിന്നീടത്‌ 5 ദിവസങ്ങളിലേയ്ക്കായി മാറ്റി.] അങ്ങിനെ ആ മൂന്നു ദിവസങ്ങളിലും ഉത്സവ പറമ്പില്‍, ഞങ്ങള്‍ കുട്ടികള്‍, കഥകളി കാണുവാന്‍ മുന്‍പില്‍ തന്നെയുള്ള സ്ഥലം പിടിച്ചെടുക്കുവാന്‍ തിരക്കു കൂട്ടുമായിരുന്നു. അങ്ങിനെ, അടഞ്ഞു പോകുന്ന കണ്ണുകളും, അറിയാതെ തുറന്നു പോകുന്ന വായയുമായി, തിരശ്ശീലയ്ക്കു പിന്നില്‍ നിന്നും പ്രത്യക്ഷപ്പെടാന്‍ പോകുന്ന വേഷം ഒരു നോക്ക്‌ കാണാനുള്ള കൊതിയോടെ, അക്ഷമരായി കാത്തിരിയ്ക്കുന്ന ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു രംഗമാണ്‌ ഇപ്പോള്‍ മനസ്സിലേയ്ക്കു ഓടിയെത്തുന്നത്‌. അന്നൊക്കെ ശരിയ്ക്കും "കഥയറിയാതെ ആട്ടം കാണല്‍" എന്നതു തന്നെയായിരുന്നു. എന്നാലും സന്താനഗോപാലം, കുചേലവൃത്തം പോലെയുള്ള കഥകള്‍ കുട്ടിക്കാലത്ത്‌ കൗതുകത്തോടെ നോക്കിയിരുന്നിരുന്നത്‌ എന്റെ ഓര്‍മ്മയിലുണ്ട്‌. എന്നാല്‍, അതിനെല്ലാമുപരിയായ ഒരു കാര്യമുള്ളത്‌, ഏറ്റവും മുന്‍പില്‍ തന്നെ സ്ഥലം കിട്ടിയതിന്റെ സംതൃപ്തിയോടെ, തിരശ്ശീലയ്ക്കു നേരെ ചുവട്ടില്‍ സകലതും മറന്നിരിയ്ക്കുമ്പോള്‍, അന്ന് കൈവന്നിരുന്ന ആവേശം ഇന്നും അതേ അളവില്‍, മനസ്സിലേയ്ക്കു പകര്‍ത്താന്‍ എനിയ്ക്കു കഴിയുന്നുണ്ട്‌ എന്നതായിരിയ്ക്കും..!ആ കഥകളി പറമ്പില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഉറക്കവും. പുലരാറാകുമ്പോള്‍ അമ്മമാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി അവസാനത്തെ യുദ്ധകഥകളിലെ കൊച്ചു കൊച്ചു തമാശകളും, യുദ്ധരംഗങ്ങളും കാണിച്ചു തന്നിരുന്നു. പാതി മയക്കത്തിലാണെങ്കിലും അതെല്ലാം കണ്ട്‌ തുടങ്ങിക്കഴിഞ്ഞാല്‍, തല്‍ക്ഷണം ഉറക്ക ചടവെല്ലാം പമ്പ കടന്ന് വേണ്ടുവോളം ആസ്വദിച്ച്‌, പൂര്‍വാധികം ഉത്സാഹത്തോടെയാണ്‌ ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങിയിരുന്നത്‌.

പിന്നീട്‌ മുതിര്‍ന്നപ്പോള്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍, ഞങ്ങള്‍ ഒരുവിധം പറ്റാവുന്ന സ്ഥലങ്ങളിലൊക്കെ പോയി കഥകളി കണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. "ചെണ്ടപ്പുറത്ത്‌ കോല്‌ വീണാല്‍ അവിടെ ഓടിയെത്തും" എന്ന്‌ പറയുന്ന അവസ്ഥയായിരുന്നു വാസ്തവത്തില്‍ അക്കാലത്ത്‌. അന്ന് ഞങ്ങള്‍ വല്ല്യമ്മചെറിയമ്മമാരും അവരുടെ മക്കളെല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ ആയിരുന്നു കളിയ്ക്കു പോയിരുന്നത്‌. അന്നത്തെ ഞങ്ങളുടെ ആവേശത്തിന്റേയും, ആസ്വാദനത്തിന്റേയും ഒക്കെ തലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്നതു കൊണ്ട്‌, അക്കാലങ്ങളിലെ "കളിയ്ക്ക്‌" പോക്കിനു ഒരു പ്രത്യേക മിഴിവും ഉണര്‍വും ഉണ്ടായിരുന്നു എന്നെനിയ്ക്കു തോന്നുന്നു. എവിടെയെങ്കിലും കളിയുണ്ടെന്നു കേട്ടാല്‍, ഏതൊക്കെയാണ്‌ കഥകള്‍, ആരൊക്കെയാണ്‌ വേഷത്തിന്‌, ആരൊക്കെയാണ്‌ സംഗീതത്തിന്‌, ആരൊക്കെയാണ്‌ മേളത്തിന്‌ ഇതൊക്കെയായിരുന്നു ആദ്യമുയരുന്ന ചോദ്യങ്ങള്‍. പിന്നെ, അന്നത്തെ ദിവസം ഉത്സാഹഭരിതമാണ്‌. രാത്രിയില്‍ ഉറക്കമൊഴിയ്ക്കാനുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി, ഉച്ചയ്ക്കു കുറച്ചു നേരം ഉറങ്ങി, പഠിയ്ക്കാനുള്ളതൊക്കെ ഒരുവിധത്തില്‍ തീര്‍ത്തെന്നു വരുത്തി, സന്ധ്യക്കു തന്നെ ഭക്ഷണം കഴിച്ച്‌, [ അതും വയറ്‌ നിറയെ കഴിയ്ക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ] പുതപ്പും വിരിയും മറ്റുമെടുത്ത്‌ കഥകളി പറമ്പിലേയ്ക്കുള്ള യാത്രയാണ്‌. യാത്രയില്‍ മുഴുവനും എന്തായിരിയ്ക്കും, എങ്ങിനെയായിരിയ്ക്കും എന്നൊക്കെയുള്ള ഗംഭീരന്‍ ചര്‍ച്ചകളാണ്‌. പാടിയും, മുദ്രകളിലൂടെ സംസാരിച്ചും, തമാശകള്‍ പറഞ്ഞും, ഇനി അമ്മാമന്മാരും കൂടെ ഉണ്ടെങ്കില്‍ പിന്നെ പറയാനുമില്ല - എല്ലാം മറന്നു കൊണ്ടുള്ള രസികന്‍ യാത്രകളായിരുന്നു അതൊക്കെ.

രാത്രി മുഴുവനും ഉറക്കമൊഴിച്ച്‌ കളി കാണുക സത്യത്തില്‍ കുറച്ച്‌ "കഠിനം" തന്നെയാണ്‌. എത്ര ഒരുങ്ങിയാലും ഇടയില്‍ ചെറുതായെങ്കിലും ഒന്ന് ഉറക്കം തൂങ്ങുക തികച്ചും സ്വാഭാവികം. കളി തുടങ്ങുമ്പോഴുള്ള ആവേശം പൂര്‍ണ്ണമായും ആദ്യത്തെ കഥ തീരുന്നതു വരെ ഉണ്ടായിരിയ്ക്കും. പിന്നീട്‌ രണ്ടാമത്തേ കഥയില്‍ മിയ്ക്കവാറും ഒരു "പതിഞ്ഞ പദ"ത്തോടെയായിരിയ്ക്കും [padam in a slow tempo] കഥ തുടങ്ങുന്നതു തന്നെ. അപ്പോള്‍ ഏകദേശം വെളുപ്പാന്‍ കാലം, 2 മണി ,3 മണി ആയിട്ടുണ്ടായിരിയ്ക്കും. അപ്പോഴായിരിയ്ക്കും നമ്മുടെ "ഉറക്കം" എന്ന ആശാന്‍ പതുക്കെ പതുക്കെ കണ്ണുകളെ ഒരു മയില്‍പ്പീലി കണക്കെ തലോടിക്കൊണ്ട്‌ മയക്കത്തിലേയ്ക്കു വിഴ്ത്തുവാന്‍ തുടങ്ങുന്നത്‌. പിന്നെ, പിടിച്ചാല്‍ കിട്ടില്ല, അറിയാതെ കണ്ണുകള്‍ അടഞ്ഞടഞ്ഞു പോയിക്കൊണ്ടിരിയ്ക്കും. പതിഞ്ഞ കാലത്തില്‍ [slow tempo] ഒരു 'പാടി" രാഗം അരങ്ങില്‍ നിന്നും ഉയര്‍ന്നു വന്നാല്‍ പിന്നെ ഉറക്കത്തിലേയ്ക്കു വീഴുവാന്‍ കൂടുതല്‍ എളുപ്പമായി. മിയ്ക്കപ്പോഴും തിരക്കു കാരണം നേരാംവണ്ണം ഒന്നു ചമ്രം പടിഞ്ഞിരിയ്ക്കാന്‍ പോലും സ്ഥലമില്ലാതെ കാലുകള്‍ കൂട്ടി വെച്ചിരിയ്ക്കുകയായിരുന്നു പതിവ്‌. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഉറക്കത്തെ ഏറ്റവും അധികം സ്നേഹിച്ചു പോകുന്ന നിമിഷങ്ങള്‍ ഒരുപക്ഷെ അതായിരിയ്ക്കും ! ചെവിയില്‍ അലയടിയ്ക്കുന്ന ചെണ്ടമേളങ്ങളുടെ ശബ്ദത്തിന്റേയും, അരങ്ങിലെ പതിഞ്ഞകാലത്തിലുള്ള ഒരു പദത്തിന്റെ പിന്നണിയുടേയും, വെളുപ്പാന്‍ കാലത്ത്‌ ഒഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ കുളിര്‍മയുടേയും ഒരു പ്രത്യേക കൊഴുപ്പില്‍, ഉറക്കത്തിനെ പുണരാന്‍ അപ്പോള്‍ തോന്നുന്ന മനസ്സിന്റെ അടക്കാനാവാത്ത കൊതി ശരിയ്ക്കും വല്ലാത്ത ഒരു അവസ്ഥയിലേയ്ക്കു നയിയ്ക്കാറുണ്ട്‌ !.

പക്ഷെ ആവേശം മൂത്ത്‌ തീരെ ഉറങ്ങാതെ കളി മുഴുവനും ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ത്തിരുന്ന അനുഭവങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്‌. അപ്പോഴേയ്ക്കും കഥകളിയാസ്വാദനത്തില്‍ കാര്യമായ മാറ്റങ്ങളും വന്നുപെട്ടിരുന്നു എന്നതും ഒരു വാസ്തവം തന്നെ. കുട്ടിക്കാലത്ത്‌ പാതിയുറക്കത്തില്‍ കണ്ടു പരിചയിച്ച വേഷങ്ങളിലൂടെയും, അഭിനയത്തിനൊത്ത്‌ പാടി കേള്‍ക്കുന്ന കഥകളിപ്പദങ്ങളുടെ സഹായത്തോടേയും, കലാകാരന്റെ അഭിനയത്തിലൂടേയും, മുദ്രകളിലൂടെയും മറ്റും കഥകളിയിലൂടെ കഥ കാണലായിരുന്നു / ആസ്വദിയ്ക്കലായിരുന്നു തുടക്കത്തിലൊക്കെ. അന്നത്തെ കലാമണ്ഡലം ഗോപിയാശാന്റെ കര്‍ണ്ണനും, കോട്ടയ്ക്കല്‍ ശിവരാമന്റെ കുന്തിയും കൂടി അരങ്ങത്ത്‌ അഭിനയിച്ചു പൊലിപ്പിയ്ക്കുന്നത്‌ കണ്ട്‌, ഞങ്ങളില്‍ പലരുടേയും കണ്ണു നനഞ്ഞു പോയ നിമിഷങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്‌ !. പിന്നീട്‌, വളരെ പതുക്കെയായി, കളിയിലെ "കഥയ്ക്കപ്പുറത്തെ" ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞു കാണാനുള്ള / ആസ്വദിയ്ക്കാനുള്ള ഒരു താല്‍പര്യം വളര്‍ന്നു വന്നു. അന്നൊക്കെ ധാരാളം ശില്‍പശാലകളും മറ്റും വളരെ സജീവമായി തന്നെ നടത്തി വന്നിരുന്നു. അതുകൊണ്ടു തന്നെ കഥകളിയുടെ സാങ്കേതിക വശങ്ങളെ കുറിച്ച്‌ ഒരു ബോധം ഉണ്ടാക്കിയെടുക്കുവാന്‍ അതൊക്കെ വളരെയധികം സഹായിച്ചിട്ടുണ്ട്‌. അത്‌ ഞങ്ങളുടെ ആവേശം കൂട്ടിയതേയുള്ളു.

അങ്ങിനെയൊരു ഘട്ടത്തില്‍ ആണെന്നു തോന്നുന്നു, ഞങ്ങളുടെ താല്‍പര്യം മെല്ലെ, കത്തിവേഷങ്ങളിലേയ്ക്ക്‌ പടര്‍ന്നു പിടിച്ചത്‌. പ്രത്യേകിച്ചും "ഉദ്ഭവത്തിലെ" [രാവണോദ്ഭവം] രാവണന്‍, അല്ലെങ്കില്‍ "ബാലിവിജയത്തിലെ" രാവണന്‍, അതുമല്ലെങ്കില്‍ "തോരണയുദ്ധത്തിലെ' രാവണന്‍, എന്നിങ്ങനെയുള്ള രാവണന്മാര്‍, കൂടാതെ നരകാസുരന്‍, ദുര്യോധനന്‍, കീചകന്‍ തുടങ്ങിയ "കത്തികള്‍" - അവയെല്ലാം തന്നെ ആദ്യാവസാന വേഷങ്ങളും ഒപ്പം വളരെയധികം ആസ്വദിച്ചിരുന്നു കാണാന്‍ പറ്റിയ വേഷങ്ങളുമാണ്‌. ഇതില്‍ ഏറ്റവും പരാക്രമശാലിയായി കഥകളിയില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ ഒരുപക്ഷെ രാവണന്‍ തന്നെയായിരിയ്ക്കും. കത്തിവേഷത്തിന്റെ ഏറ്റവും മനോഹരമായ രൂപവും ഭാവവും രാവണനില്‍ കൂടുതലായി ദര്‍ശിയ്ക്കാനാകുമെന്നു പറഞ്ഞാല്‍ തെറ്റില്ലെന്നു തോന്നുന്നു. നായകനായി രാമനും, പ്രതിനായകനായി രാവണനും എന്ന രീതിയിലാണ്‌ കഥയെങ്കിലും, കഥകളിയില്‍, രാവണന്‍ "പ്രതിനായകന്‍" എന്ന പദവി വിട്ട്‌, ധീരോദ്ധതനായ ഒരു "നായകനായി" തന്നെയാണ്‌ എല്ലാ കഥകളിലും കാണപ്പെടുന്നത്‌. കത്തി വേഷങ്ങളുടെ തിരനോട്ടത്തിനു തന്നെ തനതായ ഒരു സൗന്‌തര്യം ഉണ്ട്‌. രാമന്‍ കുട്ടിനായരാശാന്റെ കത്തി വേഷങ്ങളില്‍ പലതും ഞങ്ങളെല്ലാം ഒരുപോലെ അന്തം വിട്ടു നോക്കിയിരുന്നിട്ടുണ്ട്‌ !. ഏതായാലും കഥകളിയിലൂടെ ഞങ്ങള്‍ക്ക്‌ അസുരന്മാരോടുള്ള സമീപനത്തിനു തന്നെ മാറ്റം വന്നുഭവിച്ചു എന്നതാണ്‌ മറ്റൊരു സത്യം. അതുപോലെ, ശിവനെയൊ, ശ്രീകൃഷ്ണനേയൊ, ബ്രഹ്മാവിനേയൊ, വിഷ്ണുവിനേയൊ പോലെ സ്വതവെ തന്നെ അഭൗമങ്ങളായവര്‍ അധികം മുന്നിലേയ്ക്കു വരാതെ, നളന്‍, ദുര്യോധനന്‍, ഭീമന്‍, അര്‍ജ്ജുനന്‍, കര്‍ണ്ണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ എന്തെന്നില്ലാത്ത പ്രകാശത്തോടു കൂടി പ്രത്യക്ഷപ്പെടുന്നതും കഥകളിയുടെ ഒരു സവിശേഷതയായി ഞങ്ങള്‍ അദ്ഭുതത്തോടെ നോക്കികണ്ടിട്ടുണ്ട്‌. അതുപോലെ കാലകേയവധം, [ നിവാതകവചകാലകേയവധം എന്നാണ്‌ അതിന്റെ പൂര്‍ണ നാമം ] കിര്‍മ്മീരവധം തുടങ്ങിയ, സാങ്കേതികത [ സ്ഥായീഭാവം വിടാതെ വളരെ ചിട്ടയോടു കൂടി ആടേണ്ടുന്ന ] കൂടുതലായുള്ള ചില കഥകള്‍ ഞങ്ങളുടെ ആസ്വാദനനിലവാരത്തിനെതിരെ വിരല്‍ ചൂണ്ടിയ വെല്ലുവിളികള്‍ തന്നെയായിരുന്നു. ആ വെല്ലുവിളികളും പലപ്പോഴും വളരെ ആസ്വാദ്യകരമായി തീര്‍ന്നിരുന്നു എന്നതാണ്‌ മറ്റൊരു വാസ്തവം !.

ഇന്നിപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു കളി കണ്ടിട്ട്‌ തന്നെ ഏകദേശം 8-10 വര്‍ഷങ്ങളോളമായി. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് കളി കാണുവാന്‍ പണ്ടത്തെ പോലെ ഇന്ന് സാധിയ്ക്കുമൊ എന്നു പോലും ഞാന്‍ ചിലപ്പോള്‍ സംശയിച്ചു പോകാറുണ്ട്‌. പക്ഷെ അന്നൊരിയ്ക്കലും ജീവിതത്തില്‍ വന്നു പെട്ടേയ്ക്കാവുന്ന ഈയൊരവസ്ഥയെ കുറിച്ച്‌ ആലോചിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. അതും കഥകളി കണ്ടു നടന്നതിനെ കുറിച്ച്‌ ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതിയുണ്ടാക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല !. നാട്ടിലെ ഉത്സവക്കാലങ്ങളേയും, കഥകളിയരങ്ങുകളേയും കുറിച്ചു കേള്‍ക്കുമ്പോള്‍ ചെറിയ നിരാശാ ബോധം തുടക്കത്തിലൊക്കെ തോന്നാറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അത്തരത്തിലുള്ള മൃദുലവികാരങ്ങളെയെല്ലാം അതിജീവിയ്ക്കുവാന്‍ ശീലിച്ചു വന്നു, അല്ലെങ്കില്‍ സ്വാഭാവികമായും ശീലിച്ചു പോയി.

ഇന്ന് കഥകളി കാണാനുള്ള അവസരം ഇല്ലെങ്കിലും, ഈ കലാരൂപത്തിലുള്ള അതിയാഥാര്‍ഥ്യതയും, അഭൗമങ്ങളായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളും, പ്രകാശം പരത്തുന്ന വേഷങ്ങളും, അതിലുമുപരിയായി അതിന്റെ സാങ്കേതിക തികവും എല്ലാം തന്നെ ഒരു "വിസ്മയമായി" ഞാന്‍ ഇന്നും ഉള്ളില്‍ കൊണ്ടു നടക്കുന്നു...