അന്നൊക്കെ….
കുട്ടിക്കാലത്ത്, രാവിലെ എണീറ്റാല്‍ ആദ്യത്തെ കര്‍മ്മപരിപാടി, അരിയിടാനുള്ള ചെമ്പ് നിറയേ വെള്ളം കോരി നിറയ്ക്കലായിരുന്നു. പിന്നത്തെ ജോലി നാളികേരം ചെരകി വെയ്ക്കല്‍. അന്നന്നത്തെ ആവശ്യത്തിനുള്ളത്, ഒന്നോ അല്ലെങ്കില്‍ രണ്ടോ നാളികേരം. അതില്ലാത്ത നാളുകള്‍ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.
അന്നൊക്കെ, കാര്യകാരണ സഹിതം പ്രായം, കാലം ഒക്കെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയെടുത്താണ് ഓരോ പ്രവൃത്തികളും ശീലിച്ചു വന്നിരുന്നത്, അഥവ ശീലിപ്പിച്ചിരുന്നത് എന്നിപ്പോള്‍ മനസ്സിലാകുന്നു.
മോട്ടോര്‍ ഉണ്ടായിരുന്നിട്ടും വെള്ളം കോരിയിരുന്നതെന്തിനെന്നറിയാമോ?
കെണറ്റിലെ വെള്ളം അനങ്ങണം, അനക്കമില്ലാത്ത വെള്ളം നന്നല്ലാത്രേ.. മോട്ടറിട്ട് വെള്ളം ടാങ്കില്‍ അടിച്ചുകേറ്റിയാലൊന്നും കെണറ്റിലെ വെള്ളം അനങ്ങാന്‍ പോണില്ല.
അതിന് വെള്ളം കോരുക തന്നെ വേണമെന്ന്..
വെള്ളം കോരിക്കഴിഞ്ഞാല്‍, ഒരു കൊട്ടകോരിക നെറച്ച് വെള്ളം അവിടെ തന്നെ
വെയ്ക്കണം, അതൊഴിച്ചിടരുത് ത്രേ.. വെള്ളം കോരുന്നതിനും, കാര്യകാരണങ്ങളും ചിട്ടവട്ടങ്ങളും.
വേറെയൊന്നുള്ളത്, ഈ വെള്ളം കോരല്‍ കര്‍മ്മത്തിലേയ്ക്കെത്തുന്നത്, ഒരു ‘പ്രമോഷന്‍‘ കിട്ടലായിരുന്നു, ‘വലിയ കുട്ടി ആയി‘ എന്ന് മുതിര്‍ന്നവര്‍ അതോടെ അംഗീകരിച്ചു കഴിഞ്ഞു. ആ സുഖം എത്ര ചെമ്പ് വേണമെങ്കിലും, പാതാളം മുട്ടുന്ന കിണറ്റില്‍ നിന്നും വെള്ളം കോരി നിറയ്ക്കാനുള്ള കരുത്ത് സംഭരിച്ചു തന്നിരുന്നു.
അന്നത്തെ പ്രഭാതം ഓര്‍മ്മയില്‍, ആകാശവാണിയിലെ “വന്ദേമാതരം..”, പിന്നെ എം.എസ്സിന്റെ കരുത്തുറ്റ ശബ്ദം. അടുക്കളയിലെ നാളികേരം ചിരവുന്ന ശബ്ദവും, വെള്ളം കോരുന്ന തുടി തിരിയുന്ന ശബ്ദവും..
ഒരു മനുഷ്യശബ്ദമായി ആകെപ്പാടെ കേള്‍ക്കാവുന്നത്, തൈരു കലക്കുമ്പോഴും, കഷ്ണം നുറുക്കുമ്പോഴും അമ്മമ്മ നാമം ചൊല്ലുന്ന പതിഞ്ഞ ശബ്ദമായിരിയ്ക്കും.
അതൊക്കെ പോട്ടെ, പറയാന്‍ വന്നത് അതല്ല,
ആ നാളികേരം ചെരവല്‍ മാത്രം അത്ര സുഖമുള്ള ഏര്‍പ്പാടായിരുന്നില്ല. അന്നത്തെ ചിരവ എന്നത്, ഒരു നീണ്ട പലക, അതിന്റെയറ്റത്ത് ഘടിപ്പിച്ചിരിയ്ക്കുന്ന മൂര്‍ച്ചയുള്ള “ചിരകനാക്ക്” – അതിലാണ് ചിരവേണ്ടത്. പലക മേല്‍ കഷ്ടിച്ച് ഒന്ന് ഇരുന്നൂന്ന് വരുത്താനുള്ള സ്ഥലമേ ഉണ്ടാകൂ.. നോക്കണേ. ഒരു കഷ്ടപ്പാട്.
നാളികേര മുറിയുടെ വക്കില്‍ നിന്നും ചിരകി വന്നാല്‍ എളുപ്പത്തില്‍ ചെരവിത്തീര്‍ക്കാം. (നടുക്കില്‍ നിന്നും ചിരകി വന്നാലെന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല..) ആരോ അന്ന് പറഞ്ഞു തന്ന ഒരു ‘ടിപ്’ ആണ്.
എന്തായാലും ചെരവിശീലമാക്കാന്‍ കൊറേ ‘മുറിവ്’ത്യാഗം സഹിച്ചിട്ടുണ്ട് ഈ കരങ്ങള്‍ ! ആ പ്രശ്നം പരിഹരിയ്ക്കപ്പെട്ടിരുന്നത് ഒരു ഗ്ലാസ്സ് നാളികേരവെള്ളത്തിലൂടെയായിരുന്നുവെന്നത് ഒരു മധുരമുള്ള ഓര്‍മ്മയായി നാവിന്‍ തുമ്പില്‍ തങ്ങിനില്‍ക്കുന്നു.
അതങ്ങനെ ചെയ്തു പോന്നു, പിന്നെപിന്നെ ചെരവയില്‍ നിന്നുമെങ്ങനൊക്കെ രക്ഷപ്പെടാമെന്ന വഴികളാലോചിച്ചു നടക്കാന്‍ തുടങ്ങി.
നാളികേരത്തിനോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല,
എങ്ങനെ? ഒരു കിണ്ണം നിറയേ, തുമ്പപ്പൂക്കള്‍ പോലെ, ചിരവിയ നാളികേരം .. ആരും ഒന്ന് നോക്കി പോവില്ലേ..
പിന്നെ, അടയുടെ ഉള്ളില്‍ ശര്‍ക്കരയില്‍ പൊതിഞ്ഞ നാളികേരം..
എന്തിന്.. അവീല്‍, കാളന്‍ ഇതിലൊക്കെ അരഞ്ഞു ചേര്‍ന്നു കിടക്കുന്ന (ക്ഷമിയ്ക്കുക, അവീലിന് അത്രേം അരയ്ണ്ട എന്നാണ് തല മൂത്തവരുടെ മതം.) നാളികേരത്തിന്റെ സ്വാദ് മറക്കാനാവുമോ?
അങ്ങനെ, വറന്ന്, കറുത്ത് കിടക്കുന്ന എരിശ്ശേരിയിലെ നാളികേരം മുതല്‍ നല്ല കട്ട ചട്ടിണിയിലുള്ള നാളികേരം വരെ…… ഹോ!
ഇല്ല, ഒരിയ്ക്കലും നാളികേരത്തിനോടൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല, സത്യം!
പക്ഷെ, ഈ ചെരവല്‍ മാത്രം വയ്യ..
സത്യത്തില്‍ ഇവിടെ വന്നപ്പോള്‍ നാളികേരം ചെരവി തന്നെ കിട്ടുമെന്നത് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്. ഈ ധാരാളിത്തത്തിനിടയില്‍ വീട്ടില ചെരവ വേണോ എന്നൊരു സംശയമേ ഉണ്ടായിരുന്നില്ല. ചെരവ വിസ്മൃതിയിലാണ്ടു പോയി. ചെരവാന്‍ കഷ്ടിച്ച് മറന്നിട്ടില്ലേരിയ്ക്കും.. അത്രതന്നെ.
അപ്പോ അതവിടെ നിക്കട്ടെ.
ഇന്നത്തെ സ്ഥിതി -
ഹൊ! കഞ്ഞീം മൊളോഷ്യോം, കാച്ചിയ മോരും ഒക്കെയായി മതിയായി.. വീട്ടിലെ എല്ലാവരുടേയും അസുഖ പരമ്പര കഴിഞ്ഞതോടെ, വായയ്ക്കു രുചിയായി എന്തെങ്കിലും തരണേ, എന്നെല്ലാവരും നോട്ടങ്ങളിലൂടേയും, ഭംഗ്യന്തരേണയുമൊക്കെ ദയനീയമായി അപേക്ഷാപ്രകടനങ്ങള്‍ നടത്തി തുടങ്ങി.
എന്നാല്‍ ശരി. ഒരു കാളനു വേണ്ട ലക്ഷണങ്ങളൊക്കെ തെളിഞ്ഞു വന്നു.
ചേന റെഡി, മോര് റെഡി, പച്ചമുളക്, ജീരകം എല്ലാം റെഡി. നാളികേരം മാത്രം ഗ്രോസറിയില്‍. കുറച്ച സമയത്തെ കാര്യമേയുള്ളു.
കുരുമുളക് അരച്ചു ചേര്‍ത്ത്, ചേനയും നാളികേരവും ചേര്‍ന്നു ഒരിരുണ്ട മഞ്ഞ നിറത്തില്‍, കടുകും കറിവേപ്പിലകളും ഇടകലര്‍ന്ന് കിടക്കുന്ന കാളന്റെ രൂപം..
വെള്ളമൂറി!
ഒട്ടും താമസിച്ചില്ല, പോയ പോലെ മടങ്ങിയെത്തി, ഗ്രോസറിയില്‍ നിന്നും.
കാളനു പകരം, രസവും പപ്പടവും ഊണുമേശയില്‍ നിരന്നു. കുറച്ചു ദിവസത്തേയ്ക്കു കൂടി ഇങ്ങനെയൊക്കെ തന്നെയാവുമെന്നൊരു മുന്നറിയിപ്പും,.
ചമ്മന്തിയില്ലെന്നും മറ്റുമുള്ള പരാതികള്‍ സ്വീകരിയ്ക്കുന്നതല്ല, എന്നൊരു മുന്‍കൂര്‍ജാമ്യ പ്രഖ്യാപനവും നടത്തി.
സംഗതി വേറെയൊന്നുമല്ല,
ഒരു നാളികേരത്തിന് അഞ്ചു ദിര്‍ഹംസ് പോലും! അതും ചെറുനാരങ്ങയോളം പോന്ന ഒന്നിന്..
തേങ്ങാ സ്റ്റോക്ക് ഉണ്ടെങ്കില്‍ തന്നെ, ചെരവിത്തരാന്‍ പറ്റില്ലെന്ന് ഗ്രോസറിക്കാരന്‍ ഉറപ്പിച്ചു പറഞ്ഞു. എലക്റ്റ്രിസിറ്റി മൊതലാവില്ലത്രേ..
പക്ഷെ, അദ്ദേഹം പരമാവധി സഹായസന്നദ്ധനായാണ് കാണപ്പെട്ടത്. വീട്ടിലൊരു ചെരവ ഉണ്ടെങ്കില്‍ എവിട്ന്നെങ്കിലും ഒരു നാളികേരം കൊണ്ടുവന്നു തരാമെന്നു വരെ ആ സഹോദരന്‍ മൊഴിഞ്ഞു. ഞാന്‍ തല കുനിച്ചു ചിന്താധീനയായി..
ഒരു രക്ഷയുമില്ല, അബുദാബിയില്‍ (മാത്രമല്ലാ, യു.എ.ഇ. മൊത്തം) നാളികേരത്തിന്റെ വില കുത്തനെ ഉയര്‍ന്നിരിയ്ക്കുന്നുവത്രേ! അങ്ങനെ അരിയ്ക്കും, ഇന്ത്യയില്‍ നിന്നും വരുന്ന പച്ചക്കറികള്‍ക്കും പുറമേ ശ്രീലങ്കന്‍ നാളികേരവും ചതിച്ചു!
എല്ലാം കേട്ട് അവസാനം,
“ഓ, അല്ലേലും ഈ തേങ്ങായിലൊക്കെയങ്ങ് അപ്പടി കൊളസ്റ്റ്രോളും കുണ്ടാമണ്ടികളുമൊക്കെയാ.. അല്ലേയ്, ഈ മൊളോഷ്യത്തിനും, മോരുകാച്ച്യതിനുമൊക്കെ എന്തുവാ ഒരു കൊറവ്? ഹല്ലപിന്നെ! .” എന്നൊരു ഭാവത്തില്‍ ഞാനിങ്ങിറങ്ങിപ്പോന്നു.
പഞ്ചതന്ത്രത്തിലെ ആ പഴയ കുറുക്കനു സ്തുതി.
ശരി, ഇനി അതെല്ലാം മറന്നേക്കൂ..
ഇപ്പോള്‍ ഒരു ആലോചനയിലാണ് ഞാന്‍.
2008 -ലേയ്ക്കുള്ള കര്‍മ്മപരിപാടികളില്‍ ഒന്നാമത്തേതാണ്,
ഒരിത്തിരി മണ്ണ് സംഘടിപ്പിയ്ക്കല്‍, പിന്നെ കറിവേപ്പിന്റെ തൈ, തുളസി, പച്ചമുളക്, പന്നികൂര്‍ക്കെല… കണ്ണില്‍ക്കണ്ടതൊക്കെ നട്ടുവളര്‍ത്തല്‍..
ഒരു ചട്ടിയില്‍ അമ്മു വെറുതെ കൊണ്ടിട്ട ഓറഞ്ച് കുരുക്കള്‍ അതാ ഒരു ദിവസം മുളച്ചു പൊന്തി വരുന്നു.. സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അതായിരുന്നു തുടക്കം.
താമസിയ്ക്കുന്ന വില്ലയുടെ മുന്നില്‍ ഒരിത്തിരി സ്ഥലം ഞങ്ങള്‍ക്കുള്ള ഒരു മിറ്റമായി ഒഴിച്ചു തന്നിട്ടുണ്ട് വാച്ച്മാന്‍. സിമന്റിട്ട മിറ്റം.
ഇപ്പോള്‍, അതുകളുടെയൊപ്പം ഒരു തെങ്ങിന്‍ തൈ എന്നു കൂടി ചേര്‍ത്താലെന്താ പുളിയ്ക്കുമോ?
എന്ന് കാര്യമായി തന്നെ ആലോചിച്ചിരിയ്ക്കുകയാണ് ഞാന്‍.
ഇനി കാര്യം പറയാം, അതിനു മുന്‍പ്
അവസാനമായി, ഒന്നുകൂടി മുകളിലെഴുതിയതെല്ലാം മറക്കൂ !
ഒന്ന് ‘ഉപസംഹരിച്ചു‘ പറഞ്ഞാല്‍, കാര്യം ഇത്ര മാത്രം.
നാട്ടില്‍, ടെറസ്സില്‍ വരെ കൃഷി ചെയ്തു വരുന്നുണ്ടെന്ന സംഗതി അറിയാമോ നിങ്ങള്‍ക്ക്? ടെറസ്സില്‍ തെങ്ങടക്കം കുത്തനെ വളര്‍ന്ന് കൊലച്ച് നില്‍ക്കുന്നു, ടി.വി.യില്‍, ഹരിതഭാരതത്തില്‍..
വീടിന്റെ ടെറസ്സില്‍, അതാത് ചെടികള്‍ക്ക് / തൈയ്യുകള്‍ക്ക്, വേണ്ട ആഴത്തില്‍ ഇഷ്ടിക കൊണ്ട് തടം കെട്ടി, മണ്ണിട്ട് നിറച്ച് ചെടികളും, പച്ചക്കറികളും നട്ടുപിടിപ്പിയ്ക്കുക എന്ന ആശയം വളരെ അര്‍ത്ഥവത്തായി തോന്നി. താഴേയ്ക്ക് ചോര്‍ച്ചയില്ല, തെങ്ങ് വളര്‍ന്ന് വലുതായി എന്നതുകൊണ്ട് വീട് ഇടിഞ്ഞുപൊളിഞ്ഞ് വീണിട്ടുമില്ല. ആ ടെറസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാത്തതൊന്നുമുണ്ടായിരുന്നില്ല. രാവിലെ ആയാല്‍ ഭാര്യയും ഭര്‍ത്താവും കൂടി ടെറസ്സില്‍ കയറി , ഒരു കൊട്ട നിറയേ പച്ചക്കറിയും പറിച്ച് സുഖമായി ഇറങ്ങിപ്പോരുന്നു.
ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കില്‍, കാര്യമായി തന്നെ ചിന്തിയ്ക്കൂ, പ്രവര്‍ത്തിയ്ക്കൂ എന്നു മാത്രമേ ഈ പോസ്റ്റിനുദ്ദേശ്ശമുള്ളൂ..
നാട്ടില്‍ മാത്രമല്ല,
ഒരു ചാക്ക് മണ്ണിന് 10 ദിര്‍ഹംസ് (അബുദാബിയിലെ വില) കൊടുക്കാനായാല്‍, പിന്നെ മുതല്‍ക്കൂട്ടായി മനസ്സിന്റേയും സമയത്തിന്റേയും ഒരിത്തിരി ഭാഗം മതിയാവും, ഫ്ലാറ്റിലുള്ളവര്‍ക്ക് ഒരു ‘ബാല്‍കണി ക്ര്‌ഷിയെ’ (സ്ഥലമുണ്ടെങ്കില്‍) കുറിച്ചൊന്നു ചിന്തിയ്ക്കാന്‍.
ആരുകണ്ടു, കിട്ടിയതൊക്കെ ഭാണ്ഡത്തിലാക്കി, കച്ചയും മുറുക്കി നാട്ടിലെത്തുമ്പോള്‍, ഇനിയെന്ത് എന്നൊരു ചോദ്യചിഹ്നം ഉയരുമ്പോള്‍, ഒരു കൈകോട്ടും കൊണ്ട് നേരെ ടെറസ്സിലേയ്ക്ക് ധൈര്യമായി എന്തുകൊണ്ട് പൊയ്ക്കൂടാ? (ടെറസ്സുള്ളവര്‍, അല്ലാത്തവര്‍ നേരെ മണ്ണിലേയ്ക്കിറങ്ങി ചെല്ലുകായെന്നേ പറയാനുള്ളൂ..)
ഇനിയതും പോരെങ്കില്‍, ഉറപ്പ് തരുന്നു,
കുറഞ്ഞത് ഷാര്‍ജ-ദുബായ് ക്കാര്‍ക്ക്, അല്പമൊരു മനഃസുഖത്തിനെങ്കിലും പറ്റിയ ഒരു മറുമരുന്നാവും ഈ ചെടികളുമൊത്തുള്ള സഹവാസം.
വേറെയൊന്നുകൊണ്ടുമല്ല, അവിടത്തെ ട്രാഫിക് സിഗ്നലുകളുടെ അനുഗ്രഹകടാക്ഷങ്ങള്‍ക്കായി, റോഡില്‍ ഒന്നും രണ്ടും മണിക്കൂറ് നിന്നിടത്തു നില്‍ക്കുന്ന അവര്‍ക്കൊക്കെ ഓഫീസ് റ്റെന്‍ഷന്‍സിനു പുറമേ, ട്രാഫിക് സിഗ്നലുകളും ഒരുപാട് സമ്മര്‍ദ്ദങ്ങളും, മനമ്മടുപ്പും ഒക്കെ ദിവസവും രണ്ടു നേരം വെച്ച് വേണ്ടുവോളം ചൊരിയുന്നുണ്ട്.
ഇവരുടെ ജീവിതത്തിന്റെ പകുതി ഭാഗവും റോഡില്‍ തന്നെ.
മനസ്സിനും എന്തെങ്കിലുമൊക്കെയൊരു നീക്കിയിരുപ്പ് വേണ്ടേ..
ഏതായാലും ഇനിയുള്ള കാലം ഒരു ‘ടെറസ്സ് കൃഷിയെ’ കുറിച്ച് കൂടിയൊന്ന് ചിന്തിയ്ക്കാവുന്നതേയുള്ളു.. സമയത്തിന്റെ, മനസ്സിന്റെ, പിന്നെ ടെറസ്സിന്റെ / ബാല്‍ക്കണിയുടെ ഒരിത്തിരി ഭാഗം..
നമ്മുടെ സ്വന്തം മനസ്സിനു വേണ്ടി..
അത്രയും ആലോചിച്ചാല്‍ മതി. ബാക്കി തനിയേ വന്നുചേര്‍ന്നു കൊള്ളും.
ഭൂമാഫിയ, ഭൂമികയ്യേറ്റം, ഇട തൂര്‍ന്ന് പൊങ്ങിവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, തുടങ്ങിയ പദങ്ങള്‍ ഉപയോഗശൂന്യങ്ങളാകുന്ന (?) ഒരു കാലം വരുവോളം..
അടിക്കുറിപ്പുകള്‍:
1) കൊട്ടകോരിക - വെള്ളം കോരാനുപയോഗിയ്ക്കുന്ന ബക്കറ്റിനു അന്ന് പറഞ്ഞു കേട്ടിരുന്ന പേര്‍.
2) എം.എസ്സ് - M.S. സുബ്ബലക്ഷ്മി.
3) ഇവിടെ “Roof gardening" എന്ന പേരില്‍ മുകളില്‍ പറഞ്ഞ ടെറസ്സ് കൃഷിയ്ക്ക് സാമാനമായ ഒരു പരാമര്‍ശം കണ്ടു. ഇതില്‍ കൂടുതലൊന്നും എനിയ്ക്ക് എവിടേയും കണ്ടെത്താനായില്ലാ. എന്നാലുമിതിലെ പരാമര്‍ശങ്ങളും വായിച്ചു നോക്കാവുന്നതാണ്.
4) ഗ്രോസറിയില്‍ പോയി തേങ്ങയുടെ വീല അഞ്ചു ദിര്‍ഹം എന്ന് കേട്ടപ്പോഴത്തെ ഒരു മനസ്താപത്തില്‍ എഴുതിവെച്ചതായിരുന്നു ഈ പോസ്റ്റ്. ഇപ്പോളത് കുറഞ്ഞ്, നാല്, മൂന്ന് വരെയൊക്കെയായി.
എന്നാലും പോസ്റ്റുന്നുവെന്ന് മാത്രം.
4) വിലക്കയറ്റത്തിനെ കുറിച്ചു പറയുമ്പോള്‍ ഈ പോസ്റ്റ് വായിയ്ക്കാത്തവര്‍ എന്തായാലും വായിയ്ക്കൂ.
Showing posts with label ഓര്‍മ്മകള്‍. Show all posts

Saturday, January 26, 2008
Saturday, December 29, 2007
ഒരു തുന്നല്‍ മെഷീന്റെ കഥ.
ഒരു തുന്നല്‍ മെഷീന്‍ എന്നാല്‍, സാധാരണ ഗതിയില്‍ തോന്നുന്ന ഒരു ചിത്രം,
മുറിയിലെ ഒരു മൂലയ്ക്ക് ഒതുങ്ങികിടക്കുന്ന, നിരുപദ്രവകാരിയായൊരു വസ്തു. ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ലവലേശം ബന്ധമില്ലാത്ത ഒരു വസ്തു കൂടിയും.
പക്ഷെ, അങ്ങനെയൊരു വസ്തു ഒരെലക്ട്രോണിക് രൂപത്തില്‍ ഇപ്പോളീ മേശപ്പുറത്തിരിയ്ക്കുമ്പോള്‍, എനിയ്ക്കതൊരു കഥയായി തോന്നുന്നു. എന്റെ അമ്മമ്മ എപ്പൊഴോ തുടങ്ങി വെച്ച വലിയൊരു കഥയായി..
ഒരു തുടക്കമില്ലാത്ത കഥ.
എന്റെ അമ്മമ്മ, വല്ല്യമ്മമാര്‍, അവരുടെ മക്കള്‍, പിന്നെ അമ്മ എല്ലാവരുടേയും കൂടെ തുന്നല്‍ മെഷീന്‍ ഉണ്ട്, ഒരു കുടുംബാംഗമായി.. കൂടാതെ എല്ലാവരും തുന്നല്‍ വിദഗ്ദ്ധരും. "എന്തിനാ വെറുതെ തുന്നാന്‍ കൊടുക്കുന്നത്?" എന്ന ചിന്താഗതിക്കാര്‍. അവനവനു ആവശ്യമുള്ളതെല്ലാം സ്വയം തുന്നി ധരിയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ഒരു പഴയ സാരി മുറിച്ചെടുത്ത് അവരത് ജനാലയ്ക്ക് ഭംഗിയുള്ള ഒരു കര്‍ട്ടനാക്കി തുന്നിയിടുമ്പോള്‍, പഴയത് പുതിയതാകുന്നു. അതുപോലെ പഴയ തുണികള്‍ കൊണ്ട് ചവുട്ടി, പിന്നെ കോസറിയ്ക്കുള്ള കവറുകള്‍, അതും പോരാതെ കസാലകള്‍ക്കും മറ്റും 'ഉടുപ്പുകള്‍' അങ്ങനെ എന്തിനും പുതിയ രൂപഭാവങ്ങള്‍ പകരുന്നവര്‍. അവരുടെ ജീവിതങ്ങളൊന്നും ഒരു വലിയ "ലക്ഷ്യത്തെ" മുന്നില്‍ കണ്ടുള്ളതായിരുന്നില്ല. എന്നാല്‍ വെറുതെ ഇരിയ്ക്കുക എന്നൊരവസ്ഥയുണ്ടാവരുത് എന്നൊരു മാനസികതലവും അവര്‍ക്കെല്ലാമൊരുപൊലെയുണ്ട് താനും. മാത്രവുമല്ല, ബോധമനസ്സ് അനുശാസിയ്ക്കുന്ന അത്തരം 'തിയ്യറികള്‍' അണുവിട തെറ്റാതെ അവര്‍ പിന്തുടരുന്നു. ചെയ്യണം, അല്ലെങ്കില്‍ ചെയ്യേണ്ടതാണ്, ചെയ്തിരിയ്ക്കണം, എന്ന ബോധം, ആരോ നിര്‍ബന്ധിയ്ക്കുന്ന പോലെ, അതും ഉള്ളിലെ ഇഷ്ടാനിഷ്ടങ്ങളെ വകവെയ്ക്കാതെ, അവര്‍ സമയം തെറ്റാതെ ചെയ്തു തീര്‍ക്കുന്നു. "മടി, അലസത" തുടങ്ങിയ പദങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കുന്നു അവര്‍ക്കു മുന്നില്‍.
അതാണവര്‍.. അവരുടെ ഊര്‍ജ്ജമാകുന്ന കവചത്തിനുള്ളില്‍ അള്ളിപിടിച്ചിരിയ്ക്കുന്ന ഒരു കുഴിമടിച്ചി കൂടിയാണീ ഞാനെന്നും സന്തോഷപൂര്‍വം അറിയിച്ചുകൊള്ളട്ടെ!
അതുകൊണ്ട്, പറഞ്ഞു വരുന്നത്, എണ്‍പത് വയസ്സിലും അമ്മമ്മയ്ക്ക് സ്വന്തം ജാകറ്റ്, മുകളിലെ ഇടനാഴിയിലെ അരണ്ട വെളിച്ചത്തില്‍, പുതച്ചു കിടക്കുന്ന, അടിയില്‍ കാലു കൊണ്ട് ചവിട്ടി "കട കട" യെന്ന് ശബ്ദിയ്ക്കുന്ന, ആ പഴയ 'മുത്തശ്ശി മെഷീനില്‍' തുന്നി ധരിയ്ക്കാന്‍ കഴിയുന്നുവെന്നത് ഏതെങ്കിലുമൊരു തരത്തിലുള്ള സമാധാനം തീര്‍ച്ചയായും നല്‍കുന്നുണ്ടാവണം.. അമ്മമ്മ കുട്ടിക്കാലത്ത് മാറിയുടുക്കാനില്ലാതെ ഒരു തോര്‍ത്തുമുണ്ടും ചുറ്റിയിട്ടാണത്രേ, പാടവും തോടും കടന്ന്, നാഴികകളൊളം നടന്ന് സ്കൂളില്‍ പോയിരുന്നത്. മാറിയുടുക്കാന്‍ എന്തോ ഒന്ന് അമ്മമ്മയ്ക്കന്ന് നല്‍കിയത് പഠിപ്പിച്ചിരുന്ന ഒരു മാഷാണത്രെ.. അമ്മ എപ്പൊഴൊക്കെയോ പറഞ്ഞുതന്ന ഒരു കഥയുടെ കഷ്ണം. ഇന്നും ഒരു തോടോ പാടമോ കണ്ടാല്‍ വാചാലയാവും അമ്മമ്മ, വീടിനു പിന്നിലെ തൊടി ഒരു ദൗര്‍ബല്യവും. മാങ്ങാക്കാലത്ത് മാങ്ങാകൂട്ടാനും, ചക്ക കാലത്ത് ചക്ക കൂട്ടാനും, ചക്ക ഉപ്പേരിയും, ചക്കക്കുരു ഒണ്ടുള്ള ഉപ്പേരിയും ഒക്കെ തന്നെ വേണമെന്ന നിര്‍ബന്ധമുണ്ട് അമ്മമ്മയ്ക്ക്. അമ്മമ്മ അങ്ങനെ കഷ്ടപ്പെട്ടാണ് പഠിച്ചത്, ഒരുപക്ഷെ പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പഠിയ്ക്കാനായ പെണ്‍കുട്ടിയും.. അമ്മമ്മ പഠിച്ചിരുന്ന കോണ്‍ വെന്റില്‍ തുന്നലും ഒരു വിഷയമായിരുന്നുവത്രെ. ആ പഠിച്ചത് ഇന്നും കൈവിടാതെ മക്കള്‍ക്കും, അവരുടെ മക്കള്‍ വരേയും എത്തെപ്പെട്ടിട്ടുണ്ടെന്നു പറയാം, ഒരു കഥ പറഞ്ഞു കൊടുക്കുന്ന പോലെ..
ഇനി അടുത്ത തലമുറയ്ക്കത് കൈമാറ്റം ചെയ്യേണ്ട കര്‍ത്തവ്യം ഞങ്ങളുടെ കൈകളില്‍ നിക്ഷിപ്തമായിരിയ്ക്കുന്നു!
അമ്മമ്മ തന്നെയാണ് അമ്മയ്ക്കും വല്ല്യമ്മമാര്‍ക്കുമൊക്കെ തുന്നാന്‍ പഠിപ്പിച്ചത്. അതുപോലെ അവരൊക്കെ അവരുടെ മക്കളേയും. അവധിക്കാലങ്ങളില്‍ അമ്മമ്മയുടെ അടുത്ത് താമസിയ്ക്കാന്‍ പോകുമ്പോള്‍ കൂടെ ഒരു തുണിയും പല വര്‍ണ്ണങ്ങളിലുള്ള നൂലുകളും സൂചിയും കയ്യില്‍ കരുതാറുണ്ടായിരുന്നു ഞങ്ങള്‍. അമ്മമ്മ ഞങ്ങള്‍ക്ക് പല തരത്തിലുള്ള സ്റ്റിച്ചുകള്‍ പറഞ്ഞു തരും, പൂക്കള്‍ വരച്ച് കൈകൊണ്ട് തുന്നും ഞങ്ങള്‍, ഇതെന്തിനു പഠിയ്ക്കുന്നു, അതിന്റെ ഗുണമെന്ത് എന്നൊന്നും അറിയാതെ. ചിട്ടയോടെ ദൈനംദിന കര്‍മ്മങ്ങള്‍ ചെയ്തുതീര്‍ക്കാനും ശീലിച്ചു. പിന്നെ ഞങ്ങള്‍ കഥകളി കണ്ടു, കച്ചേരികള്‍ കേട്ടു, പുസ്തകം വായിച്ചു. ഇത്ര പ്രായമായാല്‍, കുട്ടികള്‍ - അത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ - ഇന്നയിന്നതൊക്കെ ചെയ്തു 'പരിചയിച്ചോളണം' എന്ന ഒരലിഖിത നിയമത്തിന്റെ ഭാഗമായി ഞങ്ങളങ്ങനെ മറ്റു പലതിന്റേയുമൊപ്പം തുന്നാനും ശീലിച്ചു തുടങ്ങി, കുട്ടിക്കാലത്തു തന്നെ.
എന്നാല്‍ കുറച്ച് മുതിര്‍ന്നതിനു ശേഷം, അമ്മയോടൊപ്പം നില്‍ക്കുന്ന കാലത്ത് പണി പതിനെട്ടും നോക്കിയിട്ടുണ്ട് അമ്മ എന്നെ തുന്നല്‍ (ആ പ്രായത്തിനനുസരിച്ചുള്ള) പഠിപ്പിയ്ക്കാന്‍. അക്കാലത്ത്, തുന്നല്‍ എനിയ്ക്ക് പറഞ്ഞിട്ടുള്ളതല്ല എന്നൊരു മുന്‍ വിധിയോടെ, "എനിയ്ക്ക് അമ്മടത്ര ബുദ്ധിയില്ല, കണക്കില്‍ പണ്ടേ ഞാന്‍ വളരെ മോശാന്നറിയില്ലേ അമ്മയ്ക്ക്" എന്നൊരു ഭാവത്തിലായിരുന്നു അമ്മയുടെ മുന്‍പിലിരുന്നിരുന്നത്. തുണി എന്റെ മുന്‍പില്‍ നിവര്‍ത്തിയിട്ടാല്‍ അതിന്റെ നീളമേത്, വീതിയേത് എന്നുറപ്പിയ്ക്കുന്നതില്‍ പോലും ആശയകുഴപ്പത്തില്‍ പെട്ടു പോകുന്നവള്‍. പിന്നെ കാലിഞ്ചും മുക്കാലിഞ്ചും - ഈ കാലും മുക്കാലും - അതേറെ വിഷമിപ്പിയ്ക്കുന്ന അക്കങ്ങളായിരുന്നു അന്നെനിയ്ക്ക്. (ഇന്നും അക്കങ്ങള്‍ക്കിടയില്‍ "ബൈ" (3/4, 1/4) എന്ന ചിഹ്നം കണ്ടാല്‍ ഒന്ന് പരുങ്ങാറുണ്ട്!) കണക്കിനോടുള്ള ഒരു വിമുഖത അല്ലെങ്കില്‍ എങ്ങനെയോ ഉണ്ടായിത്തീര്‍ന്ന ഒരു അപകര്‍ഷതാബോധം തന്നെയായിരുന്നിരിയ്ക്കണം അന്നെന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്.
അതിനൊക്കെ പുറമെ, അന്ന് റെഡിമെയ്ഡ് വസ്ത്രങ്ങളോടൊരു താല്‍പര്യക്കൂടുതല്‍ ഉണ്ടായിരുന്നു താനും. കുട്ടിക്കാലത്ത് ഓണത്തിനും വിഷുവിനുമാണ് പ്രധാനമായും ഞങ്ങള്‍ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ ലഭിച്ചിരുന്നത്. അതും തുണി വാങ്ങി ഞങ്ങളുടെ അമ്മമാര്‍ തുന്നിത്തരുന്ന വസ്ത്രങ്ങള്‍. റെഡിമേയ്ഡ് വസ്ത്രം ധരിയ്ക്കുന്നത് അന്നൊക്കെ ദുര്‍ലഭം. അന്ന് വിദേശത്തായിരുന്ന വല്ല്യമ്മ പോലും രണ്ടു വര്‍ഷം കൂടുമ്പോള്‍, സില്‍ക്കിന്റെ തുണിയായിരുന്നു തന്നിരുന്നത്, അതിനുണ്ടാവാറുള്ള വാസനയും, തുണിയുടെ മിനുസവും ഇന്നുമോര്‍മ്മയില്‍ തങ്ങി കിടക്കുന്നു. അമ്മ, അതൊരു കുപ്പായത്തിന്റെ രൂപത്തിലേയ്ക്കാക്കും വരെ അക്ഷമരായി കാത്തിരിയ്ക്കാറുണ്ടായിരുന്നു. അതുപോലെ അമ്മമ്മയും ഓണപ്പുടവയായി തരാറുള്ളത് ഉടുപ്പിനുള്ള തുണിയായിരുന്നു, റെഡിമെയ്ഡ് വസ്ത്രങ്ങളായിരുന്നില്ല. 'തുന്നാന്‍ പഠിയ്ക്കട്ടെ' എന്ന ഉദ്ദേശ്ശം അതിലൊളിപ്പിച്ചുകൊണ്ട്. കുട്ടിക്കാലങ്ങളില്‍ അമ്മ ധരിപ്പിച്ചു തരുന്നതെന്തും പ്രിയമായിരുന്നു, എന്നാല്‍ വലുതാവുന്തോറും വിവരങ്ങള്‍ അറിഞ്ഞു തുടങ്ങി. കിട്ടാത്തതിനോട് താല്‍പര്യം കൂടുക എന്ന ഒരു (പൊതു)സ്വഭാവം എനിയ്ക്കുമുണ്ടായിത്തീര്‍ന്നിരുന്നു.
അക്കാലങ്ങളില്‍, അമ്മ തുന്നി തന്നിരുന്ന ഉടുപ്പുകള്‍ കഴിയുന്നതും ധരിയ്ക്കാതിരിയ്ക്കാന്‍ ഈയുള്ളവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു! അമ്മയോട്, റെഡിമേയ്ഡ് കുപ്പായമാണിഷ്ടം എന്ന് പറയാനൊട്ട് തോന്നിയിട്ടുമില്ല. ഇടയ്ക്ക് അമ്മയെ സന്തോഷിപ്പിയ്ക്കാനായി, അമ്മ തുന്നിയവ ധരിയ്ക്കുമ്പോള്‍ അതിന്റെ അനിഷ്ടം നന്നായി കാണിച്ചിട്ടുണ്ട് അമ്മയോട്, പലതവണ. എന്തായിരുന്നു അവയോടുണ്ടായിരുന്ന അനിഷ്ടമെന്നത് ഇന്നുമെനിയ്ക്ക് തീര്‍ച്ചപ്പെടുത്താനായിട്ടില്ല. ചിലപ്പോള്‍ തോന്നും, അങ്ങനെയൊരമ്മ ഉള്ളതുകൊണ്ടായിരുന്നെന്ന്.എന്നാലും എന്റെ ഇംഗിതം അമ്മയുമറിഞ്ഞിരുന്നു എന്നത് ഇപ്പോള്‍ 'ചില്‍ഡ്രന്‍സ് സൈകോളജി' പ്രാക്റ്റിക്കലായി പഠിച്ചുകൊണ്ടിരിയ്ക്കുന്ന എനിയ്ക്ക് മനസ്സിലാക്കാനാകുന്നുണ്ട്..
വീണ്ടും മുതിര്‍ന്നപ്പോള്‍, എങ്ങനേയോ ഞാനൊരു തികഞ്ഞ 'ആദര്‍ശവാദിയായി' മാറി. "സത്യം വദഃ, ധര്‍മ്മം ചരഃ" എന്നതില്‍ തുടങ്ങി, "പരോപകാരര്‍ത്ഥമിദം ശരീരം", "ലളിതമീ ജീവിതം" വരെയുള്ള ആദര്‍ശങ്ങള്‍.. മകളുടെ ആദര്‍ശശുദ്ധി കുറച്ച് കൂടിപോകുന്നില്ലേ.. എന്ന് അമ്മ തീര്‍ച്ചയായും സംശയിച്ചിട്ടുണ്ടാകും. കാരണം, ആദര്‍ശം മൂത്ത് അമ്മയുമായി വലിയ വലിയ 'വാഗ്വാദങ്ങളില്‍' ഏര്‍പ്പെടാറുണ്ടായിരുന്നു ഈ മകളക്കാലത്ത്... എന്നാലും, അമ്മയുടെ കൈകള്‍ തുന്നുന്ന വസ്ത്രങ്ങളുടെ ലാളിത്യവും, അവയിലെ അമ്മ തുന്നുന്ന ചെറിയ ചെറിയ ചിത്രങ്ങളുടെ ഭംഗിയും ആദര്‍ശം കണ്ണിലിട്ടു തന്നു. കോളേജിലെ കൂട്ടുകാരികളൊട് "ഇതമ്മ തുന്നിയതാണെന്ന് അഭിമാനപൂര്‍വം പറയാന്‍ പഠിച്ചു." അതുകൊണ്ട് അങ്ങനെ ചില ഗുണങ്ങള്‍ എനിയ്ക്കുമുണ്ടായി, അമ്മയ്ക്കുമുണ്ടായി എന്നതാണതിന്റെ ഒരു നഗ്ന സത്യം!
എന്നിട്ടും, അമ്മയുടെ ഈ മകള്‍ തുന്നാന്‍ പഠിയ്ക്കാതെ തന്നെ ഒരു മുഴുവന്‍ സമയ സംഗീതവിദ്യാര്‍ത്ഥിനിയായി വളര്‍ന്നാണ്, യു.എ.ഇ. യില്‍ എത്തിപ്പെട്ടത്.ഇവിടെ ജീവിതം തുടങ്ങുമ്പോള്‍, പല തരത്തിലുള്ള മിശ്രവികാരങ്ങളായിരുന്നു. സ്വാഭാവികമായുമുള്ള കടുത്ത 'ഹോംസിക്നെസ്സ്', ഒരുവിധം കഴിയാവുന്ന പാചകക്കുറിപ്പുകള്‍ എഴുതി നിറച്ച് അമ്മ തന്നിരുന്ന ഒരു കൊച്ചു പുസ്തകം കയ്യില്‍ പിടിച്ചുകൊണ്ട്, പാചകപരീക്ഷണങ്ങളുടെ കയ്പും മധുരവും നിറയുന്ന ദിനങ്ങള്‍, ഒരു വീട് 'വീടായിരിയ്ക്കണമെങ്കില്‍' എങ്ങനെയൊക്കെ തല കുത്തിമറിയണം എന്നറിഞ്ഞ കടുത്ത പരീക്ഷണങ്ങള്‍ അങ്ങനെ കുറേ.. പിന്നെ ഒരു ഭാര്യ, മരുമകള്‍, വന്നു കയറിയ പെണ്‍കുട്ടി, പിന്നെയൊരു അമ്മ തന്നെ, എന്നൊക്കെ തുല്യം വെച്ച് വീതിയ്ക്കുമ്പോള്‍, ഒരു 'മകള്‍' എന്ന ഭാഗത്തിനു കിട്ടുന്ന ലാഘവത്വം, ലാഘവത്തോടെ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍, അറിഞ്ഞു തുടങ്ങിയത്.. ഇവിടേയും ഒരു കഥയ്ക്കുള്ള വകുപ്പുണ്ട്.
എന്നാല്‍, പരീക്ഷകളില്‍ നിന്നും, കൃത്യനിഷ്ഠയോടെ, നിര്‍ബന്ധപൂര്‍വം ചെയ്തു തീര്‍ക്കേണ്ട മറ്റു പലതുകളില്‍ നിന്നുമുള്ള ഒരു മോചനമായി കുടുംബജീവിതം ആസ്വദിയ്ക്കപ്പെടണമെന്ന എന്റെ ഉല്‍ക്കടമായ ആഗ്രഹം കൊണ്ട്, അന്നെന്തും സഹിയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ വിവരമറിഞ്ഞു! അതിലും കഠിനമാണിതെന്ന് തോന്നി. പോരാത്തതിന് ഇവിടെ വിശാലമായി, ഉയര്‍ന്നു പ്രൗഢിയോടെ നില്‍ക്കുന്ന ഹൈപ്പര്‍ / സൂപര്‍/ മാര്‍ക്കറ്റുകള്‍, മാളുകള്‍ എല്ലാം യഥേഷ്ടമുണ്ടായിട്ടും, മിനുസമാര്‍ന്ന, കുണ്ടും കുഴിയുമില്ലാത്തെ, എതിരേ നിന്നും വാഹനങ്ങള്‍ വരാത്ത, റോഡുകളുണ്ടായിട്ടും, ഷോപ്പിംഗ് ഫെസ്റ്റിവല്‍ വര്‍ഷാവര്‍ഷം നടത്തപ്പെട്ടിട്ടും, എനിയ്ക്ക് സന്തോഷം തോന്നിയില്ല. ഷോപ്പിംഗിനു പേരു കേട്ട ഇവിടെ, അത് കേട്ടാലോടുന്ന അവസ്ഥ വരെ സംജാതമായി. പാര്‍ക്കുകളെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി. പതുക്കെ പതുക്കെ ഒരപൂര്‍ണ്ണത വിടവുകള്‍ സൃഷ്ടിച്ചു തുടങ്ങി. പരീക്ഷയ്ക്കല്ലാതെ, ശ്രുതി ബോക്സെടുത്ത് ഞാനെനിയ്ക്കു വേണ്ടി സാധകം ചെയ്യാന്‍ തുടങ്ങി. ചിത്രം വരയ്ക്കാന്‍ തുടങ്ങി. ഒരു ലൈബ്രറിയെ തിരഞ്ഞു നടന്നു തുടങ്ങി. എഴുതാന്‍ തുടങ്ങി. ചെടികളേയും പക്ഷികളേയും സ്നേഹിയ്ക്കാന്‍ തുടങ്ങി.. വീട്ടില്‍ തുന്നാനൊരു മെഷീന്‍ ഇല്ലായെന്ന് ആദ്യമായി കണ്ടുപിടിച്ചു.
പണ്ട് വിവരമുള്ളവര്‍ ഇട്ട് തന്ന, ഉള്ളിലുറഞ്ഞു പോയ കുറേ പഴങ്കഥകളെ ഉരുക്കിയെടുത്തു, ഞാനെനിയ്ക്കു വേണ്ടി.. വിടവുകള്‍ നികത്താന്‍ ശ്രമിച്ചു തുടങ്ങി.. എന്നിലെ ഞാന്‍ മാറിതുടങ്ങി..
കുറച്ചു കാലം മുന്‍പു വരെ, "അമ്മ വെട്ടി (തുണി) തന്നാല്‍ തുന്നാം" എന്നൊരു പരുവത്തിലായിരുന്നു. ഇപ്പോള്‍, സ്വമനസ്സാലെ തുന്നാന്‍ തുടങ്ങുന്നു.. പണ്ട് അമ്മ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത്, പഴയ ഒരു തുണിയെടുത്ത് അമ്മൂനൊരു ഉടുപ്പ് തുന്നാന്‍ വിറയ്ക്കുന്ന കൈകളോടെ ആദ്യമായി ഒരെലക്ട്രോണിക് മെഷീനില്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് തുണി വെട്ടി, തുന്നി!. അമ്മു അത് ധരിച്ചപ്പോള്‍ എനിയ്ക്കുണ്ടായ സന്തോഷത്തിനും സംതൃപ്തിയ്ക്കും ഒരു കുറവും ഉണ്ടായില്ല!. ഇനിയുമിനിയും ധാരാളം സ്വന്തം കൈകള്‍ കൊണ്ട് അമ്മൂന് കുപ്പായം തുന്നണമെന്ന മോഹം തോന്നുകയുമുണ്ടായി. അമ്മ തുന്നിയ ഉടുപ്പിടാന്‍ അവള്‍ക്കും "പെര്‌ത്ത് സന്തോസാര്‌ന്ന് ട്ടാ"!!! ,,,,,,,,,,,,,,,,,,,
ഈ കഥ ഇവിടെ കോമയോടു കൂടി അവസാനിപ്പിയ്ക്കേണ്ടി വരുന്നു .. കഥയ്ക്കിനിയും തുടരേണ്ടതുണ്ട്..

Sunday, July 29, 2007
കര്‍ക്കിടകവും കുട്ടിക്കുപ്പായവും.
കര്‍ക്കിടകം നാട്ടില്‍ തകര്‍ത്തു പെയ്യുമ്പോള്‍, ഇവിടെ ഓരോ വര്‍ഷവും കൂടുക എന്നല്ലാതെ കുറയാന്‍ ഒട്ടും ഭാവമില്ലാതെ വേനല്‍ ചൂട് കത്തി ജ്വലിയ്ക്കുകയാണ്. കര്‍ക്കിടത്തിലെ ചൂട്..
ഒരു സുഖമുള്ള കുളിര്‍മ മനസ്സിലേയ്ക്ക് പകര്‍ന്നു തരുന്ന കര്‍ക്കിടത്തെ കുറിച്ച് പണ്ട് ധാരാളമായി കേട്ടിരുന്നതാണ് 'കര്‍ക്കിടക മാസം പഞ്ഞ മാസം' എന്നത്. പെരുമഴയില്‍ നനഞ്ഞ് കുളിച്ച് ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്, അല്ലെങ്കില്‍ പറഞ്ഞിരുന്നത്. അതുമല്ലെങ്കില്‍ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവര്‍ണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുന്‍പേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരിയ്ക്കാം.. ഏതായാലും മഴയുടെ വരവറിയിയ്ക്കുന്ന ഒരിരുണ്ട മുഖമാണ് കര്‍ക്കിടകം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ് പെട്ടെന്ന് കൊടുക്കാറുള്ള ഒരു ചിത്രം.
അങ്ങനെ, ഇപ്പോള്‍ കര്‍ക്കടകത്തിന്റെ മഴയെ പറ്റി കേള്‍ക്കുമ്പോഴും വായിയ്ക്കുമ്പോഴും, മനസ്സിലെവിടെയൊക്കെയൊ കുട്ടിക്കാലങ്ങളിലെ കര്‍ക്കടകത്തിന്റെ നനവ്.. ഓര്‍മ്മകളില്‍ കര്‍ക്കിടത്തിന്റെ മറന്നു പോകാത്ത ചിലയേടുകളും..
കര്‍ക്കിടകം എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത് കര്‍ക്കിടക സംക്രാന്തി തന്നെ. ചേട്ടയെ കളഞ്ഞ്, ശ്രീയെ അകത്തേയ്ക്കു കൊണ്ടുവരല്‍. വീടിന്റെ ഓരോ മുക്കും മൂലയും അടിച്ചു തുടച്ച്, പ്രത്യേകിച്ചും അന്ന്, അടുക്കളയ്ക്ക് തൊട്ടടുത്തു തന്നെ കണ്ടു വരാറുള്ള, ധാരാളം സാധനങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാനുപയോഗിയ്ക്കുന്ന 'കലവറ'യും മുഴുവനായി ഒഴിച്ച് അടിച്ചു തുടയ്ക്കുന്നത് വലിയ പ്രാധാന്യത്തോടെ ചെയ്തിരുന്നത് ഓര്‍ക്കുന്നു. അതുപൊലെ ജനാല ക്കമ്പികളിലും മറ്റുമുള്ള പൊടിയും, (അതു ഞങ്ങള്‍ കുട്ടികള്‍ക്കുള്ള ജോലിയായിരുന്നു.) മുകളില്‍ തൂങ്ങി കിടക്കുന്ന മാറാലയും മറ്റു അഴുക്കും കളഞ്ഞ്, അടിമുടി വൃത്തിയാക്കിയെടുത്ത് വീടിന്റെ ഐശ്വര്യം വീണ്ടെടുക്കല്‍ തന്നെയായിരിയ്ക്കണം അതിന്റെ ഉദ്ദേശ്ശവും. സത്യത്തില്‍, ഇപ്പോള്‍ ഗൃഹപരിപാലനം കൂടി തുടങ്ങിയപ്പോള്‍, വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഇത്തരം വിപുലമായ ഒരു അടിച്ചു തുടയ്ക്കല്‍ പരിപാടിയുണ്ടാവുന്നത് വളരെ നല്ല കാര്യമായി തന്നെ തോന്നുന്നു.
അങ്ങനെ ചേട്ടയെ കളഞ്ഞ്, ശ്രീ ഭഗവതിയെ കുടിയിരുത്തിയതിനു ശേഷം കുളിച്ച് ദശപുഷ്പങ്ങള്‍ ചൂടുക എന്നൊരു പതിവുണ്ടായിരുന്നു. അതിപ്പോഴും നാട്ടില്‍ ഗ്രാമപ്രദേശങ്ങളിലെങ്കിലും പതിവുണ്ടാവണം. പേരില്‍ പുഷ്പങ്ങള്‍ എന്നുണ്ടെങ്കിലും അതിലുള്ളതധികവും ഇലകള്‍ തന്നെയാണ്. പൂവാന്‍ കുറുന്നില, മുയല്‍ച്ചെവി (മോക്ഷമി), കറുക, നിലപ്പന, കയ്യൊന്നി, വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി ഇത്രയുമായാല്‍ ദശപുഷ്പങ്ങളായി. മഴക്കാലത്ത് ഇവ തലയില്‍ ചൂടുന്ന ശീലം ഉണ്ടായത്, ഇവയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഔഷധ ഗുണം കണ്ടു കൊണ്ടു തന്നെയാവണം. (തലമുടിയില്‍, പ്രത്യേകിച്ച് അന്നത്തെ സ്ത്രീകളുടെ മുട്ടറ്റം നീണ്ടു കിടക്കുന്ന 'കാര്‍ക്കൂന്തലില്‍', എപ്പോഴും ഈര്‍പ്പം കെട്ടിനില്‍ക്കാന്‍ സാദ്ധ്യത കൂടുതലുള്ള ഒരു സമയം കൂടിയാണല്ലൊ ഈ മഴക്കാലം.) എന്തായാലും വരും കാലങ്ങളിലും ഇതൊക്കെ തുടര്‍ന്ന് ലഭ്യമാക്കുവാന്‍ ധാരാളം പുല്ലും ചെടികളും ഒക്കെ നാട്ടിലെ തൊടികളിലും പാടവരമ്പത്തും ഇടവഴികളിലും ഒക്കെയായി എന്നെന്നേയ്ക്കുമായി അവശേഷിയ്ക്കട്ടെ!
കര്‍ക്കിടക മാസത്തില്‍ ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങളില്‍ കൃത്യമായി അമ്പലത്തില്‍ പോയി തൊഴുതിരുന്ന ഒരോര്‍മ്മയുണ്ട്. മിയ്ക്ക ദിവസങ്ങളിലും മഴയുമുണ്ടാവും കൂട്ടിന്.. അന്ന് മഴയോട് ഒരിത്തിരി പരിഭവവും, ദേഷ്യവും ഒക്കെ തോന്നിയിരുന്ന കാലം.. എന്തിനീ വഴിയിലൊക്കെ വെള്ളച്ചാലുകള്‍ ഉണ്ടാക്കുന്നു? - കുപ്പായത്തിന്റെ അടി ഭാഗത്ത് ചെളി വെള്ളം പതിപ്പിയ്ക്കുന്ന അടയാളങ്ങള്‍ തീര്‍ക്കാനോ? പെരാങ്ങോട് അമ്പലത്തില്‍ തൊഴുത് വര്‍ണാഷി അമ്പലത്തിലേയ്ക്ക് (വടുകനാംകുറുശ്ശി അമ്പലം - അവിടെ മുടങ്ങാതെ എണ്ണ വെച്ചിരുന്നു ആ പന്ത്രണ്ടു ദിവസവും.) പാടത്തു കൂടി നടക്കുമ്പോള്‍ വഴുക്കലിനെ പേടിച്ച് നടക്കണ്ടേ? അതുകഴിഞ്ഞ്, സ്കൂളിലേയ്ക്ക് മുതുകത്ത് ബാഗും തൂക്കി നടക്കുമ്പോള്‍, കുടയില്‍ നിന്നും വെള്ളം ഇറ്റ് വീണ് ബാഗിലെ വിടവുകളിലൂടെ പുസ്തകങ്ങള്‍ (അതും അടുത്ത വീട്ടില്‍ നിന്നും ഒരു ക്ലാസ്സ് മീതെ പഠിയ്ക്കുന്ന ദീപയുടെ കയ്യില്‍ നിന്നും വാങ്ങിയ പഴയ പുസ്തകങ്ങള്‍) മുഴുവനും നനയില്ലേ? സ്കൂള്‍ വിട്ട് മാധവമ്മാമന്റെയടുത്തെ റ്റ്യൂഷനും കഴിഞ്ഞ് വീട്ടിലേയ്ക്ക് നടകുമ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞ് ഇരുട്ടാവില്ലെ വേഗം? അതൊക്കെ പോട്ടെ, തണുപ്പത്ത് രാവിലെ എണീറ്റ് എങ്ങനെ കുളിയ്ക്കും? അങ്ങനെ മഴയുണ്ടെങ്കിലത്തെ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല...
എന്നാലും, ദിവസവും രാവിലെ അമ്പലത്തില്‍ പോയി തൊഴല്‍ ഒരു കാരണവശാലും മുടക്കിയിരുന്നില്ല.
പിന്നെ, മുടങ്ങാതെ എല്ലാവരും ചെയ്തിരുന്ന മറ്റൊരു കാര്യമായിരുന്നു രാമായണം വായന. ശരിയ്ക്കും ഉച്ചയ്ക്കു വായിയ്ക്കണമത്രേ.. എന്നാലെ ശ്രീരാമന്‍ കേള്‍ക്കൂ, മറ്റേ സമയത്തൊക്കെ രാമന്‍ ഹനൂമാന്റെ അടുത്താവും, അപ്പോള്‍ നമ്മള്‍ വായിയ്ക്കുന്നത് കേള്‍ക്കില്ല. പക്ഷെ എന്തു ചെയ്യാം, ശനീം ഞായറും മാത്രമേ ഉച്ചയ്ക്ക് വായിയ്ക്കാന്‍ പറ്റുകയുള്ളൂ..എന്നാല്‍, സത്യത്തില്‍ രാവിലെ വായിച്ചാലും, ഉച്ചയ്ക്കു വായിച്ചാലും, ശ്രീരാമന്‍ കേള്‍ക്കണമെന്ന ഉദ്ദേശ്ശത്തിനേക്കാള്‍ കൂടുതല്‍ കര്‍ക്കിടകം കഴിയുമ്പോഴേയ്ക്കും രാമായണം മുഴുവനും എങ്ങനെയെങ്കിലും, കുറഞ്ഞത് ഒരാവര്‍ത്തിയെങ്കിലും വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടായിരുന്നു കൂടുതല്‍.. ആദ്യം വായിച്ചുതീര്‍ത്തതിനുള്ള 'ക്രെഡിറ്റ്' സ്വന്തമാക്കാനുള്ള വെപ്രാളം വെറെയും.. അതൊരു മാരത്തോണ്‍ വായന തന്നെയായിരുന്നു ശരിയ്ക്കും.
പിന്നത്തെ കര്‍ക്കടകത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു മൈ ലാഞ്ചി ഇടല്‍. കര്‍ക്കിടക മാസത്തിലിട്ടാല്‍ കൂടുതല്‍ ചുവക്കുമത്രേ, പിന്നെ മൂത്ത കയ്യാണെങ്കില്‍ കൂടുതല്‍ ചുവക്കും, ഇളം കയ്യില്‍ ഒരോറഞ്ചു നിറമേ വരൂ.. അങ്ങനേയും ചില പക്ഷപാതപരമായ നീക്കങ്ങള്‍ ഉണ്ടായിരുന്നു അന്നത്തെ മൈലാഞ്ചിയ്ക്ക്. മരത്തില്‍ നിന്നും ഇലകള്‍ പൊട്ടിച്ച് അമ്മിയില്‍ നല്ല മിനുസമായി അരച്ചെടുത്തിടുന്ന മൈലാഞ്ചിയ്ക്കും ഔഷധ ഗുണമുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്. മഴക്കാലത്ത് ഉണ്ടായേക്കാവുന്ന ത്വക് രോഗങ്ങള്‍ക്കും, ചൊറിയ്ക്കും മറ്റും ഫലപ്രദമാണെന്നതു കൊണ്ടായിരിയ്ക്കാം ഒരുപക്ഷെ, കര്‍ക്കിടക മാസത്തില്‍ മൈലാഞ്ചിയിടല്‍ എന്നൊരു കര്‍മ്മം ഉണ്ടായത്. അതുകൊണ്ടു തന്നയാവാം, അന്നൊക്കെ ഡിസൈനില്‍ ഇടലും കുറവായിരുന്നു. കൈ മുഴുവനും ഇട്ട് നിറച്ച് അതു വീണ്ടും മടക്കി, കൈയ്യിന്റെ പുറം ഭാഗത്തു കൂടി ഇട്ട് രാത്രി കിടന്നുറങ്ങലായിരുന്നു പതിവ്. (കാലുകളിലും ഇട്ടിരുന്നു.) പിറ്റെ ദിവസമാവുമ്പോഴേയ്ക്കും കൈ മുഴുവനും ചുവന്നിട്ടുണ്ടാകും. കൂടെ കിടന്ന വിരിയിലും, അത്യാവശ്യം മുഖത്തും, ചുകന്ന പാടുകളായി മൈലാഞ്ചിയുടെ വക ഒരു 'ബോണസ്' ചുകപ്പിയ്ക്കലും കൂടിയായാല്‍ എല്ലാം പരിപൂര്‍ണ്ണം!. ആരുടെ കയ്യാണ് കൂടുതല്‍ ചുകന്നതെന്ന് നോക്കലാണ് അടുത്ത പരിപാടി. അതെന്തായാലും, ചുകന്ന കൈ മണത്തു മണത്തു രസിയ്ക്കും, പിന്നെ ഓരോ തവണ വെള്ളം തട്ടുമ്പോഴും കൂടുതല്‍ ചുകക്കുന്നുണ്ടെന്ന് തോന്നും, സ്കൂളില്‍ കൂട്ടുകാര്‍ക്കും കയ്യിലെ ചുകപ്പിന്റെ കടുപ്പം കാണിയ്ക്കാനുള്ള ധൃതിയാണ് പിന്നെ..
എല്ലാ വര്‍ഷവും നിശ്ചയമായും ചെയ്തു വന്നിരുന്ന ഇത്തരം കര്‍മ്മപരിപാടികള്‍ക്കു പുറമെ, കര്‍ക്കിടകത്തെ കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മയിലേയ്ക്കോടി വരാറുള്ള മറ്റൊന്നു കൂടിയുണ്ട്.. ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ കഥ.
പെരാങ്ങോട് (പെരുമാങ്ങോട്) എന്ന് പഴയ കാലത്ത് അറിയപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമം. അവിടത്തെ പ്രധാനപ്പെട്ട ഒരു സൊസൈറ്റി കെട്ടിടത്തിനടുത്ത് താമരയുടെ ആകൃതിയില്‍ കമ്പികളെ വളച്ച് വെച്ചുണ്ടാക്കിയെടുത്ത സാമാന്യം വലുപ്പമുള്ള ഒരു ഗെയ്റ്റും, അതിനുള്ളിലെ നീളത്തിലുള്ള ഒരു വീടും.
മൂന്നു പെണ്‍കുട്ടികള്‍ ഉള്ള ആ വീട്ടിലേയ്ക്ക് നാലാമതായി വേറൊരു പെണ്‍കുട്ടിയും ഒരു ദിവസം വന്നു ചേര്‍ന്നു, അഞ്ചാം ക്ലാസ്സ് മുതലുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനായി.. സന്തോഷത്തോടെ, ഉത്സാഹത്തോടെ തന്റെ വല്ല്യമ്മയുടേയും, ആ മൂന്നു സഹോദരിമാരുടേയുമൊപ്പം താമസിച്ചു പഠിയ്ക്കുവാന്‍.. ആ വീട്ടില്‍, കൊച്ചു ഗ്രാമത്തില്‍, അവിടത്തെ എല്ലാ ആചാരങ്ങളും ചിട്ടകളും പാലിച്ചു കൊണ്ട് അവര്‍ക്കൊപ്പം പാടിയും, ആടിയും, കളിച്ചും, ഇണങ്ങിയും, പിണങ്ങിയും ആ പെണ്‍കുട്ടിയും പഠിച്ചു, കളിച്ചു വളര്‍ന്നു.
പിരിഞ്ഞു നില്‍ക്കുന്ന അച്ഛനമ്മമാരേയോ, കുഞ്ഞനിയന്മാരേയോ ഓര്‍ത്ത് അധിക തോതിലുള്ള വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ആ പെണ്‍കുട്ടി, പക്ഷെ തന്റെ അമ്മയുടെ വരവിനായി സന്തോഷത്തോടെ, പ്രതീക്ഷയോടെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമുണ്ടായിരുന്നു, അതും കര്‍ക്കിടക മാസത്തിലെ ഒരു ദിവസം തന്നെ.. ആ കാത്തിരുപ്പിന്റെ സുഖം ആരോടും പങ്കുവെയ്ക്കാതെ, ഉള്ളില്‍ സൂക്ഷിച്ചു വെയ്കുവാനായിരുന്നു അവളിഷ്ടപ്പെട്ടിരുന്നത്.
അന്നാ ദിവസമായിരുന്നു... സ്കൂളില്‍ നിന്നും ഉച്ചയ്ക്ക് ഊണു കഴിയ്ക്കാന്‍ വന്നപ്പോഴേ അമ്മയുടെ ചെരുപ്പും കുടയും പുറത്തിരിയ്ക്കുന്നതു കണ്ടിരുന്നു, അവളോടി അകത്തു കയറി. പ്രതീക്ഷകളൊന്നും തെറ്റിയ്ക്കാതെ, സന്തോഷം ഇരട്ടിയാക്കി കൊണ്ട്, അമ്മ ബാഗില്‍ നിന്നും ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഒരു കുപ്പായം പുറത്തെടുക്കുന്നത് അവള്‍ കണ്ടു. മുന്നില്‍ "ഹണീകോമ്പ്" എന്നോ മറ്റോ പേരുള്ള ഒരു എംബ്രോയ്ടറി ചെയ്ത്, അമ്മ തന്നെ തുന്നിയ ഒരു കുപ്പായം.
അമ്മ അതീടിപ്പിച്ചു നോക്കി. കൈ പൊക്കാന്‍ പറഞ്ഞു, പിന്നോക്കം തിരിയാന്‍ പറഞ്ഞു, അങ്ങനെ എല്ലാം പാകമല്ലേ എന്നുറപ്പു വരുത്തി അമ്മയും വല്ല്യമ്മയും കൂടി."വണ്ണമൊക്കെ പാകമായി...". അമ്മ അവളെ തിരിച്ചു നിര്‍ത്തി അതിന്റെ രണ്ടു ഭാഗത്തുമുള്ള വള്ളികള്‍ പിന്നില്‍ കെട്ടി വെച്ചു. അമ്മയുടെ മുഖത്ത് സംതൃപ്തിയുടെ തിളക്കം.
അവള്‍ക്കത് ഊരി വെയ്ക്കാന്‍ ഒട്ടും മനസ്സു വന്നില്ല. ഓണം, വിഷു, പിന്നെ അവളുടെ പിറന്നാള്‍ - അങ്ങനെ പ്രത്യേക വേളകളില്‍ അമ്മ ഉടുപ്പു തുന്നാറുണ്ട്, എന്നാലും പിറന്നാളിന്റെയന്നു തന്നെ അമ്മ വന്ന് ഇടീപ്പിച്ചു കൊടുത്ത ആ കുപ്പായത്തിന്റെ പുതുമണവും, നിറവും എല്ലാം അവള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ദിവസവും അതിടാന്‍ കഴിഞ്ഞിരുന്നെങ്കിലെത്ര നന്നായിരുന്നുവെന്നവള്‍ കൊതിച്ചു.. "ദിവസവും പിറന്നാളായിരുന്നെങ്കിലോ.." അതിലും രസമായിരുന്നേനെ എന്നുമവള്‍ വെറുതെ ഓര്‍ത്തു. എന്നാലും ഭദ്രമായി മടക്കി അലമാറിയില്‍ എടുത്തു വെച്ചു. അമ്മ തിരിച്ചു പോയതിനു ശേഷം അവളതെടുത്തു മണത്തുകൊണ്ടിരുന്നു, ആ ഭാഗത്തു കൂടി പോകുമ്പൊഴൊക്കെ... ഒളിഞ്ഞു നിന്ന്.. ചിലപ്പോള്‍ പുതുമണത്തോടൊപ്പം അതില്‍ നിന്നും അവളുടെ മൂക്ക് അപ്പോളറിയാതെ പിടിച്ചെടുത്തിരുന്നത് അടുത്തു വരുമ്പോഴുണ്ടാകാറുള്ള അമ്മയുടെ ആ പ്രത്യേക വാസനയും കൂടിയായിരുന്നിരിയ്ക്കാം..!!
കഴിഞ്ഞ ആഴ്ചയിലൊരു ദിവസം, പതിവു നടത്തം കഴിഞ്ഞ് അകത്തു കയറിയപ്പോള്‍ ആദ്യം ചെയ്തത് ഫോണിലെ clip - ല്‍ തപ്പി നോക്കലായിരുന്നു. അമ്മ വിളിച്ചിട്ടുണ്ടോ എന്ന്..
അമ്മയുടെ നമ്പര്‍ വന്നു കിടക്കുന്നു. അപ്പോഴേയ്ക്കും, കണ്ണും തിരുമ്മി വരുന്നു അമ്മൂന്റച്ഛന്‍- '" അമ്മ ദാ വിളിച്ചു വെച്ചതേയുള്ളു.'" എന്നും പറഞ്ഞു കൊണ്ട്...
പരീക്ഷയ്ക്ക് ചോദ്യക്കടലാസ് കയ്യില്‍ കിട്ടും പോലെ ഫോണ്‍ ബില്ലിന്റെ കവര്‍ കയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടാകാറുള്ള വിറയല്‍, മാനസിക പിരിമുറുക്കം, "അയ്യോ, ഒന്നുകൂട്ടി പഠിയ്ക്കായിരുന്നു.." എന്നു ചോദ്യം കാണുമ്പോള്‍ മാത്രം ബോധം വരാറുള്ളതു പോലെ, ബില്ല് കാണുമ്പോള്‍ മാത്രം, "അയ്യോ, ഇത്രയധികം വിളിയ്ക്കണ്ടായിരുന്നു.." എന്നു തോന്നുന്ന നിരാശ, കുറ്റബോധം തുടങ്ങിയ മാനസികാഘാതങ്ങളെ പേടിച്ച് ഇനി മുതല്‍ക്ക് വിളി നാട്ടില്‍ നിന്നും ഇങ്ങോട്ടാക്കാന്‍ അമ്മയെ ഏല്‍പ്പിച്ചു. മാത്രമല്ല വെപ്രാളം കൂടാതെ സമാധാനത്തോടെ രണ്ടു വാക്കു സംസാരിയ്ക്കാം എന്നൊരു ഗുണവും.. ഏതായാലും, അമ്മയുടെ നമ്പര്‍ കണ്ടപ്പോള്‍ തല്‍ക്കാലം, മാനസികാഘാതങ്ങളെ മറന്ന്, വേഗം തിരിച്ചു വിളിച്ചു.
"അമ്പലങ്ങളിലൊക്കെ പോയി, എല്ലായിടത്തും വഴിപാടു കഴിച്ചു, നല്ല മഴ തന്നെ.. പുറത്തേയ്ക്കിറങ്ങാറില്ല... കുറഞ്ഞൂന്ന് തോന്നും, പിന്നേം കൂടും, മഴ തന്നെയാണ്, ഒപ്പം അസുഖങ്ങളും.."
"പിറന്നാളായിട്ട് അമ്പലത്തില്‍ പോവാന്‍ പറ്റിയില്ലെങ്കിലും, വിളക്കു കൊളുത്തണം, ഊണു കഴിയ്ക്കുമ്പോള്‍ ഗണപതിയ്ക്കു വെയ്ക്കണം.. അതൊന്നും എവിടെയായാലും മുടക്കണ്ട.. അധികം വട്ടങ്ങളൊന്നൂല്ല്യെങ്കിലും സാരല്ല്യ, ഒരിഞ്ചി തൈരുണ്ടായാല്‍ മതി, ന്നാല്‍ ആയിരം കറിയായി ന്നാണ് പറയാ, പിന്നെ പപ്പടോം കാച്ചിയാല്‍ പെറന്നാള്‍ വട്ടങ്ങളൊക്കെയായി.." അങ്ങനെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിച്ചു കൊണ്ട് അമ്മയുടെ സംസാരം നീണ്ടു നീണ്ടു പോയി.
ഫോണ്‍ വെച്ചു കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏഴു മണി. ഒട്ടും സമയം കളയാതെ അടുക്കളയിലേയ്ക്ക് ഓടി കയറുന്നതിനിടയില്‍ മനസ്സില്‍ അറിയാതെ വരച്ചു തുടങ്ങിയ നാട്ടിലെ കര്‍ക്കിടകത്തിന്റെ ഇരുണ്ട മുഖത്തോടൊപ്പം തെളിഞ്ഞു വന്നത് ചുവപ്പും കറുപ്പും ഇടകലര്‍ന്ന, ഒളിഞ്ഞു നിന്ന് ഒരിയ്ക്കല്‍ എന്തൊക്കെയോ മണത്താസ്വദിച്ചിരുന്ന ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ ചിത്രവും കൂടിയായിരുന്നു..
വിവരങ്ങള്‍ക്കു കടപ്പാട് : എന്റെ അമ്മ, വല്ല്യമ്മ.

Labels:
ഓര്‍മ്മകള്‍,
കര്‍ക്കിടകം.,
കുട്ടിക്കാലം,
കുറിപ്പുകള്‍
Subscribe to:
Posts (Atom)