Saturday, April 28, 2007

ഒരവധിക്കാലം കൂടി...

തിരിഞ്ഞു നോക്കുമ്പോള്‍, കുറേ ദൂരം പിന്നിട്ടു വന്നിരിയ്ക്കുന്നു.. അങ്ങകലെയായി, ശബ്ദകോലാഹലങ്ങളും, ഉറക്കെയുള്ള ചിരികളും സന്തോഷത്തിന്റെ അലയടികളായി, പിന്നെ, സ്നേഹിയ്ക്കുന്നതിന്റേയും, സ്നേഹിയ്ക്കപ്പെടുന്നതിന്റേയും മധുരമുള്ള തേന്‍ കണങ്ങളായി, വീണ്ടുമത്‌ സൗഹാര്‍ദ്ദങ്ങളും, ബന്ധങ്ങളും പുതുക്കി, പങ്കുവെയ്ക്കലുകളുടെ മലര്‍മണമായി, അവസാനം യാത്ര പറയലുകളുടെ വിതുമ്പലുകളായി, നേര്‍ത്ത്‌ നേര്‍ത്ത്‌, ഒന്നുമില്ലാതെയായി തീരുന്നു.. മതിവരാത്ത സാമീപ്യങ്ങളുടെ ചൂട്‌ ആറി തണുത്തു കഴിഞ്ഞു, ദൂരേയ്ക്കു മറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ കാതോര്‍ക്കുമ്പോള്‍ ശൂന്യതയുടെ മുഴങ്ങുന്ന നിശ്ശബ്ദതയാണ്‌... എന്നാല്‍, ആ ശബ്ദകോലാഹലങ്ങള്‍ മാത്രം, ഏതൊ ബാക്കിപത്രങ്ങള്‍ കണക്കെ, ആ നിശ്ശബ്ദതയുടെ ഒച്ചയായി, ഒരാരവം പോലെ കാതിലലയ്ക്കുന്നു...

മനസ്സിലേയ്ക്കു കയറി വരുന്ന, ആ ആരവത്തിന്റെ ബാക്കികളെ ഒന്നു കുത്തിക്കുറിച്ചിടട്ടെ..

പതിവില്‍ നിന്നും വ്യത്യസ്തമായി, ഇപ്രാവശ്യം, വേനലവധിയ്ക്കു കാത്തു നില്‍ക്കാതെ, പെട്ടെന്നൊരു മാസത്തേയ്ക്കായി നാട്ടിലേയ്ക്കൊന്നു പോയി വരുവാനുള്ള ഞങ്ങളുടെ തീരുമാനത്തിനു കാരണങ്ങള്‍ പലതുമുണ്ടായിരുന്നു. എന്നാലും, ഒരു കാര്യം മാത്രം പതിവ്‌ തെറ്റിയ്ക്കാതെ, മുറ പോലെ നടന്നു കാണുവാനുള്ള ഭാഗ്യം ഞങ്ങള്‍ക്കു ലഭിച്ചു... വേറെയൊന്നുമല്ല- എല്ലാ വര്‍ഷത്തേയും പോലെ ഇപ്രാവശ്യവും തലേ ദിവസം വരെ, എന്റെ കണവന്റെ "ലീവ്‌ അനുവദിച്ചു കിട്ടല്‍" എന്ന ഒരു മഹാ സംഭവം അനിശ്ചിതാവസ്ഥയില്‍ തന്നെ കിടന്ന് കാണാനുള്ള ആ "മഹാഭാഗ്യം".. വന്ന് വന്ന്, തലേ ദിവസം എന്തെങ്കിലും കാരണം പറഞ്ഞുകൊണ്ട്‌ ഒന്നു നെട്ടോട്ടമോടിയാലെ സമാധാനമായി നാട്ടിലേയ്ക്കു പോകാനാവൂ എന്ന ഒരു നിലയിലായിട്ടുണ്ട്‌ ഇപ്പോള്‍. അങ്ങിനെ, അമ്മയുടേയും അച്ഛന്റേയും, പ്രാര്‍ത്ഥനകളും വഴിപാടുകളും കൊണ്ടോ, അല്ലെങ്കില്‍ ബോസ്സിനു അവസാന നിമിഷത്തില്‍ മനസ്സലിഞ്ഞതു കൊണ്ടോ, "ഇരുപത്തിമൂന്നാമത്തെ മണിക്കൂറില്‍" എല്ലാം ശരിയാക്കി, നിമിഷങ്ങളേയും, മിനുട്ടുകളേയും കയ്യില്‍ പിടിച്ചു കൊണ്ട്‌ ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക്‌ കുതിച്ചു കയറി. തിരുവനന്തപുരം വഴി വളഞ്ഞ്‌, ഞങ്ങളുടെ ക്ഷമ മുഴുവനും പരീക്ഷിച്ച്‌, നീണ്ട ഒരാറ്‌ മണിക്കൂറിന്റെ യാത്രയ്ക്കൊടുവില്‍, "ഹാവൂ ! ഒരു വിധത്തില്‍ എത്തികിട്ടി.. !" എന്ന ഒരു നെടുവീര്‍പ്പോടെ, ഞങ്ങള്‍ നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങി; ഭാരങ്ങളെല്ലാം ഒന്നിറക്കി വെച്ച പ്രതീതിയായിരുന്നു മനസ്സിലപ്പോള്‍..

നാട്ടിലേയ്ക്കു പോകാനുള്ള സമയമടുക്കുമ്പോള്‍, എല്ലാ പ്രാവശ്യവും, ഞങ്ങളോരോരുത്തരും മനസ്സില്‍ നിറയെ ആശകളും, മോഹങ്ങളും ഒക്കെ നെയ്തുകൂട്ടാറുണ്ട്‌. ഇപ്രാവശ്യവും, ലീവ്‌ കുറഞ്ഞാലും, അതിനു കുറവൊന്നും വരുത്തിയില്ല.
ഞങ്ങളുടെ അമ്മുവിനുമുണ്ടായിരുന്നു നിറയെ കുഞ്ഞു മോഹങ്ങള്‍ ..."ചെറിയച്ഛന്റെ മകള്‍ മീനാക്ഷിയുടെ ഒപ്പം ഇഷ്ടം പോലെ കളിയ്ക്കണം, കുളത്തില്‍ നീന്തണം, അച്ഛമ്മയുടെ കയ്യില്‍ നിന്നും നിറച്ച്‌ വെണ്ണ വാങ്ങി കഴിയ്ക്കണം, അച്ഛന്റെ വീട്ടിലെ നന്ദിനി പശുവിനേയും കുട്ടി കിടാവിനേയും കണ്‍കുളിര്‍ക്കെ കാണണം, അവിടത്തെ മരങ്ങളിലെ കിളിക്കൂടുകളും അതിനുള്ളിലെ കൊച്ചു മുട്ടകളും കാണണം, മതിലിലൂടെ അരിച്ചരിച്ചു പോകുന്ന കല്യാണി പുഴുക്കളെ കാണണം, അമ്മമ്മയുടെ കഥകള്‍ കേള്‍ക്കണം, മുത്തശ്ശന്റെ കാലുകളില്‍ കിടന്ന് ആടണം, നിറയെ മാങ്ങകള്‍ കഴിയ്ക്കണം"... രണ്ടറ്റവും തൊടാത്ത ഒരു മാല കണക്കെ നീണ്ടു പോയി ആ മോഹമുത്തുകള്‍....
ദിവസങ്ങള്‍ അടുക്കുന്തോറും അമ്മുവിന്‌ ഉത്സാഹം കൂടി കൂടി വന്നു.

എന്നാല്‍ പാവം, അമ്മുവിന്റെ കുഞ്ഞനുജത്തിയ്ക്കു കാര്യമായി ഒന്നും മോഹിയ്ക്കാനുണ്ടായിരുന്നില്ല.. കാരണം നാടിനെ പറ്റി ഒന്നും ഓര്‍മ്മയില്ല അവള്‍ക്ക്‌. ഒരു വയസ്സില്‍ നാട്ടില്‍ ഒന്നു പോയി വന്നുവെന്നല്ലാതെ വെറെ ഒന്നും ഓര്‍മ്മയില്ല.. എന്നാലും അമ്മയില്‍ നിന്നും, അച്ഛനില്‍ നിന്നും, നാടിനെ കുറിച്ച്‌ ധാരാളം കേട്ടിട്ടുണ്ട്‌. അമ്മമ്മയെ പറ്റി, മുത്തശ്ശനെ പറ്റി, അമ്മാമന്മാരെ പറ്റി, പിന്നെ, അച്ഛന്റെ വീട്ടിലുള്ള, റാണി പട്ടിയെ പറ്റിയും നന്ദിനി പശുവെ പറ്റിയും, മീനാക്ഷിയെ പറ്റിയും കുഞ്ഞുവാവകളെ പറ്റിയും എല്ലാം.. അതുകൊണ്ട്‌, ചേച്ചിക്കുട്ടിയുടെ ഒപ്പം നില്‍ക്കുവാന്‍, ഉത്സാഹത്തിന്റെ കാര്യത്തില്‍ അനീത്തികുട്ടിയും ഒട്ടും വിട്ടു കൊടുത്തില്ല.. അങ്ങിനെ അമ്മുവും കുഞ്ഞനുജത്തിയും കാത്തിരുപ്പായി, ആ "സുദിനം" വന്നു ചേരുവാന്‍..

ഞങ്ങള്‍ക്കാകട്ടെ, എല്ലാവരേയും കാണാനുള്ള തിടുക്കവും, നാട്ടിലെ ഉത്സവക്കാലവുമായിരുന്നു മനസ്സില്‍ നിറയെ.. കൂടാതെ കുട്ടികള്‍ക്കും എല്ലാമൊന്ന് അനുഭവിച്ചറിയാനുള്ള ഒരവസരമാണല്ലോ, എന്ന ഒരു ചിന്തയും.

പൂരക്കാലത്ത്‌ നാട്ടിലെത്തിപ്പെടുക വളരെ അപൂര്‍വമായി മാത്രമാണ്‌ പതിവ്‌.എന്റെ കുട്ടിക്കാലത്ത്‌, ഞാന്‍ കണ്ട്‌ വളര്‍ന്ന പൂരം പ്രധാനമായും "കോട്ടയ്ക്കല്‍ ഉത്സവം" മാത്രമായിരുന്നു. ഉത്സവക്കാലത്ത്‌, ആദ്യത്തെ ദിവസത്തെ വെളുപ്പാന്‍ കാലത്തെ വെടിക്കെട്ട്‌, രാവിലത്തെ പാഠകം, സന്ധ്യയ്ക്കുള്ള ചാക്യാര്‍കൂത്ത്‌, പിന്നെ, കച്ചേരികള്‍, നൃത്തങ്ങള്‍, അഞ്ചു ദിവസങ്ങളിലെ കഥകളി, പഞ്ചവാദ്യം, രാത്രിയിലുള്ള തായമ്പക, കുട്ടിക്കാലത്ത്‌ സര്‍ക്കസ്സും കാണാന്‍ പോയിരുന്നതോര്‍മ്മയുണ്ട്‌. ഇതൊക്കെയാണ്‌ എന്റെ മനസ്സിലെ ഉത്സവം. എന്നാല്‍ ഉത്സവങ്ങളുടെ മറ്റൊരു മുഖം ഞാന്‍ കണ്ടത്‌, വിവാഹശേഷമാണ്‌ - ആനകളുടേയും, മേളങ്ങളുടേയും ഉത്സവം -
എന്റെ ഭര്‍തൃ ഗൃഹത്തില്‍, എല്ലാവരും പൂരങ്ങളെ ആവോളം ആസ്വദിയ്ക്കുന്നവര്‍. അമ്പലത്തില്‍ കഴകവും മറ്റും ഉള്ളതുകൊണ്ട്‌, പൂരങ്ങള്‍ക്കു ആനയുടെ തൊട്ടടുത്ത്‌ വിളക്കു പിടിച്ചുകൊണ്ട്‌ കിലോമീറ്ററുകളോളം നടക്കുവാന്‍, എല്ലാ പുരുഷ ജനങ്ങളും പോകാറുള്ള ഒരു കുടുംബം. അതുകൊണ്ടു തന്നെ ആനകളോടും ഒരു പ്രത്യേക സ്നേഹം അവിടെയെല്ലാവരും കാത്തു സൂക്ഷിച്ചിരുന്നു.. ഇപ്പോഴും അതിനു കുറവൊന്നുമില്ല.. പൂരക്കാലത്ത്‌ അവിടത്തെ തൊടിയിലാണ്‌, അമ്പലത്തിലേയ്ക്കു എഴുന്നള്ളിയ്ക്കുന്ന ആനയെ കെട്ടാറുള്ളത്‌. അതുകൊണ്ടു തന്നെ, എല്ലാവര്‍ക്കും, പശുവിനോടും, ആടിനോടും ഒക്കെ തോന്നുന്ന ഒരു സ്നേഹമാണത്രേ ആനയോടും !.
വിരണ്ടോടുന്ന ആനയുടെ വാലില്‍ പിടിച്ചു കയറി, ഓട്ടം നിര്‍ത്തിച്ചുവെന്നതും മറ്റുമായി ധാരാളം വീരസാഹസിക കഥകള്‍ കേട്ടിട്ടുണ്ട്‌, അവിടത്തെ അച്ഛന്റെ പഴയ കാലങ്ങളെ കുറിച്ച്‌ പറയുമ്പോള്‍. ഒരാന ഇടഞ്ഞുവെന്നു കേട്ടാല്‍, ഇപ്പോഴും ഇരിയ്ക്കപ്പൊറുതി കിട്ടാത്ത അച്ഛന്റെ ആവേശം നിയന്ത്രിയ്ക്കുന്നത്‌, അച്ഛന്റെ വയ്യാത്ത കാലുകള്‍ മാത്രമായിരിയ്ക്കും, അല്ലാതെ മക്കളുടേയോ, അമ്മയുടേയൊ, വിലക്കുകളായിരിയ്ക്കില്ല എന്നതായിരിയ്ക്കും പച്ചയായ ഒരു യാഥാര്‍ത്ഥ്യം !.

ആനകളോടെന്ന പോലെ, മേളങ്ങളോടുള്ള കമ്പവും ഒട്ടും കുറവല്ല ആര്‍ക്കും -"ഇപ്രാവശ്യം എന്തായാലും എല്ലാ പൂരങ്ങള്‍ക്കും ഒന്നു കൂടണം.." കുറേ കാലങ്ങളായി മനസ്സിനുള്ളില്‍ പൂക്കാന്‍ കൊതിച്ചു നില്‍ക്കുന്ന ഒരു മോഹമായിരുന്നു, അമ്മുവിന്റെ അച്ഛനത്‌. ആ മോഹം കണ്ണുകളിലൂടെ ഒന്നു വന്നെത്തി നോക്കി പോയി, അതു പറയുമ്പോള്‍. " തൈക്കാട്ടുശ്ശേരി, ആറാട്ടുപുഴ, എടക്കുന്നി, അവിണിശ്ശേരി, തുടങ്ങിയ പല ദേശങ്ങളുടേയും പൂരങ്ങള്‍ കൊണ്ടൊരു കളിയാണ്‌ ഈ സമയത്ത്‌. കൂട്ടത്തില്‍ ആറാട്ടുപുഴ പൂരത്തിന്‌ കൊഴുപ്പു കൂടുമത്രേ.. അമ്മുവിന്റെ അച്ഛന്‍ മനസ്സില്‍ കുറിച്ചിട്ടു - "ഒരാഴ്ച പൊടിപൊടിയ്ക്കാം"-

അങ്ങനെ, വളരെ ഉത്സാഹത്തോടെ, വെളുപ്പാന്‍ കാലത്ത്‌ എഴുന്നേറ്റ്‌ പൂരത്തിനു വിളക്കു പിടിയ്ക്കാന്‍ പോവലും, ഉറക്കമൊഴിയ്ക്കലും, ദൂരങ്ങളോളമുള്ള നടത്തവും, അസമയത്ത്‌ മാത്രം ഭക്ഷണം കഴിയ്ക്കലും, എല്ലാം കൂടി ചേര്‍ന്ന് വളരെ അപ്രതീക്ഷിതമായി, അമ്മുവിന്റെ അച്ഛന്റെ "ഉദരം" ക്ഷമ കെട്ട്‌, ശക്തിയുക്തം പ്രതിഷേധം രേഖപ്പെടുത്തി. കുറെ കാലങ്ങളായി ഈ വക ശീലങ്ങള്‍ വിട്ടതാണെന്നും കൂടുതല്‍ ബുദ്ധിമുട്ടിപ്പിയ്ക്കരുതെന്നും പറഞ്ഞ്‌ അത്‌ നിരാഹാര സമരം ഇരുന്നു. നല്‍കുന്ന ഓരോ ഭക്ഷണത്തേയും അത്‌ നല്ല രീതിയില്‍ തന്നെ "തിരസ്ക്കരിച്ചു". അങ്ങിനെ തീര്‍ത്തും അവശനായി, രണ്ടു ദിവസത്തെ വിശ്രമം കഴിഞ്ഞതോടെ, സ്വന്തം ദേശത്തെ "പൂരം കൂടല്‍" വളരെ "ഭംഗിയായി" തന്നെ പര്യവസാനിച്ചു.. എന്നാലും, അമ്മുവിന്റെ അച്ഛന്‍ സ്വയം സമാധാനിച്ചു - "ഒന്നു വിളക്കുപിടിച്ചു നടക്കാനെങ്കിലും കഴിഞ്ഞുവല്ലൊ.. അതുമതി."
പക്ഷെ, മറ്റൊരു വിസ്മരിയ്ക്കാനാവാത്ത സത്യം ഉണ്ട്‌. ഇത്തവണത്തെ പൂരക്കാലം പതിവു പൊലെ ആസ്വാദ്യകരമായി തീര്‍ന്നില്ല എന്ന ഒരു ദുഃഖ സത്യം..
തൈക്കാട്ടുശ്ശേരിയില്‍, വെളുപ്പാന്‍ കാലത്തെ എഴുന്നള്ളിപ്പ്‌ നടക്കുമ്പോള്‍ ആന ഇടഞ്ഞ്‌, ഒന്നാം പാപ്പാന്റെ ജീവന്‍ അപഹരിയ്ക്കുക വരെ ഉണ്ടായി !, അതും പോരാഞ്ഞ്‌ അടുത്തുള്ള മറ്റ്‌ രണ്ട്‌ ആനകളേയും അത്‌ കുത്തിയത്രേ ! പൂരം നടക്കുന്ന ആ ഭാഗമാകെ ആന ചവുട്ടി മെതിച്ചു. എല്ലാം അലങ്കോലപ്പെട്ടു.

തൊട്ടടുത്ത്‌ നിന്ന് നേരില്‍ കണ്ട്‌, പരിഭ്രാന്തരായ ജനക്കൂട്ടത്തിനിടയിലൂടെ, കയ്യിലെ വിളക്ക്‌ കെടുത്തിക്കൊണ്ട്‌ ഓടിപോകേണ്ടി വന്ന വല്ല്യച്ഛന്റെ മകന്‍ - ശശിയേട്ടന്‍, ഉള്ളിലെ ഭീതി മറച്ചു വെയ്ക്കാതെ പറഞ്ഞു - " ഇങ്ങനെയൊരു മുഖം ആദ്യമായാണ്‌ കാണുന്നത്‌. ആനയിലെ വന്യമൃഗം അതിഭീകരം തന്നെ !"- പശുവിനേയും ആടിനേയും പോലെ തന്നെ കുട്ടിക്കാലം മുതല്‍ക്ക്‌, ആനയെ സ്നേഹിയ്ക്കുകയും, ഇടപഴകുകയും ചെയ്തിട്ടുള്ള, ശശിയേട്ടന്റെ കണ്ണുകളിലെ നടുക്കം വിട്ടുമാറിയിരുന്നില്ല അപ്പോഴും.

എല്ലാം കഴിഞ്ഞ്‌, ഏതൊരു സംഭവത്തിനും പതിവുള്ളതു പോലെ, അവിടേയും കാര്യകാരണങ്ങള്‍ നിരന്നു തുടങ്ങി - "പ്രകൃത്യാ ആനയ്ക്കു കുറുമ്പു കൂടുതലായിരുന്നു, പിന്നില്‍ നിന്നും ആരൊ ആനയെ കുത്തിയോ എന്നൊരു സംശയം, പെട്ടെന്നു തന്നെ തിരിയാന്‍ പറഞ്ഞത്‌ ആനയ്ക്കു പിടിച്ചില്ല, അങ്ങിനെ ആനയിടയുവാനുള്ള കാരണങ്ങള്‍ നിരവധി. നിരത്തി വെയ്ക്കുവാന്‍ കാരണങ്ങളും, കാരണങ്ങളുടെ കാരണങ്ങളും ഏറെ.. പക്ഷെ, ആനയെ വളരെയധികം സ്നേഹിച്ചിരുന്ന പാപ്പാനു നേരെ തിരിഞ്ഞ ആ "ഭ്രാന്ത്‌ കയറിയ നിമിഷങ്ങള്‍ക്കു" മുന്നില്‍ അവയെല്ലാം അപ്രസക്തങ്ങളാകുന്നില്ലേയെന്ന് തോന്നിപോകുന്നു; അഥവാ ഏതെങ്കിലും ഒരു കാരണത്തിനോ, കാരണങ്ങളുടെ കാരണത്തിനോ എന്തെങ്കിലും പ്രസക്തിയുണ്ടെങ്കില്‍ തന്നെ, ഇതേ സംഭവങ്ങള്‍ അതേ മട്ടില്‍ തന്നെ പല ദിക്കിലും ആവര്‍ത്തിയ്ക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ഭ്രാന്ത്‌ ആനയ്ക്കൊ അതൊ മനുഷ്യനൊ എന്നും സംശയിച്ചു പോകുന്നു...

പൂരത്തിന്റെ ഉത്സാഹങ്ങള്‍ അതോടെ ഏകദേശം അസ്തമിച്ച മട്ടായി. അമ്മുവിന്റെ അച്ഛന്റെ പൂക്കാന്‍ തുടങ്ങിയ മോഹമൊട്ടും അങ്ങനെ പകുതിയില്‍ വാടിക്കരിഞ്ഞു പോയി.

എന്നാലെന്നെ സംബന്ധിച്ചിടത്തോളം, "ഉത്സവക്കാലം" എന്നതിലുപരിയായി, ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കുള്ള ആ യാത്ര, പല സംഗതികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു. ഉള്ള സമയം കൊണ്ടു എല്ലാവരുമൊത്ത്‌ നല്ല കുറച്ചു സമയം ചിലവഴിയ്ക്കണം എന്നതു തന്നെയായിരുന്നു ഏറ്റവും പ്രധാനം. അച്ഛന്‍, അമ്മ, അനിയന്മാര്‍, അതുപോലെ വല്ല്യമ്മമാര്‍, വല്ല്യച്ഛന്മാര്‍, അമ്മമ്മ, അങ്ങിനെ എല്ലാവരുടേയും സ്നേഹവലയത്തില്‍, സുരക്ഷിതവലയത്തില്‍, ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മറന്ന്, കുറച്ചു ദിവസങ്ങള്‍ ഒന്നൊതുങ്ങി കൂടുവാനുള്ള ആ "സ്വാര്‍ത്ഥക്കൊതി" ഒരു "മോഹമായി" ഞാനുമുള്ളില്‍ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചു വെച്ചിരുന്നു, ഏതൊരു പ്രവാസിയേയും പോലെ..

എല്ലാ തവണയും നാട്ടിലെത്തിയാലുടന്‍, വിട്ട്‌ നിന്ന് കാലങ്ങള്‍ കഴിഞ്ഞു പോകുമ്പോള്‍, തോന്നാറുള്ള ഒരു "വിടവ്‌" നികത്താനുള്ള തത്രപ്പാടിലാണ്‌ പതിവ്‌. പ്രസവിച്ച്‌ ഇതുവരെ കാണാത്ത കുട്ടി, കല്യാണം കഴിഞ്ഞ്‌ ഇതുവരെ കാണാത്ത "വരന്‍", പല കാരണങ്ങളാലാല്‍ കാലങ്ങളായി കാണാന്‍ പറ്റാതെയിരിയ്ക്കുന്ന മറ്റ്‌ സ്വന്തക്കാര്‍, കാണാന്‍ പോകേണ്ടുന്ന മുത്തശ്ശിമാരും മറ്റു പ്രായമായവരും എന്നിങ്ങനെ ഒരവസാനമില്ലാതെ നീണ്ടു പോകുന്ന ഒരു "ലിസ്റ്റ്‌" തന്നെ അമ്മ ഉണ്ടാക്കിയിട്ടുണ്ടാകും. ഇതിനെല്ലാമിടയില്‍, വീണു കിട്ടുന്ന എല്ലാ നിമിഷങ്ങളും ആവോളം ആസ്വദിയ്ക്കുകയെ വഴിയുള്ളൂ.. ഒരോ നിമിഷങ്ങളുടേയും മൂല്യം ഏറ്റവുമധികം തിരിച്ചറിയുന്നത്‌ അപ്പോഴാണെന്ന് തോന്നാറുണ്ട്‌.

തുടക്കത്തില്‍, നാടിനും വീടിനും വന്ന മാറ്റങ്ങള്‍ കണ്ട്‌ അദ്ഭുതം കൂറി,

പിന്നെ, തൊടി, കുളം, അമ്പലം..,
കൂടാതെ, മാവിന്‍ കൊമ്പിന്റെ തുമ്പത്ത്‌ തൂങ്ങിയാടി, കുണുങ്ങി ചിരിയ്ക്കുന്ന പച്ച നിറമുള്ള മാങ്ങകളുടെ അഴകു നോക്കി..,
പിന്നെ, മഞ്ഞ നിറത്തിലുള്ള ഒരു 'താലിമാല' പോലെ കൊന്നപ്പൂക്കളെ വേണ്ടുവോളം അണിഞ്ഞു കൊണ്ട്‌ നില്‍ക്കുന്ന കൊന്നമരങ്ങളെ നോക്കി..,
അതും പോരാഞ്ഞ്‌, കിണറ്റിലെ തണുത്ത വെള്ളം മേലാദ്യം ഒഴിയ്ക്കുമ്പോള്‍ കുളിരു കോരി, രോമങ്ങള്‍ എഴുന്നേറ്റുവരുന്നതും അറിഞ്ഞുകൊണ്ട്‌..,
എന്നിട്ടും മതിയാവാതെ, അമ്മയുടെ ഭരണി തുറക്കുമ്പോള്‍ കഴിഞ്ഞ കൊല്ലം ഇട്ട കടുമാങ്ങയുടെ വാസനയും, നാവിലൂറുന്ന വെള്ളവും നുണഞ്ഞു കൊണ്ട്‌ ഭരണിയിലേയ്ക്ക്‌ കയ്യിട്ട്‌ വിരലിന്റെ തുമ്പില്‍ പറ്റിയ കടുമാങ്ങയുടെ ചുകന്ന നീര്‌ നാവു കൊണ്ട്‌ നക്കി തുടച്ച്‌, ചെവിയിലൂടെയും, കണ്ണിലൂടെയും അതിന്റെ എരിവു ഊര്‍ന്നിറങ്ങുമ്പോള്‍, "തോന്നീത്‌ കാണിയ്ക്കണ്ട ട്ടൊ" എന്ന അമ്മയുടെ ഒരു താക്കിതും കേട്ട്‌...,
എല്ലാം മറന്ന്, ഉമ്മറത്തെ ബെഞ്ചിലിരുന്ന് കാറ്റുകൊണ്ട്‌ അമ്മയുടെ സംസാരങ്ങള്‍ കേട്ടുകൊണ്ട്‌...,

അങ്ങിനെ എന്തും ഏതും.. കുറെ കാലമായി പൊടി പിടിച്ചു കിടക്കുന്ന ഉള്ളിന്റെയുള്ളിലെ, മറക്കാനാവാത്ത അന്തരീക്ഷവും ശീലിച്ചുവന്ന വാസനകളും, രുചികളും,.. ഇത്തിരി പോന്ന, നുറുങ്ങു സന്തോഷങ്ങളായി.. എല്ലാം ഒന്നുകൂടി സ്വന്തമാക്കുമ്പോള്‍, മനസ്സിലെവിടേയോ ഒളിഞ്ഞിരിയ്ക്കുന്ന ഒരാഹ്ലാദമായി..

എന്നാല്‍ ഇതിന്റെയെല്ലാമിടയിലൂടെ, ഇപ്രാവശ്യം എപ്പൊഴൊക്കെയൊ ഞാന്‍ അദ്ഭുതപ്പെട്ടു- പണ്ട്‌ തീരെ കുട്ടികളായി തോന്നിയിരുന്നവരെല്ലാവരും ഇപ്പോള്‍ എന്നേക്കാളുമധികം പൊക്കത്തില്‍, എനിയ്ക്കു മനസ്സിലാവുക പോലും ചെയ്യാത്ത വര്‍ത്തമാനങ്ങളും, തമാശകളും പൊട്ടിച്ചുകൊണ്ട്‌ നടക്കുന്നു, അതുപൊലെ, ഒരു അന്‍പതു വയസ്സിനു മുകളിലുള്ള മിക്കവര്‍ക്കും വന്നു പെട്ടിട്ടുള്ള മാറ്റങ്ങള്‍..

കഴിഞ്ഞ തവണ കണ്ടപ്പോള്‍ പോലും ഓടിനടന്നിരുന്നവര്‍ക്ക്‌ ഇത്തവണ വയ്യായകളും വേദനകളും, അവര്‍ മനസ്സു തുറക്കുമ്പോള്‍ ഉള്ളില്‍ നിന്നും അറിയാതെ വരുന്ന ഒരുതരം "അരക്ഷിതത്വത്തിന്റെ" പ്രതിഫലനങ്ങള്‍, പ്രായവും അനുഭവങ്ങളും, അവരുടെ വിചാരങ്ങള്‍ക്കും, കാഴ്ചപ്പാടുകള്‍ക്കും വരുത്തിയിട്ടുള്ള ചെറിയ ചെറിയ മാറ്റങ്ങള്‍, അങ്ങിനെ ഓരോന്നും എന്റെയുള്ളില്‍ അദ്ഭുതത്തോടൊപ്പം എവിടെയൊക്കെയോ നീറ്റലുകളുമുണ്ടാക്കി. കേവലം ഒരു വര്‍ഷം കൊണ്ട്‌ ഇത്രയധികം മാറ്റങ്ങളോ, ഞാന്‍ അമ്പരന്നു പോയി പലപ്പോഴും.
കുട്ടിക്കാലത്ത്‌ എന്റെ മുതിര്‍ന്നവരായി, എന്തിനും ഏതിനും ഏക അഭയസ്ഥാനങ്ങളായി ഞാന്‍ കണക്കാക്കിയിരുന്നവര്‍, ഇന്നു ഞാന്‍ കാണുമ്പോള്‍, ഏതൊക്കെയോ നിമിഷങ്ങളില്‍ അവരെനിയ്ക്കെന്റെ സ്വന്തം കുട്ടികളായി മാറുന്ന പൊലെ. അവരില്‍ നിന്നും സുരക്ഷിതത്വം കൊതിച്ചു വന്ന ഞാന്‍, അവര്‍ക്കു "സുരക്ഷ" നല്‍കണമെന്ന ഒരു ഉത്തരവാദിത്ത ബോധം എന്നില്‍ താനെ ഉടലെടുക്കുന്ന പോലെ. ഒരു കാലത്ത്‌ ഓടി നടന്നിരുന്നവര്‍ക്ക്‌ ഇന്ന് ഓടി നടക്കുവാന്‍ കാരണങ്ങള്‍ ഇല്ലാതെ വന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ഓടുവാന്‍ ശരീരം അനുവദിയ്ക്കാതെ വന്നിരിയ്ക്കുന്നു, മനസ്സിന്റെ കെട്ടുകള്‍ അഴിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു, പിടിവള്ളികള്‍ക്കായി അലഞ്ഞു തുടങ്ങുന്നു, കൊതിയ്ക്കുന്നു, പിടിച്ചു വെയ്ക്കുന്നു, വിട്ടുകൊടുക്കുവാന്‍ മടിയ്ക്കുന്നു, ഓടി തളര്‍ന്ന് ക്ഷീണിച്ച ശരീരം നിസ്സഹായതയെ ഓര്‍മ്മിപ്പിയ്ക്കുന്നു.. ജിവിതത്തിലെ ആവര്‍ത്തനങ്ങളായ ജോലികള്‍ വിരസത സൃഷ്ടിച്ചു തുടങ്ങുന്നു, അങ്ങിനെയുള്ള ഒരു ഘട്ടത്തിലേയ്ക്കുള്ള ആരംഭമായെന്നു എനിയ്ക്കു തോന്നി. സ്നേഹിയ്ക്കപ്പെടാന്‍ ഏറെ കൊതിച്ചു വരുമ്പോഴും, അളവില്ലാത്ത സ്നേഹം ആവോളം കൊടുക്കുക കൂടി വേണമെന്ന, ഇതുവരെ അറിയാതെയെങ്കിലും അധികം ശ്രദ്ധ വെയ്ക്കാതെ പോയ ഒരു സത്യം, ഇപ്പോള്‍ തിരിച്ചറിയുണ്ടെന്ന് എനിയ്ക്കു തോന്നി. അവര്‍ക്ക്‌ മാനസികമായ പിന്തുണ നല്‍കി ക്കൊണ്ട്‌, അവരെ സഹായിച്ച്‌, സമാശ്വസിപ്പിച്ച്‌, അവര്‍ക്ക്‌ മനസ്സിന്‌ കുറച്ചെങ്കിലും ഉല്ലാസം പകര്‍ന്നു കൊണ്ട്‌ അവരുടെയൊപ്പം ഒരു താങ്ങായി എന്നും നില്‍ക്കണമെന്ന തീവ്രമായ ഒരു ആഗ്രഹം എന്നില്‍ ജനിച്ചു, അല്ലെങ്കില്‍ ഒരാവേശം- വര്‍ഷത്തിലൊരിയ്ക്കല്‍ വരുമ്പോള്‍, എന്തൊക്കെയോ ചെയ്യുവാനും, എല്ലാവരേയും സഹായിയ്ക്കുവാനും, സഹായിച്ചു അങ്ങേയറ്റം സന്തോഷിപ്പിയ്ക്കാമെന്നുമുള്ള ഒരു അമിത വിശ്വാസത്തിന്റെ ആവേശം - എന്നിരുന്നാലും ആ ആവേശത്തിന്റെ ഊര്‍ജ്ജം എന്നെക്കൊണ്ട്‌, എന്തെങ്കിലുമൊക്കെ ഗുണകരമായി ചെയ്യുവാന്‍ സഹായിച്ചുവെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു... കുറഞ്ഞത്‌, ഒരു കേള്‍വിക്കാരിയായി അവര്‍ക്കെല്ലാം ഇരുന്നുകൊടുക്കുവാനുള്ള ക്ഷമയും, സമയവും, സന്ദര്‍ഭവും ഉണ്ടാക്കുവാനെങ്കിലും.. അതില്‍ നിന്നും കിട്ടുന്ന, സന്തോഷത്തിന്‌, എന്റേത്‌ മാത്രമാകുന്ന ആ "നുറുങ്ങു സന്തോഷങ്ങളേക്കാള്‍" ഒരിത്തിരി മധുരം കൂടുതലുണ്ടെന്ന് എനിയ്ക്കു തോന്നി.

അങ്ങിനെ ഇത്തവണത്തെ എന്റെ അവധിക്കാലം എന്നെ ഏറെ ചിന്തിപ്പിയ്ക്കുന്നതായിരുന്നു. ജീവിതത്തില്‍, ഒരു മകളായുള്ള, അല്ലെങ്കില്‍ ഒരു മരുമകളായുള്ള, അതുമല്ലെങ്കില്‍ പേരിട്ടിട്ടില്ലാത്ത പല ബന്ധങ്ങളിലും, ഞാന്‍ വഹിയ്ക്കേണ്ടുന്ന എന്റെ ഭാഗം [role], എനിയ്ക്കുള്ള ജോലി, എങ്ങനെയെല്ലാം സ്നേഹിയ്ക്കണം എന്നുകൂടി ഞാന്‍ കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയുന്നുവെന്ന് എനിയ്ക്കു തോന്നി. അതുകൊണ്ടു തന്നെ, ഈ അവധിക്കാലം എനിയ്ക്കു വളരെ വിലപ്പെട്ടതായി, എന്നേയ്ക്കുമുള്ള ഒരു തിരിച്ചറിവിന്റെ പാഠമായി തന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു, സമയം വളരെ കുറവായിരുന്നിട്ടു കൂടി..

വാസ്തവത്തില്‍, അമ്മുവും അമ്മുവിന്റെ കുഞ്ഞനുജത്തിയുമാണ്‌ അവരുടെ അവധിക്കാലം, വേണ്ടുവോളം ആസ്വദിച്ചത്‌ എന്നു വേണമെകില്‍ പറയാം. അമ്മുവിന്‌ നാട്ടിലെ സ്ക്കൂളില്‍ പോകാന്‍ മോഹമായി തുടങ്ങി, നമുക്കു നാട്ടില്‍ തന്നെ താമസിച്ചാല്‍ പോരേയെന്ന് പല തവണ അവള്‍ അച്ഛനോടു ചോദിച്ചു നോക്കി. അവളവിടെ സകലതും മറന്ന് മറ്റു കുട്ടികളുടെയൊപ്പം കളിച്ചു രസിച്ചു. രാവിലെ മുറ്റത്തെ വെയിലത്തേയ്ക്കു ഇറങ്ങിയാല്‍, ക്ഷീണിച്ച്‌ വാടിക്കരിഞ്ഞ മുഖങ്ങളുമായി സന്ധ്യക്കാണ്‌ എല്ലാ കുട്ടികളും അകത്തേയ്ക്കു കയറുന്നത്‌. വെയിലിന്റെ ചൂടിനെ ചൊല്ലി അകത്തിരിയ്ക്കുന്നവര്‍ അക്ഷമരാകുമ്പോള്‍, കുട്ടികള്‍ ഒന്നുമറിയാതെ അവരുടെ ലോകത്തില്‍ മുഴുകി, കളികളിലൂടെ കൊച്ചു കൊച്ചു വര്‍ണ്ണകൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുന്നത്‌ കാണാമായിരുന്നു.. ആ പൊള്ളുന്ന വെയിലത്തും.. "കുട്ടികളുടെ ലോകം എത്ര സുന്ദരം !", അകത്തിരുന്നിട്ടും ചൂടിന്റെ ശക്തിയില്‍ ക്ഷീണിച്ചുപോയിരുന്ന ഞങ്ങളോരോരുത്തരും മാറി മാറി പറഞ്ഞു.

അങ്ങിനെ സംഭവ ബഹുലമായി തന്നെ, ഞങ്ങളുടെ ഒരു മാസത്തെ അവധിക്കാലം വളരെ വേഗം മുഴുവനായി. സമയക്കുറവിന്റെ സമ്മര്‍ദ്ദങ്ങളില്‍ പെട്ട്‌, ഇനിയും ചെയ്യുവാനും പറയുവാനും മനസ്സില്‍ കുറേയധികം ബാക്കിവെച്ചു കൊണ്ട്‌, പകുതി മനസ്സ്‌ അവിടെയെവിടെയൊക്കെയോ കൊഴിഞ്ഞു വീഴുന്നതറിഞ്ഞു കോണ്ട്‌, ഒരു മാസം ഇത്ര വേഗം കഴിഞ്ഞു പോയോ എന്നു പതിവു പോലെ ആശ്ചര്യപ്പെട്ടു കൊണ്ട്‌, സമയത്തിനു മുന്നില്‍ തല കുനിച്ച്‌, ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക്‌ തിരിച്ചു. വിമാനത്തിലിരിയ്ക്കുമ്പോള്‍, ഒഴിഞ്ഞ ഉത്സവ പറമ്പു പോലെ മനസ്സു ഒഴിഞ്ഞു കിടന്നു.. ഞങ്ങളെല്ലാവരും ഒരുപോലെ, ഓടിത്തളര്‍ന്ന്, വളരെ എളുപ്പത്തില്‍ തന്നെ, മയക്കത്തിലാണ്ടു.. വിമാനത്തിനുള്ളിലെ നിശ്ശബ്ദതയില്‍ പതുക്കെ പതുക്കെയായി, ഹൃദയഭാരം കൂടുന്നത്‌ പരസ്പരം പറയാതെയറിഞ്ഞു കൊണ്ടു തന്നെ.. മതിവരാത്ത സാമീപ്യങ്ങള്‍ ശരീരത്തില്‍ ആറി തണുക്കുന്നതറിഞ്ഞു കൊണ്ട്‌, അതുവരെ കേട്ടിരുന്ന ശബ്ദകോലാഹലങ്ങളെല്ലാം, ഏതോ ബാക്കിപത്രങ്ങള്‍ കണക്കെ, നിശ്ശബ്ദതയുടെ ഒച്ചയായും, കാതിലലയ്ക്കുന്ന ഏതോ ആരവമായും മാറിക്കൊണ്ട്‌, ഞങ്ങളെല്ലാവരും ഒരുപോലെ ഏതോ ഒരു ശൂന്യതയിലേയ്ക്ക്‌ വഴുതി വീണു, ഇനിയടുത്ത അവധിക്കാലത്തേയ്ക്കുള്ള സ്വപ്നങ്ങളും മോഹങ്ങളും നെയ്തുകൂട്ടാനുള്ള ഒരു തയ്യാറെടുപ്പിനെന്നോണം.

Monday, January 15, 2007

കഥകളി - ഒരു വിസ്മയം.

പച്ചാളത്തിന്റെ "കഥകളി" [ കുറച്ച്‌ പഴയതാണ്‌] എന്ന പോസ്റ്റ്‌ വായിച്ചതില്‍ നിന്നും കിട്ടിയ ഒരു പ്രചോദനത്തില്‍ നിന്നുമാണ്‌ എന്റെ ഈ പോസ്റ്റിന്റെ ജനനം എന്നു പറയാം. അന്ന് ആ പോസ്റ്റ്‌ വായിച്ച്പ്പോള്‍ മനഃപൂര്‍വം കമന്റ്‌ ഇട്ടില്ല, അതിനു പകരം ഒരു പോസ്റ്റ്‌ തന്നെ ഇടാം എന്നു തോന്നി.

അങ്ങിനെ വലിയ ആവേശത്തോടെ എഴുതാനിരുന്നു. മനസ്സ്‌ ഭൂതകാലങ്ങളിലേയ്ക്ക്‌ ഒഴുകി തുടങ്ങി. അന്നത്തെ കഥകളിയരങ്ങുകള്‍ നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം, അന്നു കഥകളിയോടു തോന്നിയിരുന്ന ഒരു പ്രത്യേക ആവേശം, എല്ലാം മനസ്സിന്റെ അടിത്തട്ടില്‍ നിന്നും പൊന്തി വരുവാന്‍ ആരംഭിച്ചു. ഒറ്റയൊരൊഴുക്കില്‍ തന്നെ, പേനത്തുമ്പില്‍ വന്നെത്തി നില്‍ക്കുന്ന അവയെ ഒരു അടുക്കും ചിട്ടയോടും കൂടി കടലാസ്സിലേയ്ക്കു പകര്‍ത്താനുള്ള എന്റെ ശ്രമം പെട്ടെന്നു തന്നെ തുടങ്ങിയെങ്കിലും അത്‌ ഈ ബ്ലോഗിലേയ്ക്ക്‌ കൊണ്ടുവരുവാന്‍ കുറച്ചു സമയമെടുത്തു. കടലാസ്സില്‍ വിസ്തരിച്ച്‌ എഴുതി വെച്ചതില്‍ നിന്നും കാച്ചികുറുക്കി അതിന്റെ സത്തും നീരും മാത്രം പിഴിഞ്ഞെടുത്ത്‌ ചൂടോടെ ഞാനിപ്പോള്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌.

അന്നൊക്കെ കഥകളിയോടു ഉണ്ടായിരുന്ന [ ഇപ്പോള്‍ മനസ്സില്‍ മാത്രം കാത്തുസൂക്ഷിയ്ക്കുന്ന ] ആവേശത്തിനു എന്തു പേരിട്ടു വിളിയ്ക്കണമെന്നു അറിയുന്നില്ല. വാസ്തവത്തില്‍ കഥകളി എന്ന കലാരൂപത്തോട്‌ ഞങ്ങളുടെ കുടുംബത്തിനു തന്നെ വളരേയധികം വികാരപരമായ ബന്ധമുണ്ട്‌. എന്റെ അമ്മയുടെ തലമുറ, അതായത്‌ അമ്മ, വല്ല്യമ്മമാര്‍, അമ്മാമന്മാര്‍ എല്ലാവരും കഥകളിയുടെ ആട്ടവും, മേളവും, സംഗീതവും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ്‌ വളര്‍ന്നു വന്നത്‌. എന്റെ അമ്മ ഏകദേശം ഒരു പന്ത്രണ്ട്‌ വര്‍ഷത്തോളം കഥകളി അഭ്യസിച്ചിട്ടുണ്ടെന്ന് ഒരല്‍പം അഭിമാനത്തോടു കൂടി തന്നെ പറയട്ടെ. കഥകളിയുടെ എല്ലാ സാങ്കേതികതകളും, സൂക്ഷ്മാംശങ്ങളും "അരച്ചു കലക്കി കുടിച്ചിട്ടുള്ള" അമ്മാമന്മാരേയും, കഥകളി എന്ന കലാരൂപത്തോട്‌ പ്രത്യേക ആരാധനയും ആവേശവും വെച്ചു പുലര്‍ത്തിയിരുന്ന അമ്മ വല്ല്യമ്മമാരെയും കണ്ട്‌ വളര്‍ന്ന ഞങ്ങളുടെ തലമുറക്കാര്‍ക്കും ആ കലാരൂപം പതുക്കെ പതുക്കെ എത്രയോ പ്രിയപ്പെട്ടതായി മാറി.

എന്നു മുതല്‍ക്കാണ്‌ ഞാന്‍ കഥകളി കണ്ട്‌ തുടങ്ങിയത്‌ എന്നെനിയ്ക്കോര്‍മ്മയില്ല. കുട്ടിക്കാലം മുതല്‍ക്കു തന്നെ കഥകളി വേഷങ്ങളും, കഥകളിപ്പദങ്ങളും, ചെണ്ടയും, മദ്ദളവും, ചേങ്ങിലയും എല്ലാം എനിയ്ക്കു സുപരിചിതമായിരുന്നു. അന്നൊക്കെ സ്കൂള്‍ പൂട്ടിയാല്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന സ്ഥലത്തേയ്ക്കാണ്‌ ഞങ്ങള്‍, വല്ല്യമ്മ-ചെറിയമ്മ മക്കള്‍, ഒഴിവുകാലം ചിലവിടാന്‍ വന്നിരുന്നത്‌. അവിടെ ഞങ്ങളുടെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും കൂടേ, "വൃന്ദാവനം" എന്നു പേരുള്ള വൈദ്യശാല വക വലിയ ഒരു ക്വാര്‍ട്ടേര്‍സിലായിരുന്നു താമസം. മിക്കവാറും ആ സമയത്തു തന്നെയായിരിയ്ക്കും അവിടെ വിശ്വംഭരന്റെ അമ്പലത്തില്‍ ഉത്സവവും തുടങ്ങുന്നത്‌. ഉത്സവക്കാലത്ത്‌ അന്നൊക്കെ അവിടെ മൂന്ന് ദിവസങ്ങളിലായാണ്‌ കഥകളി ഉണ്ടായിരുന്നത്‌. [ പിന്നീടത്‌ 5 ദിവസങ്ങളിലേയ്ക്കായി മാറ്റി.] അങ്ങിനെ ആ മൂന്നു ദിവസങ്ങളിലും ഉത്സവ പറമ്പില്‍, ഞങ്ങള്‍ കുട്ടികള്‍, കഥകളി കാണുവാന്‍ മുന്‍പില്‍ തന്നെയുള്ള സ്ഥലം പിടിച്ചെടുക്കുവാന്‍ തിരക്കു കൂട്ടുമായിരുന്നു. അങ്ങിനെ, അടഞ്ഞു പോകുന്ന കണ്ണുകളും, അറിയാതെ തുറന്നു പോകുന്ന വായയുമായി, തിരശ്ശീലയ്ക്കു പിന്നില്‍ നിന്നും പ്രത്യക്ഷപ്പെടാന്‍ പോകുന്ന വേഷം ഒരു നോക്ക്‌ കാണാനുള്ള കൊതിയോടെ, അക്ഷമരായി കാത്തിരിയ്ക്കുന്ന ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു രംഗമാണ്‌ ഇപ്പോള്‍ മനസ്സിലേയ്ക്കു ഓടിയെത്തുന്നത്‌. അന്നൊക്കെ ശരിയ്ക്കും "കഥയറിയാതെ ആട്ടം കാണല്‍" എന്നതു തന്നെയായിരുന്നു. എന്നാലും സന്താനഗോപാലം, കുചേലവൃത്തം പോലെയുള്ള കഥകള്‍ കുട്ടിക്കാലത്ത്‌ കൗതുകത്തോടെ നോക്കിയിരുന്നിരുന്നത്‌ എന്റെ ഓര്‍മ്മയിലുണ്ട്‌. എന്നാല്‍, അതിനെല്ലാമുപരിയായ ഒരു കാര്യമുള്ളത്‌, ഏറ്റവും മുന്‍പില്‍ തന്നെ സ്ഥലം കിട്ടിയതിന്റെ സംതൃപ്തിയോടെ, തിരശ്ശീലയ്ക്കു നേരെ ചുവട്ടില്‍ സകലതും മറന്നിരിയ്ക്കുമ്പോള്‍, അന്ന് കൈവന്നിരുന്ന ആവേശം ഇന്നും അതേ അളവില്‍, മനസ്സിലേയ്ക്കു പകര്‍ത്താന്‍ എനിയ്ക്കു കഴിയുന്നുണ്ട്‌ എന്നതായിരിയ്ക്കും..!ആ കഥകളി പറമ്പില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഉറക്കവും. പുലരാറാകുമ്പോള്‍ അമ്മമാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി അവസാനത്തെ യുദ്ധകഥകളിലെ കൊച്ചു കൊച്ചു തമാശകളും, യുദ്ധരംഗങ്ങളും കാണിച്ചു തന്നിരുന്നു. പാതി മയക്കത്തിലാണെങ്കിലും അതെല്ലാം കണ്ട്‌ തുടങ്ങിക്കഴിഞ്ഞാല്‍, തല്‍ക്ഷണം ഉറക്ക ചടവെല്ലാം പമ്പ കടന്ന് വേണ്ടുവോളം ആസ്വദിച്ച്‌, പൂര്‍വാധികം ഉത്സാഹത്തോടെയാണ്‌ ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങിയിരുന്നത്‌.

പിന്നീട്‌ മുതിര്‍ന്നപ്പോള്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍, ഞങ്ങള്‍ ഒരുവിധം പറ്റാവുന്ന സ്ഥലങ്ങളിലൊക്കെ പോയി കഥകളി കണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. "ചെണ്ടപ്പുറത്ത്‌ കോല്‌ വീണാല്‍ അവിടെ ഓടിയെത്തും" എന്ന്‌ പറയുന്ന അവസ്ഥയായിരുന്നു വാസ്തവത്തില്‍ അക്കാലത്ത്‌. അന്ന് ഞങ്ങള്‍ വല്ല്യമ്മചെറിയമ്മമാരും അവരുടെ മക്കളെല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ ആയിരുന്നു കളിയ്ക്കു പോയിരുന്നത്‌. അന്നത്തെ ഞങ്ങളുടെ ആവേശത്തിന്റേയും, ആസ്വാദനത്തിന്റേയും ഒക്കെ തലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്നതു കൊണ്ട്‌, അക്കാലങ്ങളിലെ "കളിയ്ക്ക്‌" പോക്കിനു ഒരു പ്രത്യേക മിഴിവും ഉണര്‍വും ഉണ്ടായിരുന്നു എന്നെനിയ്ക്കു തോന്നുന്നു. എവിടെയെങ്കിലും കളിയുണ്ടെന്നു കേട്ടാല്‍, ഏതൊക്കെയാണ്‌ കഥകള്‍, ആരൊക്കെയാണ്‌ വേഷത്തിന്‌, ആരൊക്കെയാണ്‌ സംഗീതത്തിന്‌, ആരൊക്കെയാണ്‌ മേളത്തിന്‌ ഇതൊക്കെയായിരുന്നു ആദ്യമുയരുന്ന ചോദ്യങ്ങള്‍. പിന്നെ, അന്നത്തെ ദിവസം ഉത്സാഹഭരിതമാണ്‌. രാത്രിയില്‍ ഉറക്കമൊഴിയ്ക്കാനുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി, ഉച്ചയ്ക്കു കുറച്ചു നേരം ഉറങ്ങി, പഠിയ്ക്കാനുള്ളതൊക്കെ ഒരുവിധത്തില്‍ തീര്‍ത്തെന്നു വരുത്തി, സന്ധ്യക്കു തന്നെ ഭക്ഷണം കഴിച്ച്‌, [ അതും വയറ്‌ നിറയെ കഴിയ്ക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ] പുതപ്പും വിരിയും മറ്റുമെടുത്ത്‌ കഥകളി പറമ്പിലേയ്ക്കുള്ള യാത്രയാണ്‌. യാത്രയില്‍ മുഴുവനും എന്തായിരിയ്ക്കും, എങ്ങിനെയായിരിയ്ക്കും എന്നൊക്കെയുള്ള ഗംഭീരന്‍ ചര്‍ച്ചകളാണ്‌. പാടിയും, മുദ്രകളിലൂടെ സംസാരിച്ചും, തമാശകള്‍ പറഞ്ഞും, ഇനി അമ്മാമന്മാരും കൂടെ ഉണ്ടെങ്കില്‍ പിന്നെ പറയാനുമില്ല - എല്ലാം മറന്നു കൊണ്ടുള്ള രസികന്‍ യാത്രകളായിരുന്നു അതൊക്കെ.

രാത്രി മുഴുവനും ഉറക്കമൊഴിച്ച്‌ കളി കാണുക സത്യത്തില്‍ കുറച്ച്‌ "കഠിനം" തന്നെയാണ്‌. എത്ര ഒരുങ്ങിയാലും ഇടയില്‍ ചെറുതായെങ്കിലും ഒന്ന് ഉറക്കം തൂങ്ങുക തികച്ചും സ്വാഭാവികം. കളി തുടങ്ങുമ്പോഴുള്ള ആവേശം പൂര്‍ണ്ണമായും ആദ്യത്തെ കഥ തീരുന്നതു വരെ ഉണ്ടായിരിയ്ക്കും. പിന്നീട്‌ രണ്ടാമത്തേ കഥയില്‍ മിയ്ക്കവാറും ഒരു "പതിഞ്ഞ പദ"ത്തോടെയായിരിയ്ക്കും [padam in a slow tempo] കഥ തുടങ്ങുന്നതു തന്നെ. അപ്പോള്‍ ഏകദേശം വെളുപ്പാന്‍ കാലം, 2 മണി ,3 മണി ആയിട്ടുണ്ടായിരിയ്ക്കും. അപ്പോഴായിരിയ്ക്കും നമ്മുടെ "ഉറക്കം" എന്ന ആശാന്‍ പതുക്കെ പതുക്കെ കണ്ണുകളെ ഒരു മയില്‍പ്പീലി കണക്കെ തലോടിക്കൊണ്ട്‌ മയക്കത്തിലേയ്ക്കു വിഴ്ത്തുവാന്‍ തുടങ്ങുന്നത്‌. പിന്നെ, പിടിച്ചാല്‍ കിട്ടില്ല, അറിയാതെ കണ്ണുകള്‍ അടഞ്ഞടഞ്ഞു പോയിക്കൊണ്ടിരിയ്ക്കും. പതിഞ്ഞ കാലത്തില്‍ [slow tempo] ഒരു 'പാടി" രാഗം അരങ്ങില്‍ നിന്നും ഉയര്‍ന്നു വന്നാല്‍ പിന്നെ ഉറക്കത്തിലേയ്ക്കു വീഴുവാന്‍ കൂടുതല്‍ എളുപ്പമായി. മിയ്ക്കപ്പോഴും തിരക്കു കാരണം നേരാംവണ്ണം ഒന്നു ചമ്രം പടിഞ്ഞിരിയ്ക്കാന്‍ പോലും സ്ഥലമില്ലാതെ കാലുകള്‍ കൂട്ടി വെച്ചിരിയ്ക്കുകയായിരുന്നു പതിവ്‌. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഉറക്കത്തെ ഏറ്റവും അധികം സ്നേഹിച്ചു പോകുന്ന നിമിഷങ്ങള്‍ ഒരുപക്ഷെ അതായിരിയ്ക്കും ! ചെവിയില്‍ അലയടിയ്ക്കുന്ന ചെണ്ടമേളങ്ങളുടെ ശബ്ദത്തിന്റേയും, അരങ്ങിലെ പതിഞ്ഞകാലത്തിലുള്ള ഒരു പദത്തിന്റെ പിന്നണിയുടേയും, വെളുപ്പാന്‍ കാലത്ത്‌ ഒഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ കുളിര്‍മയുടേയും ഒരു പ്രത്യേക കൊഴുപ്പില്‍, ഉറക്കത്തിനെ പുണരാന്‍ അപ്പോള്‍ തോന്നുന്ന മനസ്സിന്റെ അടക്കാനാവാത്ത കൊതി ശരിയ്ക്കും വല്ലാത്ത ഒരു അവസ്ഥയിലേയ്ക്കു നയിയ്ക്കാറുണ്ട്‌ !.

പക്ഷെ ആവേശം മൂത്ത്‌ തീരെ ഉറങ്ങാതെ കളി മുഴുവനും ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ത്തിരുന്ന അനുഭവങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്‌. അപ്പോഴേയ്ക്കും കഥകളിയാസ്വാദനത്തില്‍ കാര്യമായ മാറ്റങ്ങളും വന്നുപെട്ടിരുന്നു എന്നതും ഒരു വാസ്തവം തന്നെ. കുട്ടിക്കാലത്ത്‌ പാതിയുറക്കത്തില്‍ കണ്ടു പരിചയിച്ച വേഷങ്ങളിലൂടെയും, അഭിനയത്തിനൊത്ത്‌ പാടി കേള്‍ക്കുന്ന കഥകളിപ്പദങ്ങളുടെ സഹായത്തോടേയും, കലാകാരന്റെ അഭിനയത്തിലൂടേയും, മുദ്രകളിലൂടെയും മറ്റും കഥകളിയിലൂടെ കഥ കാണലായിരുന്നു / ആസ്വദിയ്ക്കലായിരുന്നു തുടക്കത്തിലൊക്കെ. അന്നത്തെ കലാമണ്ഡലം ഗോപിയാശാന്റെ കര്‍ണ്ണനും, കോട്ടയ്ക്കല്‍ ശിവരാമന്റെ കുന്തിയും കൂടി അരങ്ങത്ത്‌ അഭിനയിച്ചു പൊലിപ്പിയ്ക്കുന്നത്‌ കണ്ട്‌, ഞങ്ങളില്‍ പലരുടേയും കണ്ണു നനഞ്ഞു പോയ നിമിഷങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്‌ !. പിന്നീട്‌, വളരെ പതുക്കെയായി, കളിയിലെ "കഥയ്ക്കപ്പുറത്തെ" ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞു കാണാനുള്ള / ആസ്വദിയ്ക്കാനുള്ള ഒരു താല്‍പര്യം വളര്‍ന്നു വന്നു. അന്നൊക്കെ ധാരാളം ശില്‍പശാലകളും മറ്റും വളരെ സജീവമായി തന്നെ നടത്തി വന്നിരുന്നു. അതുകൊണ്ടു തന്നെ കഥകളിയുടെ സാങ്കേതിക വശങ്ങളെ കുറിച്ച്‌ ഒരു ബോധം ഉണ്ടാക്കിയെടുക്കുവാന്‍ അതൊക്കെ വളരെയധികം സഹായിച്ചിട്ടുണ്ട്‌. അത്‌ ഞങ്ങളുടെ ആവേശം കൂട്ടിയതേയുള്ളു.

അങ്ങിനെയൊരു ഘട്ടത്തില്‍ ആണെന്നു തോന്നുന്നു, ഞങ്ങളുടെ താല്‍പര്യം മെല്ലെ, കത്തിവേഷങ്ങളിലേയ്ക്ക്‌ പടര്‍ന്നു പിടിച്ചത്‌. പ്രത്യേകിച്ചും "ഉദ്ഭവത്തിലെ" [രാവണോദ്ഭവം] രാവണന്‍, അല്ലെങ്കില്‍ "ബാലിവിജയത്തിലെ" രാവണന്‍, അതുമല്ലെങ്കില്‍ "തോരണയുദ്ധത്തിലെ' രാവണന്‍, എന്നിങ്ങനെയുള്ള രാവണന്മാര്‍, കൂടാതെ നരകാസുരന്‍, ദുര്യോധനന്‍, കീചകന്‍ തുടങ്ങിയ "കത്തികള്‍" - അവയെല്ലാം തന്നെ ആദ്യാവസാന വേഷങ്ങളും ഒപ്പം വളരെയധികം ആസ്വദിച്ചിരുന്നു കാണാന്‍ പറ്റിയ വേഷങ്ങളുമാണ്‌. ഇതില്‍ ഏറ്റവും പരാക്രമശാലിയായി കഥകളിയില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ ഒരുപക്ഷെ രാവണന്‍ തന്നെയായിരിയ്ക്കും. കത്തിവേഷത്തിന്റെ ഏറ്റവും മനോഹരമായ രൂപവും ഭാവവും രാവണനില്‍ കൂടുതലായി ദര്‍ശിയ്ക്കാനാകുമെന്നു പറഞ്ഞാല്‍ തെറ്റില്ലെന്നു തോന്നുന്നു. നായകനായി രാമനും, പ്രതിനായകനായി രാവണനും എന്ന രീതിയിലാണ്‌ കഥയെങ്കിലും, കഥകളിയില്‍, രാവണന്‍ "പ്രതിനായകന്‍" എന്ന പദവി വിട്ട്‌, ധീരോദ്ധതനായ ഒരു "നായകനായി" തന്നെയാണ്‌ എല്ലാ കഥകളിലും കാണപ്പെടുന്നത്‌. കത്തി വേഷങ്ങളുടെ തിരനോട്ടത്തിനു തന്നെ തനതായ ഒരു സൗന്‌തര്യം ഉണ്ട്‌. രാമന്‍ കുട്ടിനായരാശാന്റെ കത്തി വേഷങ്ങളില്‍ പലതും ഞങ്ങളെല്ലാം ഒരുപോലെ അന്തം വിട്ടു നോക്കിയിരുന്നിട്ടുണ്ട്‌ !. ഏതായാലും കഥകളിയിലൂടെ ഞങ്ങള്‍ക്ക്‌ അസുരന്മാരോടുള്ള സമീപനത്തിനു തന്നെ മാറ്റം വന്നുഭവിച്ചു എന്നതാണ്‌ മറ്റൊരു സത്യം. അതുപോലെ, ശിവനെയൊ, ശ്രീകൃഷ്ണനേയൊ, ബ്രഹ്മാവിനേയൊ, വിഷ്ണുവിനേയൊ പോലെ സ്വതവെ തന്നെ അഭൗമങ്ങളായവര്‍ അധികം മുന്നിലേയ്ക്കു വരാതെ, നളന്‍, ദുര്യോധനന്‍, ഭീമന്‍, അര്‍ജ്ജുനന്‍, കര്‍ണ്ണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ എന്തെന്നില്ലാത്ത പ്രകാശത്തോടു കൂടി പ്രത്യക്ഷപ്പെടുന്നതും കഥകളിയുടെ ഒരു സവിശേഷതയായി ഞങ്ങള്‍ അദ്ഭുതത്തോടെ നോക്കികണ്ടിട്ടുണ്ട്‌. അതുപോലെ കാലകേയവധം, [ നിവാതകവചകാലകേയവധം എന്നാണ്‌ അതിന്റെ പൂര്‍ണ നാമം ] കിര്‍മ്മീരവധം തുടങ്ങിയ, സാങ്കേതികത [ സ്ഥായീഭാവം വിടാതെ വളരെ ചിട്ടയോടു കൂടി ആടേണ്ടുന്ന ] കൂടുതലായുള്ള ചില കഥകള്‍ ഞങ്ങളുടെ ആസ്വാദനനിലവാരത്തിനെതിരെ വിരല്‍ ചൂണ്ടിയ വെല്ലുവിളികള്‍ തന്നെയായിരുന്നു. ആ വെല്ലുവിളികളും പലപ്പോഴും വളരെ ആസ്വാദ്യകരമായി തീര്‍ന്നിരുന്നു എന്നതാണ്‌ മറ്റൊരു വാസ്തവം !.

ഇന്നിപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു കളി കണ്ടിട്ട്‌ തന്നെ ഏകദേശം 8-10 വര്‍ഷങ്ങളോളമായി. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് കളി കാണുവാന്‍ പണ്ടത്തെ പോലെ ഇന്ന് സാധിയ്ക്കുമൊ എന്നു പോലും ഞാന്‍ ചിലപ്പോള്‍ സംശയിച്ചു പോകാറുണ്ട്‌. പക്ഷെ അന്നൊരിയ്ക്കലും ജീവിതത്തില്‍ വന്നു പെട്ടേയ്ക്കാവുന്ന ഈയൊരവസ്ഥയെ കുറിച്ച്‌ ആലോചിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. അതും കഥകളി കണ്ടു നടന്നതിനെ കുറിച്ച്‌ ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതിയുണ്ടാക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല !. നാട്ടിലെ ഉത്സവക്കാലങ്ങളേയും, കഥകളിയരങ്ങുകളേയും കുറിച്ചു കേള്‍ക്കുമ്പോള്‍ ചെറിയ നിരാശാ ബോധം തുടക്കത്തിലൊക്കെ തോന്നാറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അത്തരത്തിലുള്ള മൃദുലവികാരങ്ങളെയെല്ലാം അതിജീവിയ്ക്കുവാന്‍ ശീലിച്ചു വന്നു, അല്ലെങ്കില്‍ സ്വാഭാവികമായും ശീലിച്ചു പോയി.

ഇന്ന് കഥകളി കാണാനുള്ള അവസരം ഇല്ലെങ്കിലും, ഈ കലാരൂപത്തിലുള്ള അതിയാഥാര്‍ഥ്യതയും, അഭൗമങ്ങളായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളും, പ്രകാശം പരത്തുന്ന വേഷങ്ങളും, അതിലുമുപരിയായി അതിന്റെ സാങ്കേതിക തികവും എല്ലാം തന്നെ ഒരു "വിസ്മയമായി" ഞാന്‍ ഇന്നും ഉള്ളില്‍ കൊണ്ടു നടക്കുന്നു...

Sunday, December 17, 2006

ഗൌരി എന്ന അമ്മിണിയോപ്പോള്‍

വിവാഹം കഴിഞ്ഞ്‌ ആദ്യമായി ഭര്‍തൃഗൃഹത്തില്‍ കയറി ചെല്ലുമ്പോഴാണ്‌ ഞാനാദ്യമായി 'അമ്മിണിയോപ്പോളെ" കാണുന്നത്‌.അവിടെ ഇരുന്നിരുന്ന ചില മുത്തശ്ശിമാരുടെ കൂട്ടത്തിലെ ഒരു മുത്തശ്ശി - അതില്‍ കൂടുതലായി ഒന്നും അന്നെനിയ്ക്കു തോന്നിയിരുന്നില്ല.

പിന്നീട്‌,ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍,കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ "അമ്മിണിയോപ്പോള്‍" എന്നാണവരെ വിളിയ്ക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി.വാസ്തവത്തില്‍ അവിടത്തെ പ്രായം കൂടിയ ഏറ്റവും മുതിര്‍ന്ന വ്യക്തിയായിരുന്നു അവര്‍.പക്ഷെ എങ്ങിനേയൊ,എന്തുകൊണ്ടൊ, അവരെ പ്രായവ്യത്യാസമില്ലാതെ എല്ലാവരും "അമ്മിണിയോപ്പോള്‍" എന്നു വിളിച്ചു തുടങ്ങി.

നല്ല ഉയരം,ഒത്ത തടി,വെളുത്ത നിറം.പരന്ന വലിയ മുഖത്ത്‌ ചെറിയ രണ്ട്‌ കണ്ണുകള്‍.തോളറ്റം വെളുത്ത മുടി.നെറ്റിയില്‍ പിരികത്തിനു മുകളിലായി സാമാന്യം വലുപ്പമുള്ള ഒരു മറുക്‌.വേഷം ജാക്കറ്റും മുണ്ടും.ഇതായിരുന്നു അമ്മിണിയോപ്പോള്‍, ചുരുക്കത്തില്‍.

കുടുംബത്തിലേയ്ക്കു വരുന്ന "ആദ്യത്തെ മരുമകള്‍" എന്ന നിലയില്‍ അവിടെയുള്ളവരുടെ "പ്രതീക്ഷകള്‍ക്കൊത്തുള്ള" ഒരു "നല്ല" മരുമകളാവാനുള്ള എന്റെ തത്രപ്പാടിനിടയില്‍ ഞാന്‍ അമ്മിണിയോപ്പോളെ ആദ്യം തീരെ ശ്രദ്ധിച്ചിരുന്നില്ല.അതുകൊണ്ട്‌ തന്നെ കാര്യമായ ആശയവിനിമയത്തിനും ഞാന്‍ മിനക്കെട്ടിരുന്നില്ല.എല്ലാവരെയും പോലെ "അമ്മിണിയോപ്പോളേ.." എന്ന് വിളിയ്ക്കാനുള്ള ഒരു സന്ദര്‍ഭവും എനിയ്ക്കു കിട്ടിയിരുന്നില്ല.വളരെ സാധാരണ മട്ടില്‍ എല്ലാരെയും പോലെ രാവിലെ എണിറ്റ്‌ കുളിച്ചു മുണ്ടും ജാക്കറ്റും മാറി,പിന്നിലെ കോലായില്‍ ഇരുന്ന് കഷ്ണം നുറുക്കുന്നതും,തൈരു കലക്കുന്നതും,എല്ലാം ചിട്ടയോടെ ചെയ്യുന്ന ഒരു "അമ്മിണിയോപ്പോള്‍"- അവിടത്തെ അച്ഛന്റെ ഏറ്റവും മൂത്ത ഓപ്പോള്‍- ഇത്രയുമാണ്‌ എന്റെ കണ്ണിലൂടെ ഞാന്‍ കണ്ട അമ്മിണിയോപ്പ്പ്പോള്‍.

പിന്നീട്‌,പലപ്പോഴും അമ്മിണിയോപ്പോള്‍ അവ്യക്തമായി പതിഞ്ഞ സ്വരത്തില്‍ എന്തൊക്കെയൊ പിറുപിറുക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി.അതും വളരെ സാധാരണ മട്ടില്‍ തന്നെ.എന്നോടെന്തൊ പറയുകയാണ്‌ എന്നു കരുതി ഞാന്‍ പലതവണ അരികത്തു ചെന്നു ചോതിച്ചിട്ടുണ്ട്‌.പക്ഷെ അതിന്‌ എനിയ്ക്കു മറുപടിയൊ,ഒരു നൊട്ടമൊ പോലും കിട്ടിയിരുന്നില്ല.എന്നാല്‍ അവിടെയാരും അമ്മിണിയോപ്പോളുടെ ആ "പിറുപിറുക്കല്‍" അത്ര കാര്യമായി എടുക്കുന്നില്ലെന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കി.അമ്മിണിയോപ്പോള്‍, അങ്ങിനെ പ്രത്യേകിച്ച്‌ ആരുടെയും മുഖത്ത്‌ നോക്കി ഒന്നും സംസാരിയ്ക്കുന്നില്ലെന്ന് ഞാനറിഞ്ഞു തുടങ്ങി."എന്താ അമ്മിണിയോപ്പോളേ.."എന്നുള്ള സ്നേഹത്തില്‍ പൊതിഞ്ഞ ഒരു കുശലാന്വേഷണമൊ,ഒരു യാത്രയ്ക്കു പോകുമ്പോള്‍ "അമ്മിണിയോപ്പോളേ,പോയി വരട്ടെ..ട്ടൊ" എന്ന ഒരു യാത്ര പറച്ചിലൊ,ഇതിലൂടെയൊക്കെയായിരുന്നു അധികവും എല്ലാവരും ആശയവിനിമയം നടത്തിയിരുന്നത്‌.അതിനും അമ്മിണിയോപ്പോള്‍ പ്രത്യേകിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.

തളത്തിലെ ജനാലയ്ക്കടുത്തുള്ള ഒരു കട്ടിലിലായിരുന്നു അമ്മിണിയോപ്പോളുടെ ലോകം എന്നെനിയ്ക്കു തോന്നിയിരുന്നു.അവിടേയ്ക്കു ഓടി എത്താറുള്ള പൂച്ചകളോട്‌ അമ്മിണിയോപ്പോള്‍ യഥേഷ്ടം സംസാരിയ്ക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.അമ്മിണിയോപ്പോള്‍ രാവിലെ എണീയ്ക്കുമ്പോള്‍ ആ പൂച്ചകളും ഒപ്പം എണീറ്റു വരുന്നതു ഞാന്‍ കൗതുകത്തോടേ നോക്കി നിന്നിട്ടുണ്ട്‌.അവയോടുള്ള അമ്മിണീയോപ്പോളുടെ സ്നേഹം എന്നെ അദ്ഭ്ഭുതപ്പെടുത്തിയിരുന്നു.ഒരമ്മയ്ക്ക്‌ തന്റെ മക്കളോടുള്ള വാത്സല്ല്യത്തിനു തത്തുല്ല്യമായ എന്തൊ ഒരു വികാരം ആ മുഖത്ത്‌ ഉണ്ടാകുന്നതായി എനിയ്ക്കു തോന്നിയിട്ടുണ്ട്‌!.

പിന്നീട്‌ ഞാന്‍ "അവിടത്തെ അമ്മയില്‍" നിന്നും അമ്മിണിയോപ്പോളെ കുറിച്ച്‌ കൂടുതല്‍ അറിഞ്ഞു തുടങ്ങി.അമ്മിണിയോപ്പോളുടേ യഥാര്‍ഥ നാമം ഗൗരി എന്നായിരുന്നു ത്രെ."അമ്മിണീ" എന്നത്‌ വിളിപ്പേരും.കുട്ടിക്കാലത്ത്‌ ഒരിയ്ക്കല്‍ കുളിയ്ക്കാന്‍ പോയപ്പോള്‍ എന്തോ കണ്ട്‌ പേടിച്ചു.അതിനു ശേഷം അമ്മിണിയോപ്പോള്‍ ആരോടും അധികം മിണ്ടാതെയായി..എല്ലാവരെയും അറിയാം ,പക്ഷെ ഒന്നും മിണ്ടില്ല.അങ്ങിനെതന്നെ മാറ്റങ്ങള്‍ ഒന്നും വരാതെ അമ്മിണിയോപ്പോള്‍ വളര്‍ന്നു.എല്ലാം മനസ്സിലാവും ,പക്ഷെ ഒന്നും അറിഞ്ഞതായി നടിയ്ക്കില്ല.പിന്നീട്‌ തന്റെ അമ്മയുടെ മരണ ശേഷം,തന്റെ സഹോദരങ്ങളുടെ വീടുകളില്‍ മാറി മാറി താമസിച്ചിരുന്ന അമ്മിണിയോപ്പോള്‍ ഇടയ്ക്കെപ്പൊഴൊ തന്റെ ഏറ്റവും ഇളയ സഹോദരന്റെ [എന്റെ കണവന്റെ അച്ഛന്റെ] വീട്ടില്‍ [എന്റെ ഭര്‍ത്ര് ഗ്രഹത്തില്‍] സ്ഥിര താമസമാക്കിയത്രെ.അതിനുള്ള കാരണം ആരും ചോതിച്ചതുമില്ല,ആ ഇഷ്ടത്തിന്‌ ആരും എതിരും നിന്നില്ല.

ആ കാലത്ത്‌ അമ്മിണിയോപ്പോള്‍ക്ക്‌ ഒരു ശീലമുണ്ടായിരുന്നുവത്രെ,എന്തിനാണ്‌ ഏതിനാണ്‌ ഒന്നുമറിയില്ല,ഇടയ്ക്ക്‌ കൈ കൊണ്ട്‌ മാറത്ത്‌ ആഞ്ഞടിച്ച്‌ ഉറക്കെ ഉറക്കെ എന്തൊക്കെയൊ പറയുമായിരുന്നുവത്രെ.വീടും കുട്ടിയേയും അമ്മിണിയോപ്പോളെ ഏല്‍പ്പിച്ചിട്ടാണ്‌ അമ്മ സ്കൂളില്‍ പോയിരുന്നത്‌.അമ്മ തിരിച്ചു വന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ അതുപോലെ പറയുകയും വീടു ശ്രദ്ധാപൂര്‍വം നോക്കുകയും ചെയ്തിരുന്നു അമ്മിണിയോപ്പോള്‍.സ്ക്കുളില്‍ പോകുമ്പോള്‍ ചിലപ്പോള്‍ അമ്മ കാണുന്ന രംഗം- ഒരു കൈ കൊണ്ട്‌ കുട്ടിയെ മാറത്ത്‌ അടുക്കി പിടിച്ച്‌ മറു കൈ കൊണ്ട്‌ മറ്റേ മാറത്ത്‌ ആഞ്ഞടിയ്ക്കുന്നതാവും!പക്ഷെ ഒരു കാരണവശാലും കുട്ടിയെ പിടിവിടുകയൊ,ആര്‍ക്കും കൈ മാറുകയൊ ചെയ്യില്ല എന്ന വിശ്വാസമാണ്‌ അത്‌ കണ്ട്‌ സ്ക്കൂളിലേയ്ക്ക്‌ ഓടുന്ന അമ്മയുടെ നെഞ്ചിടിപ്പ്‌ കുറച്ചിരുന്നതത്രെ!

അമ്മിണിയോപ്പോള്‍ കല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല.സ്വഭാവത്തിലെ വ്യത്യാസങ്ങള്‍ കാരണം ഒരു പക്ഷെ, അന്നത്തെ സാഹചര്യത്തില്‍,ആരും അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടുണ്ടാകില്ല.പക്ഷെ അമ്മിണിയോപ്പോള്‍ക്ക്‌ എന്നും ചെറിയ കുട്ടികളോട്‌ പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു എന്നത്‌ സത്യം തന്നെ.

പിന്നീട്‌ ഒരിയ്ക്കല്‍ ഞാന്‍ നാട്ടില്‍ എത്തിയ സമയത്ത്‌,അമ്മിണിയോപ്പോള്‍ ഒന്ന് വീഴുകയുണ്ടായി.ഒരു കാലിന്റെ പാദത്തിനു മുകളിലായി ചെറുതായി ഫ്രാക്ച്ചര്‍ ആയി.അങ്ങിനെ തളത്തില്‍ നിന്നും അകത്തെ മുറിയിലെ കട്ടിലില്‍ കിടപ്പിലായി.ആ കാലില്‍ അധികം ബലം കൊടുക്കരുതെന്ന ഡോക്റ്റരുടെ നിര്‍ദ്ദേശ്ശ പ്രകാരം തീര്‍ത്തും കിടക്കുന്ന അവസ്ഥയിലായി.അതുവരെ ഒരാവശ്യത്തിനും ആരെയും വിളിയ്ക്കാത്ത അമ്മിണിയോപ്പോള്‍ കിടപ്പിലായതിനു ശേഷം തന്റെ ആവശ്യങ്ങള്‍ക്ക്‌ മറ്റുള്ളവരെ വിളിയ്ക്കാന്‍ നിര്‍ബന്ധിതയായി.ആ ഒരു കാലഘട്ടത്തിലാണ്‌ എന്നു തോന്നുന്നു,എനിയ്ക്ക്‌ അവരുമായി ഒരു ബന്ധം സ്ഥാപിയ്ക്കാന്‍ കഴിഞ്ഞത്‌.അമ്മയേയും അടുത്തുള്ള വല്ല്യമ്മയേയുമൊഴിച്ച്‌ വേറെയാരേയും സഹായത്തിന്‌ അടുപ്പിയ്ക്കാത്ത അമ്മിണിയോപ്പോള്‍ ഇടയ്ക്കൊക്കെ എന്നേയും പേരെടുത്ത്‌ വിളിച്ചു തുടങ്ങിയിരുന്നു.ആ അവ്യക്തമായ സംസാര ശൈലി എനിയ്ക്കു പരിചിതമായി തുടങ്ങി.അമ്മിണിയോപ്പോളുടേ ആ വിളി,എന്നോടുള്ള എന്തൊ ഒരു അടുപ്പത്തിന്റെ തെളിവായി തന്നെയാണ്‌ ഞാന്‍ കണക്കാക്കിയിരുന്നത്‌,അതൊ അങ്ങിനെ കരുതാനാണ്‌ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്‌ എന്ന് പറയുന്നതാവുമൊ കൂടുതല്‍ ശരി? അറിയില്ല.

അങ്ങിനെ കുറെ കാലത്തെ ആ കിടപ്പിനു ശേഷം,വീണ്ടും അമ്മിണിയോപ്പോള്‍ ഒരു "വാക്കറിന്റെ" സഹായത്താല്‍ കുറേശ്ശെ എണീറ്റു നടന്നു തുടങ്ങി.കാലങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ നാട്ടിലുള്ള മറ്റൊരു അവസരത്തില്‍ വീണ്ടും മറ്റെ കാല്‍ ഫ്രാക്ച്ചര്‍ ആവുകയും പിന്നെ തീര്‍ത്തും കിടപ്പിലാവുകയും ചെയ്തു.കൂടാതെ പ്രമേഹവും അവരെ കൂടുതല്‍ തളര്‍ത്തി.അമ്മിണിയോപ്പോളുടെ ഇഷ്ടപ്പെട്ട ഭക്ഷണമായ ചക്ക, മാങ്ങ എല്ലാം തീര്‍ത്തും ഒഴിവാക്കി.ഭക്ഷണ പ്രിയ ആയിരുന്ന അമ്മിണിയോപ്പോളുടെ ഭക്ഷണത്തിന്റെ അളവ്‌ വല്ലാതെ കുറഞ്ഞു തുടങ്ങി.ശരീരം ക്ഷീണിച്ചു വന്നു.

കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ അമ്മിണിയോപ്പോള്‍ തീര്‍ത്തും കിടപ്പിലായിരുന്നു.70-ആം പിറന്നാള്‍ എല്ല ബന്ധുക്കളും കൂടി ആഘോഷിച്ചു.അന്നത്തെ, മുണ്ടിന്റെ ഒപ്പമുള്ള ഒരു വേഷ്ടിയും,നെറ്റിയിലെ പൊട്ടും ചന്ദനക്കുറിയും ആ മുഖത്തിന്റെ "ചൈതന്യം" കൂട്ടിയതായി എല്ലാവര്‍ക്കും തോന്നി. അതിന്റെ പിറ്റെ ദിവസം മുതല്‍ അമ്മിണിയോപ്പോള്‍ തീരെ അവശ നിലയിലായി.വ്ര്‌ക്കയുടെ പ്രവര്‍ത്തനം മന്ദ ഗതിയിലായി.ഭക്ഷണം തീരെ അകത്തു ചെല്ലാതെയായി.എന്തൊക്കെയൊ പന്തികേടുകള്‍ എല്ലാവരുടെയും മനസ്സില്‍ രൂപം കൊണ്ടു.പക്ഷെ ആരും പരസ്പരം ഒന്നും പറയാതെ മാറി മാറി ശുശ്രൂഷിച്ചു.മരുന്നുകള്‍ കൊടുത്തു."പിറുപിറുക്കല്‍" തീര്‍ത്തും നിലച്ചു.ഒന്നു തിരിഞ്ഞു കിടക്കല്‍ പോലും ശ്രമകരമായി.അങ്ങിനെ ഒരാഴ്ചത്തെ കിടപ്പിനു ശേഷം കര്‍ക്കടക മാസം ഒന്നാം തിയ്യതി രാത്രി അമ്മിണിയോപ്പോള്‍ ഞങ്ങളൊട്‌ വിട പറഞ്ഞു.

ശാന്തമായ മരണം എന്നു തന്നെ പറയാമെന്നു തോന്നുന്നു,കുറഞ്ഞത്‌ കാണുന്നവരെ സംബന്ധിച്ചെങ്കിലും..പക്ഷെ അവസാനത്തെ ഒരാഴ്ച അമ്മിണിയോപ്പോള്‍ എന്തൊക്കെയൊ വേദനകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്‌.പക്ഷെ പതിവു പോലെ അപ്പോഴും ഒന്നും പുറത്ത്‌ പ്രകടിപ്പിയ്ക്കാതെ മിണ്ടാതെ കിടന്നു.അവസാനത്തെ കുറച്ചു മണിക്കൂറുകളില്‍ ബോധം തീര്‍ത്തും നശിച്ചിരുന്നു.ഞങ്ങളുടെ മാറി മാറിയുള്ള വിളികളൊന്നും അമ്മിണിയോപ്പോള്‍ കേട്ടിരുന്നില്ല.

"ആരെയും ബുധിമുട്ടിയ്ക്കാതെയും സ്വയം യാതനകളൊന്നുമനുഭവിയ്ക്കാതെയും അമ്മിണിയോപ്പോള്‍ പോയി,ഭാഗ്യവതിയാണ്‌" എന്നു എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു.ശരീരം കൊണ്ട്‌ മാത്രം തന്റെ സാന്നിധ്യം അറിയിച്ചിരുന്ന അമ്മിണിയോപ്പോളുടെ മനസ്സ്‌ എന്നും മറ്റുള്ളവര്‍ക്ക്‌ അഞ്ജാതമായിരുന്നു.സ്വയം എന്തൊക്കെയൊ പിറുപിറുത്തിരുന്നതും ഇടയ്ക്ക്‌ മാറത്ത്‌ അടിച്ചിരുന്നതും മനസ്സിലെ ഏതെങ്കിലും വേദനകളുടെ പ്രതിഫലനമായിരുന്നുവൊ? ഒരു കുടുംബ ജീവിതത്തിന്റെ സ്വപ്നങ്ങള്‍ ആ മനസ്സില്‍ എന്നെങ്കിലും ഉണ്ടായിരുന്നുവൊ? എന്തായാലും,അമ്മിണിയോപ്പോളെ ഒരുപോലെ സ്നേഹിയ്ക്കുകയും ശുശ്രൂഷിയ്ക്കുകയും ചെയ്തിരുന്ന തന്റെ പ്രിയപ്പെട്ടവരുടെ നിറഞ്ഞ സാന്നിധ്യത്തില്‍ ,അധികം നരകിയ്ക്കാതെ ശാന്തമായി മരണത്തിലേയ്ക്ക്‌ പ്രവേശിയ്ക്കാന്‍ കഴിഞ്ഞതില്‍ ഒരുപക്ഷെ അവരുടെ ആത്മാവ്‌ സന്തോഷിയ്ക്കുന്നുണ്ടായിരിയ്ക്കും- എന്ന് ഞങ്ങളെല്ലാവരും വിശ്വസിയ്ക്കുന്നു.

എല്ലാവരും എന്നോട്‌ പറഞ്ഞു-"അമ്മിണിയോപ്പോള്‍ ഏറ്റവും അധികം നോക്കിയിരുന്നത്‌ അവനെയായിരുന്നു"[എന്റെ കണവനെ].അതുകൊണ്ട്‌ തന്നെ "അവനോട്‌" പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു."അവസാന സമയത്ത്‌ ഒപ്പം നില്‍ക്കാന്‍ അവന്‌ സാധിച്ചില്ലെങ്കിലും അവന്റെ ഭാര്യയ്ക്ക്‌ സാധിച്ചുവല്ലൊ" എന്ന്.അതും ഒരു നിയോഗമായിരുന്നിരിയ്ക്കാം.വിറയ്ക്കുന്ന കാലുകളോടെ അവസാന ശ്വാസം വലിയ്ക്കുന്നത്‌ കണ്ട്‌ കൊണ്ട്‌ അമ്മിണിയോപ്പോളുടെ അടുത്ത്‌ മരവിച്ചു നിന്നിരുന്ന നിമിഷങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു..

Thursday, November 30, 2006

'അനുഭവത്തിന്റെ ചെറുചൂടില്‍

വളരെ യാദൃശ്ചികമായാണ്‌ ഞങ്ങള്‍ക്ക്‌ ഒരു സ്ഥലമാറ്റത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വന്നത്‌.പക്ഷെ കേവലം ഒരു സ്ഥലമാറ്റം മാത്രമായിരുന്നില്ല ഞങ്ങള്‍ക്കത്‌, പ്രവാസി ഭാഷയില്‍ പറഞ്ഞാല്‍ "ഫ്ലാറ്റില്‍" നിന്നും "വില്ലയിലേയ്ക്കുള്ള" ഒരു ചേക്കേറല്‍ കൂടിയായിരുന്നു.ഒരു "മാറ്റം" എന്ന അവസ്ത്ഥയോട്‌ എനിയ്ക്കുണ്ടായിരുന്ന സകല ആകുലതകളെയും നീക്കി തുടച്ചു കൊണ്ട്‌ ഈ ചെറിയ വില്ല ഞങ്ങള്‍ക്ക്‌ ആശ്വാസത്തിനുള്ള വക നല്‍കി.ഇവിടെയുള്ള മരങ്ങളും,ചെടികളും, തിരക്കില്ലാത്ത റോടും വില്ലയുടെ തുറന്ന പരിസരവും ഞങ്ങളെ സന്തോഷിപ്പിച്ചു.അടച്ചു പൂട്ടിയ ഫ്ലാറ്റ്ജിവിതം തോന്നിപ്പിച്ചിരുന്ന ഒരു തരം "അപൂര്‍ണതയെ" ഇവിടത്തെ തുറന്ന "ഗൃഹാന്തരീക്ഷം" കുറച്ചെങ്കിലും നികത്തുന്നതായി ഞങ്ങള്‍ക്ക്‌ തോന്നി.


ഞങ്ങളുടെ അമ്മുവിന്‌ അഞ്ചു വയസ്സ്‌ കഴിഞ്ഞതേയുള്ളു.പഴയ ഫ്ലാറ്റില്‍ അവള്‍ക്ക്‌ ധാരാളം കൂട്ടുകാരുണ്ടായിരുന്നു.അവിടെ സദാസമയവും കളിയും ചിരിയും ഇത്തിരി വഴക്കു കൂടലുമൊക്കെയായി അമ്മു തിരക്കിലായിരുന്നു.എന്നാല്‍ ഇപ്പോഴത്തെ മാറ്റം അമ്മുവിന്‌ നല്‍കിയത്‌ വേറൊരു ലോകമാണ്‌.ഇവിടെ വന്നപ്പോള്‍ തന്റെ കുഞ്ഞനുജത്തിയല്ലാതെ വേറെയാരും കളിയ്ക്കുവാനില്ല -

'കുഞ്ഞനുജത്തിയ്ക്കാണെങ്കിലോ,തന്റെ കൂടെ കളിയ്ക്കാനുമറിയില്ല" - എന്നാണ്‌ അമ്മുവിന്റെ പരാതി.

അങ്ങിനെ അമ്മു സ്വാഭാവികമായും ടി.വി യിലെ കാര്‍ടൂണ്‍ കഥാപാത്രങ്ങളുടെ ലോകത്തില്‍ മുഴുകി തുടങ്ങി.കമ്പ്യൂടറിലെ പെയിന്റില്‍ ചിത്രങ്ങള്‍ വരച്ചും പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ സായൂജ്യമടഞ്ഞും ആ മിനിസ്ക്രീനുകളില്‍ മുഴുകി ഇരുന്നു.പിന്നീട്‌ എപ്പോഴോ അമ്മുവിന്റെ ശ്രദ്ധ പതുക്കെ പതുക്കെ മുറ്റത്ത്‌ ഓടിനടക്കുന്ന ഉറുമ്പുകളിലേയ്ക്ക്‌ തിരിഞ്ഞു.
ചെറു പാറ്റകളെ പോലും കണ്ട്‌ പേടിച്ചോടിയിരുന്ന അമ്മുവിന്‌ ഈ കൊച്ചു ജീവികള്‍ ആദ്യം ഒരു "കൗതുകം" മാത്രമായിരുന്നെങ്കിലും,പിന്നീട്‌ മെല്ലെ മെല്ലെ അവയോടുള്ള സ്നേഹം ഉണര്‍ന്നു വന്നു.

"അമ്മേ,ഉറുമ്പിനെ ചവിട്ടണ്ട ട്ടൊ"..ഞാന്‍ മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ അവളെന്നെ ഓര്‍മിപ്പിച്ചു.
"അമ്മേ,അനീത്തികുട്ടി ഉറുമ്പിനെ ചവിട്ടി കൊല്ലുന്നു"..
ചിലപ്പോള്‍ എന്നോടവള്‍ പരാതി പറഞ്ഞു.അവള്‍ ഉറുമ്പുകളെ ഇലയില്‍ കോരി കൈയ്യിലേയ്ക്കിട്ട്‌,അവരോട്‌ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ്‌ അവരുടേതായ ലോകത്തില്‍ ലയിച്ചു തുടങ്ങി.

പിന്നീട്‌,പതുക്കെ പതുക്കെയായി,വില്ലയ്ക്കരികിലുള്ള മരത്തിലെ ചിലച്ച്‌ കൊണ്ടിരിയ്ക്കുന്ന കിളികള്‍,സ്ക്കൂള്‍ ബസ്സ്റ്റോപ്പില്‍ കണ്ടുമുട്ടാറുള്ള കോഴികള്‍,ഒരു പുലിക്കുട്ടന്റെ ശൗര്യത്തില്‍ കാറുകളുടെ മുകളില്‍ തലയെടുപ്പോടെ ഇരിയ്ക്കുന്ന പൂച്ചകള്‍,ഇവയെല്ലാം അമ്മുവിന്റെ കുഞ്ഞു മനസ്സിലേയ്ക്കു കുടിയേറി.അവരെ കുറിച്ചുള്ള ഓരോ കഥകള്‍ അമ്മു മനസ്സില്‍ മിനഞ്ഞു തുടങ്ങി.

അങ്ങിനെയിരിയ്ക്കുമ്പോഴാണ്‌ ഒരു ദിവസം അപ്രതീക്ഷിതമായി ഞങ്ങളുടെ വില്ലയിലേയ്ക്ക്‌ ഒരു കുഞ്ഞിക്കിളി അതിഥിയായി എത്തിയത്‌.അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ എങ്ങിനെയോ വീണ്‌ കിടന്നിരുന്ന അതിനെ,പൂച്ചയ്ക്കാഹാരമാക്കണ്ട എന്ന് കരുതി അമ്മൂന്റെ അച്ഛന്‍ എടുത്തു കൊണ്ടുവന്നതായിരുന്നു.അത്‌ അച്ഛന്റെ കൈയ്ക്കുള്ളില്‍ പരിഭ്രമിച്ച്‌,വിറച്ച്‌ അനങ്ങാന്‍ വയ്യാതെ ഇരിയ്ക്കുകയായിരുന്നു.മുട്ടയില്‍ നിന്നും വിരിഞ്ഞ്‌ അമ്മ പക്ഷിയുടെ ചൂട്‌ വിട്ടുമാറാത്ത ഒരു കൊച്ചു കിളിക്കുഞ്ഞായിരുന്നു അത്‌.അതിന്റെ ചുകന്ന മൃദുവാര്‍ന്ന കൊക്കും,ചെറിയ മെലിഞ്ഞ കാലുകളും അതിന്റെ കൗതുകം വര്‍ധിപ്പിച്ചു.അതിന്റെ മിനുസമാര്‍ന്ന ചിറകുകള്‍ ഉയര്‍ത്താനാവാത്ത വിധം തീരെ ചെറുതായിരുന്നു.അമ്മൂന്‌ അതിനെ ഇഷ്ടമായിയെന്ന്‌ മാത്രമല്ല അതിനെ തന്റെ സ്വന്തം "പെറ്റാക്കി" വളര്‍ത്തണമെന്ന് മനസ്സില്‍ ഉറപ്പിയ്ക്കുകയും ചെയ്തു.

ഞങ്ങളുടെ അടുത്ത ദൗത്യം, അതിനെ സമാധാനിപ്പിച്ച്‌ പുതിയ അന്തരീക്ഷവുമായി ഇണക്കുക എന്നതായി.അതിന്റെ നിസ്സഹായത അതിനെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് വ്യക്തമായിരുന്നു. ഞങ്ങളതിന്‌ കൊക്കിലൊതുങ്ങുന്നത്ര പാലും വെള്ളവും വറ്റും ഒക്കെ കൊടുത്ത്‌ ഒരുവിധം ശക്തിപ്പെടുത്തി.മെല്ലെ മെല്ലെ അതിന്റെ പേടിയും വിറയലും വിട്ടകന്നു.രാവിലെ അതിനെ മുറ്റത്തേയ്ക്ക്‌ വെച്ച്‌, സുരക്ഷിതമായി ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന്‌ അതിന്റെ മാതാപിതാക്കളെ അറിയിയ്ക്കാന്‍ ഒരു ശ്രമം നടത്തി.താമസിയാതെ തന്നെ എവിടെ നിന്നൊ രണ്ടു പക്ഷികള്‍ പറന്നു വന്ന്‌ മരത്തില്‍ വല്ലാതെ ചിലച്ച്‌ ബഹളം വെച്ച്‌ തുടങ്ങി.ഞങ്ങള്‍ക്കാശ്വാസമായി.അവ തങ്ങളുടെ കുഞ്ഞിനെ എടുത്തു പറന്ന്‌ പോകുന്നതു കാണാന്‍ ഞങ്ങള്‍ കുറെ കാത്തിരുന്നു.പക്ഷെ അവ കുഞ്ഞിനു ചുറ്റും ചിലച്ചു കൊണ്ട്‌ പാറി പറന്നതല്ലാതെ അതിനെ കൊണ്ടു പോയില്ല.അവയുടെ നിസ്സഹായത,ഒരിത്തിരി നിരാശ ഞങ്ങളിലുണ്ടാക്കി;എങ്കിലും അമ്മുവിന്‌ ഉത്സാഹമായി.
അമ്മു പറഞ്ഞു-
"അച്ഛാ,ഇനി നമുക്ക്‌ ഒരു കൂട്‌ വാങ്ങി കിളിക്കുട്ടിയെ അതിലിട്ട്‌ വളര്‍ത്താം ല്ലെ,നല്ല രസമായിരിയ്ക്കും"..
അച്ഛന്‍ ആലോചിച്ച്‌ മറുപടി പറഞ്ഞു-
"വേണ്ട അമ്മു,അത്‌ വലുതാവുന്നത്‌ വരെ വളര്‍ത്തി,തനിയെ പറക്കാറായാല്‍ നമുക്കതിനെ പറത്തി വിടാം"..
അമ്മു ആലോചിച്ചു-"എന്നാലും കുറച്ചു ദിവസം കുഞ്ഞിക്കിളി ഇവിടെ ഉണ്ടാവൂലൊ"-അമ്മൂന്‌ ആശ്വാസമായി.

അങ്ങിനെ പതുക്കെ പതുക്കെ ആ കിളികുട്ടി, ഞങ്ങളില്‍ ഒരാളായി മാറി തുടങ്ങി.ആദ്യമൊക്കെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന അമ്മുവിന്റെ അനീത്തികുട്ടി പോലും കുഞ്ഞിക്കിളിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.അമ്മു തന്റെ പഴയ കൂട്ടുകാരെയെല്ലാം കുഞ്ഞിക്കിളിയെ കാണാന്‍ ക്ഷണിച്ച്‌ തുടങ്ങി.ഞങ്ങളുടെ ഹാളില്‍ ഒരറ്റത്ത്‌ ഒരു തുണി മടക്കിയതില്‍ അതിനെ വെച്ചു.പക്ഷെ അമ്മപക്ഷിയുടെ "തീറ്റി പോറ്റുന്ന" രീതി അറിയാതെ ഞങ്ങള്‍ കുഴങ്ങി.എന്നാലും വൈകാതെ അതിന്‌ തീറ്റ കൊടുക്കുവാനുള്ള "പാടവം" അമ്മുവടക്കമുള്ള എല്ലാവരും ശീലിച്ചെടുത്തു.ഒരു "ഫില്ലര്‍" വാങ്ങി അതില്‍ക്കൂടി പാലും വെള്ളവും കുഞ്ഞു കൊക്കിലേയ്ക്കൊഴിച്ചു കൊടുത്തു..കിളികുട്ടി കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത്‌ കുഞ്ഞിക്കാലുകള്‍ കൊണ്ട്‌ രണ്ടുമൂന്നടി വെച്ചു തുടങ്ങി.അതിന്റെ നേര്‍ത്ത ശബ്ദം ഹാളില്‍ നിറഞ്ഞു നിന്നു..ദിവസത്തില്‍ രണ്ടു തവണ ,ആ പക്ഷികളെ കാണിയ്ക്കാനായി അതിനെ പുറത്തെടുത്തു വെച്ചിരുന്നു.ചിലപ്പോള്‍,അവയെ ആശ്വസിപ്പിയ്ക്കാനെന്നോണം അവയുടെ സാന്നിധ്യത്തില്‍ ഞങ്ങളതിന്‌ തീറ്റ കൊടുത്തിരുന്നു.അതില്‍ ഒരു പക്ഷി ചിലപ്പോഴൊക്കെ ചിലച്ചു കൊണ്ട്‌ കുഞ്ഞിന്റെ അടുത്തു ഒരു നിമിഷത്തേയ്ക്ക്‌ പറന്നു വന്നിരിയ്ക്കുമായിരുന്നു.എന്തായാലും അത്‌ അമ്മ പക്ഷി തന്നെ ആയിരുന്നിരിയ്ക്കണം.ആ പക്ഷികള്‍ ആ മരം വിട്ടു പോകാതെ അവിടെ തന്നെ ഇടവിടാതെ ചിലച്ചു കൊണ്ട്‌ പാറി നടന്നിരുന്നു.ഈയൊരു സ്നേഹത്തിന്റെ ഭാഷ ഒന്നു മാത്രമാണ്‌ കുഞ്ഞു അവയുടേത്‌ തന്നെയാണെന്ന ഉറപ്പ്‌ ഞങ്ങള്‍ക്ക്‌ തന്നത്‌.അതിനപ്പുറത്തെ പക്ഷികളുടെ ഭാഷ എങ്ങിനെ മനസ്സിലാക്കാന്‍..!പക്ഷെ,കുഞ്ഞിക്കിളി വലുതായി,അതിന്റെ കഷ്ടതകളെല്ലാം ഒഴിഞ്ഞ്‌ അവരുടെ അടുത്തേയ്ക്ക്‌ പറന്നു പോകുമെന്ന വിശ്വാസം ഞങ്ങളില്‍ വേരുറച്ച്‌ കഴിഞ്ഞിരുന്നു.അത്‌ ഞങ്ങളുടെ ഒരു സ്വപ്നമായി മാറുകയായിരുന്നു.

പക്ഷെ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുണര്‍ന്നപ്പോള്‍ കണ്ടത്‌ കുഞ്ഞിക്കിളിയുടെ ജീവനറ്റ ശരീരമാണ്‌!.വല്ലാത്ത ഒരു ശാന്തതയില്‍ മുക്കിയെടുത്ത "നിശ്ചലതയാണ്‌" അതിന്റെ കുഞ്ഞു ശരീരത്തില്‍ കാണുന്നതെന്നെനിയ്ക്ക്‌ തോന്നി.കഷ്ടതകളില്‍ നിന്നും രക്ഷ നേടിയതിന്റെ ശാന്തത.പക്ഷെ, ആ "ശാന്തമായ നിശ്ചലത" എന്റെ കണ്ണുകള്‍ക്കുള്ളില്‍ തട്ടി തെറിച്ചു പോകുന്നതു പോലെ തോന്നി..അതുവരെ തോന്നാത്ത ഒരു അപരിചിതത്വം കലര്‍ന്ന നിസ്സഹായത തോന്നി പോയി.എന്തോ ഒരു കുറ്റബോധത്തിന്റെ വേദന എന്റെ ഉള്ളില്‍ നിന്നും കിനിഞ്ഞിറങ്ങി.ഞങ്ങളുടെ ശുശ്രൂഷയും തീറ്റ കൊടുക്കലും വേണ്ട വിധത്തില്‍ ആയില്ലേ..ഒരു നിമിഷം ഞാന്‍ സംശയിച്ചു.
അമ്മുവിന്റെ അച്ഛന്‍ അതിനെ എടുത്ത്‌ പുറത്ത്‌ വെച്ചു.ഞാന്‍ ഉടനെ തന്നെ കുട്ടികളെ വിളിച്ചുണര്‍ത്തി.അമ്മു ഉറക്കച്ചടവോടെ എണീറ്റു വന്നു നോക്കിയപ്പോള്‍ കണ്ടത്‌ കിളികുട്ടി പുറത്ത്‌ അനങ്ങാതെ കിടക്കുന്നു.ചുറ്റും ഉറുമ്പുകള്‍ വന്നു തുടങ്ങിയിരുന്നു.അനീത്തികുട്ടിയും കണ്ണുതിരുമ്മി ഒപ്പം വന്നിരുന്നു.അവള്‍ക്ക്‌ ഞാന്‍ മനസ്സിലാക്കി കൊടുത്തു-
"അമ്മൂ,നമ്മുടെ കിളികുട്ടി ചത്തു പോയി!"..

അമ്മു കുറച്ച്‌ ആലോചിച്ചുകൊണ്ട്‌ ചോതിച്ചു-
"അമ്മേ,നാട്ടിലെ അമ്മിണി മുത്തശ്ശി മരിച്ച പോലെയാണൊ കുഞ്ഞിക്കിളിയും മരിച്ചത്‌?"

അമ്മൂന്റെ നിഷ്ക്കളങ്കത "മരണം" എന്ന വാക്കിന്‌ കൊടുക്കുന്ന ചിത്രം എന്തെന്നറിയില്ല.കുഞ്ഞിക്കിളി ഈശ്വരന്റെ അടുത്തേയ്ക്ക്‌ അല്ലെങ്കില്‍ നാട്ടിലെ മരിച്ച അമ്മിണിമുത്തശ്ശിയുടെ അടുത്തേയ്ക്ക്‌ പറന്നകലുന്ന ഒരു ചിത്രമായിരിയ്ക്കാം ആ കുഞ്ഞു മനസ്സ്‌ കണ്ടത്‌...


ഞങ്ങള്‍ വാതിലടച്ച്‌ അകത്തിരുന്നു.പക്ഷികള്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നതും ചിലയ്ക്കുന്നതും ഞങ്ങള്‍ അകത്തിരുന്നറിഞ്ഞു.പാവങ്ങള്‍-അവയ്ക്ക്‌ ചിലയ്ക്കുവാനല്ലാതെ മേറ്റ്ന്ത്‌ ചെയ്യാന്‍ കഴിയും? ഞാനൊരല്‍പം ശങ്കയോടെ വാതില്‍ തുറന്ന് പുറത്തു വന്നു - എല്ലാം ശാന്തം - ഞാന്‍ മുകളിലേയ്ക്ക്‌ നോക്കി, ആ പക്ഷികളുടെ നിസ്സഹായതയുടെ നിഴല്‍ എന്നില്‍ പതിച്ചു.

അതിനു ശേഷം ആ പക്ഷികളെ മരത്തില്‍ കണ്ടിട്ടില്ല.അവയെല്ലാം മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞങ്ങളങ്ങിനെ ഊഹിച്ചു.കുഞ്ഞിക്കിളിയുടെ അദൃശ്യ സാന്നിദ്ധ്യം കുറച്ച്‌ ദിവസത്തേയ്ക്ക്‌ കൂടി ഞങ്ങളില്‍ നിലനിന്നു.പിന്നീടെപ്പൊഴോ ഞങ്ങളറിയാതെ പതുക്കെ പതുക്കെ അത്‌ ഓര്‍മ്മകളിലേയ്ക്ക്‌ മറഞ്ഞു പോയി..
പക്ഷെ ഇവിടത്തെ പക്ഷികളുമായുള്ള ഞങ്ങളുടെ ബന്ധം അതോടെ അവസാനിയ്ക്കുന്നില്ല..അടുത്ത പ്രഭാതത്തില്‍ ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍, മരത്തിനു ചുവടെ ഒരു മുട്ട പൊട്ടി കിടക്കുന്നു..പൊട്ടിയ ഭാഗത്തു കൂടി അപൂര്‍ണമായ ഒരു കിളിക്കുഞ്ഞിന്റെ തലയും കൊക്കും ഒപ്പം കറുത്ത്‌ കൊഴുത്ത ഒരു ദ്രാവകവും പുറത്തേയ്ക്ക്‌ വന്നു നില്‍ക്കുന്നു!
"ഈശ്വരാ,ഇവിടത്തെ പക്ഷികള്‍ക്കിതെന്തൊരു യോഗം!"- ഞാന്‍ അറിയാതെ പരിതപിച്ചു പോയി.


ഏതായാലും ഇപ്പോള്‍ അമ്മു വീണ്ടും തിരക്കിലാണ്‌.അമ്മൂന്‌ ദിവസവും നനച്ച്‌ വളര്‍ത്താന്‍ കുറച്ച്‌ ചെടികള്‍ അച്ഛന്‍ വാങ്ങി വെച്ചിട്ടുണ്ട്‌.ആ ചെടികള്‍ ഇപ്പൊള്‍ അമ്മൂന്റെ "പെറ്റ്‌" ആയി മാറിക്കഴിഞ്ഞു.ദിവസത്തില്‍ രണ്ട്‌ നേരം വളരെ ഉത്സാഹത്തോടെ അമ്മു വെള്ളം ഒഴിയ്ക്കുന്നുണ്ട്‌.അതിലുണ്ടാകുന്ന ഓരൊ പുതിയ ഇലയും,മൊട്ടും,പൂവും,അവളെ സന്തോഷിപ്പിയ്ക്കുന്നു...ഒപ്പം ഞങ്ങളും അത്‌ ആസ്വദിയ്ക്കുന്നു..ജീവിതത്തിന്‌, ഏതൊ ഒരു "പൂര്‍ണതയുടെ" ഏതൊക്കെയൊ ചില അംശങ്ങള്‍ കണ്ടു പിടിച്ച പ്രതീതി..അമ്മുവിന്റെ ലോകത്തില്‍ ഇനിയും നിറയെ ചെടികളും പൂക്കളും നിറയ്ക്കുവാനുള്ള ശ്രമത്തില്‍ ആണ്‌ ഞങ്ങളിപ്പോള്‍..അതിലൂടെ,ഈ ജീവിത തിരക്കിനിടയില്‍ അപൂര്‍വമായി മാത്രം വീണുകിട്ടുന്ന ഒരിത്തിരി ആത്മസംതൃപ്തിയും!