Wednesday, October 10, 2007

ഒരു വായനാനുഭവം

അനാമികയുടെ സുവിശേഷങ്ങള്‍.
ഈ പുസ്തകം ഈയിടെയാണ്‌ വായിയ്ക്കാനിടയായത്‌. വായിയ്ക്കുമ്പോഴും, വായനയ്ക്കു ശേഷവും ഇങ്ങനെയൊരു കുറിപ്പെഴുതണമെന്ന് കരുതിയിരുന്നതല്ല, കാരണം ജീവിതത്തിലൂടെ ലേഖിക നടന്നു നീങ്ങിയ പാത, മനസ്സിന്റെ പാകപ്പെടല്‍, അതിന്റെ തലങ്ങള്‍ എല്ലാം സംശുദ്ധമായ, സത്യസന്ധമായ അനുഭവങ്ങളാണ്‌. വ്യക്തി ബന്ധങ്ങളെ പോലും വക വെയ്ക്കാതെ ഉള്ളില്‍ നിന്നും എഴുതിയത്‌. അവര്‍ സ്വായത്തമാക്കിയിട്ടുള്ള മനസ്സിന്റെ ഏകാഗ്രതയിലൂടെ, ധ്യാനത്തിലൂടെ കൈവരിച്ചിട്ടുള്ള ആത്മീയ ബോധം, തിരിച്ചറിഞ്ഞിട്ടുള്ള മനസ്സിന്റെ, ശരീരത്തിന്റെ, പ്രകൃതിയുടെ, എല്ലാം സൂക്ഷമഭാവങ്ങള്‍ ഇതെല്ലാം ആ എഴുത്തിലുടനീളം പരന്നു കിടക്കുന്നു. അതിലൂടെ അവര്‍ കൈവരിയ്ക്കുന്ന കരുത്തും സഹനശക്തിയും... അതിനെ കുറിച്ചെന്തെങ്കിലും എഴുതാനോ പറയുവാനോ അസാദ്ധ്യം (എനിയ്ക്ക്‌). എന്നിട്ടും, ഇപ്പോള്‍ കുറിച്ചിട്ടു, അത്‌ സത്യമായതു കൊണ്ടാവാം ഒരുപക്ഷേ, അല്ലെങ്കില്‍ ഈ വായനാനുഭവം എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലായി ഇവിടെ നിലനില്‍ക്കട്ടെ എന്നും തോന്നി പോകുന്നു, അതുകൊണ്ടുമാവാം.
നിത്യ ജീവിതത്തില്‍, മനസ്സിന്റെ ഒഴുക്കിനൊത്ത്‌ മുകള്‍ തട്ടിലൂടെ മാത്രം സഞ്ചരിയ്ക്കുന്നതിനിടയില്‍ പലപ്പോഴും അറിയാതെ പോകുന്ന 'ജീവിത സത്യങ്ങളെയാണ്‌', സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഈ ചെറിയ പുസ്തകത്തില്‍ ശ്രീമതി ആശ.ജി. വൈക്കം വിവരിച്ചിരിയ്ക്കുന്നതെന്ന് പറയാതെ വയ്യ. അതില്‍ ഡോ.ശ്രീ. ജോര്‍ജ്ജ്‌ ഓണക്കൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു.
"ഒരു ഉദാസീന വായനയ്ക്കല്ല, ധ്യാനത്തിനും സത്യാന്വേഷണത്തിനും വേണ്ടി ഒരുക്കപ്പെട്ടതാണീ ജീവിത രഹസ്യം" എന്ന്.
ഇതു വായിയ്ക്കുന്നതിനു വളരെ മുന്‍പു തന്നെ, പലപ്പോഴായി ശ്രീമതി. ആശയുമായുള്ള അഭിമുഖങ്ങള്‍ കണ്ടിരുന്നു. പക്ഷെ, അതില്‍ നിന്നും എന്തുകൊണ്ടോ അവരെ മനസ്സിലാക്കിയത്‌, അര്‍ബുദം എന്ന രോഗത്തെ ശുഭാപ്തി വിശ്വാസത്തോടും, സഹനശക്തിയോടും കൂടി ധൈര്യത്തോടെ അഭിമുഖീകരിച്ച ഒരു സ്ത്രീ, രോഗം നിശ്ശേഷം സുഖപ്പെട്ടതിനു ശേഷവും തെല്ലും ആശങ്കകളില്ലാതെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഒരു വനിത, ഇതൊക്കെയായിരുന്നു. പക്ഷെ ആ വിശ്വാസവും, ശക്തിയും എങ്ങനെ അവര്‍ നേടിയെടുത്തു എന്നോ, രോഗത്തിനു ശേഷം കരുത്താര്‍ജ്ജിച്ചതാണോ എന്നോ, ഒന്നുമതില്‍ നിന്നും മനസ്സിലാക്കിയതായി ഓര്‍ക്കുന്നില്ല. എന്നാലും, "രോഗം സ്ഥിതീകരിച്ചതിനു ശേഷം ഭര്‍ത്താവും മകനും മടിയില്‍ കിടന്നു കരയുമ്പോഴും ഒരു തുള്ളി കണ്ണു നീര്‍ തന്റെ കണ്ണുകളില്‍ നിന്നും വന്നിരുന്നില്ല" എന്ന വാക്യം എന്നില്‍ ഒരദ്ഭുതമായി തന്നെ അവശേഷിച്ചിരുന്നു. ഏകാഗ്രതയിലൂടെ സുതാര്യമാക്കിയെടുത്ത അവരുടെ മനസ്സിനെ അറിയാന്‍ കഴിഞ്ഞത്‌ ഈ പുസ്തകത്തിലൂടെ മാത്രമാണ്‌. ഒരു പുസ്തകവും ടെലിവിഷനും എന്നാല്‍ നമ്മുടെ ഉപബോധമനസ്സും ബോധമനസ്സും പോലെയാണെന്ന് തോന്നിപ്പോയി. പുറത്തേയ്ക്ക്‌ പ്രത്യക്ഷമാകുന്നതിന്റെ എത്രയോ ഇരട്ടി ആഴം അതിന്റെ അടിയിലേയ്ക്കുണ്ടാകും. വായനയിലൂടെ ആ ആഴമാണ്‌ മനസ്സിലാക്കാനാവുന്നതെന്നിപ്പോള്‍ തോന്നുന്നു.
ഇത്‌ വായിച്ചാസ്വദിയ്ക്കുവാനുള്ള ഒരു പുസ്തകമല്ല എന്നതും തോന്നി. അദ്ഭുതം, വിശ്വസിയ്ക്കാവുന്നതിനുമപ്പുറം, ഇതെല്ലാം എങ്ങനെ, എന്നൊക്കെയുള്ള ഒരു തരം അവസ്ഥയാണെനിയ്ക്ക്‌ ചില സമയങ്ങളില്‍ അനുഭവപ്പെട്ടത്‌. നമ്മെ നിയന്ത്രിയ്ക്കുന്ന മേറ്റ്ന്തോ ഉണ്ടെന്ന അറിവും അനുഭവവും, അത്‌ ദൈവമാവാം, പ്രകൃതിയാവാം.. അതെന്താണോ അതിലേയ്ക്കുള്ള പ്രയാണം, അതിലേയ്ക്ക്‌ അവനവനെ മറന്നു കൊണ്ടുള്ള ഒരുതരം "ലയനം" അതവനവന്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്‌, അത്‌ കണ്ടെത്തുമ്പോള്‍ സ്നേഹവും, ആര്‍ദ്രതയും, ശക്തിയും, ധൈര്യവും, സഹനവും എല്ലാം തനിയെ വന്നു ചേരുന്നു. അവനവന്‍ സ്വയം സഞ്ചരിയ്ക്കേണ്ടതും അനുഭവിച്ചറിയേണ്ടതും. അവിടെ ഉറ്റവരില്ല, പ്രിയപ്പെട്ടവരില്ല, അവനവന്‍ പോലുമില്ല! അതിന്‌ നിര്‍വചങ്ങളുമില്ല.. ഒളി മങ്ങാത്ത, ശാശ്വതമായ ആനന്ദമാണവിടെയുള്ളതെന്നുമവര്‍ പറയുന്നു. അതിന്റെ ഫലങ്ങള്‍, അദ്ഭുതത്തോടെയാണ്‌ ഞാന്‍ വായിച്ചറിഞ്ഞത്‌. വളരെ ലളിതമായ ഒരു പാതയിലൂടെ തന്നെ അതിലേയ്ക്കെത്തിയ്ക്കുവാന്‍ ആ എഴുത്തിനു കഴിയുന്നുണ്ട്‌.
രോഗബാധിതയാവുന്നതിനു മുന്‍പു തന്നെ ധ്യാനത്തിനായി ഒരുക്കപ്പെട്ട ഒരു ഭാവം അവരിലുണ്ടായിരുന്നുവെന്ന് വായിച്ചു പോകുമ്പോള്‍ മനസ്സിലാക്കാം. അങ്ങേയറ്റത്തെ ഏകാഗ്രത കൈവരിയ്ക്കാന്‍ തക്കവണ്ണമുള്ള ഒരു ഘടനയാണ്‌ ആ മനസ്സിനുള്ളതെന്ന് തോന്നി, ശ്രുതി ശുദ്ധമായ ശബ്ദം ഒരു ഗായകനില്‍ നിന്നും തനിയെ ഉയരുന്ന പോലെ. അപ്പോളത്‌ ജന്മസിദ്ധമായ ഒരു കല തന്നെയോ? അതോ ധ്യാനം തന്നെയോ കല?
"ഞാന്‍" എന്ന ഭാവത്തിനെ മറന്ന് കൊണ്ട്‌, മനസ്സിനെ ഏകാഗ്രമാക്കി അതിന്റെ ഉള്ളിനെ തൊട്ടറിയുക എന്ന പ്രക്രിയയെ ധ്യാനം എന്നോ meditation എന്നോ വിളിയ്ക്കാം. സ്വന്തം ശരീരത്തിലും മനസ്സിലും നടക്കുന്ന സൂക്ഷ്മാനുഭവങ്ങളെ മൂന്നാമതൊരാളെ പോലെ കണ്ടുമനസ്സിലാക്കുക എന്നത്‌ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒന്നല്ലല്ലോ. ഈയൊരു പ്രക്രിയ, ശാരീരികവും മാനസികവുമായുണ്ടാക്കുന്ന ഫലങ്ങള്‍, അതിന്റെ അനുഭവതലങ്ങള്‍, മാനസിക പരിവര്‍ത്തനങ്ങള്‍ എല്ലാം വളരെ സൂക്ഷ്മമായി, വലിയൊരു "ആശയമായി" തന്നെ ഇതില്‍ വിവരിച്ചിട്ടുണ്ട്‌. ധ്യാനം എന്നാല്‍ അവരുടെ ഭാഷയില്‍ വളരെ വ്യക്തമാണ്‌. സൂര്യനെ നോക്കിയിരുന്ന് ധ്യാനത്തിലേയ്ക്ക്‌ വഴുതി വീണതും, കൈ എത്താവുന്ന ദൂരത്തില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പച്ചില പമ്പിന്റെ സൗ ന്ദര്യം ആസ്വദിച്ച്‌ അതില്‍ മനസ്സലിഞ്ഞു പോയതും വിവരിയ്ക്കുന്നുണ്ട്‌. അവരുടെ മനസ്സ്‌ പലപ്പോഴും പ്രകൃതിയോടാണ്‌ അലിഞ്ഞു ചേരുന്നത്‌. ഇഷ്ടജനത്തേക്കാളും സന്തോഷം തരാന്‍ പ്രകൃതിയ്ക്കാവുന്നുണ്ടെന്നവര്‍ അറിഞ്ഞ നിമിഷങ്ങളെ പറ്റിയും പറയുന്നു.
അതുപോലെ അര്‍ബുദം എന്ന മാരകരോഗത്തിനെ അവര്‍ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ഒരവസ്ഥയെ കുറിച്ചുള്ള വിവരണം ഉണ്ടതില്‍, അതുപോലെ ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക്‌ നടന്നു പോയത്‌ "ഒരു ധീര യോദ്ധാവിനെ" പോലെ എന്നും അതിലവര്‍ പറയുന്നു. അങ്ങനെ അവര്‍ പിന്നിടുന്ന ഓരോ "പരീക്ഷണ" ഘട്ടങ്ങളേയും അതിന്റെ പരമാവധി ലോലതയിലൂടേയും മനോഹരമായുമാണവര്‍ എഴുതിയിരിയ്ക്കുന്നത്‌! കാന്‍സറിനെ ഒരു പാഠപുസ്തകം പോലെ അവര്‍ തുറന്നു വെച്ചിരിയ്ക്കുന്നു. അതിലെ ഓരോ ഏടും ഒരു പൂവിതളിന്റെ നൈര്‍മ്മല്യത്തോടെ ചിത്രീകരിച്ചിരിയ്ക്കുന്നു. രോഗം സമ്മാനിയ്ക്കുന്ന അതി കഠിനങ്ങളായ വേദനയും, പരീക്ഷണങ്ങളും, ആ മനോഹരമായ എഴുത്തിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്നു, മരണത്തെ കുറിച്ചുള്ള ചിന്തയുടെ ഒരു നിഴല്‍ പോലും വീഴാതെ.. ധ്യാനത്തിന്റെ ഗുണഗണങ്ങള്‍ അവരും സ്വയമതിലൂടെ അനുഭവിച്ചറിയുന്നു!
ജീവിത പരീക്ഷണങ്ങളെ കുറിച്ച്‌ അവരുടെ വാക്കുകള്‍ ഇങ്ങനെ -
"ദുഃഖം അറിവിന്റെ നിറപേടകങ്ങളാണെന്ന സത്യം ഞാന്‍ തൊട്ടറിഞ്ഞു. ഓരോ വീഴ്ചയും പരാജയമല്ല, വിജയമാണ്‌ ഉദ്ഘോഷിയ്ക്കുന്നത്‌. ഓരോ വീഴ്ചയിലും അറിവിന്റെ വെണ്മുത്തുകള്‍ വാരി ഞാന്‍ ഉയിര്‍ത്തെഴിന്നേല്‍ക്കുന്നു. വീഴചയില്‍ പതറിയാല്‍ അതിനു സാധിയ്ക്കുകയില്ല. വീണി കിടക്കുമ്പോള്‍ നാം സ്വാസ്ഥ്യം കൈവരിയ്ക്കണം. അത്‌ നേടിയാല്‍ അറിവിന്റെ അക്ഷയനിധി മുന്‍പില്‍ തുറക്കുകയായി. അത്‌ അനുധാവനതയോടെ നുകര്‍ന്നു നാം ജീവിതം അറിയണം; ചൈതന്യം അറിയണം. വലിയ ചങ്ങാടത്തിലേറി ശാന്തിവീചിയിലൂടെ പ്രയാണം ചെയ്യുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്‌ തട്ടിയും തടഞ്ഞും കുത്തൊഴുക്കിലൂടെ സഞ്ചരിയ്ക്കാനാവുക. അത്‌ സാഹസികമാണ്‌, ഉത്സാഹമാണ്‌, അനുഭവങ്ങളുടെ വൈവിദ്ധ്യഖനികളാണ്‌."
ഒരു നിസ്സംഗതയുടെ കവചം അണിഞ്ഞ്‌, തന്റെ ശരീരത്തില്‍ നടക്കുന്നതും, മനസ്സില്‍ നടക്കുന്നതും, മറ്റുള്ളവരുടെ ഉള്ളില്‍ നടക്കുന്നതും എല്ലാം നോക്കി കാണാനാവുന്ന അവസ്ഥ. അവയോട്‌ ദേഷ്യമോ, ഇഷ്ടമോ, വെറുപ്പോ, ഒന്നും ഇടകലര്‍ത്താതെ തന്നെ... അതുപോലെ വേദന കൊണ്ട്‌ പുളയുമ്പോഴും ആത്മീയതയിലൂടെ അതിന്റെ ശക്തിയിലൂടെ മനസ്സിനെ ശാന്തമാക്കാന്‍ കഴിയുന്ന ഒരവസ്ഥ. ആ ആത്മീയതയാണെന്നെ ആകര്‍ഷിച്ചത്‌. അത്‌ വിശാലമായ ഒരു ശാന്തി തീരം പോലെ തോന്നും. ചെടികള്‍ക്കൊപ്പം ധ്യാനത്തിലലിഞ്ഞു ചേരുന്ന അവസ്ഥകള്‍.. പ്രകൃതിയോടലിഞ്ഞു ചേരുന്ന, കണ്ണനും യേശുവും, സൂര്യനും ചന്ദ്രനും, അതുപോലെ മുരുകേശനും ഗണേശനും പാര്‍വതിയും (അതവരുടെ വീട്ടിലെ തെങ്ങുകള്‍ക്കിട്ടിരിയ്ക്കുന്ന പേരുകളാണ്‌) പിച്ചിപ്പൂക്കളും, അവരുടെ ടെറസ്സിലെ ഗ്രീന്‍ ഹൗ സ്സും, അടുത്തുള്ള പള്ളിപ്പറമ്പും എല്ലാം ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന ഒരാത്മീയ പ്രപഞ്ചം. ആ പ്രപഞ്ചം തന്നെയായിരുന്നു അവരുടെ ശക്തിയുടേയും, കരുത്തിന്റേയും സ്രോതസ്സ്‌.
"മനുഷ്യന്റെ മനോഭാവങ്ങളാണ്‌ സുഖദുഃഖങ്ങള്‍ക്ക്‌ കാരണം. അവ തുളുമ്പാതെ ഹൃദയത്തിലേറ്റിയാല്‍ സാവധാനം നിസ്സംഗത കൈവരിയ്ക്കാം. പിന്നീട്‌ കയ്പും മധുരവും സമചിത്തതയോടെ, അനുധാവനതയോടെ നുകരാനാകും. പതുക്കെ മനസ്സ്‌ ശാന്തിതീരത്തണയും".
അവരുടെ വാക്കുകള്‍, കേട്ടു പഴകിയ തത്വങ്ങളെയെല്ലാം അനുഭവത്തിന്റെ ചൂടോടെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. അതിന്റെ ആവേശം എന്നിലുണരുന്നുണ്ടായിരുന്നു. ഇതുവരെ പ്രയാണം ചെയ്തിട്ടില്ലാത്ത പാതകളിലേയ്ക്കായിരുന്നു, അതിലെ ഓരോ വാക്കുകളും തുറന്നു തന്നത്‌.. ചില സമയത്ത്‌ എന്റെ ശ്വാസോച്ഛ്വാസം ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു, എനിയ്ക്കെത്തിപ്പിടിയ്ക്കാനാവാത്ത ഏതൊക്കെയോ അനുഭവതലങ്ങള്‍ അതിലൂടെ വായിച്ചറിഞ്ഞു.

വായനയ്ക്കു ശേഷം പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ജീവിതത്തിന്റെ പരിക്ഷണ ഘട്ടങ്ങളില്‍, വിശ്വാസാവിശ്വാങ്ങളുടെ ഇടയില്‍ പെട്ടുഴലുന്നതാവുമോ മനുഷ്യന്റെ ഏറ്റവും ദയനീയമായ ഭാവങ്ങള്‍? ഇഷ്ടജനങ്ങളുടെ സ്നേഹവും സാമീപ്യവും പ്രദാനം ചെയ്യുന്ന ആനന്ദം ശാശ്വതമായതല്ലെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ എന്റെ മനസ്സ്‌ അസ്വസ്ഥമായി. അതേ സമയം ഉറ്റവരും പ്രിയപ്പെട്ടവരും നിസ്സഹായരായി, ദുഃഖത്തോടെ, വിശ്വാസാവിശ്വാസങ്ങളെ മാറ്റി വെച്ച്‌ എന്തും ചെയ്യാന്‍ തയ്യാറായി പകച്ചു നില്‍ക്കുന്ന അവസ്ഥയെ കുറിച്ചും ഞാന്‍ ചിന്താധീനയായി. മനുഷ്യനൊരുപക്ഷെ ഏകാന്തതയെ ഇഷ്ടപ്പെടുന്നതപ്പൊഴായിരിയ്ക്കാം, ആത്യന്തികമായി എല്ലാവരും ഒറ്റയ്ക്കാണെന്നറിയുമ്പോള്‍, അപ്പോളവന്‍ സ്വന്തം ശക്തിയും, ധൈര്യവും തിരിച്ചറിയുമായിരിയ്ക്കാം. ഓരോ മനുഷ്യനും അനന്തമായ അജ്ഞാതമായ ശക്തി വിശേഷമാണെന്നവര്‍ പറയുന്നുണ്ട്‌. എനിയ്ക്കു ഭയം തോന്നി.
അര്‍ബുദരോഗികള്‍ക്കോ അല്ലെങ്കില്‍ സമാനമായ മറ്റു നിസ്സഹായതകളില്‍ പെട്ടുഴലുന്നവര്‍ക്കോ മാത്രമല്ല, മനുഷ്യര്‍ക്കൊക്കെ അവശ്യം വേണ്ടുന്ന "ഒരാശയത്തിന്റെ", ആഴത്തിലും പരപ്പിലും മനോഹരമായ ഭാഷയിലൂടെ ഒരു അദ്ഭുത പ്രപഞ്ചം തന്നെ അതിലൂടെ അനുഭവിയ്ക്കാം..
പക്ഷെ,
അവരറിഞ്ഞ ആ ശാന്തി തീരം, അല്ലെങ്കില്‍ മനസ്സിന്റെ ആ സ്നിഗ്ദ്ധത, ഒരു രോഗിയ്ക്ക്‌ കേവലം വായന കൊണ്ടു മാത്രം കൈവരിയ്ക്കാനാവുന്നതാണോ എന്നൊരു സംശയം മാത്രം ബാക്കി എന്നില്‍ നില്‍ക്കുന്നുണ്ട്‌. അതിലെ അനുഭവതലങ്ങള്‍ ആഴമേറിയതാണ്‌. മനസ്സിന്റെ താളം തെറ്റി നില്‍ക്കുമ്പോള്‍ ഒരാശ്വാസത്തുമ്പിനു വേണ്ടി വായിയ്ക്കേണ്ടുന്ന ഒരു പുസ്തകമല്ല അതെന്നത്‌ സത്യമാണ്‌!. അര്‍ബുദമെന്ന രോഗത്തെ അതിജീവിയ്ക്കുന്ന പശ്ചാതലം അതിനുണ്ടെങ്കിലും ഒരു 'കൗണ്‍സ്സിലിങ്ങിന്റെ' ഭാഷയിലല്ല അതെഴുതപ്പെട്ടിട്ടുള്ളത്‌, മറിച്ച്‌, ഉള്ളിന്റെ ചൈതന്യത്തെ തൊട്ടറിഞ്ഞ്‌ ജീവിത പരീക്ഷണഘട്ടങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട്‌ ആടിയും ഉലഞ്ഞും, ധ്യാനത്തിലൂടെ അപൂര്‍വമായ തലങ്ങളിലൂടെ മുന്നേറുന്ന, ആ വ്യക്തിയ്ക്കു മാത്രം സ്വന്തമായ ഒരനുഭവസമ്പത്ത്‌.
"നമ്മുടെ കഴിവു കൊണ്ടല്ല നാം ഒന്നും ചെയ്യുന്നത്‌, എല്ലാം ഈശ്വരന്റെ വരദാനം. നമുക്കതീതമായ ഒരു ശക്തിവിശേഷം ഇവിടെയുണ്ട്‌. അജ്ഞതയുടെ താഴ്‌വരയില്‍ കഴിയുന്ന നാം വിചാരിയ്ക്കുന്നു, നമ്മുടെ സാമര്‍ഥ്യം കൊണ്ടാണ്‌ എല്ലാം നേടുന്നതെന്ന്. നാം ഉപകരണം. ജീവിതത്തിന്റെ സൂക്ഷ്മതലത്തിലേയ്ക്ക്‌ കണ്ണോടിച്ചാല്‍ അത്‌ അറിയാനാകും. അപ്പോള്‍ പതനത്തില്‍ നാം കരയുകയില്ല, വിജയത്തില്‍ അഹങ്കരിയ്ക്കയുമില്ല. എല്ലാ പ്രവൃത്തിയിലും ഈശ്വര സാന്നിദ്ധ്യം അറിയുമ്പോള്‍ ജീവിതം ധന്യമായി. കര്‍മ്മം പരിശുദ്ധമായി. അതാണ്‌ തപസ്സ്‌. എപ്പോഴും ആര്‍ക്കും ചെയ്യാവുന്ന തപസ്സ്‌."
ഇതും ഹൃദയത്തോട്‌ ചേര്‍ത്തു വെയ്ക്കാവുന്ന അതിലെ വരികളില്‍ മറ്റൊന്ന്. അനുഭവത്തിന്റെ ചൂടേന്തി നില്‍ക്കുന്ന വരികള്‍.

9 comments:

സു | Su said...

പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി. വായിച്ചില്ല. പി. ആര്‍. എഴുതിയതു കാണുമ്പോള്‍ തീര്‍ച്ചയായും വായിക്കണമെന്ന് തോന്നുന്നുണ്ട്.

സഹയാത്രികന്‍ said...

പി. ആര്‍.ജി...( ക്ഷമിക്കാ... അങ്ങനെയേ വിളിക്കാനാകുന്നുള്ളൂ) നല്ല ലേഖനം.

"ദുഃഖം അറിവിന്റെ നിറപേടകങ്ങളാണെന്ന സത്യം ഞാന്‍ തൊട്ടറിഞ്ഞു. ഓരോ വീഴ്ചയും പരാജയമല്ല, വിജയമാണ്‌ ഉദ്ഘോഷിയ്ക്കുന്നത്‌. ഓരോ വീഴ്ചയിലും അറിവിന്റെ വെണ്മുത്തുകള്‍ വാരി ഞാന്‍ ഉയിര്‍ത്തെഴിന്നേല്‍ക്കുന്നു. വീഴചയില്‍ പതറിയാല്‍ അതിനു സാധിയ്ക്കുകയില്ല.“

ഈ വരികള്‍ പരമമായ സത്യം വിളിച്ചോതുന്നു. ഓരോ വീഴ്ചയിലും നാം പഠിക്കുന്ന പാഠങ്ങള്‍ അമൂല്യങ്ങളാണ്.

തുടര്‍ന്നും എഴുതുക... ആശംസകള്‍

ബിന്ദു said...

നല്ല പുസ്തകങ്ങളെ ഇനിയും പരിചയപ്പെടുത്തൂ. ഇതു നോക്കണം ഇനി.

ശ്രീ said...

P.R. ജീ (സഹയാത്രികന്‍‌ പറഞ്ഞതു പോലെ, ഞാനും നേരത്തേ പറഞ്ഞല്ലോ അങ്ങനെയല്ലാതെ വിളിക്കുമ്പോള്‍ പേരു വിളിക്കുന്നതു പോലെ...)

വളരെ നല്ല ലേഖനം. ഈ വായനാനുഭവം പങ്കു വച്ചതിനു നന്ദി. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍‌ എങ്ങനെയെങ്കിലും അതൊന്നു വായിക്കണമെന്നു തോന്നുന്നു.
ഇനിയും ഇത്തരം ലേഖനങ്ങള്‍‌ പ്രതീക്ഷിക്കുന്നു.
:)

അപ്പു ആദ്യാക്ഷരി said...

വളരെ നല്ല കുറിപ്പ്. ഇനി അനാമികയുടെ ആ പുസ്തകം ഒന്നു വായിക്കണം. പി.ആര്‍ , ഈ സപര്യ ഇനിയും തുടരണം. ഭാവുകങ്ങള്‍!

ഉപാസന || Upasana said...

പീയാറേ,
വാങ്ങി വായിക്കാന്‍ നോക്കാം. വിവരണം നന്നായി
:)
ഉപാസന

Ardra said...

ഈ പുസ്തകം വായിച്ചിട്ടില്ലെങ്കിലും, പി.ആര്‍ വിവരിച്ചിരിക്കുന്ന മനോവ്യാപാരങ്ങള്‍ എനിക്കു വളരെ സുപരിചിതമാണു. പല സന്ദര്‍ഭ്ങ്ങളില്‍, ചില ഏകാന്ത നിമിഷങ്ങളില്‍, പി .ആര്‍ ഉന്നയിച്ചിട്ടുള്ള ഇതേ സംശയങ്ങള്‍, ശങ്കകള്‍, ചോദ്യങ്ങള്‍, സംഘര്‍ഷങ്ങള്‍, ഭയങ്ങള്‍, വെവലാതികള്‍, ആ വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചതായി ഓര്‍ക്കുന്നു..എല്ലാമെല്ലാം എനിക്കു എന്റേതെന്ന പോലെ തൊട്ടറിയാന്‍ കഴിഞ്ഞു. ഒടുവില്‍ ഒരു സാന്ത്വനമാണൊ, ആശ്വാസമാണൊ,മനോധൈര്യമാണൊ നമ്മള്‍ നേടിയെടുക്കുന്നതെന്നു അറിയില്ല.


****നമ്മെ നിയന്ത്രിയ്ക്കുന്ന മേറ്റ്ന്തോ ഉണ്ടെന്ന അറിവും അനുഭവവും, അത്‌ ദൈവമാവാം, പ്രകൃതിയാവാം.. അതെന്താണോ അതിലേയ്ക്കുള്ള പ്രയാണം, അതിലേയ്ക്ക്‌ അവനവനെ മറന്നു കൊണ്ടുള്ള ഒരുതരം "ലയനം" അതവനവന്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്‌, അത്‌ കണ്ടെത്തുമ്പോള്‍ സ്നേഹവും, ആര്‍ദ്രതയും, ശക്തിയും, ധൈര്യവും, സഹനവും എല്ലാം തനിയെ വന്നു ചേരുന്നു. അവനവന്‍ സ്വയം സഞ്ചരിയ്ക്കേണ്ടതും അനുഭവിച്ചറിയേണ്ടതും. അവിടെ ഉറ്റവരില്ല, പ്രിയപ്പെട്ടവരില്ല, അവനവന്‍ പോലുമില്ല! അതിന്‌ നിര്‍വചങ്ങളുമില്ല.. ഒളി മങ്ങാത്ത, ശാശ്വതമായ ആനന്ദമാണവിടെയുള്ളതെന്നുമവര്‍ പറയുന്നു.****

ഈ വരികളോടാണു എനിക്കേറ്റവും അധികം relate ചെയ്യാന്‍ പറ്റുന്നതു. I've felt the need, the craving for such reassurances, reaffirmations in the belief of that 'source of boundless energy, strength' beyond us, that which if we seek we will find deep within ourselves, that which is eyond names/ definitions, this book sure seems like one such experience...
I look forward to reading this book some day, and Thanks to you for sharing your afterthoughts, contemplations which were as much thought provoking...
സ്നേഹത്തോടെ
ആര്‍ദ്ര

ചീര I Cheera said...

സൂ, സഹയാത്രികന്‍, ബിന്ദു, ശ്രീ, അപ്പൂ ജി, ഉപാസനാ, ആര്‍ദ്രാ..
വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

Sapna Anu B.George said...

പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി, വാങ്ങി വായിക്കുന്നുണ്ട്, ഇനിയും ഇത്തരം നിര്രുപണങ്ങള്‍ പ്രതീക്ഷിക്കുന്നു.