Sunday, July 29, 2007

കര്‍ക്കിടകവും കുട്ടിക്കുപ്പായവും.

കര്‍ക്കിടകം നാട്ടില്‍ തകര്‍ത്തു പെയ്യുമ്പോള്‍, ഇവിടെ ഓരോ വര്‍ഷവും കൂടുക എന്നല്ലാതെ കുറയാന്‍ ഒട്ടും ഭാവമില്ലാതെ വേനല്‍ ചൂട്‌ കത്തി ജ്വലിയ്ക്കുകയാണ്. കര്‍ക്കിടത്തിലെ ചൂട്‌..

ഒരു സുഖമുള്ള കുളിര്‍മ മനസ്സിലേയ്ക്ക്‌ പകര്‍ന്നു തരുന്ന കര്‍ക്കിടത്തെ കുറിച്ച്‌ പണ്ട്‌ ധാരാളമായി കേട്ടിരുന്നതാണ്‌ 'കര്‍ക്കിടക മാസം പഞ്ഞ മാസം' എന്നത്‌. പെരുമഴയില്‍ നനഞ്ഞ്‌ കുളിച്ച്‌ ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്‌, അല്ലെങ്കില്‍ പറഞ്ഞിരുന്നത്‌. അതുമല്ലെങ്കില്‍ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവര്‍ണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുന്‍പേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരിയ്ക്കാം.. ഏതായാലും മഴയുടെ വരവറിയിയ്ക്കുന്ന ഒരിരുണ്ട മുഖമാണ്‌ കര്‍ക്കിടകം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ്‌ പെട്ടെന്ന് കൊടുക്കാറുള്ള ഒരു ചിത്രം.
അങ്ങനെ, ഇപ്പോള്‍ കര്‍ക്കടകത്തിന്റെ മഴയെ പറ്റി കേള്‍ക്കുമ്പോഴും വായിയ്ക്കുമ്പോഴും, മനസ്സിലെവിടെയൊക്കെയൊ കുട്ടിക്കാലങ്ങളിലെ കര്‍ക്കടകത്തിന്റെ നനവ്‌.. ഓര്‍മ്മകളില്‍ കര്‍ക്കിടത്തിന്റെ മറന്നു പോകാത്ത ചിലയേടുകളും..

കര്‍ക്കിടകം എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത്‌ കര്‍ക്കിടക സംക്രാന്തി തന്നെ. ചേട്ടയെ കളഞ്ഞ്‌, ശ്രീയെ അകത്തേയ്ക്കു കൊണ്ടുവരല്‍. വീടിന്റെ ഓരോ മുക്കും മൂലയും അടിച്ചു തുടച്ച്‌, പ്രത്യേകിച്ചും അന്ന്, അടുക്കളയ്ക്ക്‌ തൊട്ടടുത്തു തന്നെ കണ്ടു വരാറുള്ള, ധാരാളം സാധനങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാനുപയോഗിയ്ക്കുന്ന 'കലവറ'യും മുഴുവനായി ഒഴിച്ച്‌ അടിച്ചു തുടയ്ക്കുന്നത്‌ വലിയ പ്രാധാന്യത്തോടെ ചെയ്തിരുന്നത്‌ ഓര്‍ക്കുന്നു. അതുപൊലെ ജനാല ക്കമ്പികളിലും മറ്റുമുള്ള പൊടിയും, (അതു ഞങ്ങള്‍ കുട്ടികള്‍ക്കുള്ള ജോലിയായിരുന്നു.) മുകളില്‍ തൂങ്ങി കിടക്കുന്ന മാറാലയും മറ്റു അഴുക്കും കളഞ്ഞ്‌, അടിമുടി വൃത്തിയാക്കിയെടുത്ത്‌ വീടിന്റെ ഐശ്വര്യം വീണ്ടെടുക്കല്‍ തന്നെയായിരിയ്ക്കണം അതിന്റെ ഉദ്ദേശ്ശവും. സത്യത്തില്‍, ഇപ്പോള്‍ ഗൃഹപരിപാലനം കൂടി തുടങ്ങിയപ്പോള്‍, വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഇത്തരം വിപുലമായ ഒരു അടിച്ചു തുടയ്ക്കല്‍ പരിപാടിയുണ്ടാവുന്നത്‌ വളരെ നല്ല കാര്യമായി തന്നെ തോന്നുന്നു.

അങ്ങനെ ചേട്ടയെ കളഞ്ഞ്‌, ശ്രീ ഭഗവതിയെ കുടിയിരുത്തിയതിനു ശേഷം കുളിച്ച്‌ ദശപുഷ്പങ്ങള്‍ ചൂടുക എന്നൊരു പതിവുണ്ടായിരുന്നു. അതിപ്പോഴും നാട്ടില്‍ ഗ്രാമപ്രദേശങ്ങളിലെങ്കിലും പതിവുണ്ടാവണം. പേരില്‍ പുഷ്പങ്ങള്‍ എന്നുണ്ടെങ്കിലും അതിലുള്ളതധികവും ഇലകള്‍ തന്നെയാണ്‌. പൂവാന്‍ കുറുന്നില, മുയല്‍ച്ചെവി (മോക്ഷമി), കറുക, നിലപ്പന, കയ്യൊന്നി, വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി ഇത്രയുമായാല്‍ ദശപുഷ്പങ്ങളായി. മഴക്കാലത്ത്‌ ഇവ തലയില്‍ ചൂടുന്ന ശീലം ഉണ്ടായത്‌, ഇവയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഔഷധ ഗുണം കണ്ടു കൊണ്ടു തന്നെയാവണം. (തലമുടിയില്‍, പ്രത്യേകിച്ച്‌ അന്നത്തെ സ്ത്രീകളുടെ മുട്ടറ്റം നീണ്ടു കിടക്കുന്ന 'കാര്‍ക്കൂന്തലില്‍', എപ്പോഴും ഈര്‍പ്പം കെട്ടിനില്‍ക്കാന്‍ സാദ്ധ്യത കൂടുതലുള്ള ഒരു സമയം കൂടിയാണല്ലൊ ഈ മഴക്കാലം.) എന്തായാലും വരും കാലങ്ങളിലും ഇതൊക്കെ തുടര്‍ന്ന് ലഭ്യമാക്കുവാന്‍ ധാരാളം പുല്ലും ചെടികളും ഒക്കെ നാട്ടിലെ തൊടികളിലും പാടവരമ്പത്തും ഇടവഴികളിലും ഒക്കെയായി എന്നെന്നേയ്ക്കുമായി അവശേഷിയ്ക്കട്ടെ!

കര്‍ക്കിടക മാസത്തില്‍ ആദ്യത്തെ പന്ത്രണ്ട്‌ ദിവസങ്ങളില്‍ കൃത്യമായി അമ്പലത്തില്‍ പോയി തൊഴുതിരുന്ന ഒരോര്‍മ്മയുണ്ട്‌. മിയ്ക്ക ദിവസങ്ങളിലും മഴയുമുണ്ടാവും കൂട്ടിന്‌.. അന്ന് മഴയോട്‌ ഒരിത്തിരി പരിഭവവും, ദേഷ്യവും ഒക്കെ തോന്നിയിരുന്ന കാലം.. എന്തിനീ വഴിയിലൊക്കെ വെള്ളച്ചാലുകള്‍ ഉണ്ടാക്കുന്നു? - കുപ്പായത്തിന്റെ അടി ഭാഗത്ത്‌ ചെളി വെള്ളം പതിപ്പിയ്ക്കുന്ന അടയാളങ്ങള്‍ തീര്‍ക്കാനോ? പെരാങ്ങോട്‌ അമ്പലത്തില്‍ തൊഴുത്‌ വര്‍ണാഷി അമ്പലത്തിലേയ്ക്ക്‌ (വടുകനാംകുറുശ്ശി അമ്പലം - അവിടെ മുടങ്ങാതെ എണ്ണ വെച്ചിരുന്നു ആ പന്ത്രണ്ടു ദിവസവും.) പാടത്തു കൂടി നടക്കുമ്പോള്‍ വഴുക്കലിനെ പേടിച്ച്‌ നടക്കണ്ടേ? അതുകഴിഞ്ഞ്‌, സ്കൂളിലേയ്ക്ക്‌ മുതുകത്ത്‌ ബാഗും തൂക്കി നടക്കുമ്പോള്‍, കുടയില്‍ നിന്നും വെള്ളം ഇറ്റ്‌ വീണ്‌ ബാഗിലെ വിടവുകളിലൂടെ പുസ്തകങ്ങള്‍ (അതും അടുത്ത വീട്ടില്‍ നിന്നും ഒരു ക്ലാസ്സ്‌ മീതെ പഠിയ്ക്കുന്ന ദീപയുടെ കയ്യില്‍ നിന്നും വാങ്ങിയ പഴയ പുസ്തകങ്ങള്‍) മുഴുവനും നനയില്ലേ? സ്കൂള്‍ വിട്ട്‌ മാധവമ്മാമന്റെയടുത്തെ റ്റ്യൂഷനും കഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ നടകുമ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞ്‌ ഇരുട്ടാവില്ലെ വേഗം? അതൊക്കെ പോട്ടെ, തണുപ്പത്ത്‌ രാവിലെ എണീറ്റ്‌ എങ്ങനെ കുളിയ്ക്കും? അങ്ങനെ മഴയുണ്ടെങ്കിലത്തെ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല...
എന്നാലും, ദിവസവും രാവിലെ അമ്പലത്തില്‍ പോയി തൊഴല്‍ ഒരു കാരണവശാലും മുടക്കിയിരുന്നില്ല.

പിന്നെ, മുടങ്ങാതെ എല്ലാവരും ചെയ്തിരുന്ന മറ്റൊരു കാര്യമായിരുന്നു രാമായണം വായന. ശരിയ്ക്കും ഉച്ചയ്ക്കു വായിയ്ക്കണമത്രേ.. എന്നാലെ ശ്രീരാമന്‍ കേള്‍ക്കൂ, മറ്റേ സമയത്തൊക്കെ രാമന്‍ ഹനൂമാന്റെ അടുത്താവും, അപ്പോള്‍ നമ്മള്‍ വായിയ്ക്കുന്നത്‌ കേള്‍ക്കില്ല. പക്ഷെ എന്തു ചെയ്യാം, ശനീം ഞായറും മാത്രമേ ഉച്ചയ്ക്ക്‌ വായിയ്ക്കാന്‍ പറ്റുകയുള്ളൂ..എന്നാല്‍, സത്യത്തില്‍ രാവിലെ വായിച്ചാലും, ഉച്ചയ്ക്കു വായിച്ചാലും, ശ്രീരാമന്‍ കേള്‍ക്കണമെന്ന ഉദ്ദേശ്ശത്തിനേക്കാള്‍ കൂടുതല്‍ കര്‍ക്കിടകം കഴിയുമ്പോഴേയ്ക്കും രാമായണം മുഴുവനും എങ്ങനെയെങ്കിലും, കുറഞ്ഞത്‌ ഒരാവര്‍ത്തിയെങ്കിലും വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടായിരുന്നു കൂടുതല്‍.. ആദ്യം വായിച്ചുതീര്‍ത്തതിനുള്ള 'ക്രെഡിറ്റ്‌' സ്വന്തമാക്കാനുള്ള വെപ്രാളം വെറെയും.. അതൊരു മാരത്തോണ്‍ വായന തന്നെയായിരുന്നു ശരിയ്ക്കും.

പിന്നത്തെ കര്‍ക്കടകത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു മൈ ലാഞ്ചി ഇടല്‍. കര്‍ക്കിടക മാസത്തിലിട്ടാല്‍ കൂടുതല്‍ ചുവക്കുമത്രേ, പിന്നെ മൂത്ത കയ്യാണെങ്കില്‍ കൂടുതല്‍ ചുവക്കും, ഇളം കയ്യില്‍ ഒരോറഞ്ചു നിറമേ വരൂ.. അങ്ങനേയും ചില പക്ഷപാതപരമായ നീക്കങ്ങള്‍ ഉണ്ടായിരുന്നു അന്നത്തെ മൈലാഞ്ചിയ്ക്ക്‌. മരത്തില്‍ നിന്നും ഇലകള്‍ പൊട്ടിച്ച്‌ അമ്മിയില്‍ നല്ല മിനുസമായി അരച്ചെടുത്തിടുന്ന മൈലാഞ്ചിയ്ക്കും ഔഷധ ഗുണമുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്‌. മഴക്കാലത്ത്‌ ഉണ്ടായേക്കാവുന്ന ത്വക്‌ രോഗങ്ങള്‍ക്കും, ചൊറിയ്ക്കും മറ്റും ഫലപ്രദമാണെന്നതു കൊണ്ടായിരിയ്ക്കാം ഒരുപക്ഷെ, കര്‍ക്കിടക മാസത്തില്‍ മൈലാഞ്ചിയിടല്‍ എന്നൊരു കര്‍മ്മം ഉണ്ടായത്‌. അതുകൊണ്ടു തന്നയാവാം, അന്നൊക്കെ ഡിസൈനില്‍ ഇടലും കുറവായിരുന്നു. കൈ മുഴുവനും ഇട്ട്‌ നിറച്ച്‌ അതു വീണ്ടും മടക്കി, കൈയ്യിന്റെ പുറം ഭാഗത്തു കൂടി ഇട്ട്‌ രാത്രി കിടന്നുറങ്ങലായിരുന്നു പതിവ്‌. (കാലുകളിലും ഇട്ടിരുന്നു.) പിറ്റെ ദിവസമാവുമ്പോഴേയ്ക്കും കൈ മുഴുവനും ചുവന്നിട്ടുണ്ടാകും. കൂടെ കിടന്ന വിരിയിലും, അത്യാവശ്യം മുഖത്തും, ചുകന്ന പാടുകളായി മൈലാഞ്ചിയുടെ വക ഒരു 'ബോണസ്‌' ചുകപ്പിയ്ക്കലും കൂടിയായാല്‍ എല്ലാം പരിപൂര്‍ണ്ണം!. ആരുടെ കയ്യാണ്‌ കൂടുതല്‍ ചുകന്നതെന്ന് നോക്കലാണ്‌ അടുത്ത പരിപാടി. അതെന്തായാലും, ചുകന്ന കൈ മണത്തു മണത്തു രസിയ്ക്കും, പിന്നെ ഓരോ തവണ വെള്ളം തട്ടുമ്പോഴും കൂടുതല്‍ ചുകക്കുന്നുണ്ടെന്ന് തോന്നും, സ്കൂളില്‍ കൂട്ടുകാര്‍ക്കും കയ്യിലെ ചുകപ്പിന്റെ കടുപ്പം കാണിയ്ക്കാനുള്ള ധൃതിയാണ്‌ പിന്നെ..

എല്ലാ വര്‍ഷവും നിശ്ചയമായും ചെയ്തു വന്നിരുന്ന ഇത്തരം കര്‍മ്മപരിപാടികള്‍ക്കു പുറമെ, കര്‍ക്കിടകത്തെ കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മയിലേയ്ക്കോടി വരാറുള്ള മറ്റൊന്നു കൂടിയുണ്ട്‌.. ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ കഥ.

പെരാങ്ങോട്‌ (പെരുമാങ്ങോട്‌) എന്ന് പഴയ കാലത്ത്‌ അറിയപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമം. അവിടത്തെ പ്രധാനപ്പെട്ട ഒരു സൊസൈറ്റി കെട്ടിടത്തിനടുത്ത്‌ താമരയുടെ ആകൃതിയില്‍ കമ്പികളെ വളച്ച്‌ വെച്ചുണ്ടാക്കിയെടുത്ത സാമാന്യം വലുപ്പമുള്ള ഒരു ഗെയ്റ്റും, അതിനുള്ളിലെ നീളത്തിലുള്ള ഒരു വീടും.

മൂന്നു പെണ്‍കുട്ടികള്‍ ഉള്ള ആ വീട്ടിലേയ്ക്ക്‌ നാലാമതായി വേറൊരു പെണ്‍കുട്ടിയും ഒരു ദിവസം വന്നു ചേര്‍ന്നു, അഞ്ചാം ക്ലാസ്സ്‌ മുതലുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനായി.. സന്തോഷത്തോടെ, ഉത്സാഹത്തോടെ തന്റെ വല്ല്യമ്മയുടേയും, ആ മൂന്നു സഹോദരിമാരുടേയുമൊപ്പം താമസിച്ചു പഠിയ്ക്കുവാന്‍.. ആ വീട്ടില്‍, കൊച്ചു ഗ്രാമത്തില്‍, അവിടത്തെ എല്ലാ ആചാരങ്ങളും ചിട്ടകളും പാലിച്ചു കൊണ്ട്‌ അവര്‍ക്കൊപ്പം പാടിയും, ആടിയും, കളിച്ചും, ഇണങ്ങിയും, പിണങ്ങിയും ആ പെണ്‍കുട്ടിയും പഠിച്ചു, കളിച്ചു വളര്‍ന്നു.

പിരിഞ്ഞു നില്‍ക്കുന്ന അച്ഛനമ്മമാരേയോ, കുഞ്ഞനിയന്മാരേയോ ഓര്‍ത്ത്‌ അധിക തോതിലുള്ള വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ആ പെണ്‍കുട്ടി, പക്ഷെ തന്റെ അമ്മയുടെ വരവിനായി സന്തോഷത്തോടെ, പ്രതീക്ഷയോടെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമുണ്ടായിരുന്നു, അതും കര്‍ക്കിടക മാസത്തിലെ ഒരു ദിവസം തന്നെ.. ആ കാത്തിരുപ്പിന്റെ സുഖം ആരോടും പങ്കുവെയ്ക്കാതെ, ഉള്ളില്‍ സൂക്ഷിച്ചു വെയ്കുവാനായിരുന്നു അവളിഷ്ടപ്പെട്ടിരുന്നത്‌.

അന്നാ ദിവസമായിരുന്നു... സ്കൂളില്‍ നിന്നും ഉച്ചയ്ക്ക്‌ ഊണു കഴിയ്ക്കാന്‍ വന്നപ്പോഴേ അമ്മയുടെ ചെരുപ്പും കുടയും പുറത്തിരിയ്ക്കുന്നതു കണ്ടിരുന്നു, അവളോടി അകത്തു കയറി. പ്രതീക്ഷകളൊന്നും തെറ്റിയ്ക്കാതെ, സന്തോഷം ഇരട്ടിയാക്കി കൊണ്ട്‌, അമ്മ ബാഗില്‍ നിന്നും ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഒരു കുപ്പായം പുറത്തെടുക്കുന്നത്‌ അവള്‍ കണ്ടു. മുന്നില്‍ "ഹണീകോമ്പ്‌" എന്നോ മറ്റോ പേരുള്ള ഒരു എംബ്രോയ്ടറി ചെയ്ത്‌, അമ്മ തന്നെ തുന്നിയ ഒരു കുപ്പായം.
അമ്മ അതീടിപ്പിച്ചു നോക്കി. കൈ പൊക്കാന്‍ പറഞ്ഞു, പിന്നോക്കം തിരിയാന്‍ പറഞ്ഞു, അങ്ങനെ എല്ലാം പാകമല്ലേ എന്നുറപ്പു വരുത്തി അമ്മയും വല്ല്യമ്മയും കൂടി."വണ്ണമൊക്കെ പാകമായി...". അമ്മ അവളെ തിരിച്ചു നിര്‍ത്തി അതിന്റെ രണ്ടു ഭാഗത്തുമുള്ള വള്ളികള്‍ പിന്നില്‍ കെട്ടി വെച്ചു. അമ്മയുടെ മുഖത്ത്‌ സംതൃപ്തിയുടെ തിളക്കം.

അവള്‍ക്കത്‌ ഊരി വെയ്ക്കാന്‍ ഒട്ടും മനസ്സു വന്നില്ല. ഓണം, വിഷു, പിന്നെ അവളുടെ പിറന്നാള്‍ - അങ്ങനെ പ്രത്യേക വേളകളില്‍ അമ്മ ഉടുപ്പു തുന്നാറുണ്ട്‌, എന്നാലും പിറന്നാളിന്റെയന്നു തന്നെ അമ്മ വന്ന് ഇടീപ്പിച്ചു കൊടുത്ത ആ കുപ്പായത്തിന്റെ പുതുമണവും, നിറവും എല്ലാം അവള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടു. ദിവസവും അതിടാന്‍ കഴിഞ്ഞിരുന്നെങ്കിലെത്ര നന്നായിരുന്നുവെന്നവള്‍ കൊതിച്ചു.. "ദിവസവും പിറന്നാളായിരുന്നെങ്കിലോ.." അതിലും രസമായിരുന്നേനെ എന്നുമവള്‍ വെറുതെ ഓര്‍ത്തു. എന്നാലും ഭദ്രമായി മടക്കി അലമാറിയില്‍ എടുത്തു വെച്ചു. അമ്മ തിരിച്ചു പോയതിനു ശേഷം അവളതെടുത്തു മണത്തുകൊണ്ടിരുന്നു, ആ ഭാഗത്തു കൂടി പോകുമ്പൊഴൊക്കെ... ഒളിഞ്ഞു നിന്ന്.. ചിലപ്പോള്‍ പുതുമണത്തോടൊപ്പം അതില്‍ നിന്നും അവളുടെ മൂക്ക്‌ അപ്പോളറിയാതെ പിടിച്ചെടുത്തിരുന്നത്‌ അടുത്തു വരുമ്പോഴുണ്ടാകാറുള്ള അമ്മയുടെ ആ പ്രത്യേക വാസനയും കൂടിയായിരുന്നിരിയ്ക്കാം..!!


കഴിഞ്ഞ ആഴ്ചയിലൊരു ദിവസം, പതിവു നടത്തം കഴിഞ്ഞ്‌ അകത്തു കയറിയപ്പോള്‍ ആദ്യം ചെയ്തത്‌ ഫോണിലെ clip - ല്‍ തപ്പി നോക്കലായിരുന്നു. അമ്മ വിളിച്ചിട്ടുണ്ടോ എന്ന്..
അമ്മയുടെ നമ്പര്‍ വന്നു കിടക്കുന്നു. അപ്പോഴേയ്ക്കും, കണ്ണും തിരുമ്മി വരുന്നു അമ്മൂന്റച്ഛന്‍- '" അമ്മ ദാ വിളിച്ചു വെച്ചതേയുള്ളു.'" എന്നും പറഞ്ഞു കൊണ്ട്‌...

പരീക്ഷയ്ക്ക്‌ ചോദ്യക്കടലാസ്‌ കയ്യില്‍ കിട്ടും പോലെ ഫോണ്‍ ബില്ലിന്റെ കവര്‍ കയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടാകാറുള്ള വിറയല്‍, മാനസിക പിരിമുറുക്കം, "അയ്യോ, ഒന്നുകൂട്ടി പഠിയ്ക്കായിരുന്നു.." എന്നു ചോദ്യം കാണുമ്പോള്‍ മാത്രം ബോധം വരാറുള്ളതു പോലെ, ബില്ല് കാണുമ്പോള്‍ മാത്രം, "അയ്യോ, ഇത്രയധികം വിളിയ്ക്കണ്ടായിരുന്നു.." എന്നു തോന്നുന്ന നിരാശ, കുറ്റബോധം തുടങ്ങിയ മാനസികാഘാതങ്ങളെ പേടിച്ച്‌ ഇനി മുതല്‍ക്ക്‌ വിളി നാട്ടില്‍ നിന്നും ഇങ്ങോട്ടാക്കാന്‍ അമ്മയെ ഏല്‍പ്പിച്ചു. മാത്രമല്ല വെപ്രാളം കൂടാതെ സമാധാനത്തോടെ രണ്ടു വാക്കു സംസാരിയ്ക്കാം എന്നൊരു ഗുണവും.. ഏതായാലും, അമ്മയുടെ നമ്പര്‍ കണ്ടപ്പോള്‍ തല്‍ക്കാലം, മാനസികാഘാതങ്ങളെ മറന്ന്, വേഗം തിരിച്ചു വിളിച്ചു.

"അമ്പലങ്ങളിലൊക്കെ പോയി, എല്ലായിടത്തും വഴിപാടു കഴിച്ചു, നല്ല മഴ തന്നെ.. പുറത്തേയ്ക്കിറങ്ങാറില്ല... കുറഞ്ഞൂന്ന് തോന്നും, പിന്നേം കൂടും, മഴ തന്നെയാണ്‌, ഒപ്പം അസുഖങ്ങളും.."
"പിറന്നാളായിട്ട്‌ അമ്പലത്തില്‍ പോവാന്‍ പറ്റിയില്ലെങ്കിലും, വിളക്കു കൊളുത്തണം, ഊണു കഴിയ്ക്കുമ്പോള്‍ ഗണപതിയ്ക്കു വെയ്ക്കണം.. അതൊന്നും എവിടെയായാലും മുടക്കണ്ട.. അധികം വട്ടങ്ങളൊന്നൂല്ല്യെങ്കിലും സാരല്ല്യ, ഒരിഞ്ചി തൈരുണ്ടായാല്‍ മതി, ന്നാല്‍ ആയിരം കറിയായി ന്നാണ്‌ പറയാ, പിന്നെ പപ്പടോം കാച്ചിയാല്‍ പെറന്നാള്‍ വട്ടങ്ങളൊക്കെയായി.." അങ്ങനെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ അമ്മയുടെ സംസാരം നീണ്ടു നീണ്ടു പോയി.

ഫോണ്‍ വെച്ചു കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏഴു മണി. ഒട്ടും സമയം കളയാതെ അടുക്കളയിലേയ്ക്ക്‌ ഓടി കയറുന്നതിനിടയില്‍ മനസ്സില്‍ അറിയാതെ വരച്ചു തുടങ്ങിയ നാട്ടിലെ കര്‍ക്കിടകത്തിന്റെ ഇരുണ്ട മുഖത്തോടൊപ്പം തെളിഞ്ഞു വന്നത്‌ ചുവപ്പും കറുപ്പും ഇടകലര്‍ന്ന, ഒളിഞ്ഞു നിന്ന് ഒരിയ്ക്കല്‍ എന്തൊക്കെയോ മണത്താസ്വദിച്ചിരുന്ന ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ ചിത്രവും കൂടിയായിരുന്നു..


വിവരങ്ങള്‍ക്കു കടപ്പാട് : എന്റെ അമ്മ, വല്ല്യമ്മ.

10 comments:

ചീര I Cheera said...

എന്തിനു വേണ്ടി, എന്തുകൊണ്ട് തുടങ്ങിയ ചിന്തകളൊന്നും ഇല്ലാതെ, മുതിര്‍ന്നവര്‍ പറയുന്നത് അതേപടി അനുസരിച്ചു നടക്കുന്ന കാലമാ‍യിരുന്നു കുട്ടിക്കാലം.
ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ പലതിന്റേയും അര്‍ത്ഥങ്ങള്‍ അറിയാനും മനസ്സിലാക്കുവാനും കഴിയുന്നു.. കാലത്തില്‍ വന്നു പെടുന്ന അനിവാര്യമായ മാറ്റങ്ങളും മനസ്സിലാകുന്നു.

Rasheed Chalil said...

പലതും പുതിയ അറിവുകള്‍... :)

സു | Su said...

പി. ആര്‍ :) കര്‍ക്കിടവും, രാമായണവും, മൈലാഞ്ചിയും, പിറന്നാളും, കുട്ടിക്കുപ്പായവും, മറക്കാത്ത പഠിപ്പുകളും ഒക്കെ ഇഷ്ടമായി.

qw_er_ty

ചീര I Cheera said...

ഇത്തിരീ, സൂ..
അഭിപ്രാ‍യത്തിന് വളരെ സന്തോഷം, നന്ദി.

ശ്രീ said...

അനുഭവങ്ങളും അറിവുകളും പങ്കു വച്ചതിനു നന്ദി...
നല്ല പോസ്റ്റ്...
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

[രാമായണം വായന. ശരിയ്ക്കും ഉച്ചയ്ക്കു വായിയ്ക്കണമത്രേ എന്നാലെ ശ്രീരാമന്‍ കേള്‍ക്കൂ, മറ്റേ സമയത്തൊക്കെ രാമന്‍ ഹനൂമാന്റെ അടുത്താവും, അപ്പോള്‍ നമ്മള്‍ വായിയ്ക്കുന്നത്‌ കേള്‍ക്കില്ല.] ഹഹഹ ഇതു കലക്കി
അനുഭവങ്ങള്‍ അതാണല്ലൊ മനുഷ്യന്‍റെ കൂടെപ്പിറപ്പ്.
ഈ വരികളിലൂടെ ഒരു തറവാട്ടിലെ കുറച്ച് മനുഷ്യരെ മനസ്സില്‍ കണ്ടപോലെ.. നയിസ് സസ്നേഹം സജി പരവൂര്‍.!!

മുസാഫിര്‍ said...

ഓര്‍മ്മകള്‍ പങ്കുവെച്ചത് ഇഷ്ടമായി.പിന്നെ കര്‍ക്കിടമാസത്തെപ്പറ്റി കുറച്ച് പുതിയ അറിവുകളും...പിന്നെ ടെലഫോണ്‍ ബില്ല്.പോട്ടെന്നെ,അമ്മയ്ക്ക് സന്തോഷമാവൂല്ലോ.(എറ്റിസ്‍ലാറ്റ് , ജോലിക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളമാണ് ബോണസ്സ് കൊടുക്കാറ് :-))

പ്രിയംവദ-priyamvada said...

കള്ളകര്‍ക്കിടകം..അല്ലെ ?പക്ഷെ നല്ല ഓര്‍മകള്‍!

qw_er_ty

ചീര I Cheera said...

ശ്രീ.. :)
സജീ.. അങ്ങനെ കണ്ടുവോ വരികളില്‍? തറവാട് എന്നൊക്കെ പറയാന്‍ പറ്റുമോ എന്നറിയില്ല, എന്നാലും ഞങ്ങളൊക്കെ എന്തൊക്കെയോ കേട്ടും കണ്ടും പഠിച്ച തറവാട്. ഇപ്പോള്‍ വളരെ കുറച്ചു മാത്രം മനുഷ്യരുള്ള ഒരു തറവാടും.. :)
മുസാഫിര്‍.. വീണ്ടും കണ്ടതില്‍ സന്തോഷമുണ്ട്.. അമ്മയുടെ സന്തോഷം തന്നെയാണ് ആകെയൊരു സമാധാനം.. അതിനു എറ്റിസലാറ്റ് തന്നെ ശരണം.. അവരും നന്നാവട്ടെ!
പ്രിയംവദേ.. :)
എല്ലാവര്‍ക്കും നന്ദി.

Ardra said...

എന്തുകൊണ്ടോ കണ്ണു നിറഞ്ഞുപോയി- നിശ്സബ്ദയായി- ആരെയുമറിയിക്കാതെ, (ഒരു പക്ഷെ ആ അമ്മ പോലുമറിയാതെ)അമ്മയുടെ വരവിനെ കാത്തിരിന്ന കുഞ്ഞുമനസ്സിനെ കുറിച്ചോര്‍ത്തപ്പോള്‍...
കര്‍ക്കിടക മാസത്തിന്റെ പ്രത്യേകതെകളേ കുറിച്ചുള്ള വിവരങ്ങള്‍ വളരെ താല്പര്യത്തോടെ വായിച്ചു മനസ്സിലാക്കി..നന്ദി